Current Date

Search
Close this search box.
Search
Close this search box.

പണക്കാലത്തിൻെറ വേട്ടമൃഗങ്ങൾ!

നാം ഒരു “പണക്കാല”ത്താണ് ജീവിക്കുന്നത് എന്നു പറഞ്ഞത് വിജയൻ മാഷാണ്. പണമുള്ളവനെ “ദൈവം” ആക്കുന്ന ഒരു കൾച്ചർ ഭാഷയിൽ തന്നെ ഉണ്ട്; “കോടീശ്വരൻ!”

സ്വന്തത്തെ വിസ്മരിച്ച, മുകളിൽ ഒരു ശക്തി എല്ലാം കാണുന്നുണ്ടെന്ന ബോധത്തെ ചോദ്യം ചെയ്ത ഭൗതിക സംസ്കാരമാണ് ഇവിടെ പ്രതിക്കൂട്ടിൽ. ആത്മ നിഷേധപരമായ ഭൗതിക വീക്ഷണത്തിൽ മനുഷ്യൻ ഒരു ജന്തു മാത്രമാണ്. ഇതര ജീവജാലങ്ങളുടെ ഭാഗം മാത്രം. അല്ലാതെ ഉദ്ദേശ്യപൂർവ്വം സൃഷ്ടിക്കപ്പെട്ട സവിശേഷ ജീവി അല്ല മനുഷ്യൻ! ജോൺ വാട്ട്സൻ്റെ കുപ്രസിദ്ധമായ വചനം അനുസരിച്ച് മനുഷ്യനെയും ക്രൂര മൃഗത്തെയും വേർതിരിക്കുന്ന അതിർവരമ്പുകൾ ഇല്ല! എന്തുവന്നാലും / എനിക്കാസ്വദിക്കണം/മുന്തിരിച്ചാറുപോലുള്ളൊരീ / ജീവിതം/ എന്നത്രേ മലയാള കവി പാടിയതും!

കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന “ബേങ്കുകൊള്ള”കൾ പണാർത്തിയുടെ പുതുരൂപം മാത്രം. ലോകത്തെ ഏറ്റവും ക്രൂരമായ തിന്മയാണ് പലിശ. ഏതു ദർശനവും മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന കൊടും പാപമായാണ് പലിശയെ പരിചയപ്പെടുത്തുന്നത്. ഖേദകരമെന്നു പറയട്ടെ, അല്ലാമാ ഇഖ്ബാൽ നിരീക്ഷിച്ച പോലെ ലോകത്തെ ഏറ്റവും മിന്നിത്തിളങ്ങുന്ന കെട്ടിടങ്ങളും മെയ്യഴകുള്ള ജീവനക്കാരും കാണപ്പെടുന്നത് ഈ മേഖലയിലാണ്!

ദിനേന ബേങ്ക് സന്ദർശിക്കേണ്ടി വരുന്ന ആർക്കും അറിയാം. വളരെ കുലീനമായി പെരുമാറുന്നവരാണ് ബേങ്ക് ഉദ്യോഗസ്ഥർ. ഏറെ ശുഷ്കാന്തിയോടെ പണിയെടുക്കുന്നവർ. ജോലിത്തിരക്കില്ലാത്ത സമയത്താണെങ്കിൽ മുതലാളിത്തം, കമ്യൂണിസം, ഫാഷിസം, കല – സാഹിത്യം … ഒക്കെയും അവർ സംസാരിക്കും. സ്വാഭാവികമായും മതമൂല്യങ്ങളോടൊക്കെ അവർക്ക് പരമപുഛമാണ്. “അതൊക്കെ ഏഴാം നൂറ്റാണ്ടിൽ തീർന്നില്ലേ?! ” എന്ന ഭാവം! (ബാങ്കു ജീവനക്കാരുടെ മാത്രമല്ല, മധ്യ ഉപരിവർഗത്തിൽ പെട്ട ശരാശരി മലയാളിയുടെ ഭാവം ഇങ്ങനെ തന്നെയാണ്!) എന്നാൽ ഇത്തരക്കാരുടെ അകത്തളങ്ങളിൽ മൂല്യച്യുതിയുടെ വേട്ടമൃഗങ്ങൾ മുട്ടയിട്ടു പെരുകുന്നുണ്ടെന്ന് ഇപ്പോൾ നാം അറിയുന്നു!

100 മുതൽ 400 കോടി വരെ തട്ടിപ്പു നടന്നതായി പറയപ്പെടുന്ന കരുവന്നൂർ ബേങ്കിനെ മാത്രം ലക്ഷ്യമിട്ടു പറയുകയല്ല. തുടർന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്ന അനേകം ബേങ്കുകളെ മുന്നിൽ വെച്ചും പറയുകയല്ല. മറിച്ച് സമഗ്ര മേഖലകളിലും പിടുത്തമിട്ട പണാർത്തി നിറഞ്ഞ നമ്മുടെ ജീവിതരീതിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

നന്മ /തിന്മകൾ, ശരി/ തെറ്റുകൾ എന്ന ദ്വന്ദം നമ്മെ ശീലിപ്പിച്ചത് പൊതുവേ മതങ്ങൾ തന്നെയാണ്. മതപരമായ അനുശീലങ്ങൾ മനുഷ്യനെ മനുഷ്യനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മതങ്ങളെ ദുരുപയോഗം ചെയ്യുന്ന പൗരോഹിത്യങ്ങളും രാഷ്ടീയ നേതൃത്വങ്ങളും ഉള്ളിരിക്കേ തന്നെ മതം പകർന്നു നൽകുന്ന മൂല്യ വിചാരങ്ങളെ നിഷേധിക്കുക വയ്യ. എല്ലാ മതങ്ങളുടെയും അകക്കാമ്പ് മനുഷ്യ പക്ഷ വിചാരമാണ്. ഈശ്വരചൈതന്യത്തോടെ അവ മനുഷ്യരെ നോക്കിക്കാണുന്നു. വിനഷ്ടമായി വരുന്ന ആ അകക്കാമ്പുകളെ തിരിച്ചുപിടിക്കലാണ് വർത്തമാനകാലം നമ്മോട് ആവശ്യപ്പെടുന്ന വിപ്ലവ ദൗത്യം!

Related Articles