Current Date

Search
Close this search box.
Search
Close this search box.

ബാഫഖി തങ്ങളും എം.കെ ഹാജിയും മുസ്‌ലിം രാഷ്ട്രീയവും

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഭൂജാതനായത് മുസ്‌ലിം ലീഗ് രൂപീകൃതമായ 1906 ലാണ്. ഏഴു പതിറ്റാണ്ടിൽ താഴെ മാത്രം ജീവിച്ച തങ്ങൾ തന്റെ ആയുസ്സിന്റെ പകുതി കാലം- ചുരുങ്ങിയത് മൂന്നര ദശകം- കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗ് പ്രസിഡണ്ടായും പിന്നീട് മലബാർ ജില്ലാ ലീഗ് പ്രസിഡണ്ടായും കേരളപ്പിറവിക്ക് ശേഷം കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡണ്ടായും ഏറ്റവുമൊടുവിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു. തങ്ങളവർകൾ രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. മറിച്ച് മത- സാമൂഹ്യ – വിദ്യാഭ്യാസ മേഖലകളിൽ ഫലപ്രദമായി പ്രവർത്തിച്ച ഉജ്വലമായ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു. ദീനീനിഷ്ഠയും വിശാലവീക്ഷണവും തങ്ങളവർകളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. ഈ സവിശേഷതകളിൽ നിന്നുയിർകൊണ്ട അസാധാരണമായ ഉൾക്കാഴ്ചയും ഉൾക്കരുത്തും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത തങ്ങളവർകളുടെ ബഹുമുഖ പ്രവർത്തനങ്ങളെ ഉജ്ജ്വലമാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. ഈ പ്രസവത്തിൽ ഒരുപാട് രക്തം വാർന്നു പോയിരുന്നു. പണ്ടുകാലത്ത് നിരവധി കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന നമ്മുടെ ഇന്ത്യ വിഭക്തമായാണ് സ്വതന്ത്രയായത്. പക്ഷേ, ഇന്ത്യാ വിഭജനത്തിന്റെ പാപക്കുരിശ് ഏകപക്ഷീയമായി മുസ്‌ലിം ലീഗിന്റെ പിരടിയിൽ കെട്ടിയേൽപിക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്ത് വളരെ സജീവമായി നടന്നത്. സത്യത്തിൽ വികലാംഗ ശിശു പിറന്നതിന് ദമ്പതിമാർ പരസ്പരം പഴി ചാരുന്നതുപോലുള്ള വർത്തമാനമാണിത്. വിഭജനം ഒരു തെറ്റായിരുന്നുവെങ്കിൽ അതിൽ ത്രികക്ഷി പങ്കാളിത്തമുണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. (1) ഭിന്നിപ്പിച്ച് ഭരിക്കൽ (Divide and rule) എന്ന രീതി അടിസ്ഥാനമാക്കി അന്നിവിടെ നാട് ഭരിച്ച ബ്രിട്ടീഷ് ഗവർൺമെന്റ്. (2) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. (3) സർവേന്ത്യാ മുസ്‌ലിം ലീഗ്.

എന്നാൽ വിഭജനത്തിനുത്തരവാദി മുസ്‌ലിം ലീഗും അതുവഴി പരോക്ഷമായി മുസ്‌ലിംകളുമാണെന്ന പ്രചണ്ഡ പ്രചാരവേല മുസ്‌ലിംകളിൽ അപകർഷതാ ബോധം വളർത്താനും മറ്റുള്ളവർക്ക് മുസ്‌ലിംകളുടെ നേരെ കടുത്ത വെറുപ്പുണ്ടാക്കാനും ഇടയാക്കി. ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിൽ മുസ്‌ലിം വിരുദ്ധ കലാപങ്ങളുണ്ടായതിനും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും മുഖ്യഹേതു മേൽചൊന്ന തെറ്റായ പ്രചരണമാണ്. പാവപ്പെട്ട പതിനായിരക്കണക്കിന് മുസ്‌ലിംകൾ മതപരിത്യാഗികളായിത്തീരാൻ വരെ ഇത് ഇടയാക്കി.

ഉത്തരേന്ത്യയിലെ ഇതേ സാമൂഹ്യാവസ്ഥ കേരളത്തിലുണ്ടായിരുന്നില്ലെങ്കിലും അതിന്റെ സ്വാധീനം ഇവിടെയുമുണ്ടായിരുന്നു. കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യ വിഭജനത്തിന്റെ പ്രശ്‌ന സങ്കീർണതകൾ വളരെയൊന്നും അനുഭവിച്ചിട്ടില്ലെങ്കിലും തീവ്രമായ കുപ്രചാരണങ്ങൾ ഇവിടെയുമുണ്ടായിരുന്നു.

കേരളത്തിന്ന്, വിശിഷ്യാ മലബാറിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. അറബികളുമായി അവർക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന വ്യാപാര സമ്പർക്കങ്ങളായിരുന്നു അത്. അറേബ്യയിൽ നിന്ന് നേരിട്ട് വളരെ നേരത്തെ ഇസ്‌ലാം ഇവിടെയെത്തിയതും പ്രചരിച്ചതും അങ്ങനെയായിരുന്നു. ളാദ് എന്ന ഉച്ഛാരണം പ്രയാസകരമായ അറബി അക്ഷരം ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് സ്ഫുടമായി ഉച്ഛരിക്കാൻ മലയാളി മുസ്‌ലിംകൾക്ക് സാധിക്കുന്നത് ഈ അറബ് ബന്ധത്തിന്റെ സ്വാധീനം കുറിക്കുന്നു. മലയാള ഭാഷയിലും മലയാള സംസ്‌കാരത്തിലുമുള്ള അറബ്‌സ്വാധീനവും ഇതിന്റെ നിദർശനമാണ്. ഈ അറേബ്യൻ പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും തുടർച്ചയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ. ലോകത്തിലെ വിവിധ ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഇസ്‌ലാമിന്റെ പ്രചാരണത്തിൽ അറേബ്യൻ മുസ്‌ലിം വ്യാപാരികൾ വഹിച്ച പങ്ക് വളരെ വലുതാണ്.

ഇതേ പാരമ്പര്യമനുസരിച്ച് മികവാർന്നതും മാതൃകാപരവുമായ ഒരു കച്ചവടപാരമ്പര്യവും സംസ്‌കാരവുമാണ് ബാഫഖി തങ്ങളുടേതും. മികച്ച കച്ചവടക്കാർ ആദാന പ്രദാന പ്രക്രിയകളിലും ആളുകളുമായി ഇണങ്ങുന്നതിലും മറ്റാരേക്കാളും കേമന്മാരായിരിക്കും. വിശിഷ്യാ ഇസ്‌ലാമിന്റെ കച്ചവട തത്ത്വങ്ങൾ (Business ethics) സ്വാംശീകരിച്ചവർ ഇതിൽ കുറേകൂടി ഉന്നത നിലവാരം പുലർത്തും. മർഹൂം സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളിൽ ഇത് തികച്ചും പുലർന്നിരുന്നു. കെ.എം സീതി സാഹിബിന്റെ പ്രേരണയും പ്രോൽസാഹനവും ഇതിനെ ത്വരിതപ്പെടുത്തി. 1942-ൽ കോഴിക്കോട് നഗരസഭക്ക് ഒരു നോമിനേറ്റഡ് കൗൺസിൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കൊയിലാണ്ടിക്കാരനായ ബാഫഖി തങ്ങളും അതിലൊരംഗമായി നാമനിർദേശം ചെയ്യപ്പെട്ടു. എം.വി ഹൈദ്രോസ് വക്കീൽ, പി.പി ഹസ്സൻകോയ, കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി, പി.ഐ അഹമ്മദ് കോയ ഹാജി മുതലായവരായിരുന്നു മറ്റ് കൗൺസിലർമാരിൽ ചിലർ. കെ.വി സൂര്യനാരായണയ്യർ ചെയർമാനും. ഇതേ വർഷത്തിൽ മലബാർ പ്രൊഡ്യൂസ് മർച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ, കോഴിക്കോട്ടെ തർബിയത്തുൽ ഇസ്‌ലാം സഭ, ഹിമായത്തുൽ ഇസ്‌ലാം സഭ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പിലും അദ്ദേഹം വ്യാപൃതനായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ജീവനാഡിയായും അദ്ദേഹം വർത്തിച്ചു. മുസ്‌ലിംകളുടെ വിഷയങ്ങളും വാർത്തകളും പരമാവധി തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്ത ആ നാളുകളിൽ ചന്ദ്രിക മാത്രമായിരുന്നു മുസ്‌ലിംകളുടെ വിഷയങ്ങൾ ഒരളവോളമെങ്കിലും പ്രകാശനം ചെയ്തത്. ആകയാൽ ചന്ദ്രികയുടെ കാര്യത്തിൽ തങ്ങൾ പുലർത്തിയ വലിയ താൽപര്യം വളരെ പ്രസക്തമായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം 1948-ൽ സർവേന്ത്യാ മുസ്‌ലിം ലീഗ് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗായി പരിണമിച്ചു. പക്ഷേ വിഭജനത്തിന് ഉത്തരവാദികളെന്നും വർഗീയവാദികളെന്നും മറ്റും ആക്ഷേപിച്ച് മുസ്‌ലിം ലീഗിനെ രാഷ്ട്രീയ രംഗത്തുനിന്ന് അകറ്റാനും ഒറ്റപ്പെടുത്താനുമായിരുന്നു എല്ലാവരുടെയും ശ്രമം. കോൺഗ്രസ്സ് ഇക്കാര്യത്തിൽ വളരെയേറെ തീവ്രത പുലർത്തുകയും ചെയ്തു. ദേശീയ മുസ്‌ലിംകൾ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കോൺഗ്രസ്സിലെ മുസ്‌ലിം നേതാക്കൾ രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ ലീഗ് വിരോധം പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു. മുസ്‌ലിം ലീഗിനേയും മറ്റു ഇസ്‌ലാമിക കൂട്ടായ്മകളെയും രൂക്ഷമായി എതിർത്താലേ അവർക്ക് കോൺഗ്രസ്സിനുള്ളിൽ അൽപമെങ്കിലും പരിഗണന ലഭിക്കുമായിരുന്നുള്ളൂ. പോരെങ്കിൽ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യൂനിയനിൽ ലയിക്കുന്നതിനെച്ചൊല്ലി നൈസാമും ഇന്ത്യാ ഗവർൺമെന്റും തമ്മിൽ തർക്കമുണ്ടായി. ഇത് ഒടുവിൽ ഇന്ത്യൻ പട്ടാളം ഹൈദരാബാദിലേക്ക് കടക്കാനും ഹൈദരാബാദിനെ ഇന്ത്യയിൽ ലയിപ്പിക്കാനും നൈസാമിനെ നിർബന്ധിതനാക്കി. ഈ ഘട്ടത്തിൽ കാര്യകാരണ ബന്ധമൊന്നുമില്ലാതെ മലബാറിലെ മുസ്‌ലിം ലീഗ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. മുസ്‌ലിംകളെ അകാരണമായി സംശയ ദൃഷ്ട്യാ നിരീക്ഷിക്കാനാണ് കോൺഗ്രസ്സ് ഗവർൺമെന്റ് പിന്നീട് പലപ്പോഴുമെന്ന പോലെ അന്നും തുനിഞ്ഞത്. ബാഫഖി തങ്ങളുടെ പാസ്‌പോർട്ട് തടഞ്ഞുവെച്ചു. ഈ ഘട്ടത്തിൽ കോൺഗ്രസ്സ് സർക്കാറും കോൺഗ്രസ്സ് നേതാക്കളും മുസ്‌ലിം ലീഗിനോട് വളരെയേറെ ശത്രുതാപരമായാണ് പെരുമാറിയതെന്ന് പഴയകാല ലീഗ് പ്രവർത്തകർ പ്രതിഷേധപൂർവം പറയാറുണ്ട്. ഇന്ത്യാ വിഭജനത്തോടെ ഭീരുത്വംകൊണ്ടും പ്രചണ്ഡ പ്രചാരവേലയാൽ ഉണ്ടായിത്തീർന്ന അപകർഷതാ ബോധത്താലും പലരും ലീഗ് വിട്ടിരുന്നു. പ്രമുഖനായ പി.പി ഹസ്സൻ കോയയെ പോലെ പലരും മുസ്‌ലിം ലീഗിൽ നിന്ന് രാജി വെച്ചു. മദ്രാസ് അസംബ്ലിയിലെ 9 ലീഗ് എം.എൽ.എ മാർ ഒറ്റയടിക്ക് രാജിവെച്ചു. ദർഗകളിലെ ഹരിതവർണ കൊടിപോലും കാണുന്ന മാത്രയിൽ കലി തുള്ളുന്നവരായിരുന്നു ഇവിടം ഭരിക്കുന്ന കോൺഗ്രസ്സുകാർ. ഈ സന്നിഗ്ദ ഘട്ടത്തിലാണ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ അനിതര സാധാരണമായ നേതൃശേഷിയും ആർജവവും വെളിവായത്.

സ്വാതന്ത്ര്യാനന്തരം 1952-ൽ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിൽ ബാഫഖി തങ്ങളുടെ പക്വതയാർന്ന നേതൃത്വത്തിൻ കീഴിൽ സാഹചര്യം തികച്ചും പ്രതികൂലമായിരുന്നു. സൗകര്യം വളരെ കുറവായിരുന്നിട്ടും മുസ്‌ലിം ലീഗ് ഏതാനും സീറ്റുകളിൽ മത്സരിച്ചത് തങ്ങളുടെ നേതൃപാടവത്തിന്റെ ഉരക്കല്ല് തന്നെയായിരുന്നു. കഷ്ടനഷ്ടങ്ങൾ ഏറെ സഹിച്ചിട്ടാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കണമെന്നായിരുന്നു ബാഫഖി തങ്ങളുടെ ഉറച്ച അഭിപ്രായം. ഏതാനും നിയോജക മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിറുത്തി മത്സരിക്കാനും മറ്റിടങ്ങളിൽ അനുയോജ്യരായ കക്ഷിരഹിതർക്ക് പിന്തുണ നൽകാനും തീരുമാനിച്ചു. ഭരണം കൈയാളുന്ന ഭരണകൂടത്തിന്റെ സകല സൗകര്യങ്ങളുമുള്ള കോൺഗ്രസ്സിനെ ശക്തമായിട്ടെതിർക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന്റെ ആകസാരം. വടകരയിൽ കോൺഗ്രസ്സിനെതിരെ സോഷ്യലിസ്റ്റ് സ്ഥാനാർഥിയായ കേളോത്ത് മൊയ്തുഹാജിയെ ലീഗ് പിന്തുണച്ചു. വയനാട്ടിൽ കോൺഗ്രസ്സിന്റെ കോഴിപ്പുറത്ത് മാധവമേനോനെതിരെ പ്രമുഖ അഭിഭാഷകനായ ടി.സി കരുണാകരൻ എന്ന സ്വതന്ത്രനെയാണ് ലീഗ് വളരെ സജീവമായി പിന്തുണച്ചത്. രണ്ടിടത്തും ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായി കോൺഗ്രസ്സ് തോറ്റു. മുസ്‌ലിം ലീഗിന്റെ ഒരു എം.പി യും അഞ്ച് എം.എൽ.എ മാരും മലബാറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മദിരാശി അസംബ്ലിയിൽ കോൺഗ്രസ്സിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ സി. രാജഗോപാലാചാരി ലീഗിന്റെ പിന്തുണ തേടി. ലീഗ് നിരുപാധിക പിന്തുണ രാജാജി സർക്കാറിന് നൽകുകയും ചെയ്തുകൊണ്ട് ഒരർഥത്തിൽ കോൺഗ്രസ്സിനോട് മധുരമായ പ്രതികാരം (Noble revenge) നിർവഹിക്കുകയായിരുന്നു. കേരള സംസ്ഥാന പിറവിക്ക് ശേഷം വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗിനെ അടുപ്പിച്ചില്ല. ലീഗ് സോഷ്യലിസ്റ്റ് നേതാവ് കെ.ബി മേനോനുമായി ചർച്ച നടത്തി. ലീഗും പി.എസ്.പി യും തമ്മിൽ ധാരണയായി. ഈ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു വരെ ശക്തമായി രംഗത്ത് വന്നു. ഒടുവിൽ കോൺഗ്രസ് കനത്ത വില കൊടുക്കേണ്ടിവന്നു. തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഗവർൺമെന്റ് ഉണ്ടാവുകയെന്ന ലോകത്തിലെ ആദ്യ സംഭവം നടന്നു.

1959 ൽ ഇ.എം.എസ് മന്ത്രിസഭക്കെതിരെ പ്രക്ഷോഭ സമരങ്ങൾ ഉണ്ടായി. പി.എസ്.പി – ലീഗ്- കോൺഗ്രസ്സ് കക്ഷികളുടെ നേതൃത്വത്തിൽ, നേരിയ ഭൂരിപക്ഷത്തിൽ തുടരുന്ന ഇ.എം.എസ് മന്ത്രിസഭക്കെതിരായ വിമോചന സമരം കാരണമായി ഒടുവിൽ ഭരണ ഘടനയിലെ 356 ാം വകുപ്പ് പ്രയോഗിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവം ഉണ്ടായി. വിമോചന സമരം ലീഗ് കോൺഗ്രസ്സ് സഹകരണത്തിന് വേദിയൊരുക്കി. കോൺഗ്രസ്സിനുള്ളിൽ പലരും കടുത്ത ലീഗ് വിരോധികളാണെങ്കിലും രാഷ്ട്രീയ കാലാവസ്ഥയും ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ലീഗെടുത്ത പക്വവും ചടുലവുമായ നയനിലപാടുകളും കോൺഗ്രസ്സിനെ അത്തരമൊരവസ്ഥയിലെത്തിക്കുകയായിരുന്നു. ബാഫഖി തങ്ങളുടെ മാസ്മരിക വ്യക്തിത്വത്തിൻ കീഴിൽ മുസ്‌ലിം ലീഗ് എല്ലാ കടമ്പകളെയും അതിജീവിച്ച് മുന്നേറുകയായിരുന്നു.

1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.എസ്.പി ലീഗ്- കോൺഗ്രസ്സ് മുക്കൂട്ട് മുന്നണി 94 സീറ്റ് നേടി. മുസ്‌ലിംലീഗ് മത്സരിച്ച 12 സീറ്റുകളിൽ പതിനൊന്നും വിജയിച്ചു. നേരത്തെ 43 സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ്സിന് 63 സീറ്റ് കിട്ടി. മുസ്‌ലിംലീഗിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു ഇതിന്ന് സഹായകമായത്. കോൺഗ്രസ്സിൽ ഇപ്പോഴെന്നപോലെ അന്നും പകൽ കോൺഗ്രസ്സും രാത്രി ആർ.എസ്.എസുമായി അകത്ത് കത്തിയും പുറത്ത് പത്തിയുമായി കഴിയുന്ന പലരും ലീഗിനെ ഉള്ളഴിഞ്ഞ് പിന്തുണക്കാറില്ല. തക്കം കിട്ടുമ്പോൾ ലീഗിനെ ഭർത്സിക്കാനും തകർക്കാനും ശ്രമിക്കാറുമുണ്ട്. പക്ഷേ, ബാഫഖി തങ്ങൾ ഇതിനെ തന്ത്രപൂർവം നേരിട്ടുകൊണ്ട് കോൺഗ്രസ്സിലെ നല്ലൊരു വിഭാഗത്തിന്റെ മനം കവരുന്നതിലും അത് മുസ്‌ലിം രാഷ്ട്രീയത്തിന്നനുഗുണമാക്കുന്നതിലുമാണ് ശ്രദ്ധിച്ചത്. പകയുടെയും ചതിയുടെയും രാഷ്ട്രീയം അദ്ദേഹത്തിനന്യമായിരുന്നു. തങ്ങൾ അന്ന് അനുവർത്തിച്ച രാഷ്ട്രീയ സത്യസന്ധതയാണ് മുന്നണി രാഷ്ട്രീയത്തിൽ ഇന്നും മുസ്‌ലിം ലീഗിന് സ്വീകാര്യത നിലനിർത്തുന്നത്. ”മുസ്‌ലിം ലീഗ് മൽസരിക്കുന്നത് 126 മണ്ഡലങ്ങളിലാണ്. അഥവാ കേരളത്തിലെ 126 മണ്ഡലങ്ങളിൽ മൽസരിക്കുന്ന ത്രികക്ഷി സഖ്യത്തിന്റെ സ്ഥാനാർഥികൾ മുസ്‌ലിംലീഗിന്റെ സ്ഥാനാർഥികളാണ്. ആ അർഥം മനസ്സിൽ വെച്ചുകൊണ്ട് സഖ്യകക്ഷി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുസ്‌ലിം ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണം.” ഇതായിരുന്നു ബാഫഖി തങ്ങളുടെ ആഹ്വാനം. മുസ്‌ലിം ലീഗിന്ന് അയിത്തം കൽപിച്ചവർ മാറിച്ചിന്തിക്കാൻ നിർബന്ധിതരാകും വിധം ലീഗിനെ വിവേകപൂർവം നയിച്ച ബാഫഖി തങ്ങളുടെ നേതൃത്വം മുസ്‌ലിംകളിലും ആവേശമുണ്ടാക്കി. നേരത്തെ ലീഗിനെ എതിർത്തിരുന്നവരും ഭീരുത്വം കാരണം അകന്ന് കഴിഞ്ഞവരും ലീഗിലേക്ക് കടന്നുവരാൻ തുടങ്ങി. ബാഫഖി തങ്ങൾ വളർത്തിയെടുത്ത സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും പ്രഭാഷണങ്ങൾ കേരള മുസ്‌ലിംകളെ അപകർഷതാ ബോധത്തിൽ നിന്നും വിമുക്തരാക്കി. എത്രത്തോളമെന്നാൽ കോൺഗ്രസ്സ് അനുകൂല പത്രമായ ഹിന്ദുസ്ഥാൻ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ന്യൂഡൽഹിയിൽ നിന്നിറങ്ങുന്ന സ്റ്റേറ്റ്‌സ്മാൻ പത്രവും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി അടയാളപ്പെടുത്തിക്കൊണ്ട് മുഖ പ്രസംഗമെഴുതി. മുസ്‌ലിം ലീഗിനെ എതിർക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത മാതൃഭൂമി തങ്ങളുടെ മുഖ പ്രസംഗത്തിൽ ഇങ്ങനെയെഴുതി:

”കോൺഗ്രസ്സിനോടും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയോടും ആത്മാർഥമായ ഒരു ഒത്തുതീർപ്പിലൂടെ ഒന്നിച്ച് നിന്ന് കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിടിയിൽനിന്ന് കേരളത്തെയും അതുവഴി ഭാരതത്തെയും സംരക്ഷിച്ചുകൊണ്ടു നടന്ന വിമോചന സമരത്തിലും അതിന്റെ വിജയകരമായ പര്യവസാനത്തിലും ഇടക്കാല തെരഞ്ഞെടുപ്പിലും മുസ്‌ലിംകൾ വഹിച്ച മഹത്തായ പങ്കിന്ന് കമ്മ്യൂണിസ്റ്റേതര വൃത്തങ്ങളിൽ പരക്കെ അംഗീകാരം ലഭിച്ചു കാണുന്നുണ്ട്. മുസ്‌ലിം ലീഗ് ഒരു വർഗീയ സംഘടനയാണെന്നുള്ള പഴയ വാദഗതി ആവർത്തിക്കുന്നത് കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ അവഹേളിക്കലാകും. ആരെന്തു പറഞ്ഞാലും ആയിരക്കണക്കിന് മുസ്‌ലിംകൾ മുസ്‌ലിം ലീഗ് തങ്ങളുടെ സമുദായ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷിയാണെന്ന് ഹൃദയപൂർവം വിശ്വസിക്കുന്നു.” (മാതൃഭൂമി 10.2.1960) (സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എം.സി വടകര- പേജ് 126)

മുസ്‌ലിം ലീഗിനെ പരമ പുഛത്തോടെ ”ചത്തകുതിര”യെന്നും മറ്റും വിശേഷിപ്പിച്ച നെഹ്‌റുവിന്റെ കോൺഗ്രസ്സ് വീണ്ടും അതിന്റെ തനിനിറം കാണിച്ചു. ഒന്നിച്ച് മത്സരിച്ച ലീഗിനെ മന്ത്രിസഭയിലെടുക്കില്ലെന്നതായിരുന്നു കോൺഗ്രസ്സ് ഹൈക്കമാന്റ് നിലപാട്. വിഭജനത്തിന്റെ നാളുകളിൽ നിലനിന്ന ഹിന്ദു മുസ്‌ലിം ഭിന്നതയെ ചെറുക്കാൻ ഹിന്ദു- മുസ്‌ലിം ഐക്യമാണ് വേണ്ടതെന്നായിരുന്നു ബാഫഖി തങ്ങളുടെ സുചിന്തിത വീക്ഷണം. പക്ഷേ വിശാലമായ ഹിന്ദു മുസ്‌ലിം ഐക്യം അസാധ്യമാക്കുന്നതായിരുന്നു കോൺ: ഹൈക്കമാന്റ് നിലപാട്. മുന്നണി മര്യാദക്ക് ഒട്ടും ചേരാത്ത കോൺഗ്രസ്സ് നിലപാടിനെ ഘടക കക്ഷിയായ പി.എസ്.പി അങ്ങേയറ്റം എതിർത്തിരുന്നു. ഒടുവിൽ ബാഫഖി തങ്ങളുടെ ഉപദേശ പ്രകാരം മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി പി.എസ്.പി യുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനും അതിനെ പിന്തുണക്കാനും തീരുമാനിച്ചു. പി.എസ്.പി യുടെ കൂടി നിർദേശപ്രകാരം ലീഗ് സ്പീക്കർ പദവി സ്വീകരിച്ചു. ഈ ഘട്ടത്തിൽ മുസ്‌ലിം ലീഗ് സ്വീകരിച്ച വിട്ടു വീഴ്ച പ്രത്യക്ഷത്തിൽ അപമാനകരമായിരുന്നുവെങ്കിലും ഒരർഥത്തിൽ അതൊരു ‘ഹുദൈബിയാ സന്ധി’യായിരുന്നു. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ വിജയത്തിന്റെ ഒരു തുടക്കമായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിക്കു മുമ്പിൽ അനുയായികൾ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച ഇതര കക്ഷികളും പത്രങ്ങളും ഇത്തിരി അമ്പരപ്പോടെയാണ് വീക്ഷിച്ചത്. ഈ ഘട്ടത്തിൽ കർണാടകയിലെയും മദ്രാസിലെയും പല മുസ്‌ലിം നേതാക്കളും ബാഫഖി തങ്ങളെ സന്ദർശിച്ചു. ബാഫഖി തങ്ങളുടെ പക്വതയും ദീർഘ വീക്ഷണവും സമുദായ സ്‌നേഹവും അവരിൽ മതിപ്പുളവാക്കി. തമിഴ്‌നാട്ടിൽ തങ്ങൾ ഒരു പര്യടനവും നടത്തി.

1961 ഏപ്രിലിൽ സീതി സാഹിബ് നിര്യാതനായി. തുടർന്ന് സ്പീക്കറായി സി.എച്ച് മുഹമ്മദ് കോയ തിരഞ്ഞെടുക്കപ്പെടണമെങ്കിൽ മുസ്‌ലിം ലീഗ് അംഗത്വം മുൻകൂട്ടി രാജിവെക്കണമെന്ന അസാധാരണ നിർദേശം കോൺഗ്രസ്സ് മുന്നോട്ട് വെച്ചു. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും ചേർന്ന് ആ വിട്ടുവീഴ്ചയും ചെയ്തു. ജനാധിപത്യ സംരക്ഷണവും ഉറച്ച ഭരണവും സുസാധ്യമാക്കാനായിരുന്നു ഈ തീരുമാനം. മറുവശത്ത് കോൺഗ്രസ്സിന്റെ മര്യാദയില്ലായ്മ ബഹുജനങ്ങൾക്ക് കൂടുതൽ കൂടുതൽ ബോധ്യമാകാനും ലീഗിന്റെ മുന്നണി മര്യാദയും വിട്ടുവീഴ്ചയും രാജ്യസ്‌നേഹവും ജനാധിപത്യ വിശ്വാസികൾക്ക് ബോധ്യമാകാനും ഇത് ഇടയാക്കി. ഒരടി പിന്മാറിക്കൊണ്ട് നാലടി മുന്നേറുക എന്ന തന്ത്രവും ഇതിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിയും വിവേകവും പക്വതയുമൊക്കെ ഉൾചേർന്ന നേതൃത്വം അണികളെ അച്ചടക്കപൂർവം ഒതുക്കി നിർത്താൻ ഏറെ തുണച്ചു. തങ്ങളുടെ നിർദേശോപദേശങ്ങൾ അന്തിമ വിശകലനത്തിൽ വളരെ വിജയകരമാകുമെന്ന ബോധ്യം ലീഗണികൾക്കുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിൽ ഇങ്ങനെ ഒരു നേതൃത്വമോ അനുയായി വൃന്ദമോ അന്ന് മറ്റാർക്കുമുണ്ടായിരുന്നില്ല.

”തൊപ്പി ഊരിയെറിഞ്ഞിട്ടും ലുങ്കി മാറിയുടുത്തിട്ടും കിട്ടിയതെന്തേ സ്പീക്കർ സ്ഥാനം, റാഹത്തായില്ലേ?” എന്ന് ലീഗ് വിരോധികളും മാർക്‌സിസ്റ്റുകളും നാടെങ്ങും പരിഹസിച്ചപ്പോഴും അണികൾ ചിതറാതെ, പതറാതെ തങ്ങൾക്കു പിന്നിൽ അച്ചടക്കപൂർവം ഉറച്ചു നിന്നത് പ്രതിയോഗികളെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി.

കോൺഗ്രസ്സിന്റെ നന്ദികെട്ട പ്രകൃതം പിന്നെയും പുറത്തു വന്നു. 1962 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ലീഗിനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ബാഫഖി തങ്ങളും ഖാഇദെ മില്ലത്തും സന്നിഹിതരായ ലീഗ് നേതൃയോഗം ത്രികക്ഷി സഖ്യം അവസാനിപ്പിക്കാനും സ്പീക്കർ സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു. തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കാൻ തീരുമാനിച്ചു. ബാഫഖി തങ്ങളാണ് ഇതിന്നുള്ള കരുനീക്കങ്ങൾ നടത്തിയത്. ലീഗ് സ്വന്തത്തിൽ മൂന്ന് സീറ്റുകളിൽ മൽസരിച്ചു. (കോഴിക്കോട്, മഞ്ചേരി, പൊന്നാനി) വടകര, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉൾപ്പടെ നാല് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. സഖ്യമില്ലാതെ ഒറ്റക്ക് മൽസരിച്ചപ്പോൾ ലീഗിന്റെ പാർലമെന്റ് സീറ്റ് ഒന്നിൽ നിന്ന് രണ്ടായി ഉയർന്നു. ലീഗ് പിന്തുണച്ച രണ്ട് സ്വതന്ത്രന്മാർ വടകരയിലും തലശ്ശേരിയിലും ജയിക്കുകയും ചെയ്തു. എസ്.കെ പൊറ്റക്കാട് ഈ വിഷയത്തിൽ ബാഫഖി തങ്ങളുടെ ദീർഘദൃഷ്ടിയും ആർജവവും പ്രശംസനീയമായിരുന്നുവെന്ന് പ്രത്യേകം എടുത്തോതിയിട്ടുണ്ട്.

ബാഫഖി തങ്ങൾ കോൺഗ്രസ്സിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. 1965-ൽ കമ്മ്യൂണിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും നീക്കുപോക്കുകളുണ്ടാക്കി. കോൺഗ്രസ്സിന്റെ സീറ്റ് 63-ൽ നിന്ന് മുപ്പത്തിയഞ്ചായി ചുരുങ്ങി. കോൺഗ്രസ്സ് ഇതര കക്ഷികൾക്ക് 97 സീറ്റുകൾ കിട്ടിയെങ്കിലും നിയമസഭ ചേരുകയോ മന്ത്രിസഭ രൂപീകരിക്കുകയോ ഉണ്ടായില്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാർക്‌സിസ്റ്റ് പാർട്ടി, സി.പി.ഐ സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങി 7 കക്ഷികളുടെ മുന്നണി 1967-ൽ മൽസരിച്ചു. മുന്നണിക്ക് ആകെ 117 സീറ്റ് കിട്ടി. ലീഗിന്റെ നില കൂടുതൽ മെച്ചപ്പെട്ടു. ആകെ മൽസരിച്ച 15 ൽ 14 സീറ്റും ലഭിച്ചു. ആദ്യമായി ലീഗിന്ന് രണ്ട് മന്ത്രിമാരുണ്ടായി. ഡെപ്യൂട്ടി സ്പീക്കർ പദവിയും. കോൺഗ്രസ്സ് കേവലം 9 സീറ്റിൽ ഒതുങ്ങി. ബാഫഖി തങ്ങൾ അക്ഷരാർഥത്തിൽ അവരെ പാഠം പഠിപ്പിച്ചു.

പക്ഷേ, ഇ.എം.എസ് മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയില്ല. മുന്നണി മര്യാദയുടെ ഭാഗമായ വാഗ്ദത്തപാലനം നടത്താതെ, ഘടക കക്ഷികളെ വെറുപ്പിക്കുന്ന പണിയാണ് മാർക്‌സിസ്റ്റ് പാർട്ടി നടത്തിയത്. മുന്നണിയെ നില നിർത്താൻ ചില അനുരഞ്ജന ശ്രമങ്ങൾ തങ്ങൾ നടത്തി. കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായി തങ്ങൾ മാറിയ നാളുകളായിരുന്നു അത്. 32 മാസം പ്രായമായ മന്ത്രിസഭ നിലംപൊത്തി.

തുടർന്ന് 1969 നവംബർ ഒന്നാം തിയ്യതി സി. അച്ചുതമേനോന്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ നിലവിൽ വരുന്നതിൽ തങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. മാർക്‌സിസ്റ്റ് പാർട്ടിക്ക് പന്ത്രണ്ട് വർഷക്കാലം അധികാരത്തിലേറാൻ പറ്റിയില്ല. ഇ.എം.എസ് പിന്നെ മുഖ്യമന്ത്രിയായതുമില്ല. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ നിർണായക റോൾ വഹിച്ച തങ്ങൾ 1970-ലെ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലും സജീവ പങ്ക് വഹിച്ചു.

ഖാഇദെ മില്ലത്തിന്റെ വിയോഗത്തോടെ 1972-ൽ തങ്ങൾ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിനെ അഖിലേന്ത്യാ തലത്തിൽ ശക്തിപ്പെടുത്താൻ വേണ്ടി സി.എച്ച് മുഹമ്മദ് കോയയെ പാർലമെന്റിലേക്ക് ഖാഇദെ മില്ലത്തിന്റെ ഒഴിവിൽ മൽസരിപ്പിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രി അച്ചുതമേനോൻ, കെ.കരുണാകരൻ, ബേബി ജോൺ തുടങ്ങി പലരും ബഹു: തങ്ങളിൽ പല മാർഗേണ സമ്മർദം ചെലുത്തി. തങ്ങൾ വഴങ്ങിയില്ല. തങ്ങളുടെ ഇഛാശക്തിയുടെ ദാർഢ്യത പലർക്കും ബോധ്യം വന്ന നാളുകളായിരുന്നു അത്. മന്ത്രി സ്ഥാനത്തേക്കാളും വലുത് സമുദായത്തിന്റെയും പാർട്ടിയുടെയും വളർച്ചയുമാണെന്ന നിലപാടിൽ തങ്ങൾ ഉറച്ചു നിന്നു. തുടർന്ന് ഹജ്ജിന്ന് പോയ തങ്ങൾ ഹജ്ജിന്ന് ശേഷം 1973 ജനു: 19 ന് മരണപ്പെട്ടു.

കേരള മുസ്‌ലിംകൾക്ക് രാഷ്ട്രീയ സാമൂഹ്യരംഗത്ത് അഭിമാനകരമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ തങ്ങൾ വിജയിച്ചു. ലീഗിന്റെ നേരെ പുലർത്തിയ അയിത്തം തന്ത്രപരമായി ഭേദിക്കാൻ തങ്ങൾക്ക് സാധിച്ചു. പി.എസ്.പിയുമായും കോൺഗ്രസ്സുമായും കമ്മ്യൂണിസ്റ്റുകാരുമായുമെല്ലാം മാറിമാറി സഖ്യത്തിലേർപ്പെടുക വഴി ലീഗിനെതിരെ വർഗീയതയാരോപിക്കാനുള്ള പഴുതടക്കുകയും ലീഗിനെ അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതിൽ വിജയിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന്ന് ചില അബദ്ധങ്ങൾ സംഭവിച്ചിരിക്കാമെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങൾ ഒരളവോളം ഉയർത്തിക്കൊണ്ടുവരാനും സെക്രട്ടറിയേറ്റ് ഉൾപ്പെടെ അധികൃത കേന്ദ്രങ്ങളിൽ മുസ്‌ലിം ശബ്ദം പരിഗണിക്കപ്പെടാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് രാഷ്ട്രീയം സഹായിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുളള ലീഗ് രാഷ്ട്രീയം ഏറെ തുണച്ചുവെന്നതും അനിഷേധ്യ വസ്തുതയാണ്. ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ സംവിധാനത്തിൽ പ്രായോഗിക രാഷ്ട്രീയം കൈയാളുന്നതിൽ തങ്ങൾ കാണിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ വിദ്യാർഥികൾക്ക് പഠന വിധേയമാക്കാവുന്നതാണ്. കച്ചവടക്കാരനായിക്കൊണ്ടു തന്നെ രാഷ്ട്രീയം കൈകാര്യം ചെയ്ത തങ്ങൾ രാഷ്ട്രീയത്തെ ഉപജീവനോപാധിയാക്കിയില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ശീതളഛായ അനുഭവിക്കാനോ ഭരണ സ്വാധീനം സ്വാർഥമായി ദുരുപയോഗം ചെയ്യാനോ മിനക്കെടാതെ വളരെ ഉയർന്നു നിന്നുവെന്നതും സംസാരങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും സന്തുലിതത്വവും മിതത്വവും പാലിച്ചുവെന്നതും നമുക്ക് മാതൃകയാവേണ്ടതാണ്. ബാഫഖി തങ്ങൾക്ക് ശേഷം അങ്ങനെയൊരു പക്വവും പ്രഗത്ഭവുമായ നേതൃത്വം ലീഗിന്നുണ്ടായിട്ടില്ലെന്ന നിഷ്പക്ഷമതികളുടെ നിരീക്ഷണം എളുപ്പം തള്ളിക്കളയാവുന്നതല്ല. തങ്ങൾക്ക് ശേഷം ലീഗ് ആകെ ഒന്ന് ഉലഞ്ഞുവെന്നതും ലീഗിന്റെ ആദ്യകാല വിശുദ്ധിക്ക് ഗ്ലാനി സംഭവിച്ചുവെന്നുമുള്ള വിലയിരുത്തലിൽ വസ്തുതയുണ്ട്. അഖിലേന്ത്യാ ലീഗും പിന്നീട് ഇന്ത്യൻ നാഷനൽ ലീഗും ഉണ്ടായത് പിൽക്കാല ലീഗ് നേതൃത്വങ്ങളുടെ നേതൃ ശേഷിക്കുറവിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ”ബാഫഖി തങ്ങൾ ഉണ്ടായിരുന്നെങ്കിൽ…” എന്ന് പഴമക്കാരും സാത്വികരുമായ പല ലീഗുകാരും പലപ്പോഴും സങ്കടപ്പെട്ടിരുന്നതും തങ്ങളുടെ ”രാഷ്ട്രീയ കറാമത്തുകൾ” ഓർക്കുന്നതും വെറുതെയല്ല. തങ്ങൾക്ക് ഒരു Celestial personality ഉണ്ടായിരുന്നുവെന്ന് അടുത്തിടപഴകിയ പലരും പറഞ്ഞിട്ടുണ്ട്. ഇന്ന് ലീഗിന്ന് ഒരുപാട് സൗകര്യങ്ങളുണ്ട്. ദീർഘ കാലമായി അധികാരത്തിന്റെ തണലുമുണ്ട്. സ്വാതന്ത്ര്യത്തിന്ന് ശേഷം ബാഫഖി തങ്ങൾ നേതൃത്വം നൽകുമ്പോൾ ഇത്തരം സൗകര്യമൊന്നുമുണ്ടായിരുന്നില്ലെന്നതും സാഹചര്യം വളരെ പ്രതികൂലമായിരുന്നുവെന്നതും നാം പ്രത്യേകം ഓർക്കേണ്ടതാണ്.

ബാഫഖി തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വം മാത്രം വിശകലനം ചെയ്ത് മതിയാക്കുന്നത് ശരിയായിരിക്കില്ല. തങ്ങൾ കേരള മുസ്‌ലിംകൾക്ക് നേതൃത്വം നൽകുമ്പോൾ കേരളീയ മുസ്‌ലിം സമൂഹം ഇന്നത്തേപ്പോലെയായിരുന്നില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്നു. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ തങ്ങൾ വ്യക്തിപരമായി നിരവധി വിദ്യാർഥികൾക്ക് സ്വന്തം വകയായി സ്‌കോളർഷിപ്പ് നൽകിയിരുന്നു. സി.എച്ച്. മുഹമ്മദ് കോയാ സാഹിബ്, പ്രൊഫ. ടി. അബ്ദുല്ലാ സാഹിബ് ഉൾപ്പടെ പതിനാല് പേർക്ക് സ്‌കോളർഷിപ്പ് ഒരേ സമയം നൽകിയിരുന്നതായി പ്രൊഫ. ടി.അബ്ദുല്ല സാഹിബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ വേറെയും പലരെയും തങ്ങൾ സഹായിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് ഉൾപ്പടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും തങ്ങളുടെ പങ്ക് വലുതായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിലും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുന്നതിലും തങ്ങൾ നേതൃപരമായി പങ്ക് വഹിച്ചു. എം.ഇ.എസ്സ് സ്ഥാപിതമായ പ്രാരംഭകാലത്തും തങ്ങൾ വളരെയേറെ സഹായിച്ചിട്ടുണ്ട്.

മതരംഗത്ത് കേരള മുസ്‌ലിംകൾ രണ്ട് ധാരയായിരുന്നു. സുന്നികളും മുജാഹിദുകളും. ഇവർ തമ്മിൽ കടുത്ത ഭിന്നതയും അകൽച്ചയുമായിരുന്നു. എന്നാൽ ഇവരെ രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗിന്റെ പ്ലാറ്റ് ഫോമിൽ ഒന്നിപ്പിക്കുന്നതിൽ തങ്ങൾ വിജയിച്ചു.

മുസ്‌ലിം ലീഗ് നേതൃരംഗത്ത് ധാരാളം മുജാഹിദുകൾ ഉണ്ടായിരുന്നു. സുന്നികളും മുജാഹിദുകളും തമ്മിലുള്ള തർക്കം ഇന്നത്തേക്കാൾ വളരെ വളരെ രൂക്ഷമായിരുന്ന ആ കാലത്ത് സുന്നീ വീക്ഷണത്തോട് ചേർന്നു നിൽക്കുക മാത്രമല്ല അതിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത തങ്ങൾ മുജാഹിദുകളുമായി വളരെയേറെ സഹകരിക്കകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു. മുജാഹിദുകളും സുന്നികളും ലീഗിന്റെ പ്ലാറ്റ് ഫോമിൽ സഹകരിക്കാൻ തങ്ങളുടെ പക്വമായ നേതൃത്വം സാഹചര്യമൊരുക്കിയപ്പോൾ മുജാഹിദ്- സുന്നി തർക്കങ്ങളുടെ തീഷ്ണത അല്പമെങ്കിലും കുറക്കാൻ സാഹചര്യമുണ്ടായി (പിന്നീടുണ്ടായ ഗൾഫ് കുടിയേറ്റവും ഹജ്ജ്, ഉംറ എന്നിവ സാർവത്രികമായതും അറബി ഭാഷയുടെ പ്രചാരണവും അറബ്‌ ലോകവുമായുള്ള പ്രത്യക്ഷ-പരോക്ഷ സമ്പർക്കങ്ങളുമൊക്കെ കുറെ തർക്കങ്ങളുടെ തീഷ്ണത വളരെ കുറച്ചിട്ടുണ്ട്.) ലീഗിന്റെ പ്ലാറ്റ് ഫോമിൽ എൻ.വി. അബ്ദുൽ സലാം മൗലവി, കെ.എം. മൗലവി ഉൾപ്പടെ പല ഉൽപതിഷ്ണു പണ്ഡിതന്മാരുമായുണ്ടായ സജീവ സമ്പർക്കങ്ങൾ സ്വതവേ പക്വമതിയും വിശാലവീക്ഷണഗതിക്കാരനുമായ തങ്ങളിലും ചില രചനാത്മാക മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കാം. തങ്ങളവർകൾ വളർത്തിയ സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പടെ പലരും ഉൽപതിഷ്ണു പക്ഷത്തോട് ചേർന്നു നിന്നതിനെ തങ്ങൾ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല.

സമുദായത്തിലെ മതപരമായ തർക്കവിഷയങ്ങളിൽ അദ്ദേഹത്തിന്ന് സ്വന്തമായ, നിലപാടുകളുമുണ്ടായിരുന്നു. സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിൽക്കുമ്പോൾ തങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണല്ലോ ചെയ്തത്. മഹാഭൂരിപക്ഷം മുസ്‌ലിംകളും സുന്നികളായ സ്ഥിതിക്ക് അവരെ പിണക്കാതിരിക്കുക എന്നത് പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുടെ തേട്ടം തന്നെയാണ്. (അന്നത്തെ ഉത്പതിഷ്ണുക്കളുടെ പല നിലപാടുകളും പക്വമായിരുന്നില്ലെന്നതും ഒരു വസ്തുതയാണ്.) സുന്നികളെ പയ്യെ പയ്യെ അവരോട് ചേർന്നുനിന്നുകൊണ്ട് കൂടുതൽ നല്ല നിലപാടിലേക്ക് കൊണ്ടുവരിക എന്ന പ്രായോഗിക സമീപനം സ്വീകരിക്കുക, അവരെ പിണക്കി അകറ്റാതിരിക്കുക എന്നിങ്ങനെയുള്ള തങ്ങളുടെ നിലപാടാണ് മുസ്‌ലിം ലീഗിന്ന് ജനകീയാടിത്തറ വിപുലപ്പെടുത്താൻ സഹായിച്ചത്.
ബാഫഖി തങ്ങളെപറ്റി പലരും രേഖപ്പെടുത്തിയ അഭിപ്രായം കാണുക: ബി.വി. അബ്ദുല്ലക്കോയ പറയുന്നു: ”ആദർശ ധീരതയിൽ ഉറച്ച് നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ അഭിപ്രായത്തെ വിലയിരുത്തുവാനും അതനുസരിച്ച് പലപ്പോഴും തന്റെ ദൃഢാഭിപ്രായത്തെപോലും പാകപ്പെടുത്താനും അദ്ദേഹത്തിന്ന് സാധിച്ചിരുന്നു.” (ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥം – ഗ്രീൻഹൗസ് പബ്ലിക്കേഷൻസ്)

ബാഫഖി തങ്ങളുടെ സഹായവും പ്രോത്സാഹനവും ധാരാളമായി കിട്ടിയ മർഹും: പ്രൊഫ. ടി. അബ്ദുല്ല സാഹിബ് എഴുതുന്നു: ”മതപരമായ കാര്യങ്ങളിൽ അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്ന് വരികിലും വിശ്വാസപരമായി താനുമായി അഭിപ്രായ ഭിന്നതയുള്ളവരോട് അദ്ദേഹം തികച്ചും വിശാല മനസ്‌കതയോടും സഹിഷ്ണുതയോടും കൂടിത്തന്നെ എപ്പോഴും പെരുമാറിയിരുന്നു. മുജാഹിദ് വഭാഗത്തിലെ ഉന്നത പണ്ഡിതന്മാരായ മർഹും: കെ.എം. മൗലവി സാഹിബ്, ഇ.കെ. മൗലവി സാഹിബ് തുടങ്ങിയവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതായി എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്തൊരു മുജാഹിദായ എം.കെ. ഹാജി സാഹിബ് അദ്ദേഹത്തിന്റെ ഒരാത്മമിത്രമായിരുന്നു. ഖുതുബ പരിഭാഷ, മതത്തിൽ കടന്നുകൂടിയിട്ടുള്ള ശിർക്കുപരമായ കാര്യങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്ന് മുജാഹിദുകളോട് യോജിപ്പുണ്ടായിരുന്നു. മുജാഹിദുകൾ നടത്തുന്ന ഒരു സ്ഥാപനമായിട്ട് കൂടി തിരൂരങ്ങാടി യതീംഖാനയുടെ കാര്യത്തിൽ അദ്ദേഹം പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിരുന്നു. (ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥം ഗ്രീൻ ഹൗസ് പബ്ലിക്കേഷൻസ്)
മർഹും സി. എൻ. അഹ്മദ് മൗലവി എഴുതുന്നു: ” മറ്റു വിഷയങ്ങൾ എന്തൊക്കെയാണെങ്കിലും അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാമെന്ന് നമ്മുടെ സുന്നി പണ്ഡിതന്മാർ പറയുന്നത് വളരെ കടുത്ത കയ്യായിപ്പോയി. ഖുർആനിൽ എത്രയോ സ്ഥലങ്ങളിൽ വ്യക്തമായ ഭാഷയിൽതന്നെ അതാവർത്തിച്ച് നിരോധിച്ചിട്ടുണ്ടല്ലോ എന്ന് പരേതനായ ബാഫഖി തങ്ങൾ അവർകൾ 1966-ൽ മക്കയിൽവെച്ച് എന്നോട് തുറന്ന് പറഞ്ഞു.” (പ്രബോധനം വാരിക 1974 ഒക്‌ടോബർ 6)

സപ്ത വത്സരക്കാലം ‘ചന്ദ്രിക’യിൽ സഹ പത്രാധിപരായി സേവനമനുഷ്ഠിച്ച പി.കെ. ജമാൽ (മുൻ പ്രസിഡണ്ട്- കേരള ഇസ്‌ലാമിക് ഗ്രൂപ്പ്- കുവൈത്ത്) അനുസ്മരിക്കുന്ന ഒരനുഭവം ബാഫഖി തങ്ങളുടെ ഉന്നത നിലപാടും വിശാല വീക്ഷണവും വിളിച്ചോതുന്നതാണ്. ”ഒരു സായാഹ്നത്തിൽ മാനേജിംഗ് എഡിറ്റർ ടി.പി. കുട്ട്യാമു സാഹിബിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ്. യൂത്ത് ലീഗ് നോതാക്കൾ പി.കെ. മുഹമ്മദ്, കെ.കെ. മുഹമ്മദ്, എം.എസ്.എഫ് നേതാവ് കെ.പി. കുഞ്ഞിമ്മൂസ, റഹീം മേച്ചേരി, ഹകീം (കാനേഷ്) പൂനൂര്, സി.കെ. താനൂർ, ആറ്റക്കോയ പള്ളിക്കണ്ടി, പാലാട്ട് മൂസക്കോയ തുടങ്ങി എല്ലാവരുമുണ്ട്. ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ യോഗത്തിലേക്ക് കയറിവന്നു. ഓരോരുത്തരെയുമായി പരിചയപ്പെട്ടു. എന്റെ ഊഴമെത്തിയപ്പോൾ കുട്ട്യാമു സാഹിബ്: ”ജമാൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജിൽനിന്ന് പഠിച്ച് പുറത്ത് വന്നതാണ്.” തങ്ങൾ തലയാട്ടി. ഞാനത് മറന്നു. തങ്ങൾ മറന്നില്ല. ഒരു മാസം കഴിഞ്ഞു കാണും തങ്ങൾ എന്നെ കുട്ട്യാമു സാഹിബിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ശാന്തപുരത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും പഠന ക്രമത്തെക്കുറിച്ചും വിശദമായി അന്വേഷിച്ചു. നന്മക്ക് വേണ്ടി പ്രാർത്ഥിച്ചു.

ചേകനൂരിന്റെ ഖുർആൻ സുന്നത്ത് സൊസൈറ്റി കോഴിക്കോട് ടൗൺഹാളിൽ മുസ്‌ലിം പേഴ്‌സണൽ ലോ പൊളിച്ചെഴുതാൻ സിമ്പോസിയം നടത്തിയതിന്റെ പിറ്റേ ദിവസസമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്ന് വാദമുഖങ്ങൾക്ക് മറുപടി പറഞ്ഞത്. ഒ. അബ്ദുറഹ്മാൻ (എ.ആർ), മറുഭാഗത്ത് പി.പരമേശ്വരൻ, ജസ്റ്റിസ് ജാനകിയമ്മ, എൻ.പി. മുഹമ്മദ്, തായാട്ട് ശങ്കരൻ, മൂസ-എ. ബക്കർ, ചേകനൂർ, പ്രൊഫ. കെ.എം. ബഹാവുദ്ദീൻ തുടങ്ങിയ അതികായന്മാർ. മുസ്‌ലിം സമൂഹത്തിൽ നിന്ന് പേഴ്‌സണൽ ലോ വസ്തുതകൾ വിശദീകരിക്കാനും വിമർശനങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടാനും ഇസ്‌ലാമിക സിവിൽ ക്രിമിനൽ നിയമങ്ങളുടെ സത്യതയും സ്വഛതയും സാധുതയും സ്ഥാപിക്കാനും എ.ആർ മാത്രം. എ.ആർ കത്തിജ്ജ്വലിച്ചു. ആളിപ്പടർന്നു. എതിരാളികളെ അരിഞ്ഞുവീഴ്ത്തി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്ന അത്….. ബാഫഖി തങ്ങൾ കുട്ട്യാമു സാഹിബിന്റെ നേരെ തിരിഞ്ഞു. ”ഞാൻ ഇന്നലെ കാറിലിരുന്ന് ഒരു പ്രസംഗം ശ്രവിച്ചു. ആ കുട്ടിയുടെ പ്രസംഗം വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് അതൊന്ന് കിട്ടണം. പരിപാടിയെക്കുറിച്ച് പത്രത്തിൽ എഴുതണം. അന്ന് തന്നെ ”പ്രബോധന”ത്തിൽ ആളയച്ച് തങ്ങൾ ആ കാസറ്റ് വരുത്തി പകർത്തി, നന്ദിയോടെ തിരിച്ചേൽപിച്ചു. ”മോഡണിസം-തുടക്കവും തകർച്ചയും” എന്ന തലക്കെട്ടിൽ പിറ്റേന്ന് ഒരു ലേഖനം ‘ചന്ദ്രിക’യിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു. സർവരെയും ഉൾക്കൊള്ളഉന്ന ഒരു വലിയ മനസ്സ്.” (ശാന്തപുരം അൽജാമിഅഃ സുവനീർ 2003)

ഇതേ ലേഖനത്തിൽ പി.കെ. ജമാൽ ജാമിഅ നൂരിയ്യ വാർഷികത്തിൽ ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബ്, ബാഫഖി തങ്ങൾ, കുട്ട്യാമു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി ഒട്ടേറെ പ്രമുഖർ ഉള്ള വേദിയിൽ നടന്ന ഖുർആൻ ക്ലാസ് കാടുകയറി പുത്തൻ പ്രസ്ഥാനക്കാരായ മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബും അബ്ദുൽ അഅ്‌ലാ മൗദൂദിയും അവരുടെ അനുയായികളും നരകത്തിലാണെന്ന് സമർഥിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ ശാന്തപുരം മഹല്ല് സിക്രട്ടറി കെ.വി. മുഹമ്മദ് മാസ്റ്റർ ധീരമായി എഴുന്നേറ്റുനിന്ന് ശക്തമായി പ്രതിഷേധിച്ചപ്പോൾ പ്രക്ഷുബ്ധമായ സദസ്സിനെ” കുട്ട്യാമു സാഹിബും പക്വമതിയായ ബാഫഖി തങ്ങളും പരസ്യമായി മാപ്പു പറഞ്ഞുകൊണ്ടാണ് സദസ്സിനെ ശാന്തമാക്കി യോഗ നടപടികൾ പുനരാരംഭിച്ചത് എന്ന് പറയുന്നുണ്ട്. ബാഫഖി തങ്ങളുടെ പ്രതിപക്ഷ ബഹുമാനവും തന്റേടവും വിളിച്ചോതുന്നതായിരുന്നു ഈ സംഭവം.

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ട ബാഫഖി തങ്ങൾ മുജാഹിദുകളെ തുടർന്ന് നമസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ബാഫഖി തങ്ങളുടെ മനോഹരമായ ജീവചരിത്രം തയ്യാറാക്കിയ എം.സി. വടകര എഴുതിയത് കാണുക. ” സുന്നികളും മുജാഹിദുകളും തമ്മിൽ ചേരിതിരിഞ്ഞ് കലഹിക്കുകയും അറ്റമില്ലാത്ത വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്യുകയെന്നത് മലബാറിലെ ശാന്തജീവിതത്തെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളായിരുന്നു. നിരർഥകമായ തർക്കവിതർക്കങ്ങൾ നിശയുടെ അന്ത്യയാമങ്ങളെപ്പോലും ശബ്ദായനമാക്കുകയും പലപ്പോഴും കയ്യാങ്കളിയിലോളം കടന്നുപോവുകയും ചെയ്യും…. എന്നാൽ ബാഫഖി തങ്ങൾ വ്യത്യസ്തമായ ഒരു സുന്നി ആയിരുന്നു. സുന്നി പക്ഷത്തെ തലയെടുപ്പുള്ള നേതാവാണെങ്കിലും വാദപ്രതിവാദങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. സുന്നി വികാരത്തേക്കാളുപരി സമുദായ ഐക്യത്തിന് പ്രാധാന്യം നൽകിയതിനാൽ വാദപ്രതിവാദങ്ങൾ ഒഴിവാക്കാനാണ് സുന്നികളെയും മുജാഹിദുകളെയും അദ്ദേഹം ഉപദേശിക്കാറ്. അവരെല്ലാം രാഷ്ട്രീയ രംഗത്ത് ബാഫഖിതങ്ങളുടെ ഉറച്ച അനുയായികളുമാണല്ലോ…. ലീഗിന്റെ യോഗങ്ങളിൽ പ്രാർഥന നടത്താൻ കെ.എം. മൗലവിയോടാണ് ബാഫഖി തങ്ങൾ ആവശ്യപ്പെടാറ്.” (പേജ് 163, 164)

നീണ്ട 34 വർഷക്കാലം ബാഫഖി തങ്ങളുടെ സഹായിയായി ഏതാണ്ട് പ്രൈവറ്റ് സിക്രട്ടറിയെപോലെ പ്രവർത്തിച്ച കൊയിലാണ്ടിയിലെ കോക്കാട്ട് അഹ്മദ് പറഞ്ഞതായി എം.സി. ഉദ്ധരിക്കുന്നത് കാണുക.: ”ബാഫഖി തങ്ങൾ വ്യക്തിപരമായി ഖുത്വുബ മലയാള ഭാഷയിലാക്കുന്നതിന്ന് അനുകൂലമായിരുന്നുവെന്ന് കോക്കാട് അഹ്മദ് പറയുന്നു.: സമസ്തയുടെ യോഗത്തിൽ പോകുമ്പോൾ പലപ്പോഴും ബാഫഖി തങ്ങൾ അഹമ്മദിനോട് പറയും: ” അഹമ്മദേ, ഖുതുബ മലയാളത്തിലാക്കുന്നതിന്ന് എതിർക്കേണ്ട എന്ന പ്രമേയം ഇന്ന് ഞാൻ ആവരെക്കൊണ്ട് പാസ്സാക്കിക്കും” പക്ഷെ അത് സാധിക്കാതെ തിരിച്ചുവരുമ്പോൾ അഹമ്മദ് ചോദിക്കും: തങ്ങളേ ഖുതുബയുടെ കാര്യമെന്തായി?” ബാഫഖി തങ്ങൾ ചിരിച്ചുകൊണ്ട് പറയും: ”എടോ അത് മലയാളത്തിലാക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത്. ഞാനെന്ത് ചെയ്യും?” (പേജ്-166)

എല്ലാത്തരം അന്ധ വിശ്വാസങ്ങൾക്കും അബദ്ധ വിശ്വാസങ്ങൾക്കും എതിരായിരുന്നു ബാഫഖി തങ്ങൾ. പ്രവാചകന്റെ അനുയായികൾ രോഗശാന്തിക്കായി ആൾദൈവങ്ങളെ സമീപിക്കുന്നതും മന്ത്രവാദികളെ ആശ്രയിക്കുന്നതും ബാഫഖിതങ്ങളെ ദുഃഖിപ്പിച്ചു. ജ്യോതിഷം, ജാതകമെഴുത്ത്, പ്രശ്‌നം വെക്കൽ, കൈരേഖ നോക്കൽ മുതലായ അനാചാരങ്ങളെല്ലാം അനിസ്‌ലാമികമാണെന്ന് വിശ്വസിച്ചു അദ്ദേഹം. അവസരം കിട്ടുന്ന വേദികളിലെല്ലാം അത്തരം അനാചാരങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മുസ്‌ലിംലീഗിന്റെ വലിയ രാഷ്ട്രീയ സമ്മേളനവേദികളിൽവെച്ച്‌പോലും അദ്ദേഹം ഇത്തരം വിഷയങ്ങളെ പരാമർശിക്കുകയും അന്ധവിശ്വാസങ്ങൾക്കെതിരായ തന്റെ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.” (പേജ്. 167)

‘ചന്ദ്രിക’ സഹപത്രാധിപരായിരുന്ന പി.കെ. മുഹമ്മദിന്റെ അനുഭവം എം.സി. ഉദ്ധരിക്കുന്നുണ്ട്. ”അനുജനെ മാന്ത്രിക ചികിത്സക്കായി മലപ്പുറത്തെ പ്രസിദ്ധനായ ഒരു തങ്ങളുടെ അടുക്കലേക്ക് കൊണ്ടുപോകണമെന്ന് എന്റെ ബാപ്പ എന്നെ അറിയിച്ചു. ഞാൻ ഈ കാര്യം ബാഫഖി തങ്ങളോട് പറഞ്ഞപ്പോൾ അദ്ദേഹം ദ്വേഷ്യപ്പെടുകയാണുണ്ടായത്. ”മാനൂ, നി അവനെ ഇവിടെ കോഴിക്കോട്ടെക്ക് കൊണ്ടുവരാൻ പറയൂ. ഇവിടെ ആ രോഗത്തിന്ന് പല പുതിയ ചികിത്സയുമുണ്ട്. നമുക്ക് സൈക്യാട്രിസ്റ്റിനെ കണ്ട് ചികിത്സിപ്പിക്കാം എന്നാണ് ബാഫഖി തങ്ങൾ പറഞ്ഞത്.

മതാനുഷ്ഠാനങ്ങളിൽ അതീവ നിഷ്ഠ പുലർത്തിയ തങ്ങൾ ശിർക്ക് കലർന്ന ആചാരങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങളെ അദ്ദേഹത്തിന്റെ അനുയായികൾ അതിരറ്റു സ്‌നേഹിച്ചു. ഒരു പക്ഷേ, വീരാരാധനയോളം അത് പലപ്പോഴും വളർന്നു. പക്ഷേ തങ്ങളത് അംഗീകരിക്കില്ല. പരിശുദ്ധ ഹജ്ജ് കഴിഞ്ഞ ഉടൻ മക്കയിൽവെച്ച് വെള്ളിയാഴ്ച മരിച്ച തങ്ങളെ തങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ മരണാനന്തരം കൈകാര്യം ചെയ്യുന്ന ഗതികേടിൽ നിന്ന് അല്ലാഹു ബഹു.തങ്ങളെയും സമുദായത്തെയും രക്ഷിച്ചുവെന്ന ചിലരുടെ നിരീക്ഷണം തെറ്റല്ല. തങ്ങൾ മരിച്ചതിവിടെയായിരുന്നെങ്കിൽ ദർഗയും അനുബന്ധ അനാചാരങ്ങളും ഉണ്ടായേനെ.

ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ ‘ദഅ്‌വത്തി’ന്റെ പത്രാധിപരും അഖിലേന്ത്യാ ജമാഅത്ത് ശൂറാംഗവുമായിരുന്ന മർഹൂം മുസ്‌ലിം സാഹിബ് ബാഫഖി തങ്ങളെ സംബന്ധിച്ചുള്ള മധുരസ്മരണ രേഖപ്പെടുത്തിയത്കൂടി കാണുക: ”1942 ലെ രണ്ട് മാസക്കാലത്തോളമുള്ള ജീവിതം ഇന്നും ഓർക്കുന്നു… ഞാനന്ന് ഖാക്‌സാർ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലമായിരുന്നു. മദ്രാസിൽ തടവിലായിരുന്നു അല്ലാമാ ഇനായത്തുല്ലാ മശ്‌രിഖി. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം നടത്തണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മലബാറായിരുന്നു എന്റെ പ്രവർത്തനമേഖല. ഖാക്‌സാർ പ്രസ്ഥാനത്തിനുണ്ടായിരുന്ന ഒരു ചിട്ട അതിഥികളായി മൂന്ന് ദിവസത്തിലധികം ആരുടെ കൂടെയും താമസിക്കരുതെന്നായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ ജീവിതച്ചെലവിന്ന് വകയുണ്ടാക്കുക, പ്രസ്ഥാന പ്രവർത്തനം നടത്തുക ഇതായിരുന്നു മുറ….. പ്രവർത്തനങ്ങൾക്കായി പലപ്പോഴും യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. വണ്ടിക്കൂലിക്ക് മറ്റ് ഉപായങ്ങളൊന്നും പറ്റില്ലല്ലോ. കീശ ശുഷ്‌കിച്ചിരുന്നു. മൂന്ന് രൂപ മാത്രമായി കൈയിലിരിപ്പ്. നിശ്ചയ പ്രകാരം ഒരു മാസം കൂടി താമസിക്കേണ്ടതുണ്ടായിരുന്നു. മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. ജോലി അന്വേഷിക്കുക തന്നെ. അങ്ങിനെ ഒരു വിദൂര പ്രദേശത്ത് പോയി കൂലിവേലയാരംഭിച്ചു. പെട്ടെന്ന് എന്ത് പണി കിട്ടും? ഇഷ്ടിക ചുമക്കുന്ന പണി കിട്ടി. ഇഷ്ടിക ചുമന്ന് മുകളിലെത്തിക്കുക ഇതായിരുന്നു ജോലി. ഒരുറുപ്പികയും പത്തണയും ആയിരുന്നു ദിവസക്കൂലി കിട്ടിയിരുന്നത് എന്ന് തോന്നുന്നു.

എങ്ങനെയോ ഈ കഥ പതുക്കെ പലരുമറിഞ്ഞു. ഞാൻ ഇങ്ങനെ ഒരു ജോലിയിലാണേർപ്പെട്ടിരിക്കുന്നത് എന്നറിഞ്ഞവരുടെ കൂട്ടത്തിൽ മർഹൂം അബ്ദുറഹ്മാൻ ബാഫഖി തങ്ങളുമുണ്ടായിരുന്നു. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുള്ളതോടൊപ്പം തന്നെ ഞങ്ങൾ തമ്മിൽ ഉറ്റബന്ധമാണുണ്ടായിരുന്നത്. അദ്ദേഹം വളരെ നിർബന്ധിച്ച് എന്റെ പേരിൽ കുറെ കുരുമുളക് എവിടേക്കോ അയച്ച് വിൽപനയാക്കി അതിന്റെ ലാഭം എനിക്ക് തന്നു.

ഞങ്ങൾ ഖാക്‌സാർ പ്രവർത്തകരുടെ ഈ സന്നദ്ധ സേവനത്തിന്റെ മഹത്വം മുസ്‌ലിം ലീഗുകാരും സമ്മതിച്ചു. മാത്രമല്ല, പലപ്പോഴും അവർ അവരുടെ മിക്ക പാർട്ടി യോഗങ്ങളിലും ഇതിനെ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. (സ്മരണകൾ സംഭവങ്ങൾ, മൂന്നാം പതിപ്പ് പേജ്. 58,59)

മർഹൂം: ബാഫഖി തങ്ങളുടെ ആത്മ മിത്രവും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ തുടക്കം മുതൽക്കേ ഉള്ള ഖജാഞ്ചിയുമായിരുന്നു എം.കെ ഹാജി. ഖജാഞ്ചിയാവുകയെന്നാൽ അക്കാലത്ത് മതിയായ വരവില്ലാതെ ഉദാരമായി ആവശ്യാനുസൃതം ചിലവഴിക്കുക എന്നതാണ്. മലബാർ ലഹളയിലും ഖിലാഫത്ത് പ്രക്ഷോഭത്തിലുമൊക്കെ പങ്കെടുത്ത ഹാജി സാഹിബ് അടിയുറച്ച മുസ്‌ലിം ലീഗുകാരനും അതേ സമയം സജീവ മുജാഹിദുമായിരുന്നു. വളരെ ദരിദ്രാവസ്ഥയിൽ നിന്ന് കഠിനാധ്വാനത്തിലൂടെ വളർന്ന വ്യക്തിയാണദ്ദേഹം. പിഞ്ചുകുട്ടികൾ അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയും അസ്വസ്ഥതകളും അനുഭവിക്കുന്നത് അദ്ദേഹത്തിന് അസഹനീയമായതു പോലെ ഇന്ത്യൻ മുസ്‌ലിംകൾ ഇടയനില്ലാത്ത ആട്ടിൻ പറ്റങ്ങളെപ്പോലെ അരക്ഷിതരും അനാഥകളുമാകുന്ന ദുരവസ്ഥയും അദ്ദേഹത്തിന് അസഹനീയമായിരുന്നു. തിരൂരങ്ങാടി യത്തീംഖാനയുടെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജീവ കാരുണ്യ പ്രവർത്തനങ്ങളുടെയും ജീവനാഡിയായി ആജീവാനന്തം നിലകൊണ്ട ഹാജി സാഹിബ് മുസ്‌ലിം ലീഗിന്റെയും ജീവ നാഡിയായിരുന്നു. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോടൊപ്പം തോളോടു തോളുരുമ്മി മുസ്‌ലിം ലീഗിൽ പ്രവർത്തിച്ച എം. കെ ഹാജി മുസ്‌ലിം ഐക്യം സ്ഥാപിക്കുമാറ് മുജാഹിദ്-സുന്നി സഹകരണം പരമാവധി സുസാധ്യമാക്കാൻ ലീഗ് പ്ലാറ്റ് ഫോമിൽ ബാഫഖി തങ്ങളോടൊപ്പം ഫലപ്രദമായി യത്‌നിച്ചു.

യതീം കുട്ടികൾക്ക് സൗകര്യപ്രദമായ കെട്ടിടം പൂർത്തിയായിട്ടേ തന്റെ ഭവന നിർമാണം നടത്തൂ എന്ന് ശഠിച്ച ഹാജി സാഹിബ് ആദ്യകാലത്ത് താൻ താമസിക്കുന്ന വീട് തന്നെ യതീംഖാനക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തു.

ബാഫഖി തങ്ങൾക്ക് ശേഷം പിന്നെയും ഒരു ദശകം ജീവിച്ച എം.കെ ഹാജി മലബാർ ലഹളയും ഖിലാഫത്ത് പ്രക്ഷോഭവും സ്വാതന്ത്ര്യ സമരവും അനുഭവിച്ച ഏറനാടൻ ധീരതയുടെയും ആർജവത്തിന്റെയും പര്യായമായിരുന്നു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ: ടി.എം സാവാൻ കുട്ടി സാഹിബ് ഹാജി സാഹിബിനെപറ്റി എഴുതിയത് കാണുക: ”…ചില സന്നിഗ്ധ ഘട്ടങ്ങളിലായിരുന്നു ഹാജി സാഹിബിന്റെ വ്യക്തിത്വം തികച്ചും തെളിഞ്ഞു കണ്ടിരുന്നത്. അത്തരം സന്ദർഭങ്ങളിൽ ഒട്ടും പതറാതെ സംയമനം പാലിച്ചുകൊണ്ട് അല്ലാഹുവും റസൂലും പഠിപ്പിച്ചതിൽ നിന്ന് വ്യതിചലിക്കാതെ സൂക്ഷ്മതയോടെ പ്രശ്‌നങ്ങളുടെ യാഥാർഥ്യം അറിയാൻ സഹപ്രവർത്തകരുമായി ചുഴിഞ്ഞാലോചിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പ്രത്യേകത തന്നെയാണ്. ഒരു സംഭവം ഞാനോർക്കുന്നു. 1970-ൽ ആണെന്ന് തോന്നുന്നു, സംസ്ഥാന മുസ്‌ലിം ലീഗിന്റെ പ്രവർത്തക സമിതി യോഗം കോഴിക്കോട് ലീഗ് ഹൗസിൽ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ യോഗത്തിൽ ബഹുമാന്യനായ ബാഫഖി തങ്ങൾ അധ്യക്ഷ പ്രസംഗത്തിൽ തന്റെ ആരോഗ്യം ദിനംപ്രതി മോശമായി വരികയാണെന്നും അതിനാൽ സംഘടനയുടെ അധ്യക്ഷ പദവി തുടർന്നു കൊണ്ടുപോവാൻ പ്രയാസമായി തോന്നുന്നുവെന്നും തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാകാൻ അനുവദിക്കണമെന്നും പറയുകയുണ്ടായി. തങ്ങളുടെ മുഖത്ത് ഗൗരവം സ്ഫുരിച്ചിരുന്നു. അവിടെ സന്നിഹിതരായിരുന്ന പ്രവർത്തക സമിതിയംഗങ്ങൾ തെല്ലൊരു ഞെട്ടലോടുകൂടി തന്നെയായിരുന്നു തങ്ങളവർകളുടെ വാക്കുകൾ കേട്ടുകൊണ്ടിരുന്നത്. എന്ത് പറയണം, എന്ത് ചെയ്യണം, എന്നറിയാതെ വിഷമിക്കുകയായിരുന്നു എല്ലാവരും. തങ്ങൾ പ്രഭാഷണം അവസാനിപ്പിച്ച് കസേരയിലിരുന്ന ഉടനെ ഹാജി സാഹിബ് ചാടിയെണീറ്റ് സ്റ്റേജിൽ കയറി പ്രസംഗമാരംഭിക്കുകയും ചെയ്തു. ഹാജി സാഹിബ് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും ഗൗരവം വിടാതെ പ്രസംഗിച്ചു കൊണ്ടിരിക്കെ തങ്ങളവർകളോടായി ചില ചരിത്ര വസ്തുതകൾ നിരത്തി വെച്ചതിനു ശേഷം ഇങ്ങനെ തുടർന്നു. ”ബഹുമാനപ്പെട്ട തങ്ങൾ ഒരു കാര്യം ഓർക്കണം. ഇസ്‌ലാമിന്റെയും മുസ്‌ലിം ലീഗിന്റെയും ചരിത്രത്തിൽ സ്ഥാനം വഹിച്ചു പോന്ന നേതാക്കന്മാരാരും തന്നെ അവരുടെ മരണത്തിനു മുമ്പായി ആരോഗ്യമില്ലെന്ന കാരണത്താൽ സ്ഥാനങ്ങൾ രാജിവെച്ച ചരിത്രം ഇന്നോളമുണ്ടായിട്ടില്ല. സ്ഥാനങ്ങൾ അവർ ഒഴിയേണ്ടി വന്നത് അവരുടെ മരണത്തോടുകൂടി മാത്രമാണ്. ആയതിനാൽ ബഹു: തങ്ങൾ തന്റെ നിർദേശം പിൻവലിക്കുക തന്നെ വേണം…..” (എം.കെ ഹാജി സ്മരണിക 1984, പേജ്. 143)

എം.കെ ഹാജിയുടെ ആവശ്യത്തെ തങ്ങൾ അംഗീകരിച്ചുവെന്ന് മാത്രമല്ല, തന്റെ അനാരോഗ്യം വക വെക്കാതെ പൂർവോപരി ഊർജസ്വലതയോടെ ലീഗിന്ന് പ്രാപ്തമായ നേതൃത്വം നൽകുകയും ഖാഇദേ മില്ലത്തിന്റെ വിയോഗാനന്തരം അഖിലേന്ത്യാ അധ്യക്ഷ പദവി ഏറ്റെടുക്കുകയും അവസാനം വരെ തുടരുകയും ചെയ്തു. എം.കെ ഹാജിയുടെ ആർജവവും ഉള്ളുറപ്പും മനസ്സിലാക്കാൻ സാവാൻ കുട്ടി സാഹിബ് എഴുതിയ മറ്റൊരു സംഭവം കൂടി കാണുക. ”…. പി.എസ്.എം.ഒ. കോളേജിൽ നിന്ന് അച്ചടക്ക രാഹിത്യത്തെത്തുടർന്ന് പിരിച്ചു വിടപ്പെട്ട ഒരധ്യാപകന്റെ കാര്യവും പറഞ്ഞ് ജില്ലയിലെ കോളേജധ്യാപകർ സമരം നടത്തിയിരുന്ന സന്ദർഭത്തിൽ കാര്യം രമ്യമായി തീർക്കാനുള്ള ഉദ്ദേശത്തോടെ അന്നത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന മുഹമ്മദ് ഗനി സാഹിബ് ഹാജി സാഹിബിനെ സംഭാഷണത്തിന് ക്ഷണിക്കുകയുണ്ടായി. സമരം അവസാനിപ്പിക്കാനുള്ള പോംവഴി എന്ന നിലയിൽ പിരിച്ചുവിടപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ഏതാണ്ട് നിർബന്ധ രീതിയിൽ ആവശ്യപ്പെടുകയുണ്ടായി. പിരിച്ചു വിടപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുന്നതിൽ കോളേജിലെ മുഴുവൻ അധ്യാപകരും എതിരായിരുന്നു. കാര്യങ്ങൾ വിശദമാക്കിക്കൊടുത്തെങ്കിലും വൈസ് ചാൻസലറുടെ അഭിപ്രായത്തെ മാറ്റാനാവില്ലെന്ന് മനസ്സിലാക്കിയ ഹാജി സാഹിബ് വൈസ് ചാൻസലറോട് തന്റെ കോളേജിന്റെ അംഗീകാരം പിൻവലിക്കുകയാണെങ്കിൽപോലും അധ്യാപകനെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്നും കോളേജിനു പകരം മറ്റ് ജനോപകാര സ്ഥാപനങ്ങൾ നടത്താൻ ശ്രമിച്ചുകൊള്ളുമെന്നും പറഞ്ഞുകൊണ്ട് തന്റെ പോക്കറ്റിലുണ്ടായിരുന്ന അംഗീകാരത്തിന്റെ കൽപന വൈസ്ചാൻസലറുടെ മുമ്പാകെ വെച്ചുകൊടുത്തു. ചാൻസലറാകട്ടെ, കാര്യത്തിന്റെ ഗൗരവം ഗ്രഹിക്കുകയും ആദർശ കാര്യങ്ങളിൽ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത മാന്യനാണ് തന്റെ മുമ്പിലിരിക്കുന്ന ഹാജി സാഹിബ് എന്ന് മനസ്സിലാക്കുകയും ചെയ്തതോടെ തന്റെ നിർബന്ധ രൂപത്തിലുള്ള ആവശ്യം പിൻവലിക്കുകയും ചെയ്തു.” (അതേ ലേഖനത്തിൽ നിന്ന്)

സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെപ്പോലുളള പല പ്രഗത്ഭരെയും വളർത്തുന്നതിൽ ബാഫഖി തങ്ങളെപ്പോലെ എം.കെ ഹാജിക്കും പങ്കുണ്ട്. മുസ്‌ലിം ലീഗും എം.ഇ.എസും തമ്മിൽ പിണങ്ങി കൊമ്പ് കോർത്ത നാളുകളിൽ സി.എച്ച് നടത്തിയ പ്രസിദ്ധമായ ഒരു പരാമർശം ഏതാണ്ട് ഇങ്ങനെയായിരുന്നു. ”ഈ നാട്ടിലെ എം.ഇ.എസിന്റെയും അതുപോലുള്ള സാമൂഹിക സേവന സംഘടനകളുടെയും സകലമാന സേവനങ്ങൾ ത്രാസിന്റെ ഒരു തട്ടിലും എന്റെ വന്ദ്യവയോധികനായ നേതാവ് എം.കെ ഹാജി സാഹിബിന്റെ നരച്ച താടിരോമം ത്രാസിന്റെ മറുതട്ടിലും വെച്ചാൽ എം.കെ ഹാജിയുടെ താടിരോമം വെച്ച ത്രാസ് കനം തൂങ്ങി താഴുന്നതായി കാണാം എന്ന കാര്യം തർക്കമറ്റതാണ്.” ഇങ്ങനെയുള്ള എം.കെ ഹാജി നേതൃത്വം നൽകിയ മുസ്‌ലിം ലീഗിന്റെ പഴയകാല നേതാക്കളായിരുന്ന അഖിലേന്ത്യാ ലീഗ് നേതാക്കളെ അടിയന്തിരാവസ്ഥയിൽ അന്യായമായും അകാരണമായും ജയിലിലടക്കുന്നതിൽ മർഹൂം സി.എച്ചിനും പങ്കുണ്ടായിരുന്നുവെന്ന വസ്തുത അദ്ദേഹത്തെ വേദനിപ്പിച്ചിരിക്കുമെങ്കിലും ഒട്ടും തളർത്തിയില്ല എന്നത് അദ്ദേഹത്തിന്റെ ഉള്ളുറപ്പിന്റെ നിദർശനമാണ്. അടിയന്തിരാവസ്ഥയിൽ നടമാടിയ നിർബന്ധ വന്ധ്യംകരണമുൾപ്പെടെ പലതിനെയും എം.കെ ഹാജി നിർഭയം എതിർത്തു.

അടിയന്തിരാവസ്ഥക്കെതിരെ അതിശക്തമായി നിലകൊണ്ട് ഓടി നടന്ന് സധൈര്യം പ്രവർത്തിച്ച എം.കെ ഹാജി അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ”ലീഗ് ടൈംസ്” എന്ന പത്രം സാഹസികമായി പുറത്തിറക്കുന്നതിലും കഷ്ട നഷ്ടങ്ങൾ സഹിച്ച് നടത്തിക്കൊണ്ടുപോകുന്നതിലും വഹിച്ച പങ്ക് സാമുദായിക രാഷ്ട്രീയമെന്നാൽ വാഴുന്നവർക്ക് സ്തുതി പാടലല്ല എന്ന് കൃത്യമായി തെളിയിക്കും വിധമായിരുന്നു. ബാഫഖി തങ്ങളെപ്പോലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാതെ രാഷ്ട്രീയത്തെ സ്വാർഥ താൽപര്യങ്ങൾക്കുപയോഗിക്കാതെ ധീരമായ രാഷ്ട്രീയ പ്രവർത്തനത്തെ ഒരു ജിഹാദായി ഗണിച്ച ത്യാഗിയും ധീരനുമാണ് എം.കെ ഹാജി. ജമാഅത്തെ ഇസ്‌ലാമിയെ അന്യായമായി നിരോധിക്കുകയും വന്ദ്യവയോധികരായ ധാരാളം ജമാഅത്തുകാരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്തതിനെ യൂനിയൻ ലീഗ് പിന്തുണച്ചപ്പോൾ എം.കെ ഹാജിയും അഖിലേന്ത്യാ ലീഗും ശക്തമായി എതിർത്തു. ”ലീഗ് ടൈംസ് പത്രം” ജമാഅത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും നിലപാടുകളെയും ഒരളവോളം പിന്തുണക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ആശയ പ്രകാശനത്തിന് സഹായിക്കുകയും ചെയ്തു.

മുസ്‌ലിം ലീഗിനെ കോൺഗ്രസിന്റെ ‘ബി’ ടീമാക്കി ചുരുക്കുന്നതിനെതിരെ എം.കെ ഹാജിയും മമ്മുക്കേയിയും ബാഫഖി തങ്ങളുടെ മരുമകൻ കൂടിയായ സയ്യിദ് ഉമർ ബാഫഖി തങ്ങളും കൂടി ചേർന്ന് നടത്തിയ ചെറുത്തു നിൽപ് കേരള മുസ്‌ലിം രാഷ്ട്രീയം വിശദമായി പഠിക്കുന്നവർക്ക് ഒരു വിഷയം ആവേണ്ടതുണ്ട്. അന്നത്തെ ലീഗ് ഭിന്നിപ്പിൽ ഇരുപക്ഷത്തും തെറ്റുകുറ്റങ്ങൾ വന്നിരിക്കാം. എന്നാൽ മർഹൂം ബാഫഖി തങ്ങളും എം.കെ ഹാജിയും മറ്റും സമുദായ താൽപര്യവും മുസ്‌ലിം ലീഗിന്റെ വളർച്ചയും മുൻനിർത്തി ആഗ്രഹിച്ച പോലെ മർഹൂം സി.എച്ച് അഖിലേന്ത്യാ തലത്തിൽ ലീഗിന്ന് കാര്യക്ഷമമായ നേതൃത്വം കൊടുത്തു കൊണ്ട് അധികാര രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിന്നിരുന്നെങ്കിൽ ഒരു പക്ഷേ മുസ്‌ലിം ലീഗ് കുറേയേറെ പടർന്നു പന്തലിക്കുകയും വളരുകയും ചെയ്യുമായിരുന്നുവെന്ന് പഴയ കാല ലീഗ് പ്രവർത്തകരുടെ നിരീക്ഷണം തീർത്തും അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ.

എം.കെ ഹാജിയും ഉമ്മർ ബാഫഖി തങ്ങളും മമ്മുക്കേയിയും മറ്റും അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ വിയോഗാനന്തരം ചെറുത്തുനിൽപ് നടത്തേണ്ടി വന്നത് കോൺഗ്രസ്സ് പണ്ടു മുതലേ ലീഗിനെതിരെ പുലർത്തിയ ശരിയല്ലാത്ത സമീപനത്തിന്റെ പേരിലായിരുന്നു. ഇത് അഖിലേന്ത്യാ ലീഗിന്റെ പിറവിക്ക് ഹേതുവായി. മുസ്‌ലിംലീഗിന്റെ അതിരു കവിഞ്ഞ കോൺഗ്രസ്സ് വിധേയത്വത്തിനെതിരെ ചിന്തിക്കുന്ന പ്രബുദ്ധധാര പിന്നെയും പിന്നെയും ലീഗിനുള്ളിൽ രൂപപ്പെടുന്നത് എം.കെ ഹാജിയും മറ്റും രൂപപ്പെടുത്തിയ ചിന്താസരണിയുടെ തുടർച്ചയാണ്. അതാണ് പിന്നീടുണ്ടായ ഐ.എൻ.എൽ, പി.ഡി.പി പോലുള്ള പാർട്ടികൾക്കും എം.കെ ഹാജിയുടെ അഖിലേന്ത്യാ ലീഗിന്റെ പ്രചോദനം ഭാഗികമായിട്ടെങ്കിലും കാണാം. ഇപ്പോഴും ലീഗിനുള്ളിൽ അതിനെ കോൺഗ്രസ്സിന്റെ ‘ബി’ ടീമാക്കുന്നതിനെതിരെ ചിന്തിക്കുന്ന സർഗാത്മകതയും വിപ്ലവാത്മകതയുമുള്ള ഒരു വിഭാഗമുണ്ടെന്നതും തർക്കമറ്റ വസ്തുതയാണ്. അടുത്ത കാലത്തായി മുസ്‌ലിം ലീഗ് നേതൃത്വം ഈ വശം തിരിച്ചറിയുകയും ആ വിഭാഗത്തിന്റെ ഇംഗിതം മാനിക്കുകയും ചെയ്യുന്നുണ്ട്. (മുസ്‌ലിം ലീഗിന്റെ പ്രഗത്ഭനായ അഖിലേന്ത്യാ സെക്രട്ടറി പഴയ അഖിലേന്ത്യാ ലീഗിന്റെ പടക്കുതിരയാണ്.)
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തിയെ നിർവീര്യമാക്കുന്ന ദുഷ്പ്രവണതകൾക്കെതിരെ നിലകൊള്ളാനും അധികാര മോഹമെന്ന അർബുദ ബാധയിൽ നിന്ന് ലീഗിനെ രക്ഷപ്പെടുത്താനും ഇറങ്ങിത്തിരിച്ച് വ്യക്തി ബന്ധമോ സ്‌നേഹബന്ധമോ ഒട്ടും പ്രശ്‌നമാക്കാതെ ഉറച്ചുനിന്ന എം.കെ ഹാജി കാണിച്ച മാതൃക ഉജ്വലവും അനുകരണീയവുമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിയ എം.കെ ഹാജിയുടെ കീഴിൽ സയ്യിദ് ഉമർ ബാഫഖി തങ്ങളും മമ്മുക്കേയിയും മറ്റും നടത്തിയ ഇടപെടലിന്റയും തിരുത്തൽ പ്രവർത്തനങ്ങളുടെയും തുടർഫലമാണ് തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യാനുള്ള കരുത്തും തന്റേടവുമുള്ള ഒരു പ്രബുദ്ധ വിഭാഗം പിന്നീട് സമുദായത്തിൽ ഉരുത്തിരിഞ്ഞ് വന്നുവെന്നതും കരുത്താർജിച്ചുവെന്നതും.

Related Articles