ജനാബ് ടി.കെ. അബ്ദുല്ല സാഹിബിന്റെ മരണവാർത്ത ലഭിച്ചതിപ്പോഴാണ് .
എന്റെ ഹൃദയത്തിൽ ദുഃഖത്തിന്റെയും സങ്കടത്തിന്റെയും മിന്നൽ പിണർ പോലെയാണത് വന്ന് പതിച്ചത്.
പൂർണ്ണഹൃദയത്തോടെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ആളുകളിൽ ഒരാളായിരുന്നു ടി കെ സാഹിബ്.
ഈയുള്ളവൻ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ 8 വർഷം ചെലവഴിച്ചിട്ടുണ്ട്.
ഈ കാലയളവിൽ മർഹൂം ടി കെ സാഹിബിനെ പലപ്പോഴും കാണാനും അദ്ദേഹത്തോടൊപ്പം മണിക്കൂറുകളോളം ഇരിക്കാനും അവസരം ലഭിച്ചിട്ടുമുണ്ട്.
പരസ്പരം ആദരിക്കുന്ന രണ്ടു പേരുടെ സുഭഗ സംഗമങ്ങളായിരുന്നു അവ. ശാന്തപുരം സന്ദർശിക്കുമ്പോഴെല്ലാം അദ്ദേഹം മുൻകൂട്ടി അറിയിക്കുകയും കൂടിയിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഓരോ തവണയും അദ്ദേഹം ചില ചോദ്യങ്ങളുമായാണ് വരിക. മിക്കവാറുമീ ചോദ്യങ്ങൾ ഖുർആനും ഹദീസും അല്ലെങ്കിൽ പ്രവാചകന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ടവയായിരിക്കും. ഇഖ്ബാലിന്റെ കവിതകളും അദ്ദേഹത്തിന് വലിയ താൽപ്പര്യമുള്ള മേഖലയായിരുന്നു. അവയെ കുറിച്ച് എന്റെ അഭിപ്രായങ്ങളറിയാനുള്ള ചോദ്യങ്ങളുമുണ്ടാവാറുണ്ടായിരുന്നു.
ഞാൻ ശാന്തപുരത്തുണ്ടായിരുന്ന കാലമെല്ലാം ഈ കൂടിക്കാഴ്ചകളുടെയും സംഭാഷണങ്ങളുടെയും പരമ്പര തുടർന്നു. പിന്നെ ശാന്തപുരം വിട്ട് ദൽഹിയിൽ വന്നെങ്കിലും ഈ കൂടിക്കാഴ്ചകളും സംഭാഷണങ്ങളും അവസാനിച്ചില്ല. ടി.കെ സാഹിബ് കേന്ദ്ര ശൂറാ യോഗത്തിന് ദൽഹിയിൽ വരുമ്പോഴെല്ലാം താമസ സ്ഥലത്തേക്ക് എന്നെ ക്ഷണിക്കുക പതിവായിരുന്നു.
ടി കെ സാഹിബ് സദാ സുസ്മേര വദനനും സന്തോഷവാനുമായിരുന്നു. ചിരിച്ചുകൊണ്ടേ കാര്യങ്ങൾ പറയുമായിരുന്നുള്ളൂ. അദ്ദേഹത്തിന് ഇസ്ലാമിക പ്രസ്ഥാനം ഒരു അഭിനിവേശമായിരുന്നു.പ്രസ്ഥാനത്തിന്റെ വികസനത്തിനും വിജയത്തിനുമുള്ള പദ്ധതികൾ നിരന്തരം ആവിഷ്കരിച്ചു.ഒരിക്കൽ, ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പുതിയ മീഖാത്ത് ആരംഭിക്കാൻ പോവുകയായിരുന്നു, പുതിയ മീഖാത്തിന് പുതിയ അമീർ തിരഞ്ഞെടുക്കപ്പെടേണ്ടതുമുണ്ടായിരുന്നു. സംഘടനയിലെ ചില അംഗങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കാണുകയും ഇത്തവണ ആരെയാണ് അമീറാക്കാൻ ആഗ്രഹിക്കുന്നുവെന്നറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
അവർക്കദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി നല്കി: “നിങ്ങൾ പുതിയ അമീറിനെയാണ് തേടുന്നത്; ഞാൻ പുതിയ മുജദ്ദിദിനെ തിരയുകയാണ്..ടി കെ യുടെ ദാർശനിക ലോകത്തിന്റെ ഉയർച്ചയായിരുന്നു അത്.
ഇസ്ലാമിക പ്രസ്ഥാനത്തിന് വളരെ വിലപ്പെട്ട സ്വത്തായിരുന്നു ടി കെ . പ്രസ്ഥാനത്തിന് പുതിയ ഊർജ്ജം പകരാൻ അദ്ദേഹം എപ്പോഴും ഉത്സുകനായിരുന്നു. അദ്ദേഹത്തെ കണ്ടുമുട്ടുമ്പോഴെല്ലാം ആ ഔത്സുക്യവും സന്തോഷവും എനിക്കും അനുഭവപ്പെടുമായിരുന്നു. പരേതന് പരമകാരുണികനും കരുണാമയനുമായ നാഥൻ സംതൃപ്തിയുടെ കിരീടം അണിയിക്കട്ടെ . നാളെ നബിമാർ , സ്വിദ്ദീഖുകൾ എന്നിവരുടെ സാമീപ്യം കൊണ്ട് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ..
വിവ : ഹഫീദ് നദ്‌വി കൊച്ചി
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU