Current Date

Search
Close this search box.
Search
Close this search box.

പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ്‌

ഞാന്‍ ആരോടും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാറില്ല.. അത് അഹങ്കാരം കൊണ്ടല്ല.. എനിക്കു വേണ്ടി ഞാന്‍ തന്നെ ദൈവത്തോട് നിത്യവും പ്രാര്‍ഥിക്കുന്നുണ്ട് എന്ന ആത്മവിശ്വാസം കൊണ്ടുമല്ല.. അതിന് ഒറ്റ കാരണമേയുള്ളൂ.. പ്രവാചകനില്‍ നിന്നു അതിന് മാതൃക ഇല്ല എന്നത് മാത്രം.. എന്ന് മാത്രമല്ല അനുയായികള്‍ പരസ്പരം ഇങ്ങനെ ദിനവും പ്രാര്‍ത്ഥിക്കാന്‍ പറയുവാനും നബി ശിക്ഷണമില്ല.. എന്നാല്‍ ഹജ്ജിനോ ഉംറക്കോ പോകുന്നവരോട് അവിടെ ചെന്നാല്‍ ഈയുള്ളവനെ മറക്കരുത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്… അതിനാല്‍ അതില്‍ നമുക്ക് മാതൃകയുണ്ട്.. അതല്ലാതെ കാണുന്നവരോടെല്ലാം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറയുന്ന ശീലം പിന്നീട് വന്നു കൂടിയത് എന്നാണ് തോന്നുന്നത്.. ഒറ്റ നോട്ടത്തില്‍ നല്ലതെന്നു തോന്നാമെങ്കിലും അതിലും മേലെയാണ് അക്കാര്യത്തില്‍ പ്രവാചക മാതൃക പിന്‍പറ്റുന്നത്…

ഒരാള്‍ക്ക് അസുഖം വന്നാല്‍, അല്ലെങ്കില്‍ മരണപ്പെട്ടാല്‍ ഒക്കെ നാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്… എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് വേണ്ടിയും നാം ഇങ്ങനെ പ്രാര്‍ത്ഥിക്കാറില്ല.. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മറ്റൊരാള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന കിട്ടണമെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കു അസുഖം വരേണം അല്ലെങ്കില്‍ അയാള്‍ മരിച്ചു പോകണം എന്ന അവസ്ഥ സമൂഹത്തില്‍ എങ്ങിനെയോ വന്നു പെട്ടിട്ടുണ്ട് എന്നര്‍ത്ഥം…

ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അയാള്‍ ആവശ്യപ്പെടുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടോ? പ്രാര്‍ത്ഥന നമ്മുടെ ഉള്ളില്‍ നിന്നു അറിയാതെ വരേണ്ടതാണ്.. അവശരും ആലംബ ഹീനരും നിസ്സഹായരും ഒറ്റപ്പെട്ടവരുമായ ആള്‍ക്കാര്‍ക്ക് വേണ്ടി അവരറിയാതെ തന്നെ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനാ നിര്‍ഭരമായ ഒരു മനസ്സ് നമുക്ക് ഉണ്ടാവണം. എത്ര നല്ല നിലയില്‍ കഴിയുന്ന ആളെയും അലട്ടുന്ന പ്രശ്‌നമുണ്ടാകും.. ഒരിക്കലും മറ്റുള്ളവരുടെ പ്രാര്‍ത്ഥന അയാള്‍ക്ക് അധികമായിപ്പോവില്ല… എന്ന് വെച്ച് എല്ലാവരോടും സംസാരിക്കുമ്പോഴെല്ലാം പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുന്നതില്‍ പുണ്യമുണ്ടെന്നു നമുക്ക് മാര്‍ഗ്ഗദര്‍ശനമില്ല…

ചുരുക്കത്തില്‍ യാത്ര പോകുമ്പോള്‍, യാത്ര അയക്കുമ്പോള്‍, പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കുന്ന പുണ്യ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍, പ്രസംഗമോ ഖുതുബയോ തുടങ്ങുമ്പോള്‍ ഒക്കെയാണ് പ്രാര്‍ത്ഥനക്കു വേണ്ടി അവശ്യപ്പെടേണ്ടത്… അതേപോലെ കുറെ നാള്‍ അകന്നു നിന്ന ശേഷം പരസ്പരം കണ്ടുമുട്ടുന്നവരും ദീര്‍ഘനാളുകള്‍ ഇനി കാണാന്‍ ഇടയില്ലാത്തവരും ദുആ കൊണ്ടു വസിയ്യത്തു ചെയ്യുന്നതും ഈ പറഞ്ഞതില്‍ പെടില്ല.. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ അതിനു മാതൃകയില്ല… എന്ന് വെച്ച് തന്റെ സഹോദരന് വേണ്ടി പ്രാര്ഥിക്കുവാനുള്ള മനസ്സ് നമുക്ക് ഒരിക്കലും കൈമോശം വന്നുകൂടാ…

ഇസ്ലാമിലെ അഭിവാദ്യം തന്നെ ഒരു പ്രാര്‍ത്ഥനയാണ്… അസ്സലാമുഅലൈക്കും എന്ന വാക്കു അഭിവാദ്യം എന്നതിലുപരി ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന കൂടിയാണല്ലോ. ഈ സലാം കണ്ടു മുട്ടുമ്പോഴും പിരിഞ്ഞു പോകുമ്പോഴും പറഞ്ഞാല്‍ തന്നെ രണ്ട് പേരും തമ്മിലുള്ള പരസ്പര പ്രാര്‍ത്ഥനയായി… അതുക്കു മേലെ ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി എന്ത് പ്രാര്‍ത്ഥിക്കാന്‍?.

Related Articles