Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാമോ?

പണ്ടുമുതലേ തർക്കമുള്ള ഒരു വിഷയമാണ് ഇത്. വളരെ ഒറ്റപ്പെട്ട ചില വീക്ഷണങ്ങൾ ഒഴിച്ചു നിർത്തിയാൽ ബഹുഭൂരി പക്ഷം ഇമാമുകളും, ഫുഖഹാക്കളും സ്ത്രീകൾ പുരുഷന്മാര്ക്ക് ഇമാമാകാൻ പാടില്ല എന്ന അഭിപ്രായക്കാരാണ്. ഇതു സംബന്ധമായി വിലക്കുന്നതോ, അനുവദിക്കുന്നതോ ആയ സ്വീകാര്യ യോഗ്യവും കുറ്റമറ്റതുമായ തെളിവുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് ഈ ഭിന്നതക്ക് കാരണം. ഇവ്വിഷയകമായി ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൻ്റെ ചുരുക്കം ഇങ്ങനെയാണ്:

ഉമ്മു വറഖയിൽനിന്ന് നിവേദനം, നബി (സ) പറയാറുണ്ടായിരുന്നു: വരൂ നമുക്ക് രക്തസാക്ഷി (ശഹീദ) ആകാനിരിക്കുന്ന മഹതിയെ സന്ദർശിക്കാം. അങ്ങനെ നബി (സ) അവരെ സന്ദർശിക്കുകയും, എന്നിട്ട് അവർക്ക് വേണ്ടി ബാങ്ക് കൊടുക്കാൻ ഒരാളെ ഏർപ്പാടാക്കാനും, ഫർള് നമസ്ക്കാരത്തിന് തൻ്റെ വീട്ടുകാർക്ക് ഇമാമായി നിൽക്കാനും നബി (സ) അവർക്ക് അനുവാദം നൽകുകയുമുണ്ടായി. അവർ ഖുർആൻ ഹൃദിസ്ഥമാക്കിയിരന്നു.- (ഇബ്നു ഖുസൈമ: 1676).

عَنْ أُمِّ وَرَقَةَ ، أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ : انْطَلِقُوا بِنَا نَزُورُ الشَّهِيدَةَ ، وَأَذِنَ لَهَا أَنْ تُؤَذِّنَ لَهَا ، وَأَنْ تَؤُمَّ أَهْلَ دَارِهَا فِي الْفَرِيضَةِ ، وَكَانَتْ قَدْ جَمَعَتِ الْقُرْآنَ.-ابْنُ خُزَيْمَةَ: 1676، قَالَ الشَّيْخُ الأَلْبَانِيُّ: إِسْنَادُهُ حَسَنٌ.

ഇമാം അബൂദാവൂദും ഹാകിമുമെല്ലാം ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
ഉമ്മു വറഖയിൽ നിന്ന് നിവേദനം: നബി (സ) അവരെ സന്ദർശിക്കാൻ വേണ്ടി അവരുടെ വീട്ടിൽ പോവാറുണ്ടായിരുന്നു. അവർക്ക് ബാങ്കു വിളിക്കാനായി ഒരു മുഅദ്ദിനെ നിശ്ചയിച്ചു കൊടുക്കുകയും എന്നിട്ട് തൻ്റെ വീട്ടുകാർക്ക് ഇമാമായി നിന്ന് നമസ്ക്കരിക്കാൻ നബി (സ) അവരോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.- (അബൂ ദാവൂദ്: 592).

عَنْ أُمِّ وَرَقَةَ ……. وَكَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَزُورُهَا فِى بَيْتِهَا وَجَعَلَ لَهَا مُؤَذِّنًا يُؤَذِّنُ لَهَا وَأَمَرَهَا أَنْ تَؤُمَّ أَهْلَ دَارِهَا. قَالَ عَبْدُ الرَّحْمَنِ فَأَنَا رَأَيْتُ مُؤَذِّنَهَا شَيْخًا كَبِيرًا.- رَوَاهُ أَبُو دَاوُد: 592، وَحَسَّنَهُ الأَلْبَانِيُّ.

ഈ ഹദീസിൻ്റെ വിശദീകരണത്തിൽ ഇമാം സ്വൻആനി പറഞ്ഞു:
സ്ത്രീക്ക് തൻ്റെ വീട്ടുകാർക്ക് ഇമാമായി നമസ്ക്കരിക്കാം എന്നതിന് ഈ ഹദീസ് തെളിവാണ്. അവരുടെ കൂട്ടത്തിൽ പുരുഷന്മാരുണ്ടായാലും ശരി. കാരണം നിവേദനത്തിൽ നിന്ന് വ്യക്തമാവുന്നതു പോലെ അവർക്ക് ഒരു മുഅദ്ദിനുണ്ടായിരിന്നു, അദ്ദേഹം പ്രായമുള്ള ആളുമായിരുന്നു. അപ്പോൾ അയാൾക്കും, ഭൃത്യനും, ഭൃത്യക്കുമായിരുന്നു അവർ ഇമാമായി നിന്നിരുന്നതെന്ന് വ്യക്തം. ഇമാമുമാരായ അബൂ സൗർ, മുസ്നി, ത്വബരി എന്നിവർ അതുസാധുവാകുമെന്ന വീക്ഷണക്കാരാണ്. എന്നാൽ ഭൂരിപക്ഷം ഫുഖഹാക്കളും അതിനോട് വിയോജിച്ചിരിക്കുന്നു.- (സുബുലുസ്സലാം: 26 ).

قَالَ الصَّنْعَانِيُّ: وَالْحَدِيث دَلِيل عَلَى صِحَّة إِمَامَة الْمَرْأَة أَهْل دَارهَا وَإِنْ كَانَ فِيهِمْ الرَّجُل فَإِنَّهُ كَانَ لَهَا مُؤَذِّنًا وَكَانَ شَيْخًا كَمَا فِي الرِّوَايَة ، وَالظَّاهِر أَنَّهَا كَانَتْ تَؤُمّهُ وَغُلَامَهَا وَجَارِيَتَهَا، وَذَهَبَ إِلَى صِحَّة ذَلِكَ أَبُو ثَوْر وَالْمُزَنِيّ وَالطَّبَرِيّ، وَخَالَفَ ذَلِكَ الْجَمَاهِير.-سُبُلُ السَّلاَمِ: 26، بَابُ صَلاَةِ الْجَمَاعَةِ وَالْإِقَامَةِ.

അതേ സമയം സ്ത്രീകൾ പുരുഷന്മാർക്ക് ഇമാം നിൽക്കാമെന്നതിന് ഈ ഹദീസ് തെളിവല്ല എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്. ഉദാഹരണമായി ഇമാം ഇബ്നു ഖുദാമ പറയുന്നത് കാണുക:

Also read: പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം, യുദ്ധം വീട്ടിലെത്തിയിരിക്കുന്നു

ഉമ്മ വുറഖയുടെ ഹദീസ് അവരുടെ വീട്ടിലെ സ്ത്രീകൾക്ക് ഇമാം നിൽക്കുന്ന കാര്യമാണ് പറയുന്നത്. ദാറഖുത്വിനി അങ്ങനെയാണത് ഉദ്ധരിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ നിവേദനത്തിൽ അവരുടെ വീട്ടിലെ സ്ത്രീകൾക്കായിരുന്നു അവര് ഇമാം നിന്നിരുന്നത് എന്ന് അധികമായി വന്നിട്ടുള്ള ഭാഗം പരിഗണിക്കൽ നിർബന്ധമാണ്.-(മുഗ്നി: ).

قَالَ الْإِمَامُ ابْنُ قُدَامَةَ: وَحَدِيثُ أُمِّ وَرَقَةَ إنَّمَا أَذِنَ لَهَا أَنْ تَؤُمَّ نِسَاءَ أَهْلِ دَارِهَا، كَذَلِكَ رَوَاهُ الدَّارَقُطْنِيّ. وَهَذِهِ زِيَادَةٌ يَجِبُ قَبُولُهَا، وَلَوْ لَمْ يُذْكَرْ ذَلِكَ لَتَعَيَّنَ حَمْلُ الْخَبَرِ عَلَيْهِ؛ لِأَنَّهُ أَذِنَ لَهَا أَنْ تَؤُمَّ فِي الْفَرَائِضِ، بِدَلِيلِ أَنَّهُ جَعَلَ لَهَا مُؤَذِّنًا، وَالْأَذَانُ إنَّمَا يُشْرَعُ فِي الْفَرَائِضِ، وَلَا خِلَافَ فِي أَنَّهَا لَا تَؤُمُّهُمْ فِي الْفَرَائِضِ، وَلِأَنَّ تَخْصِيصَ ذَلِكَ بِالتَّرَاوِيحِ وَاشْتِرَاطَ تَأَخُّرِهَا تَحَكُّمٌ يُخَالِفُ الْأُصُولَ بِغَيْرِ دَلِيلٍ، فَلَا يَجُوزُ الْمَصِيرُ إلَيْهِ، وَلَوْ قُدِّرَ ثُبُوتُ ذَلِكَ لِأُمِّ وَرَقَةَ، لَكَانَ خَاصًّا بِهَا، بِدَلِيلِ أَنَّهُ لَا يُشْرَعُ لِغَيْرِهَا مِنْ النِّسَاءِ أَذَانٌ وَلَا إقَامَةٌ، فَتَخْتَصُّ بِالْإِمَامَةِ لِاخْتِصَاصِهَا بِالْأَذَانِ وَالْإِقَامَةِ.-الْمُغْنِي: مَسْأَلَةٌ؛ قَالَ: وَإِنْ صَلَّى خَلْفَ مُشْرِكٍ أَوْ امْرَأَةٍ.

ശൈഖ് അബ്ദുർ റഹ്മാൻ ബന്ന പറയുന്നു:
ഉമ്മു വറഖയുടെ ഹദീസ് തെളിവാക്കുന്നവർക്ക് മറുപടി പറയാൻ പറ്റും. കാരണം അതിൽ മുഅദ്ദിനും, ഭൃത്യനും ഉമ്മു വറഖയുടെ പിന്നിൽ നിന്ന് നമസ്ക്കിച്ചു എന്ന് സ്പഷ്ടമായി പറയുന്നില്ല. അതുകൊണ്ട് മുഅദ്ദിൻ ബാങ്കു കൊടുക്കുകയും, ശേഷം നമസ്ക്കരിക്കാൻ വേണ്ടി പള്ളിയിലേക്ക് പോവുകയും ചെയ്യാറായിരുന്നു എന്നതിനും സാധ്യതയുണ്ട്. ഭൃത്യനും അങ്ങനെ തന്നെ. അപ്പോൾ മഹതി ഇമാം നിന്നിരുന്നത് അവരുടെ വീട്ടിലുള്ള സ്ത്രീകൾക്ക് മാത്രമായിട്ടായിരുന്നു, അല്ലാതെ മറ്റൊന്നുമല്ല. അവർ തൻ്റെ വീട്ടിലെ സ്ത്രീകൾക്കായിരുന്നു ഇമാമായി നിന്നിരുന്നത് എന്ന് വ്യക്തമായി പറയുന്ന, ഇമാം ദാറഖുത്വിനിയുടെ നിവേദനം ഇതിന് പിൻബലം നൽകുകയും ചെയ്യുന്നു.-(അൽ ഫത്ഹുർറബ്ബാനി: 5/234).

Also read: കൊറോണ കാലത്ത് വേഗത്തിലാക്കേണ്ട സകാത്ത്

وَقَالَ أَحْمَدُ بْنُ عَبْدِ الرَّحْمَنِ الْبَنَّا – رَحِمَهُ اللَّهُ تعالى:
يُمْكِنُ الْجَوَابُ عَنْ حَدِيثِ أُمِّ وَرَقَةَ بِأَنَّهُ لَيْسَ صريحاً فِي أَنَّ الْمُؤَذِّنَ وَالْغُلَامَ كَانَا يُصَلِّيَانِ خَلْفَهَا، فَيُحْتَمَلُ أَنَّ الْمُؤَذِّنَ كَانَ يُؤَذِّنُ لَهَا ثُمَّ يَذْهَبُ إلَى الْمَسْجِدِ لِيُصَلِّيَ فِيهِ وَكَذَا الْغُلَامُ، فَكَانَت تَؤُمّ نِسَاءَ دَارِهَا لَا غَيْرُ ، وَيُؤَيِّدُهُ مَا رَوَاهُ الدَّارَ قُطْنِي عَنْ أُمِّ وَرَقَةَ أَنْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذِنَ لَهَا أَنْ يُؤَذَّنَ لَهَا وَيُقَامُ وَتَؤُمَّ نِسَاءَهَا.- الْفَتْح الرَّبَّانِى تَرْتِيبُ مُسْنَدِ الْإِمَامِ أَحْمَدَ: 5/234.

ചുരുക്കത്തിൽ മുഅദ്ദിൻ അവരുടെ പിന്നിൽ നിന്ന് നമസ്ക്കരിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല, മാത്രമല്ല നമസ്ക്കാരത്തിൽ ഇമാമിന് തെറ്റിയാൽ ” സുബ്ഹാനല്ലാഹ് ” എന്ന് പറഞ്ഞ് ഓർമ്മിപ്പിക്കണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്, അതിനർഥം പതിഞ്ഞ ശബ്ദത്തിൽ പോലും സ്ത്രീകൾ ഒന്നും പറയരുതെന്നാണല്ലോ, അതുകൊണ്ടാണല്ലോ അവർ കൈ മുട്ടുകയാണ് വേണ്ടത് എന്ന് പഠിപ്പിച്ചത്. അതേ പ്രവാചകൻ സ്ത്രീകൾ ശബ്ദത്തിൽ ഖുർആൻ ഓതിക്കൊണ്ട് പുരുഷൻമാർക്ക് ഇമാമായി നിൽക്കാമെന്ന വൈരുദ്ധ്യം പറയുമോ?

അബൂ ഹുറയ്റ(റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: പുരുഷന്മാർ സുബ്ഹാനല്ലാഹ്, എന്നു പറയുകയും, സ്ത്രീകൾ കൈ കൊട്ടുകയുമാണ് വേണ്ടത് “. – (ബുഖാരി: 1203).

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « التَّسْبِيحُ لِلرِّجَالِ وَالتَّصْفِيقُ لِلنِّسَاءِ ».-رَوَاهُ الْبُخَارِيُّ: 1203.

ഇതാണ് പൊതു തത്വം. എന്നാൽ തറാവീഹ് പോലുള്ള നമസ്ക്കാരങ്ങൾക്ക് പുരുഷൻമാർക്ക് ഇമാമായി നിൽക്കാമെന്ന ഇമാം അഹ്മദിനെ പോലെയുള്ള ഇമാമുകൾ പറഞ്ഞതും പ്രസക്തം തന്നെയാണ്. വിശിഷ്യാ പുതുതായി ഇസ്ലാമിലേക്ക് വന്ന, ഖുർആൻ ഓതനറിയാത്ത ഭർത്താവ്, ഖുർആൻ ഓതനറിയാത്ത സഹോദരന്മാർ തുടങ്ങിയവരുടെ ഇമാമായി നന്നായി ഓതാന് അറിയാവുന്ന ഭാര്യ പെങ്ങൾ മാതാവ് തുടങ്ങിയ സ്ത്രീകൾ നിൽക്കൽ.

Also read: ഖുർആനിലെ മനുഷ്യൻ

ശാഫിഈ മദ്ഹബിൻ്റെ വീക്ഷണം

ഇമാം നവവി പറയുന്നു:
സ്ത്രീ പുരുഷന് ഇമാമ് നിൽക്കാൻ പാടില്ലാ എന്ന നിയമം ഫർള് നമസ്ക്കാരത്തിലായാലും, തറാവീഹ് നമസ്ക്കാരത്തിലായാലും, മറ്റേത് സുന്ന നമസ്ക്കാരങ്ങളിലായാലും സമമാണ്. നമ്മുടെയും, മുൻഗാമികളും പിൻഗാമികളിലും പെട്ട മറ്റു ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം ഇതത്രെ. താബിഈ പ്രമുഖരായ ഏഴ് മഹാ പണ്ഡിതന്മാരുടെയും വീക്ഷണവും ഇതു തന്നെയാണെന്ന് ഇമാം ബൈഹഖി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാമുമാരായ മാലിക്, അബൂ ഹനീഫ, സുഫിയാൻ, അഹ്മദ്, ദാവൂദ് തുടങ്ങിയവരുടെയും അഭിപ്രായവും ഇതു തന്നെ.

എന്നാൽ അബൂ സൗർ, പ്രമുഖ ശാഫിഈ ശിഷ്യനായ ഇമാം മുസ്നി, ഇമാം ത്വബിരി എന്നിവർ സ്ത്രീയുടെ പിന്നിൽ പുരുഷന്മാർ നിന്ന് നമസ്ക്കരിച്ചാൽ അത് സാധുവാകുമെന്ന് പറഞ്ഞിരിക്കുന്നു. ഖാളി അബുത്ത്വയ്യിബും, അബ്ദരിയും അവരിൽ നിന്നും അക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി പറഞ്ഞു: അബൂ സൗർ ഒഴിയെയുള്ള സർവ്വ ഫുഖഹാക്കളുടെയും വീക്ഷണമെന്തെന്നാൽ പുരുഷന്മാർ അവളുടെ പിന്നിൽ നിന്നു കൊണ്ട് നമസ്ക്കരിച്ചാൽ അത് സാധുവാകയില്ല എന്നാണ്. ഏറ്റവും അറിയുന്നവൻ അല്ലാഹുവത്രെ………. നമ്മുടെ മദ്ഹബിൻ്റെ ആചാര്യന്മാർ പറഞ്ഞു: പെണ്ണിൻ്റെ പിന്നിൽ നമസ്ക്കിരിച്ചു, പക്ഷെ പെണ്ണാണെന്ന് അറിയുമായിരുന്നില്ല, പിന്നീട് പെണ്ണാണെന്ന് മനസ്സിലായി, എന്നാൽ മടക്കി നമസ്ക്കരിക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ തർക്കമില്ല.-(ശർഹുൽ മുഹദ്ദബ്: ഇമാമത്തിൻ്റെ രൂപം എന്ന അധ്യായം).

قَالَ الْإِمَامُ النَّوَوِيُّ: وَسَوَاءٌ فِي مَنْعِ إمَامَةِ الْمَرْأَةِ لِلرِّجَالِ، صَلَاةُ الْفَرْضِ وَالتَّرَاوِيح وَسَائِرُ النَّوَافِلِ. هَذَا مَذْهَبُنَا وَمَذْهَبُ جَمَاهِيرِ الْعُلَمَاءِ مِنَ السَّلَفِ وَالْخَلَفِ رَحِمَهُمُ اللَّهُ. وَحَكَاهُ الْبَيْهَقِىُّ عَنِ الْفُقَهَاءِ السَّبْعَةِ، فُقَهَاءِ الْمَدِينَةِ التَّابِعِين، وَهُوَ مَذْهَبُ مَالِكٍ ،وَأَبِي حَنِيفَةَ، وَسُفْيَانَ، وَأَحْمَدَ، وَدَاوُد. وَقَالَ أَبُو ثَوْرٍ، وَالْمُزَنِيُّ، وَابْنِ جَرِيرٍ: تَصِحُّ صَلَاةُ الرِّجَالِ وَرَاءَهَا. حَكَاهُ عَنْهُمْ الْقَاضِى أَبُو الطَّيِّبِ، وَالْعَبْدَرِيُّ. وَقَالَ الشَّيْخُ أَبُو حَامِدٍ: مَذْهَبُ الْفُقَهَاءِ كَافَّةً أَنَّهُ لَا تَصِحُّ صَلَاةُ الرِّجَالِ وَرَاءَهَا إلَّا أَبَا ثَوْرٍ وَاَللَّهُ أَعْلَمُ. قَالَ أَصْحَابُنَا فَإِنَّ صُلِّيَ خَلْفَ الْمَرْأَةِ وَلَمْ يُعْلَمْ أَنَّهَا امْرَأَةٌ ثُمَّ عَلِمَ، لَزِمَهُ الْإِعَادَةُ بِلَا خِلَافٍ. -شَرْحُ الْمُهَذَّبِ: بَابُ صِفَةِ الْإِمَامَةِ.

 ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു: 

ഇമാം അഹ്മദിൽ നിന്ന് പ്രസിദ്ധമായ അഭിപ്രായ മനുസരിച്ച് അദ്ദേഹം, സ്ത്രീ ഖുർആൻ പാരായണത്തിൽ വിദഗ്ദ്ധയായിരിക്കുക, പുരുഷൻമാർ ഓത്തുകാരല്ലാതിരിക്കുകയും ചെയ്യുക പോലുള്ള പ്രത്യേക ആവശ്യ ഘട്ടങ്ങളിൽ അവൾക്ക് പുരുഷന്മാർക്ക് തറാവീഹ് നമസ്ക്കാരത്തിന് ഇമാം നിൽക്കുന്നത് അനുവദിച്ചിട്ടുണ്ട്. തൻ്റെ വീട്ടുകാർക്ക് വേണ്ടി നമസ്ക്കാരത്തിന് നേതൃത്വം കൊടുക്കാൻ ഉമ്മു വറഖക്ക് നബി (സ) അനുവാദം കൊടുക്കുകയും, അവർക്ക് ഒരു മുഅദ്ദിനെ നിശ്ചയിച്ചു കൊടുക്കുകയു ചെയ്തത് പോലെ. എന്നാൽ പുരുഷന്മാരുടെ പിന്നിലായിട്ടാണ് അവൾ നിൽക്കേണ്ടത്. പുരുഷന്മാർ മമൂമീങ്ങളാണ് എന്നതാണ് വസ്തുതയെങ്കിലും. അവർ അവരുടെ പിന്നിലാണ് നിൽക്കേണ്ടത്. അവശ്യ ഘട്ടങ്ങളിൽ മമൂമിന് മുന്തി നിൽക്കാമെന്ന് പറയുന്നവരുടെ ഒരു ന്യായം ഇതാണ്.- (മജ്മൂഉൽ ഫതാവാ: 23/248).

قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ: جَوَّزَ أَحْمَد عَلَى الْمَشْهُورِ عَنْهُ أَنْ تَؤُمَّ الْمَرْأَةُ الرِّجَالَ لِحَاجَةِ مِثْلَ أَنْ تَكُونَ قَارِئَةً وَهُمْ غَيْرُ قَارِئِينَ فَتُصَلِّي بِهِمْ التَّرَاوِيحَ كَمَا أَذِنَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأُمِّ وَرَقَةَ أَنْ تَؤُمَّ أَهْلَ دَارِهَا وَجَعَلَ لَهَا مُؤَذِّنًا وَتَتَأَخَّرُ خَلْفَهُمْ وَإِنْ كَانُوا مَأْمُومِينَ بِهَا لِلْحَاجَةِ وَهُوَ حُجَّةٌ لِمَنْ يُجَوِّزُ تَقَدُّمَ الْمَأْمُومِ لِحَاجَةِ.-مَجْمُوعُ الْفَتَاوَى: 23/248.

ഉമ്മു വറഖയുടെ ഹദീസിൻ്റെ വെളിച്ചത്തിൽ ഹമ്പലി മദ്ഹബിലെ ചില ഫുഖഹാക്കൾ തറാവീഹിൽ സ്ത്രീകൾ പുരുഷന്മാർക്ക് ഇമാമാകാമെന്ന് അഭിപ്രായമുണ്ടെന്ന് ഇമാം ഇബ്നു ഖുദാമയും രേഖപ്പെടുത്തിയിട്ടുണ്ട്.- (മുഗ്നി: മസ്അല: 1140).

قَالَ الْإِمَامُ ابْنُ قُدَامَةَ: وَقَالَ بَعْضُ أَصْحَابِنَا: يَجُوزُ أَنْ تَؤُمَّ الرِّجَالَ فِي التَّرَاوِيحِ، وَتَكُونَ وَرَاءَهُمْ؛ لِمَا رُوِيَ عَنْ أُمِّ وَرَقَةَ بِنْتِ عَبْدِ اللَّهِ بْنِ الْحَارِثِ، …..وَهَذَا عَامٌّ فِي الرِّجَالِ وَالنِّسَاءِ.-الْمُغْنِي: مَسْأَلَةٌ: 1140.

Related Articles