Current Date

Search
Close this search box.
Search
Close this search box.

ശുമാഇലാ റഹ്മാനി : പോളിയോ വിരുദ്ധ പോരാളി

ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിലെ പ്രമുഖനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് പാകിസ്ഥാനിലെ ഒരു വനിതാ പോളിയോ വിരുദ്ധ വനിതാ പ്രവർത്തകയുടെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടത് ഈയിടെ വൈറലായിരുന്നു.ഒക്ടോബർ 24 ലോക പോളിയോ ദിനത്തിന്റെ ഭാഗമായി ഒക്ടോബർ 21 നാണ് ബിൽ ഗേറ്റ്‌സ് ആ വീഡിയോ ഷെയർ ചെയ്തത്. ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത്. പതിനായിരങ്ങളാണ് അത് ഷെയർ ചെയ്തത്. ദശാബ്ദങ്ങൾക്ക് മുമ്പ് ജോനാസ്‌ സാൽക്കിനെ പോളിയോ വിരുദ്ധ ഉദ്യമത്തിന്റെ മുന്നണിപ്പോരാളിയായി ലോകം നെഞ്ചിലേറ്റിയതു പോലെ ലോകം പാകിസ്ഥാനിൽ നിന്നുള്ള ഒരു പക്കാ ഹിജാബിയെ ലോകത്തിന്റെ മുന്നിൽ ആദ്യമായി ഹൈലൈറ്റ് ചെയ്തത് ബിൽ ഗേറ്റ്സ് ആയത് ഏതായാലും നന്നായി.കിഴക്കും പടിഞ്ഞാറുമെല്ലാം ഇന്ന് റഹ്മാനിയുടെ ഉയർന്ന മനോവീര്യത്തെ അഭിനന്ദിക്കുന്നു. പാകിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും പോളിയോ വാക്സിനേഷൻ നൽകുന്നതിനായി അവർ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങുന്നത് ബിൽ ഗേറ്റ്സ് ഷെയർ ചെയ്ത വീഡിയോയിൽ കാണാം…

1988-ൽ ആഗോള നിർമ്മാർജ്ജന ശ്രമങ്ങൾ ബോധപൂർവം ആരംഭിച്ചതിനുശേഷം, ലോകമെമ്പാടുമുള്ള പോളിയോ കേസുകളുടെ എണ്ണം 99.9 ശതമാനം കുറഞ്ഞു എന്നു തന്നെ പറയാം. പക്ഷാഘാതം വന്ന് കിടപ്പിലാവുകയോ തളർന്നു പോവുകയോ ചെയ്യുമായിരുന്ന 19 ദശലക്ഷം ആളുകൾ ഇന്ന് വാക്സിനുകൾ ലഭ്യമായതിനാൽ മാത്രം എഴുന്നേറ്റ് നടക്കുന്നു എന്ന് പറയുന്നത് അതിശയോക്തിയല്ല.

1.5 ദശലക്ഷം ആളുകൾ പോളിയോ പ്രതിസന്ധിയെ അതിജീവിച്ച് നമ്മുടെ മുമ്പിലുണ്ട്. സമയത്തിന് ചികിത്സ നൽകാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ അവർ രോഗം ബാധിച്ച് മരിക്കുമായിരുന്നു. കഴിഞ്ഞ 33 വർഷത്തിനിടെ 3 ബില്യണിലധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയ ലോകാടിസ്ഥാനത്തിലുള്ള ആയിരക്കണക്കിന് പോളിയോ വിമുക്ത കാമ്പയിന്റെ വളണ്ടിയർമാർക്കാണ് ഈ പുരോഗതിയുടെ മുഴുവൻ ക്രെഡിറ്റും. അക്കൂട്ടത്തിൽ ഈ വർഷത്തെ കുതിരപ്പവൻ ശുമാഇലാ റഹ്മാനിക്കിരിക്കട്ടെ . താൻ ജീവിക്കുന്ന സമൂഹത്തിലെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എത്തിക്കുക എന്നതാണ് ഓരോ പോളിയോ വിമുക്ത ലോക വളണ്ടിയർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും പ്രധാന ഡ്യൂട്ടി .

അത് ഒരുപക്ഷേ ലളിതമായ ജോലിയാണെന്ന് നമുക്ക് തോന്നുമെങ്കിലും, അത് പൂർത്തിയാക്കാൻ കുറച്ച് നേരം പിടിക്കും. എല്ലാ കുട്ടികളിലേക്കും ഇതിന്റെ ഫലം എത്തിച്ചേരാൻ കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും സർവ്വോപരി ക്ഷമയും ആവശ്യമാണ്.

പാകിസ്ഥാൻ പോലെയുള്ള ഗോത്ര കേന്ദ്രീകൃത / മത യാഥാസ്തിക പരിസരമുള്ള പ്രദേശത്ത് കുട്ടികളുടെ രക്ഷാകർത്താക്കളെ ബോധവത്കരിക്കാൻ റഹ്മാനി എത്ര വലിയ റിസ്കായിരിക്കുമെടുത്തുട്ടുണ്ടാവുക എന്ന് ആലോചിച്ച് നോക്കുക! . വാക്സിനേഷനെ തവക്കുലി (ഭരമേല്പിക്കൽ ) നെതിരായി ഫത്വ പുറപ്പെടുവിച്ച മത നേതൃത്വം ഇപ്പോഴും ശക്തമായ ഉൾഗ്രാമങ്ങളിലും റഹ്മാനി ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.

പോളിയോ ഇമ്മ്യൂണൈസേഷൻ കാമ്പ്യയിൻ നിർവഹിക്കുന്നതിനിടയിൽ, വാക്സിനുകൾ നിറച്ച കൂളറും സന്ദർശിക്കേണ്ട എല്ലാ വീടുകളുടെയും വിശദമായ പ്ലാനുമായി അവരൊറ്റക്ക് അതിരാവിലെ കാൽനടയായി പുറപ്പെടുന്നു. മൂന്നു മക്കളുള്ള ഒരു വീട്ടമ്മയുടെ അടുക്കളപ്പണിയെല്ലാം ഒതുക്കിയിട്ട് വേണം പുറത്തേക്ക് പോവാൻ .

തുടർന്ന് ഓരോ കുട്ടിക്കും പോളിയോ വാക്സിൻ തുള്ളിമരുന്ന് നൽകാൻ അവർ ഓരോ വാതിലിലും മുട്ടാൻ തുടങ്ങുന്നു.
അവർ സന്ദർശിക്കുന്ന പല കുടുംബങ്ങളും തങ്ങളുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഉപരി സൂചി ത ഫത്വ ഫാക്ടറികളെ ഭയമാണ് താനും. ചില രക്ഷിതാക്കളെങ്കിലും ഭയം മൂലമോ വിവരക്കേട് മൂലമോ പാതിവെന്ത മത ധാരണകൾ കാരണമായും തങ്ങളുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ വിസമ്മതിക്കുന്നു. പക്ഷേ റഹ്മാനി വിട്ടില്ല.

പോളിയോയെക്കുറിച്ചുള്ള അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അവർക്ക് ഉറപ്പുനൽകുകയും ചെയ്തു കൂടെ നില്ക്കുന്നു. പൊതു കേന്ദ്രങ്ങളിൽ അമ്മമാരോടും അച്ഛന്മാരോടും അവർ സംസാരിക്കുന്നു. വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബങ്ങളുമായി സംസാരിക്കാനുള്ള അനുമതിക്കു വേണ്ടി പലപ്പോഴും പഞ്ചായത്ത് തലവന്മാരുമായും മതനേതാക്കളുമായും സംവദിക്കുന്നു.

താൻ ജോലി ചെയ്യുന്ന ഏരിയയിൽ, ഈ വർഷാരംഭത്തിൽ 250-ലധികം കുടുംബങ്ങൾ വാക്സിനേഷൻ നിരസിച്ചതായി അവർ പറയുന്നു. എന്നാലിപ്പോൾ കുടുംബങ്ങളുമായി അടുത്ത് പ്രവർത്തിക്കാനുള്ള അവരുടെ ശ്രമങ്ങൾ കാരണം, അവരിൽ നാലുപേരൊഴികെ മറ്റെല്ലാവരും അവരുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകി എന്ന് പറയുന്നത് തെല്ല് ആത്മാഭിമാനത്തോടെയാണ്. ബാക്കിയുള്ള കുട്ടികൾക്കും വാക്സിനേഷനെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി അവർ ആ കുടുംബങ്ങളുമായി നിരന്തരം ഫോളോഅപ്പ് തുടരുന്നു. റഹ്മാനിയെപ്പോലുള്ള ആയിരക്കണക്കിന് അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകർക്കും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിനും ബിൽ ഗേറ്റ്സ് പ്രത്യേകം നന്ദി അറിയിക്കുന്നുണ്ട് ആ വീഡിയോവിൽ.

ഈ വർഷം ഇതുവരെ പാകിസ്ഥാനിൽ ഒരു വൈൽഡ് പോളിയോ കേസ് മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ വർഷം അത് 84 ആയിരുന്നു.ആഫ്രിക്കൻ രാജ്യങ്ങളിലും അഫ്ഗാൻ പോലുള്ള ഗോത്ര വർഗ പ്രദേശങ്ങളിലും ഉള്ളതുപോലെ ഇന്ന്
പാകിസ്ഥാനിൽ പോളിയോ പൊട്ടിപ്പുറപ്പെടാതിരിക്കാൻ റഹ്മാനിയുടേത് പോലുള്ള ആത്മാർഥമായ പ്രവർത്തനങ്ങൾ
കാരണമായിട്ടുണ്ട്. യുനെസ്കോ ആഗോളതലത്തിൽ പോളിയോ വാക്സിൻ പ്രോഗ്രാം നടത്തിയ പ്രവർത്തന രീതിയിലാണ് പിന്നീട്
കോവിസ്-19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്ന സമീപനവും സ്വീകരിക്കാൻ തീരുമാനിച്ചത്.

മറ്റ് പോളിയോ ബോധവത്കരണ പ്രവർത്തകരെ പോലെ റഹ്മാനി തന്റെ കമ്മ്യൂണിറ്റി ബന്ധങ്ങൾ കോവിഡിനെ കുറിച്ചുള്ള അവബോധം വളർത്താനും കുടുംബങ്ങളെ എങ്ങനെ സുരക്ഷിതരായിരിക്കണമെന്ന് പഠിപ്പിക്കാനും പുതിയ മഹാമാരി പശ്ചാത്തലത്തിൽ കൈകഴുകലും ശുചിത്വ പാഠങ്ങളും നൽകാനും ഉപയോഗപ്പെടുത്തി വരുന്നു. അഥവാ നിലവിലുള്ള ഒരേ ചാനലിലൂടെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ബോധവത്കരണം നടത്തുവാൻ റഹ്മാനിയ ടക്കമുള്ള മേഖലയിലുള്ളവർക്കാവുന്നു. ലോകത്തിലെ മറ്റു രാജ്യങ്ങൾക്കാവാമെങ്കിൽ എന്തുകൊണ്ട് പാകിസ്ഥാന് പോളിയോ വിമുക്ത രാജ്യമായി മാറിക്കൂടാ എന്ന ആത്മവിശ്വാസമാണ് റഹ്മാനിക്ക് ലഭിക്കുന്ന പോസിറ്റീവ് എനർജി.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles