Current Date

Search
Close this search box.
Search
Close this search box.

മദ്രസകള്‍ പൂട്ടാന്‍ താക്കോലുമായി കാത്തുനില്‍ക്കുന്നവര്‍

അസ്മിയയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള ഊഹങ്ങളും ചർച്ചകളുമാണ് നാടെങ്ങും. അത് കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പോലീസ്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണത്തിൽ കണ്ടെത്തുന്ന പ്രതികളെ സംരക്ഷിക്കാൻ മുസ്‌ലിം സമുദായമോ,ബാലരാമപുരത്തെ പൊതുസമൂഹമോ തയ്യാറാവില്ലെന്നുറപ്പാണ്. കാരണം അവരെല്ലാം ആവശ്യപ്പെടുന്നത് ദുരൂഹതകൾ നീക്കി വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരണമെന്ന് തന്നെയാണ്. പക്ഷെ കുളം കലക്കി മുതലെടുക്കാനാണ് പലരുടെയും ശ്രമം.
ഇതിനിടയിലാണ് ഇന്നലെ ബാലരാമപുരത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടും കുറ്റവാളികളെ മുൻകൂട്ടി പ്രഖ്യാപിച്ചും, അന്വേഷണങ്ങളെ വെല്ലുവിളിച്ചും സംഘ്പരിവാർ സംഘടനകളായ BJP യും ABVPയും ഒപ്പം DYFI യും പ്രതിഷേധ മാർച്ചുകളുമായി രംഗത്തിറങ്ങിയത്.
ആരോപിത സ്ഥാപനത്തിലേക്കായിരുന്നു ABVP മാർച്ച് .രക്ഷാകർത്താക്കളും നാട്ടുകാരും തടയുമെന്ന് പ്രഖ്യാപിച്ച് വഴിയിൽ നിലയുറപ്പിച്ചതോടെ സംഘർഷ സാധ്യത മനസിലാക്കി മാർച്ച് തടയാൻ പോലീസ് രംഗത്ത് വന്നു. പോലീസുമയി ഏറ്റുമുട്ടാനൊരുങ്ങിയ ABVP ക്കാരെ ബലപ്രയോഗത്തിലൂടെ പോലീസ് നീക്കം ചെയ്യുകയായിരുന്നു.
കൊലപാതകമാണ് എന്നും ക്രൂരമായ ബലാൽസംഗമാണ് കാരണമെന്നും ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ BJP യുടെ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തത്.ആത്മഹത്യ ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത് അറിഞ്ഞിട്ടില്ല അദ്ദേഹം.കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്നതാണ് മാർച്ചിന്റെ ആവശ്യം.
BJP യും ABVP യും വർഗീയ മുതലെടുപ്പ് ഉന്നം വെച്ചു തകർത്താടിയത് കണ്ടപ്പോൾ ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടത് ഇടതുപക്ഷ യുവജന വിപ്ലവ സംഘടനക്കാണ്. പോലീസിനെ വെല്ലുവിളിച്ചു അവരും മാർച്ച് നടത്തി. സ്ഥാപനത്തിലേക്ക്. ഏറെക്കുറെ പോലീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ മാർച്ച് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നെങ്കിൽ ഒരു ഔചിത്യമുണ്ടായേനെ. സ്വന്തം പാർട്ടി സർക്കാരിന്റെ പോലീസിൽ DYFI ക്ക് അത്ര വിശ്വാസം പോര എന്ന് തോന്നും മാർച്ചിൽ ഡോ.ഷിജുഖാന്റെ പ്രസംഗം കേട്ടാൽ.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സുതാര്യമാവാനും നിഷ്പക്ഷവും നീതിപൂർവവുമായ തുടർ നടപടികൾ സാധ്യമാവാനും ബാഹ്യ ഇടപെടലുകളും സമ്മർദങ്ങളുമില്ലാതെ അന്വഷണം മുന്നോട്ടു പോവാൻ സഹായിക്കുകയാണ് വേണ്ടത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെയും കേരളം ഭരിക്കുന്ന പാർട്ടിയുടെയും കുഞ്ഞാടുകൾ തന്നെ തെരുവിലിറങ്ങി പോർവിളിച്ചു ഉണ്ടാക്കുന്ന സംഘർഷാന്തരീക്ഷം സുഗമമായ അന്വേഷണത്തെ സമ്മർദത്തിലാക്കി വഴി തെറ്റിക്കാൻ മാത്രമേ സഹായിക്കൂ എന്നതിൽ സംശയമില്ല.

Related Articles