Your Voice

ബറേല്‍വികളും ഗ്രാന്റ് മുഫ്തിയും

ഇസ്‌ലാമിക ലോകത്ത് ‘ചീഫ് ജസ്റ്റിസ്’ എന്നൊരു പദവി കൊണ്ട് വന്നത് അബ്ബാസി ഭരണകൂടമാണെന്ന് പറയപ്പെടുന്നു. ഇമാം അബൂ ഹനീഫ അവര്‍കളുടെ ശിഷ്യനായ അബൂ യൂസഫ് അവര്‍കളാണ് ആദ്യത്തെ ചീഫ് ജസ്റ്റിസ് എന്നും പറഞ്ഞു കേള്‍ക്കുന്നു. വിധി നടപ്പാക്കാനുള്ള രീതികള്‍ പ്രവാചക കാലം മുതലേ നിലവിലുണ്ട്. ചീഫ് ജസ്റ്റിസ് എന്ന സ്ഥാനപ്പേരിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അതെ സമയം ‘ഗ്രാന്റ് മുഫ്തി’ എന്ന പദവി നിലവില്‍ കൊണ്ട് വന്നത് ഉസ്മാനിയ ഭരണകൂടമാണത്രെ. ലോകത്ത് പല രാജ്യങ്ങളിലും ഗ്രാന്റ് മുഫ്തി പദവി നിലനില്‍ക്കുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ സര്‍ക്കാരാണ് അത്തരം പദവികളില്‍ ആളുകളെ നിയമിക്കുക. അത് കൊണ്ട് തന്നെ അത്തരം മുഫ്തിയുടെ വിധികള്‍ രാജ്യത്തിന്റെ കൂടി വിധിയാകുന്നു. ഒരു വിഷയത്തിന്റെ മതവിധി ലഭിക്കാന്‍ സര്‍ക്കാരുകള്‍ സമീപിക്കുക ഇവരെ തന്നെയാകും.

ഫലത്തില്‍ ‘ഖാദി ഖുദാത്തിനും’ (ചീഫ് ജസ്റ്റിസ്) ഗ്രാന്റ് മുഫ്ത്തിക്കും തുല്യ പദവിയാണ്. ഒരാള്‍ ജനങ്ങളുടെ പൊതുവായ കാര്യങ്ങളില്‍ വിധി പറയുന്നു. മുഫ്തി മതപരം എന്ന് വിളിക്കപ്പെടുന്ന മേഖലയില്‍ വിധി പറയുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയ വശത്തെയാണ് രണ്ടും ചൂണ്ടി കാണിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മുഫ്തി രാഷ്ട്രീയ ഇസ്ലാമാണ്. കാരണം മുഫ്തിയെ നിയമിക്കേണ്ടത് ഭരണകൂടവും. അങ്ങിനെ അല്ലാതെയും മുഫ്തികള്‍ പല നാട്ടിലുമുണ്ട്. എന്റെ അറിവ് ശരിയാണെങ്കില്‍ ലോകത്ത് ഈ പദവി നിലനില്‍ക്കുന്ന ഇരുപതോളം രാജ്യങ്ങളുണ്ട്. (ശരിയായ കണക്കല്ല). അവസാനമായി ഇന്നലെ ഇന്ത്യയിലും ഒരു ഗ്രാന്റ് മുഫ്തി ജനനം കൊണ്ടു. ഗ്രാന്റ് മുഫ്തി എന്നത് കേരളം നല്‍കേണ്ട ഒരു പദവിയല്ല. രാജ്യം ഇന്ത്യയാണ് എന്നതിനാല്‍ അത് ദേശീയ തലത്തില്‍ തന്നെയാണ് ലഭിക്കേണ്ടത്. ഗ്രാന്റ് മുഫ്തിയുടെ ഫത്‌വ വ്യക്തികള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമില്ല. പക്ഷെ ഭരണകൂടം അത് സ്വീകരിക്കും. ഇന്ത്യയെ പോലുള്ള ഒരു നാട്ടില്‍ അത് കൊണ്ടു തന്നെ ഗ്രാന്റ് മുഫ്തി ലഡുവിന്റെ മുകളിലെ മുന്തിരിയുടെ അവസ്ഥയിലാണ്.

കേരള സമസ്തയുടെ പ്രതിരൂപമായ ബറേല്‍വികള്‍ തന്നെയാണ് പുതിയ തീരുമാനത്തിന് പിന്നില്‍. ബറേല്‍വികളുടെ തര്‍ക്കങ്ങളില്‍ വിധി പറയലാണ് പുതിയതായി നല്‍കിയ ഉത്തരവാദിത്വം. ഇനി മുതല്‍ അവര്‍ക്കിടയില്‍ സംഭവിക്കുന്ന അഭിപ്രായവ്യത്യാസങ്ങളുടെ അവസാന വാക്ക് പുതിയ ഗ്രാന്റ് മുഫ്ത്തിക്കാകും. ബറേല്‍വികള്‍ ഇസ്‌ലാമിക സംസ്‌കാരത്തോടു എത്ര മാത്രം അടുത്ത് നില്‍ക്കുന്നു എന്നത് മറ്റൊരു ചര്‍ച്ചയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇങ്ങിനെ ഒരു ചിന്താ ധാര ഉദയം കൊണ്ടത്. അതെ സമയത്തു തന്നെയാണ് ഖാദിയാനിസവും രൂപം കൊണ്ടത്. ഇസ്‌ലാമിലെ പ്രമാണങ്ങളെക്കാള്‍ ഇവരുടെ താല്പര്യം പലപ്പോഴും ശൈഖ് പറഞ്ഞ നിലവാരമില്ലാത്ത കഥകള്‍ക്കാവും. ഔലിയാക്കള്‍ക്ക് ഫലത്തില്‍ പ്രവാചകരുടെ മേല്‍ സ്ഥാനം നല്‍കും. സൂഫി ത്വരീഖത്തു എന്നാണ് പറഞ്ഞു വരാറ്. അത് പോലും തികഞ്ഞ അനിസ്‌ലാമിക രീതിയിലാണ് കടന്നു പോകുന്നതും. കേരളത്തിലെ സമസ്തയുടെ ഒരു വിഭാഗം അടുത്തിടെ ബറേല്‍വികളുമായി നല്ല അടുപ്പത്തിലാണ്. ദേശീയ തലത്തില്‍ നടന്ന സൂഫി സമ്മേളനത്തില്‍ അവരുടെ നേതാക്കള്‍ കാര്യമായി തന്നെ പങ്കെടുത്തിരുന്നു.

ബറേല്‍വികള്‍ ആദ്യമായി അവരുടെ മുഫ്തിയായി ഒരു കേരളക്കാരനെ തിരഞ്ഞെടുത്തു എന്നതാണ് വാര്‍ത്ത. ഇന്ത്യന്‍ മുസ്ലിംകളില്‍ വലിയ ശതമാനം ആളുകളുടെ പിന്തുണയുള്ള പ്രസ്ഥാനമാണ് ബറേല്‍വികള്‍. ഏകദേശം രണ്ടു കോടിയോളം അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്കു. വിശ്വാസപരമായ ഐക്യമാണ് പുതിയ പദവിക്ക് കാരണം. സ്വാതന്ത്ര സമര കാലത്തു ബ്രിട്ടീഷ്‌കാരുടെ ഗുണകാംക്ഷാ നിലപാട് സ്വീകരിച്ചവരാണ് ബറേല്‍വികള്‍. വിശ്വാസ പരമായും കര്‍മ്മ ശാസ്ത്രത്തിലും കേരള സമസ്തയും ബറേല്‍വികളും ഒരേ രീതിയിലാണ് മുന്നേറുന്നത്. കേരളത്തില്‍ പല പ്രാസംഗികരും ഉന്നയിക്കാറുള്ള വാദങ്ങള്‍ ഇവരുടെ കയ്യില്‍ നിന്നും കടമെടുത്തതാണ് എന്നതാണ് വസ്തുത. മോഡി സര്‍ക്കാരിനോടും ബറേല്‍വികള്‍ക്കു കാര്യമായ എതിര്‍പ്പില്ല. ഫാസിസത്തെ എതിര്‍ക്കാന്‍ ഒരിക്കലും ഈ വിഭാഗം മുന്നോട്ടു വന്നിട്ടില്ല. അത് കൊണ്ടു തന്നെ മോഡി നേരിട്ട് തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു.

മതത്തെ അതിന്റെ അടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍മ്മിക്കാന്‍ പലരും ശ്രമിക്കുന്നു. ഇല്ലാത്ത കഥകളുടെ മുകളിലാണ് പലപ്പോഴും ഇത്തരം ആശയങ്ങള്‍ നില കൊള്ളുക. പ്രവാചകന് നല്‍കേണ്ട സ്ഥാനം നല്‍കുക എന്നതാണ് ഇസ്‌ലാം, അതെ സമയം പ്രവാചകനെ അവിടെ നിന്നും ഉയര്‍ത്തി അല്ലാഹുവിലേക്ക് കൊണ്ടെത്തിക്കുക എന്നതാണ് ഇവര്‍ ഏറ്റെടുത്ത ജോലിയും. മതം കേവലം ഒരു ആരാധന രീതിയായി മാറിയാല്‍ അത് കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ട് വരില്ല. അത് കൊണ്ടു തന്നെ അത്തരം ചിന്താധാരകളെ ഭരണകൂടം എന്നും സംരക്ഷിച്ചു പോരും. കേരളത്തിലെ ഒരു നേതാവ് വടക്കേ ഇന്ത്യയിലെ മുഫ്തിയായതില്‍ നമുക്ക് എതിര്‍പ്പില്ല. നമ്മുടെ ആകുലത ആ വിടവിലൂടെ കൂടുതല്‍ വടക്കേ ഇന്ത്യന്‍ അന്ധവിശ്വാസങ്ങള്‍ കേരളത്തിലേക്ക് പ്രവഹിക്കും എന്ന് തന്നെയാണ്.

Facebook Comments
Show More

Related Articles

Close
Close