Current Date

Search
Close this search box.
Search
Close this search box.

ഹൗഡി മോഡിയുടെ പിന്നാമ്പുറം

California, NewYork, New Jersey എന്നീ അമേരിക്കന്‍ പട്ടണങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ അമേരിക്കന്‍ ഇന്ത്യക്കാരുള്ള പട്ടണമാണ് ഹ്യൂസ്റ്റണ്‍. അമേരിക്കയുടെ ടെക്‌സാസ് സംസ്ഥാനത്തിലാണ് ഹ്യൂസ്റ്റണ്‍ നഗരമുള്ളത്. കാലങ്ങളോളമായി ഡെമോക്രാറ്റുകള്‍ക്കാണ് അവര്‍ വോട്ടു ചെയ്യുന്നതും. അത് കൊണ്ട് തന്നെയാണ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണമായി ട്രംപ് Howdy Mody കണക്കാക്കിയതും. ഏകദേശം നാല്പതു ലക്ഷം ഇന്ത്യക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് കണക്ക്. അവരെ മുന്നില്‍ കണ്ടുകൊണ്ടാണ് മോഡിക്ക് നല്‍കിയ സ്വീകരണത്തില്‍ ട്രംപ് പങ്കെടുത്തത് എന്നാണ് പൊതുവേ അന്തര്‍ദേശീയ സംസാരം.

മറ്റൊന്ന് കൂടി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15000 പേര്‍ അതെ സമയം തന്നെ പുറത്തു മോഡിയുടെ വരവിനെ എതിര്‍ത്തു സമരം ചെയ്തിരുന്നു. അമേരിക്കന്‍ ജനതയുടെ മനസ്സിനെ സ്വാധീനിക്കാന്‍ മാത്രം പ്രഗല്‍ഭനാണ് മോഡി എന്ന ധാരണ അമേരിക്കന്‍ ജനതക്കില്ല എന്നുറപ്പാണ്. ഇന്ത്യ എന്ന രാജ്യത്തെ കുറിച്ച് അമേരിക്കന്‍ ജനതയുടെ നിലപാട് യു.എസ് ഹൗസ് മെജോറിറ്റി ലീഡറായ സ്റ്റെനി എച്ച് ഹോയര്‍ മോഡിയെ സാക്ഷി നിര്‍ത്തി പ്രഖ്യാപിച്ചു. ‘ബഹുസ്വരതയെ ബഹുമാനിക്കുകയും ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങള്‍ പാലിക്കുകയും ചെയ്യുകയെന്ന ഗാന്ധിയുടെ അധ്യാപനവും നെഹ്റുവിന്റെ ദര്‍ശനവും മുന്‍നിര്‍ത്തി ഭാവി സുരക്ഷിതമാക്കുന്ന, പൗരാണിക പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഹോയറുടെ പരാമര്‍ശം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ രാത്രിയില്‍ നെഹ്റു നിര്‍വഹിച്ച പ്രസംഗത്തിലെ വാക്കുകളും ഹോയര്‍ ഉദ്ധരിച്ചു.

ഭരണ പ്രതിപക്ഷ ഭാഗത്ത് നിന്നും 22 പേര്‍ പരിപാടിയില്‍ പങ്കെടുത്തു എന്നാണു കണക്ക്. എന്ത് കൊണ്ട് ഈ പരിപടി ടെക്‌സാസില്‍ വെച്ച് തന്നെ നടന്നു എന്നതിനെ കുറിച്ചും മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കാശ്മീരിനും ടെക്‌സാസിനും ചില സമാനതകള്‍ ഉണ്ടെന്നാണു അതിനു കാരണമായി പറയപ്പെടുന്നത്. 1836 വരെ ടെക്‌സാസ് മെക്‌സിക്കോയുടെ ഭാഗമായിരുന്നു. പിന്നീട് അവര്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അമേരിക്കയുടെ ഭാഗമായി തീര്‍ന്നതാണ്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് കാശ്മീരും ഇന്ത്യയുടെ ഭാഗമായത്. ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍ എന്ന കാര്യവും അവിടെ വെച്ച് മോഡി പറഞ്ഞു എന്നാണു വാര്‍ത്ത. അതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല ഇന്ത്യയുടെ പുറത്തും താന്‍ ശക്തനാണ് എന്ന് തെളിയിക്കലാണ് മോഡിയുടെ ലൈനെങ്കില്‍ ലോക നേതാക്കള്‍ പോലും താന്‍ വീണ്ടും തിരിച്ചു വരണം എന്നാഗ്രഹിക്കുന്നു എന്ന് തെളിയിക്കലാണ് ട്രംപിന്റെ ലക്ഷ്യവും. വംശീയവാദത്തിന്റെ പേരില്‍ രണ്ടു നേതാക്കളും ഏകദേശം സമാനതകള്‍ കാണിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപ് അതു പരമാവധി കെട്ടഴിച്ചതാണ്. പക്ഷെ അമേരിക്കന്‍ മാധ്യമങ്ങളുടെ പിന്തുണ ലഭിച്ചില്ല എന്നതാണ് അദ്ദേഹത്തെ കുഴക്കിയ കാര്യം. അതെ രീതിയില്‍ തന്നെയാണ് സംഘ പരിവാറും തിരഞ്ഞെടുപ്പിനെ നേരിട്ടത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസവും അത് തന്നെയാണ്. ഇന്ത്യയില്‍ മാധ്യമങ്ങളെ ഒപ്പം നിര്‍ത്താന്‍ ഭരണകൂടത്തിനും അവരുടെ പാദസേവകരായി മാറാന്‍ മാധ്യമങ്ങള്‍ക്കും കഴിഞ്ഞു. സംഘ പരിവാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ വാര്‍ത്തകളുടെ വൈകാരികത നില നിര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. അതെ സമയം തന്നെ അടിസ്ഥാന കാര്യങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ അവര്‍ പരമാവധി കണിശത കാണിക്കുകയും ചെയ്യുന്നു.

മോഡി പിന്തുടരുന്നത് ഫാസിസത്തിന്റെ ആധുനിക രൂപമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഹ്യൂസ്റ്റണ്‍ പട്ടണത്തില്‍ പ്രതിഷേധം രൂപപ്പെട്ടത്. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ആളുകള്‍ അതില്‍ പങ്കെടുത്തു. അവരെല്ലാം ഉയര്‍ത്തിയ സന്ദേഹം ഒന്ന് തന്നെയാണ്. കാശ്മീര്‍, ആള്‍ക്കൂട്ട കൊല, വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍, ബഹുസ്വരത, ഭരണകൂട ഭീകരത എന്നീ വിഷയങ്ങളിലാണ് പ്രതിഷേധം നടന്നത്. അത് കൊണ്ട് തന്നെയാണ് സന്ദര്‍ഭം മുതലെടുത്ത് മോഡിയെ സാക്ഷിയാക്കി ഗാന്ധിജിയുടെ ഇന്ത്യയും നെഹ്രുവിന്റെ ഇന്ത്യയും സദസ്സില്‍ ഓര്‍മ്മിപ്പിക്കപ്പെട്ടതും.

Related Articles