Current Date

Search
Close this search box.
Search
Close this search box.

ഈ ദുരവസ്ഥ ഇനിയും തുടരണോ ?

തൊട്ടു കൂടാത്തവർ തീണ്ടി കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
ഒട്ടല്ലഹോ ജാതി കോമരങ്ങൾ

ദുരവസ്ഥ
എൻ. കുമാരനാശാൻ (1922)

തൊട്ടുകൂടായ്മ പ്രചരിപ്പിക്കുന്നതിനും പ്രവര്ത്തിക്കുന്നതിനുമുള്ള ശിക്ഷ 1955ലെ 22-മത് നിയമം മൂലം നടപ്പിലാക്കിയ രാഷ്ട്രത്തിലാണ് നാമുള്ളതെന്നോർത്ത് ഓരോ ഭാരതീയനും സന്തോഷിക്കാം. വ്യവസ്ഥാപിതമായി, കാര്യക്ഷമമായി ആ നിയമം നടപ്പിലാക്കിയിരുന്നുവെങ്കിൽ നമ്മുടെ ഈ സന്തോഷം , പക്ഷേ ശതഗുണീഭവിക്കുമായിരുന്നു.
ഇന്ത്യൻ സിവില്‍ അവകാശങ്ങള്‍ എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 മുഖേന അയിത്തം നിരോധിച്ചതിലൂടെ ഒരു വ്യക്തിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന എല്ലാ അവകാശങ്ങളുമാണ്. വിദ്യാലയങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ തുടങ്ങി എല്ലാ പൊതുയിടങ്ങളിലും അവസരസമത്വം ഉറപ്പു വരുത്തേണ്ട സർക്കാറുകൾ തന്നെ മുന്നോക്ക സമുദായ / സാമ്പത്തിക പിന്നാക്ക തുടങ്ങിയ സാധാരണക്കാരന് ധൈഷണിക അജീർണ്ണമുണ്ടാക്കുന്ന ന്യായീകരണങ്ങളും തൂക്കമൊപ്പിക്കലുമൊക്കെ വെച്ച് കാലാകാലങ്ങളായി ഈ നിയമത്തെ മറികടക്കാൻ ശ്രമിക്കുന്നു. പൗരാവകാശങ്ങൾ എന്നത് കേവലം ആചാര പ്രകടനങ്ങളോ കാട്ടി കൂട്ടലോ ആകരുത്.അതൊരു വിരൽ ചൂണ്ടലാണ്; മൗലികാശങ്ങൾ ചവിട്ടി ചതക്കുന്ന ഭരണ കൂട കാട്ടാനക്കൂട്ടങ്ങൾക്കെതിരെയുള്ള താക്കീതിന്റെ ഓർമ്മപ്പെടുത്തലുകളായി മാറണം ഇനി മുതൽ ഓരോ നവംബർ 19 ഉം . പേരും വാലും നോക്കി അറസ്റ്റും ജാന്മ്യവുമനുവദിക്കുന്നത് മനു നിയമമനുസരിച്ച് ശരിയാവാം, പക്ഷേ ഇന്ത്യൻ ഭരണഘടനയനുസരിച്ച് നമ്മുടെ സിവിൽ അവകാശങ്ങളുടെ ലംഘനമാണെന്ന് വിളിച്ചു പറയാൻ ഒരു പ്രശാന്ത് ഭൂഷൺ മാത്രം പോരാ.

Also read: വര്‍ത്തമാന ഇന്ത്യയില്‍ നെഹ്‌റുവിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി

ദുർബ്ബലർ മോഷ്ടിച്ചാൽ അവന്റെ മേൽ സർക്കാരോ നാട്ടുകാരോ ശിക്ഷ നടപ്പിലാക്കുന്ന നമ്മുടെ നാട്ടിൽ കോടികൾ തരികിട കാട്ടുന്നവർക്ക് നാടുവിടാൻ സൗകര്യം ചെയ്തു കൊടുക്കുന്നു എന്ന വിധി വൈപരീത്യം എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. “എന്റെ മകൾ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കിലും ഞാൻ ആ കരം ഛേദിക്കുമെന്ന് ” പ്രഖ്യാപിച്ച നിയമ സമത്വം പൊതുജനസമക്ഷം നമുക്കുചൈസ്തരം പ്രഖ്യാപിക്കേണ്ടിവരുന്നത് അത് കൊണ്ട് കൂടിയാണ്. നബി (സ) കമാന്ററെന്ന നിലക്ക് വരികൾ നേരെയാക്കുമ്പോൾ സവാദെന്ന ചെറുപ്പക്കാരന്റെ വയറിൽ അറിയാതെ കൊണ്ടതും ആ വടി അദ്ദേഹത്തിന്റെ കൈയ്യിൽ കൊടുത്തു പ്രതികാരം ചെയ്യാൻ ആവശ്യപ്പെട്ടതും പ്രവാചക സ്നേഹത്താൽ സവാദോടി വന്നു ആ ഉദരത്തിൽ ചുംബിച്ചതുമെല്ലാം വഅ്ള് പറയാനുള്ളതല്ല. അറിയാതെ പോലും ചെയ്ത തെറ്റുകൾക്ക് പീഡിതന് നീതി ആവശ്യപ്പെടാനുള്ള പ്രിവിലേജുണ്ടെന്ന് പറയാതെ പഠിപ്പിക്കൽ കൂടിയായിരുന്നു.

കടുക് ചോരുന്നതേ കാണൂ, ഒട്ടകം ചോരുന്നത് കാണില്ല എന്ന പുരാതന പുരോഹിത ജനസമൂഹങ്ങളുടെ നീതി വ്യവസ്ഥയാണോ നമ്മുടെ നാടിനേയും ഗ്രസിച്ചു കൊണ്ടിരിക്കുന്നതെന്ന് സമീപകാല സംഭവവികാസങ്ങൾ വായിക്കുമ്പോൾ തോന്നിപ്പോവുന്നു. മാന്യന്മാർ തെറ്റു ചെയ്താൽ കണ്ണു ചിമ്മുന്ന , സാധാരണക്കാരൻ ചെറിയൊരു തെറ്റു ചെയ്യുമ്പോഴേക്കും തൽമൂദിന്റെ ചമ്മട്ടി പ്രയോഗം നടത്തുന്ന ബനൂ ഇസ്രായേൽ പാരമ്പര്യം നാമേതെങ്കിലും നാട്ടിൽ കണ്ടാലുറപ്പിച്ചോളൂ ആ സമൂഹത്തിന്റെ ആയുസ്സ് അവസാനിച്ചുവെന്ന് .

Also read: ബൈഡന്റെ വിജയം

ചീർപ്പിന്റെ പല്ലുകൾ സമാനം സകലരും സമം എന്ന പ്രവാചകാധ്യാപനം ഇന്നും പ്രസക്തമാവുന്നത് പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുന്ന നാടുകളിലും കൂടിയാണ്.

( പൌരാവകാശ ദിനം നവം: 19 )

Related Articles