Current Date

Search
Close this search box.
Search
Close this search box.

പക്ഷി നിരീക്ഷണവും ഇസ് ലാമും

പക്ഷികൾ ചുറ്റുമുണ്ടായിട്ടും പക്ഷി നിരീക്ഷണത്തെ ക്കുറിച്ച് താല്പര്യം വന്നത് MSc വൈൽഡ് ലൈഫ് എടുത്തു പഠിച്ച വർഷങ്ങളിലാണ്. അന്ന് ഞങ്ങൾ കുറേ പേർ ക്യാമറയും ബൈനോക്കുലറുമായി Bird watching എന്ന് പറഞ്ഞു ഹോസ്റ്റലിൽ നിന്നും പുറപ്പെടും. പക്ഷെ അധികവും പക്ഷികളേ കാണാറില്ല. പകരം മറ്റു പലതും നിരീക്ഷിച്ചു ഞങ്ങൾ മടങ്ങും.

ഇന്നു പക്ഷികളെ അങ്ങോട്ട് നിരീക്ഷിക്കാൻ പോകേണ്ട ആവശ്യമില്ല. പക്ഷികൾ നമ്മെ നിരീക്ഷിച്ചു കൊണ്ട് നമ്മുടെ പറമ്പിലും പുൽത്തകിടിയിലും ജനലിലും വന്നിരിക്കും. പ്രത്യേകിച്ച് ഈ കൊറോണ കാലത്തു മനുഷ്യൻ എങ്ങനെ ഇത്രയും അച്ചടക്കമുള്ളവരായി എന്നവർ അത്ഭുതപ്പെടുന്നുണ്ടാകും. കഴിഞ്ഞ മാസം നല്ല ഭംഗിയുള്ള കുറേ മയിലുകൾ ( ഇന്ത്യയുടെ ദേശീയ പക്ഷി. Pavo cristatus ) എന്റെ വീട്ടിൻ മുറ്റത്തു വരെ എത്തുകയുണ്ടായി.

സൗത്ത് അമേരിക്കൻ ornithologist ( പക്ഷി ശാസ്ത്രജ്ഞ) യായ Ana Luz പറയുന്നതനുസരിച്ചു ലോകത്ത് ഇന്നു പതിനായിരത്തിൽ പരം പക്ഷിയിനങ്ങളുണ്ട് ( species). പത്തു വർഷം മുൻപ് രണ്ടു ശാസ്ത്രഞന്മാർ എടുത്ത കണക്കു അനുസരിച്ചു ലോകത്തു 400 ബില്യൻ പക്ഷികൾ ഉണ്ടെന്നു അവർ കണക്കാക്കി.അഞ്ചു ബില്യൻ ജനങ്ങൾ ഉള്ള ലോകത്തു ഓരോ മനുഷ്യർക്കും വീതിച്ചു കൊടുത്താൽ ഒരാൾക്ക് നാല്പതോ അറുപതോ പക്ഷികൾ. ഈ കാലഘട്ടത്തിനിടയിൽ എത്രയോ പക്ഷികൾ കാലഹരണപ്പെട്ട് പോയി ( extinct). പല പക്ഷികളും കാലാവസ്ഥ വ്യതിയാനം കൊണ്ടും ആഗോള താപവർദ്ധനവ്, വേട്ടയാടാൽ കൊണ്ടും മറ്റും വംശനാശത്തിന്റെ വക്കിലാണ് (endangered). നൂറിലധികം പക്ഷികൾ നമ്മുടെ സഞ്ചാരി പ്രാവ് അടക്കം ഈ ലിസ്റ്റിലുണ്ട്.

Also read: ഭാവി കാത്തിരുന്ന് കാണാം

പക്ഷികൾ എന്തിന്?
വിത്ത് വിതരണത്തിലും പരാഗണത്തിലും (pollination) പക്ഷികളുടെ പങ്കു വലുതാണ്. കൃഷി നശിപ്പിക്കുന്ന എലികളെയും പെരുച്ചാഴികളെയും വേട്ടയാടുന്നത് പക്ഷികളാണ്. കഴുകൻ, ഗരുഡൻ, പരുന്ത്, കാക്ക എന്നിവ നല്ല തോട്ടികളെ പോലെ ചത്ത മൃഗങ്ങളെയും, അടുക്കള മാലിന്യങ്ങളും കൊത്തിതിന്നു നാട്ടുമ്പുറങ്ങളും നിരത്തുകളും വൃത്തിയാക്കുന്നു. ഇത്‌ കൂടാതെ പല പ്രാണികളെയും നമ്മുടെ അരികിൽ വരാൻ അനുവദിക്കാതെ ശാപ്പിടുന്നതും അവരാണ്.

പലവിധ നിറത്തിലും വലുപ്പത്തിലുമുള്ള പക്ഷികളുണ്ട്. പക്ഷി നിരീക്ഷണം ഹോബിയായി സ്വീകരിച്ചവർ ഒരു പാടുണ്ട്. (നമ്മുടെ മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഹോബി അതായിരുന്നു.) അവയുടെ, നിറം, ചലനം, ശ്രുതി മധുരമായ സംഗീതം ഇവയെല്ലാം മനസ്സിന് കുളിരണിയിക്കുന്നു. പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദത്തെ tweet എന്നാണ് പറയുന്നത് ലോകത്ത് മന്ത്രിമാരും നേതാക്കളും കഴിഞ്ഞാൽ പിന്നെ ഏറ്റവും tweet ചെയ്യുന്നത് പക്ഷികളാണ്. എന്നാൽ അവയുടെ ട്വീറ്റ്കൾ പ്രശ്നം സൃഷ്ടിക്കാറില്ല. പൊതുവെ പക്ഷികളെ മൂന്നായി തരം തിരിക്കാം.
1. tweeting birds- ട്വീറ്റ്‌ ചെയ്യുന്നവ eg. sparrow, finches, robins etc
2. ducking birds- നീന്തുന്നവ eg. ducks, swans, sea gulls, albatross etc
3. hawking birds- റാന്തുന്നവ eg. falcon, eagle etc

പക്ഷികൾ മൂലം മനുഷ്യർക്ക്‌ ഉപദ്രവം ഉണ്ടാകുന്നില്ല എന്ന് പറയാൻ പറ്റില്ല. പല തരത്തിലുള്ള അണുബാധയും പക്ഷികൾ മുഖാന്തരം മനുഷ്യർ അനുഭവിക്കുന്നുണ്ട്. പ്രാവ് പോലുള്ള പക്ഷികൾ പുറത്തേക്കു തള്ളുന്ന droppings , feathers, debris എന്നിവയൊക്കെ പല തരത്തിലുള്ള അല്ലർജിയും രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്. പക്ഷിപ്പനി ( Psittacosis -Ornithosis), Histoplasmosis, Candidiasis, Cryptococcosis, St. Louis encephalitis, Salmonellosis എന്നിവ പക്ഷികൾ പരത്തുന്ന രോഗങ്ങളിൽ ചിലതാണു.

Also read: പോർഷ്യകളാവുക ; ഷൈലോക്കുമാരല്ല

പ്രശസ്ത പക്ഷി നിരീക്ഷകനായ Dr. സാലിം അലിയുടെ ജന്മദിനമാണ് ( Nov 12) ദേശീയ പക്ഷി നിരീക്ഷണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്.1896 ലാണ് Dr. സാലിം അലി ജനിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അലിയെ പിന്നെ അമ്മാവനാണു സംരക്ഷിച്ചത്. അമ്മാവൻ സമ്മാനിച്ച എയർ ഗൺ ഉപയോഗിച്ച് ഒരിക്കൽ സാലിം ഒരു കുരുവിയെ വെടി വെച്ചിട്ടു. എങ്കിലും കുരുവിയുടെ കഴുത്തിൽ കണ്ട മഞ്ഞ നിറത്തിലുള്ള പട്ട ആ ബാലനിൽ ആ പക്ഷി ഏതെന്നു അറിയാൻ ഉള്ള ജിജ്ഞാസ ഉണ്ടാക്കി. അമ്മാവനെയും കൂട്ടി ബോംബെ യിലെ BNHS ( ബോംബെ നാച്ചുറൽ ഹിസ്റ്ററി സോസൈറ്റി) എന്ന സ്ഥാപനത്തിലേക്ക് കയറി ചെന്നു. അതൊരു നിമിത്തമായിരുന്നു. പിന്നീട് ലോക പ്രശസ്ത പക്ഷി ശാസ്ത്രഞ്ജനായി മാറി നിരവധി അവാർഡുകൾ അദ്ദേഹം വാരിക്കൂട്ടി. മൂന്നു യൂണിവേഴ്സിറ്റികൾ ( അലിഗർ, ഡൽഹി ആന്ധ്ര) അദ്ദേഹത്തിന് ഡോക്ടറെറ്റ് സമ്മാനിച്ചു.ഈ വെടി വെച്ചിട്ട കുരുവിയെ അനുസ്മരിച്ചാണ് അദ്ദേഹം തന്റെ ആത്മകഥയ്ക്ക് The fall of a Sparrow ( ഒരു കുരുവിയുടെ പതനം ) എന്ന പേര് നൽകിയത്.1987ൽ Dr. സാലിം അലി നമ്മെ വേർപിരിഞ്ഞു.

പക്ഷിയെ നിരീക്ഷിക്കാൻ ഖുർആൻ ആഹ്വാനം ചെയ്യുന്നുണ്ട്… ” തങ്ങൾക്കു മീതെ ചിറകു വിടർത്തിയും അവ ചുരുട്ടിയും പറക്കുന്ന പറവകളെ അവർ കാണുന്നില്ലയോ? കരുണാമയനായ ദൈവമല്ലാതെ ആരും അവയെ പിടിച്ചു നിർത്തുന്നില്ല.. അവൻ എല്ലാം വീക്ഷിക്കുന്നവല്ലോ ( 67: 19). ദൈവ സംരക്ഷണം പക്ഷികൾക്കു പോലും ഉണ്ടെന്നു അറിയിക്കാനും വായുവിനെക്കാൾ ഭാരമേറിയ വസ്തുക്കൾക്കു പറക്കുവാൻ സാധ്യമാകുന്ന പ്രാപഞ്ചിക നിയമങ്ങൾ ദൈവം നിശ്ചയിച്ചു എന്നറിയിക്കാനുമാണ് ഖുർആൻ അതു പരാമർശിച്ചത്. പിന്നീട് മനുഷ്യനെ പറക്കാൻ പ്രേരിപ്പിച്ച ചേതോ വികാരത്തിന്റെ പിറകിലും ഈ സൂക്തത്തിന്റെ ചോദന (spark) കാണാം.

പതിനഞ്ചോളം സ്ഥലങ്ങളിൽ ഖുർആനിൽ പക്ഷികളെ പരാമർശിച്ചതായി കാണാം. ഈസാ നബി ( യേശു) കളിമണ്ണ് കൊണ്ട് പക്ഷികൾക്ക് ജീവൻ നൽകിയതും, ഇബ്രാഹിം നബി ( അബ്രഹാം ) ദൈവത്തോടു മരിച്ചവരെ എങ്ങനെ ജീവിപ്പിക്കാൻ കഴിയും എന്ന് ചോദിച്ചപ്പോൾ ( 2:260) ഒരു പക്ഷിയെ അറുത്തു നാല് ഭാഗങ്ങൾ ആക്കി നാല് ദിക്കുകളിൽ കൊണ്ട് വെച്ചു ആ പക്ഷിയെ വിളിച്ചപ്പോൾ അതു പാറി വന്നതും ഖുർആൻ പരാമർശിക്കുന്നുണ്ട്.

Also read: ആ പാദചാരിയുടെ പാവനസ്മരണക്ക്

സുലൈമാൻ നബിക്കു ( സോളമൻ ) പക്ഷികളുടേയും ജീവികളുടെയും ഭാഷ അറിയാമെന്നും യമനിലെ രാജ്ഞിക്കു സന്ദേശം അയച്ചത് ഹുദ് ഹുദ് എന്ന പക്ഷി മുഖേന ആണെന്നും ഖുർആനിൽ ഉണ്ട്‌.(27:20) ഇത്‌ പലരും മരം കൊത്തി യാണെന്ന് തെറ്റായി പറയാറുണ്ട്. സത്യത്തിൽ Hoopoe ( പുഴുക്കൊത്തി) എന്ന പക്ഷിയാണിത്. അതു പോലെ യമനിൽ നിന്ന് തന്നെ കഅബ പൊളിക്കാൻ ആനപ്പടയോടെ വന്ന രാജാവിനെയും സൈന്യത്തെയും നശിപ്പിച്ചത് അബാബീൽ പക്ഷികളെ ക്കൊണ്ട് കല്ലുകൾ അവരുടെ തലയ്ക്കു മുകളിൽ വീഴ്ത്തി ആണെന്നും (105) ഖുർആൻ വിവരിക്കുന്നു. കൂടാതെ കാക്ക, കാടപ്പക്ഷി , തുടങ്ങിയ പക്ഷികളെ ക്കുറിച്ചും ഖുർആൻ പറഞ്ഞു പോകുന്നുണ്ട്. മരിച്ച ശരീരത്തെ എങ്ങനെ മറവു ചെയ്യാം എന്നു മനുഷ്യനെ ആദ്യമായ് പഠിപ്പിച്ച ഉസ്താദും കൂടിയാണ് കാക്ക.

പക്ഷികളെ നല്ല ലക്ഷണമായും മോശലക്ഷണമായും ( bad omen) ജനങ്ങൾ കണക്കാക്കാറുണ്ട്. ഖുർആനിൽ പക്ഷികളെ ജനങ്ങൾ മോശ ലക്ഷണമായി ഉപയോഗിച്ചതിനെ ക്കുറിച്ച് പരാമർശമുണ്ട്. ചില പക്ഷികൾ വീടിന്റെ അടുത്തു വന്നു കരഞ്ഞാൽ ദുഃഖം വരുമെന്നും ചില പക്ഷികൾ വന്നു കരഞ്ഞാൽ അതിഥികൾ വരുമെന്നും ചില പക്ഷികൾ വലത്തോട്ട് പോകുന്നത് കണ്ടാൽ നല്ല ലക്ഷണം ആണെന്നും വിശ്വസിക്കുന്ന പലരുമുണ്ട്. ഇതെക്കുറിച്ച് പക്ഷികൾക്ക് വല്ലതും അറിയുമോ എന്നറിയില്ല.

( നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം)

Related Articles