Current Date

Search
Close this search box.
Search
Close this search box.

ചേകന്നൂര്‍ മൗലവിയും അഭിപ്രായ സ്വാതന്ത്ര്യവും

ചേകന്നൂര്‍ മൗലവി ഉയര്‍ത്തിയ ചിന്തകള്‍ മുസ്ലിം സമുദായത്തില്‍ കാര്യമായ വേരോട്ടം ലഭിച്ച ചിന്തകളല്ല. സമുദായത്തില്‍ എന്നും ഉയര്‍ന്നു വരാറുള്ള പുത്തന്‍ ചിന്തകളുടെ മറ്റൊരു പതിപ്പ് എന്നെ പറയാന്‍ കഴിയൂ. ഇസ്ലാമിലെ പ്രമാണങ്ങളെ വായിക്കേണ്ടത് എങ്ങിനെ എന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്ന ചേകന്നൂര്‍ ചിന്ത. ഇസ്ലാമിലെ രണ്ടാമത്തെ പ്രമാണമാണ് ഹദീസ്. ഹദീസ് കൊണ്ടല്ലാതെ ഖുര്‍ആന്‍ വ്യാഖ്യാനം പൂര്‍ണമാകില്ല എന്നതാണ് ഇസ്ലാമിക ലോകം മനസ്സിലാക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞു പോയ പലതും കൃത്യമായി മനസ്സിലാക്കി തരുന്നത് പ്രവാചക ചര്യയാണ്. പ്രവാചകനോട് വിശദീകരിച്ചു കൊടുക്കാന്‍ പറഞ്ഞു കൊണ്ടാണ് ഖുര്‍ആന്‍ ഇറങ്ങുന്നത്. പ്രത്യേകിച്ച് ആരാധന കര്‍മങ്ങളുടെ രൂപവും ഭാവവും പ്രവാചക മാതൃക കൊണ്ടല്ലാതെ മനസ്സിലാക്കാന്‍ കഴിയില്ല.

ഇസ്ലാമിലെ രണ്ടാം പ്രമാണത്തെയാണ് ചേകന്നൂര്‍ ചോദ്യം ചെയ്തത്. ഹദീസ് എന്ന ശാഖയെ പൂര്‍ണമായി അദ്ദേഹം തിരസ്‌കരിച്ചില്ല. അതെ സമയം ഹദീസ് റിപ്പോട്ട് ചെയ്ത പല സഹാബികളെയും അദ്ദേഹം അംഗീകരിച്ചില്ല. ആദ്യ ഖലീഫമാരുടെ കാലത്ത് ഇല്ലാത്ത ഒന്നാണ് അബൂഹുറൈറ (റ)അന്നത്തെ ഭരണാധികാരി മുആവിയയുമായി ചേര്‍ന്ന് നടത്തിയത് എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. ഇസ്ലാമിക ചിന്തയെ പ്രമാണങ്ങളില്‍ നിന്നും മുക്തമാക്കി തീര്‍ത്തും ഒരു യുക്തി ചിന്തയാക്കാന്‍ ശ്രമിച്ചു എന്നതാണ് ചേകന്നൂര്‍ ചിന്തയുടെ ആകെ തുക. ഈ വിഷയവുമായി ലോക സലഫി പണ്ഡിതരായ ഇബിനു ബാസ്, അല്‍ബാനി തുടങ്ങിയവരുമായി അദ്ദേഹം സംവദിച്ചു എന്നൊക്കെ വായിക്കാന്‍ കഴിയുന്നു. ചെറുപ്പത്തില്‍ അനന്തരാവകാശത്തെ കുറിച്ച് ഉമ്മ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തെറ്റായ മത ദര്‍ശനത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ കാരണമായി എന്നൊക്കെ അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകളില്‍ വായിക്കാം.

കേരളത്തിലെ പല മത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അവരുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അവിടെ നിന്നും ഒഴിഞ്ഞു പോയി എന്നും പറയപ്പെടുന്നു. പിന്നീട് 1970ല്‍ കോഴിക്കോട് തുടങ്ങിയ മുസ്ലിം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ സ്ഥാപക അംഗവും പ്രധാനപ്പെട്ട പ്രവര്‍ത്തകനുമായി ചേകന്നൂര്‍. അതേ കാലഘട്ടത്തില്‍ നടന്ന രണ്ടാം വിവാഹവും, അതിനെ തുടര്‍ന്നുവന്ന ചര്‍ച്ചകളും, ആശയപ്രചാരണത്തിലൂടെ വന്ന സാമ്പത്തിക പ്രതിസന്ധിയും പൊതുരംഗത്തു നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. അങ്ങനെ പത്തു വര്‍ഷത്തോളം അദ്ദേഹം പൊതു രംഗത്തുനിന്നും ഒഴിഞ്ഞു നിന്നു.

ഒരു പതിറ്റാണ്ടുകാലം അദ്ദേഹം പല രീതിയിലുള്ള ചെറിയ ബിസിനസ് സംരംഭങ്ങള്‍ നടത്തി നോക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ല. 1984നു ശേഷം നടത്തിയ രണ്ടാംവരവില്‍ അദ്ദേഹം പത്തിലേറെ പുസ്തകങ്ങള്‍ രചിച്ചു. ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ ഹദീസിനെ പൊതുജനത്തിനിടയില്‍ കൂടുതല്‍ സംശയം ജനിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് തുടക്കം. ആദ്യ പുസ്തകം തന്നെ ‘അബൂഹുറൈറയുടെ തനിനിറം’ എന്ന പേരിലായിരുന്നു. മുസ്ലിം പക്ഷത്തു നിന്നും അതിനു പണ്ഡിതോചിതമായ മറുപടിയും നല്‍കിയിരുന്നു. ആദ്യം ഹദീസ് പൂര്‍ണമായി തള്ളാതെ തുടങ്ങിയ ചേകന്നൂര്‍ അവസാനം ഹദീസിന്റെ സാധ്യത തന്നെ ചോദ്യം ചെയ്തു എന്ന് വേണം മനസ്സിലാക്കാന്‍. ഹദീസ് ക്രോഡീകരണം യഥാര്‍ത്ഥ മതത്തില്‍ നിന്നും വിശ്വാസികളെ മാറ്റി നിര്‍ത്താന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ കണ്ടു പിടിച്ച വഴിയാണ് എന്നും അദ്ദേഹം വാദിച്ചിരുന്നു.

നമസ്‌കാരവും ഹജ്ജും അദ്ദേഹം ചോദ്യം ചെയ്തു. ആ വിഷയകമായി അദ്ദേഹം പല ഗ്രന്ഥങ്ങളും രചിച്ചു. ഇസ്ലാമിക ലോകത്തു നിന്ന് ആ ചര്‍ച്ചകള്‍ക്ക് കൃത്യമായ പ്രതികരണവും വന്നു കൊണ്ടിരുന്നു. ഷാബാനു കേസിന്റെ കാലത്താണ് ചേകന്നൂര്‍ മൗലവിയെ ഇസ്ലാമിസ്റ്റ് വിരുദ്ധവര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. അതെ സമയം മുസ്ലിം സമുദായത്തിന് നഷ്ടമായ സാമൂഹിക ബോധത്തെ കുറിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രസക്തമാണ്. മതത്തെ ദൈവത്തില്‍ നിന്നും മാറ്റി ഒരു സാമൂഹിക പ്രസ്ഥാനമാക്കി മാറ്റുക എന്നിടത്താണ് ചേകന്നൂര്‍ ചിന്തകള്‍ ചെന്ന് നില്‍ക്കുന്നത്. അവസാനം രചിച്ച ‘സര്‍വ്വമതസത്യവാദം ഖുര്‍ആനില്‍’ എന്ന പുസ്തകം ആ രീതിയിലാണ്. മുസ്ലിം എന്ന ഒന്നില്ല പകരം എല്ലാം ഒന്ന് തന്നെ എന്ന നിലപാടിലേക്ക് അദ്ദേഹം അവസാനം സ്വയം എത്തിപ്പെട്ടു.

മുസ്ലിം സമൂഹത്തില്‍ ബുദ്ധിപരമായ ഒരു ചര്‍ച്ചയും അദ്ദേഹം കൊണ്ടുവന്നില്ല പകരം ഇസ്ലാമിനെ തകര്‍ക്കാന്‍ അതിന്റെ ഉള്ളില്‍ തന്നെയുള്ള ശത്രുവിനെ കഴിയൂ എന്ന ഇസ്ലാം വിരുദ്ധരുടെ കണ്ടെത്തലാണ് മൗലവി ചേകന്നൂര്‍ എന്നതാണ് നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം. അദ്ദേഹത്തെ അന്നും ഇന്നും പിന്തുണക്കുന്നവരുടെ ലിസ്റ്റ് നോക്കിയാല്‍ അത് മനസ്സിലാവും. ഇസ്ലാം യുക്തിവാദിയുടെ വിഷയമല്ല, പക്ഷെ മൗലവി ചേകന്നൂര്‍ അവരുടെ വിഷയമാണ്. അദ്ദേഹം കൊല്ലപ്പെട്ടു എന്നത് മാത്രമല്ല അതിനു കാരണം. അദ്ദേഹം ഉയര്‍ത്തിക്കൊണ്ടു വന്ന ഇസ്ലാം വിരുദ്ധത തന്നെയാണ് അടിസ്ഥാനം എന്ന് വേണം മനസ്സിലാക്കാന്‍.

അഭിപ്രായ സ്വാതന്ത്ര്യം ഇസ്ലാം നല്‍കുന്നു. അതുകൊണ്ടാണ് ഇസ്ലാമിക ലോകത്തു പല രീതിയിലുള്ള അഭിപ്രായങ്ങള്‍ കടന്നു വന്നത്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന ചിന്ത പോലും ഇസ്ലാമിക ലോകത്തു കടന്നു വന്നു. അന്നത്തെ പണ്ഡിതര്‍ പ്രത്യേകിച്ച് ഇമാം അഹമ്മദ് ഹമ്പലിനെ പോലുള്ളവര്‍ നടത്തിയ ചേര്‍ത്തുനില്‍പ്പ് ചരിത്രത്തില്‍ എന്നും ഉയര്‍ന്നു നില്‍ക്കും. ഖുര്‍ആന്‍ സൃഷ്ടി വാദം ഗ്രീക്ക് പുസ്തകങ്ങള്‍ കൂട്ടത്തോടെ അറബിയിലേക്കു വിവര്‍ത്തനം ചെയ്തപ്പോള്‍ കടന്നു വന്നു ചിന്തയാണ്. അതിനു ചുക്കാന്‍ പിടിച്ചത് മഅമൂനെ പോലുള്ള ഭരണാധികാരികളൂം. ഭരണകൂടം പോലും വികല ചിന്തകളെ വളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പണ്ഡിതര്‍ ഉയര്‍ത്തിയ പ്രതിരോധം ഒരു തുടര്‍ച്ചയാണ്. ചേകന്നൂര്‍ ചിന്തകളെ കേരള മുസ്ലിംകള്‍ അങ്ങിനെയാണ് പ്രതിരോധിച്ചത്.

ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടു എന്നത് തീര്‍ത്തും പാടില്ലാത്തതാണ്, അത് അനിസ്‌ലാമികം എന്ന് പറയാന്‍ രണ്ടു വട്ടം ചിന്തിക്കേണ്ടി വരില്ല. ചേകന്നൂര്‍ ചിന്തകളെ പിന്തുണച്ച കേരളത്തിലെ രണ്ടു ശക്തികളാണ് ഇടതുപക്ഷവും സംഘ പരിവാറും. അതിനു രാഷ്ട്രീയം എന്നതിനേക്കാള്‍ ആദര്‍ശം എന്ന തലം കൂടിയുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലും അവരാണ് ഇന്ന് അധികാരത്തില്‍. കൊലയാളികളെ പുറത്തുകൊണ്ടു വരാനും ശക്ഷിക്കാനും പറ്റിയ സന്ദര്‍ഭം ഇതിലപ്പുറം വേറെയില്ല. അതിനാല്‍ തന്നെ കൊല്ലപ്പെട്ടവന്റെ ആദര്‍ശത്തേക്കാള്‍ മറ്റു പലതും ഭരണ കൂടങ്ങളെ സ്വാധീനിക്കുന്നു എന്നു വേണം ഇത്തരം നീക്കങ്ങള്‍ നടത്താന്‍ ശ്രമിക്കാത്തതിനാല്‍ മനസ്സിലാക്കാന്‍.

Related Articles