Current Date

Search
Close this search box.
Search
Close this search box.

ശിശു ദിനം ഓര്‍മപ്പെടുത്തുന്നത്..

നവമ്പർ 14 കുട്ടികളുടെ ചാച്ച നെഹ്റുജിയുടെ ജന്മദിനമാണ് ശിശുദിനം . എന്നാൽ നവമ്പർ 20 നാണ് ലോകാടിസ്ഥാനത്തിൽ ശിശു ദിനം ആചരിക്കപ്പെടുന്നത്. ഇത്തവണത്തെ ദേശീയ – അന്തർദേശീയ ശിശുദിനങ്ങൾ മുഹമ്മദ് നബി (സ) യുടെ ജന്മം നടന്ന റബീഉൽ അവ്വലിലാണെന്നത് തീർത്തും ആകസ്മികമാവാം.

“നിങ്ങളിൽ കുട്ടികളുള്ളവർ അവരുടെ മുമ്പിൽ കുട്ടിയാവട്ടെ ” എന്നത് കേവലം ഒരു ഹദീസ് മാത്രമല്ല ; കുട്ടികളുടെ ഇഷ്ട തോഴനായ നബി (സ) ജീവിച്ചു കാണിച്ചു തന്ന മാതൃക കൂടിയായിരുന്നു. അബൂ ഉമൈർ ഒരു കുഞ്ഞു കുട്ടിയായിരുന്നു. ഉമൈർ ഒരു കുഞ്ഞു പക്ഷിയെ വളർത്തിയിരുന്നു.അതിനെ തീറ്റിക്കലും അതുമായി കളിക്കലുമൊക്കെയായിരുന്നു ഉമൈറിന്റ വിനോദം. ഉമൈറിനെ കാണുമ്പോഴൊക്കെ “എന്തൊക്കെയാണ് കുഞ്ഞുമോനെ നിന്റെ പക്ഷിയുടെ വിശേഷങ്ങൾ ? “എന്നാണ് പ്രവാചകൻ അവനോട് ആദ്യം ചോദിച്ചിരുന്നത് ;കാരണം ഉമൈറിനു ആ പക്ഷിയുടെ കാര്യങ്ങൾ പറയാൻ വല്ലാത്ത ഇഷ്ടമായിരുന്നു അത് കേൾക്കാൻ അവന്റെ ചങ്ങാതിയായ പ്രവാചകനും .

ഒരിക്കൽ അവന്റെ കുഞ്ഞു പക്ഷി മരിച്ചു പോയതും അതറിഞ്ഞു നബി അവന്റെ അരികിലേക്ക് ഓടിയെത്തിയതും അവനെ ഏറെനേരം ആശ്വസിപ്പിച്ചതും വളരെ ആധികാരികമായ ചരിത്രങ്ങളാണ്. മറ്റൊരിക്കൽ ഖുതുബക്കിടയിൽ പേരക്കുട്ടികളുടെ കളി കണ്ട് ഖുതുബനിർത്തി അവരെ ലാളിച്ചതും,വീട്ടിൽ അവരുമൊത്ത് ആനകളിച്ചതും ഇതേ സ്നേഹനിധിയായ  മുത്തശ്ശനാണ്.

…അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു,അദ്ദേഹം പറഞ്ഞു: “റസൂൽ ഒരിക്കൽ അലിയുടെ മകൻ ഹസൻ(റ)നെ ചുംബിച്ചു. അപ്പോൾ പ്രവാചകന്റെ അടുക്കൽ അഖ്‌റ‌അ്‌ബ്നു ഹാബിസുത്തമീമി (റ) ഇരിപ്പുണ്ടായിരുന്നു. അയാൾ പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരിൽ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല. അപ്പോൾ പ്രവാചകൻ അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവിൽ നിന്നും കാരുണ്യം ലഭിക്കുകയില്ല..

പ്രവാചക പുത്രി സൈനബ് (റ) ന്റെ മകളായിരുന്നു ഉമാമ.നാല് വയസ്സുള്ള കുസൃതിക്കുട്ടി, നമസ്ക്കരിക്കാൻ പോകുമ്പോഴൊക്കെ അദ്ദേഹം ഉമാമയേയും കൂടെക്കൂട്ടൽ പതിവായിരുന്നു നമസ്ക്കാരത്തിന് ശേഷം ഉമാമയുടെ കളികൾ കണ്ട് അവളെ വാരിയെടുക്കും പിന്നീടുള്ള നിസ്ക്കാരം അവളേയും തോളിലിട്ടാണ്.

ഒരു യുദ്ധത്തിൽ ശത്രുപക്ഷത്തുള്ളവരുടെ കുഞ്ഞുമക്കൾ മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത് ഈ പ്രവാചകനായിരുന്നു. കുട്ടികളെ വിളിച്ച് കൂട്ടി ഓട്ടമത്സരം നടത്തുകയും അതിൽ ഒന്നാമത് എത്തുന്ന കുട്ടിയെ വാരിപുണരുകയും ചെയ്തിരുന്നു അദ്ദേഹം. നിങ്ങൾ കുഞ്ഞുമക്കളെ അകറ്റി നിർത്താതെ അവരെ സ്‌നേഹിക്കുവാനും അവർക്ക് മുത്തം കൊടുക്കുവാനും, അവരൊന്നിച്ച് കളിക്കുവാനും പഠിപ്പിച്ച കുട്ടികളുടെ പ്രവാചകൻ .

എല്ലാ കുഞ്ഞുമക്കൾക്കും ശിശുദിനാശംസകൾ

Related Articles