മുസ് ലിം ലീഗിനോട് നമുക്ക് വിയോജിപ്പുകളുണ്ടാവാം. അതേയവസരം മുസ് ലിം ലീഗ് തകരാതെ നിലനിൽക്കുക എന്നത് അനിവാര്യമാണെന്ന് വിശിഷ്യ ഇന്നത്തെ ഇന്ത്യൻ സാഹചര്യം വിലയിരുത്തുന്ന ആരെയും തെര്യപ്പെടുത്തേണ്ടതില്ല. ആസാമിലെ പൗരത്വ പട്ടികയും യു.പി യിലെ ബുൾഡോസറും ഉത്തരാഖണ്ഡിലെ ഹൽദ്വാനിയുമൊക്കെ കേരളീയ മുസ് ലിംകളെ ഒട്ടേറെ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്.
നീളൻ ഖന്തൂറയും തലപ്പാവും അണിഞ്ഞ, ഹാവഭാവങ്ങളിലെല്ലാം മതചിട്ട സൂക്ഷിക്കുന്ന, “സമസ്ത”യുടെ നേതൃസ്ഥാനത്തുള്ള ഒരാൾ മത്തഗജങ്ങൾ മേഞ്ഞ 1960 കളിലും 1970 കളുടെ ആദ്യപാദത്തിലും കേരള രാഷ്ട്രീയത്തിെന്റെ മതേതര ഇടങ്ങളിൽ “കിംഗ് മേക്കർ ” ആയതെങ്ങനെ? എന്ന വിസ്മയാവഹമായ ചോദ്യം നുള്ളിയുരക്കുന്നുണ്ട് എം.ജി.എസ് നാരായണൻ ചെയർമാനും കെ.ഇ.എൻ ചീഫ് എഡിറ്ററുമായ “കേരള മുസ് ലിംകൾ നൂറ്റാണ്ടിന്റെ ചരിത്രം ” എന്ന ബൃഹദ് ഗ്രന്ഥത്തിൽ. ( വചനം ബുക്സ് )
എന്നാൽ മത രംഗത്തെ രണ്ടു ധാരകളെ (സുന്നി , മുജാഹിദ്) പൊളിറ്റിക്സിൽ ഏകോപിപ്പിച്ചു നിർത്തി എന്നിടത്താണ് ബാഫഖി തങ്ങളുടെ മികച്ച വിജയത്തിന്റെ അടിത്തറ പാകപ്പെട്ടത്.
മുസ് ലിം ലീഗ് യോഗം ആരംഭിക്കുമ്പോൾ ഖിറാഅത്തും ദുആയും നിർവ്വഹിക്കാൻ സുന്നിയായ ബാഫഖി തങ്ങൾ പലപ്പോഴും ക്ഷണിക്കാറുള്ളത് സലഫിയായ കെ.എം മൗലവിയെയായിരുന്നു!
അവർ പരസ്പരം ആദരിച്ചിരുന്നു. ഇമാമും ജമാഅത്തുമായി നമസ്കരിച്ചിരുന്നു. എന്തിനധികം! കടുത്ത മുജാഹിദായി അറിയപ്പെടുന്ന എം.കെ ഹാജി സാഹിബ് ബാഫഖി തങ്ങളുടെ ആത്മ മിത്രമായിരുന്നു! കെ.എം സീതി സാഹിബ്, കെ.എം മൗലവി, കൊയപ്പത്തൊടി അഹ്മദ് കുട്ടി ഹാജി തുടങ്ങിയ ഒട്ടേറെ ഉൽപതിഷ്ണുക്കളുടെ ആശീർവാദത്തിൽ പടുത്തുയർത്തപ്പെട്ട, എം.കെ ഹാജിയുടെ വീട്ടിൽ ആരംഭിച്ച തിരൂരങ്ങാടി യതീം ഖാനക്ക് സ്വന്തം കെട്ടിടം ആയപ്പോൾ ഉദ്ഘാടനം ചെയ്യാൻ അവർ കണ്ടെത്തിയതു പോലും ബാഫഖി തങ്ങളെയായിരുന്നു!
(ഐ.പി.എച്ച് പുറത്തിറക്കിയ കേരള മുസ് ലിം ഹിസ്റ്ററി കോൺഫ്രൻസ് പ്രബന്ധസമാഹാരത്തിലും ഗ്രീൻ ഹൗസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥത്തിലും ഇത്തരം കൗതുകകരമായ നിരവധി ഉദാഹരണങ്ങൾ കാണാം )
ഇന്നത്തേക്കാൾ സുന്നി / മുജാഹിദ് വിഭാഗീയതയും തർക്കവിതർക്കങ്ങളും നിലനിന്ന കാലമായിരുന്നു അതെന്നോർക്കണം. ഉമ്മത്ത് ഭിന്നിക്കുന്നതിൽ ബാഫഖി തങ്ങൾ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. എന്നാൽ അതിന്റെ പേരിൽ ആരോഗ്യകരമായ സംവാദങ്ങളല്ലാതെ കാളപൂട്ട് ബഹളങ്ങളെ അദ്ദേഹം അംഗീകരിച്ചില്ല.
അന്നത്തെ ഐക്യം വഴിയാണ് മുസ് ലിം സമുദായത്തിന് കേരളത്തിൽ വിദ്യാഭ്യാസ, രാഷ്ടീയ മേഖലകളിൽ അഭിമാനകരമായ അസ്തിത്വം ലഭിച്ചത്!
എല്ലാവിധ ഇസ് ലാം / മുസ് ലിം പ്രതിനിധാനങ്ങളെയും അരികുവത്കരിക്കുകയും വിഭജനത്തിന്റെ പാപഭാരങ്ങളത്രയും മുസ് ലിംകളുടെ മേൽ കെട്ടിയേൽപ്പിക്കുകയും ഇന്ത്യയിലെ മുസ് ലിം പ്രശ്നങ്ങളെ ലഘൂകരിച്ച് രാജാവിനേക്കാൾ രാജഭക്തി കാട്ടിയ “ദേശീയ മുസ് ലിംകൾ ” ബലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തിലാണ് ജനാധിപത്യ, മത നിരപേക്ഷ സാധ്യതകൾ ഉപയോഗപ്പെടുത്തി സുന്നീ സലഫീ ധാരകളെ ചേർത്തു നിർത്തി ബാഫഖി തങ്ങൾ ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗിനെ ശക്തിപ്പെടുത്തുന്നത്.
ജമാഅത്തെ ഇസ് ലാമിയുടെ രാഷ്ട്രീയ ലൈൻ തുടക്കം മുതലേ വേറിട്ടതായിട്ടും ബാഫഖി തങ്ങൾ പ്രസ്ഥാന നേതാക്കളുമായും സ്ഥാപനങ്ങളുമായും ഗുണകാംക്ഷാപൂർണമായ ബന്ധം പുലർത്തിയിരുന്നു. ജമാഅത്തെ ഇസ് ലാമി ഹിന്ദിന്റെ മുഖപത്രമായ ദഅവത്തിന്റെ പത്രാധിപരും അഖിലേന്ത്യാ ശൂറാ അംഗവുമായിരുന്ന മുഹമ്മദ് മുസ് ലിം സാഹിബ്, പ്രസ്ഥാനത്തിന്റെ കേരള നേതൃത്വത്തിലുള്ള പി.പി അബ്ദുറഹ്മാൻ പെരിങ്ങാടി, ഏഴു വർഷക്കാലം ചന്ദ്രികയുടെ സഹ പത്രാധിപരായി പ്രവർത്തിച്ച, ജമാഅത്തെ ഇസ് ലാമി നേതാവ് പി.കെ ജമാൽ തുടങ്ങി പലരും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ വിശാല മനസ്സിനെയും സ്നേഹമസൃണതെയും പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0