Current Date

Search
Close this search box.
Search
Close this search box.

ബദ്ർ ഒരു ആദർശ സമൂഹത്തിന്റെ നിലപാടാണ്

യുദ്ധങ്ങൾ ആഘോഷിക്കാനുള്ളതല്ല ആചരിക്കാനുള്ളതുമല്ല എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. യുദ്ധങ്ങൾ പ്രോത്സാഹനം നൽകേണ്ടതുമല്ല എന്നും മതം പറയുന്നു. യുദ്ധങ്ങൾ ഒരു വാക്കിൽ പറഞ്ഞാൽ മനുഷ്യരെ കൊല്ലലാണ്. ദൈവം ആദരിച്ച ആത്മാവാണ് മനുഷ്യൻ. അത് കൊണ്ട് തന്നെ കാരണമില്ലാതെ ഒന്നിനെയും കൊല്ലാൻ പാടില്ല. പ്രത്യേകിച്ച് മനുഷ്യനെ.

ബദ്ർ യുദ്ധം ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഒരു ആഘോഷമായി മാറിയിരിക്കുന്നു. ബദ്ർ മാത്രമല്ല പ്രവാചക കാലത്തെ യുദ്ധം. ബദ്ർ അല്ലാത്ത മറ്റു യുദ്ധങ്ങളും ഖുർആനിന്റെ പ്രതിപാദ്യ വിഷയമാണ്. പിന്നെ എന്ത് കൊണ്ട് ബദ്ർ എന്ന ചോദ്യത്തിന് നല്കാൻ കഴിയുന്ന ഉത്തരം അന്ന് ഇസ്ലാമിനെ സഹായിക്കാൻ ആരുമില്ലാത്ത കാലത്ത് മുന്നോട്ട് വന്നവർ എന്നതാണ്.

യുദ്ധങ്ങൾ അവസാനം മാത്രം നടക്കേണ്ട ഒന്നാണ്. അതല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നിടത്തു യുദ്ധം ഒരു അനിവാര്യതയായി തീരുന്നു. മക്കയിൽ നിന്നും മുഹമ്മദിനെ പുറത്താക്കുക എന്നത് ശത്രുക്കളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായിരുന്നു. ശല്യം സഹിക്കവയ്യാതെ അവസാനം മുഹമ്മദിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങി. പക്ഷെ പ്രവാചകൻ തന്ത്രത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടു. ശത്രു പിന്നെയും പിറകിൽ കൂടി. സൗർ ഗുഹയിൽ വെച്ച് രണ്ടു പേരെയും ( പ്രവാചകനെയും അബൂബക്കറിനെയും (റ)) രക്ഷിച്ച സംഭവം ഖുർആൻ പറയുന്നുണ്ട്.

സ്വന്തം നാട് വിട്ടു പോകാൻ നിർബന്ധിതനായ ഒരു അഭയാർത്ഥിയായി മക്കക്കാർ പ്രവാചകന്റെ സങ്കൽപ്പിച്ചു. പക്ഷെ അവർക്ക് തെറ്റുപറ്റി. മുഹമ്മദ്‌ മക്കയിൽ ആളും അർത്ഥവും കുറഞ്ഞവനായിരുന്നു. പക്ഷെ യസ്രിബിൽ മുഹമ്മദ് ഇന്ന് ഭരണകർത്താവാണ്. അവർ കുഴിച്ചു മൂടാൻ ശ്രമിച്ച ഇസ്ലാം കേവല വിശ്വാസം എന്നതിലപ്പുറം ഒരു ജീവിതവ്യവസ്ഥ എന്ന രീതിയിലേക്ക് മാറിപ്പോയിരിക്കുന്നു. അവർ വല്ലാതെ അസ്വസ്ഥരായി. തരം കിട്ടുമ്പോൾ പ്രവാചകനെയും അനുയായികളെയും ബുദ്ധിമുട്ടിക്കുക എന്നതിനപ്പുറം പ്രവാചകന് അഭയം നൽകി എന്ന കാരണത്താൽ ഇപ്പോൾ മദീനക്കാരും അവരുടെ ശത്രു ലിസ്റ്റിൽ വന്നിരിക്കുന്നു.

അതിനിടെ മക്കയിൽ ഇല്ലാതിരുന്ന മറ്റൊരു വിഭാഗം കൂടി മദീനയിൽ ഉദയം ചെയ്തിരിക്കുന്നു. അതിന്റെ പേരാണ് കപടന്മാർ. അന്നും മക്കക്കാരുടെ കച്ചവട സംഘത്തെ ഒന്ന് ഭയപ്പെടുത്തുക എന്നത് മാത്രമായിരുന്നു മുസ്ലിംകളുടെ ഉദ്ദേശ്യം. മക്കക്കാരുടെ ചരക്കുമായി സിറിയയിൽ നിന്നും അബൂസുഫ് യാനും സംഘവും വരുന്നുണ്ട്. സിറിയ – മക്ക വഴി കടന്നു പോകുന്നത് മദീന വഴിയാണ്. മക്കക്കാരുടെ ശല്യം കുറക്കാൻ നല്ലത് കൂടുതൽ ബുദ്ധിമുട്ടിച്ചാൽ ഈ വഴി യാത്ര സുഖമമാവില്ല എന്ന് മക്കക്കാർക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതാണ് . ആദ്യ ഘട്ടത്തിൽ അത്ര മാത്രമേ ഉദ്ദേശ്യം കാണൂ. അതൊരു രാഷ്ട്രീയ തീരുമാനമാണ്. ഇത് മുമ്പും പ്രവാചകൻ ഇത്തരം സംഘങ്ങളെ അയച്ചിട്ടുണ്ട്. ചില സംഘങ്ങളിൽ പ്രവാചകനും ഇടം പിടിച്ചിട്ടുണ്ട്.

അമ്പതിനായിരം അശ്രഫിയുടെ മുതലുമായി തിരിച്ചു വരുന്ന അബൂസുഫ് യാൻ തങ്ങളെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ ശ്രമിക്കുന്നു എന്ന രീതിയിൽ മക്കയിലേക്ക് തെറ്റായ സന്ദേശം അയക്കുന്നു. അബൂ സുഫ് യാൻ കൊണ്ട് പോയ കച്ചവട സംഘത്തിൽ മക്കക്കാർ അധികവും പങ്കു ചേർന്നിരുന്നു. അങ്ങിനെ തങ്ങളുടെ സമ്പത്ത് രക്ഷിക്കാൻ മക്കക്കാർ രംഗത്ത് വരുന്നു. പക്ഷെ നേതാവ് അബുൽ ഹകം ഇതിനെ രാഷ്ട്രീയമായി കണ്ടു. ഇതോടെ മുഹമ്മദിനെ അവസാനിപ്പിക്കണം എന്ന തീരുമാനം അദ്ദേഹം കൈകൊണ്ടു. മക്കക്കാർ രംഗം മാറ്റി ചവിട്ടിയപ്പോൾ മദീനക്കാരുടെ മുന്നിൽ മറ്റൊരു പോംവഴി കണ്ടില്ല. അവിടെയാണ് ബദ്ർ ഒരു അനിവാര്യതയായി മാറിയത്. “ ഈ ചെറു സംഘത്തെ സഹായിച്ചില്ലെങ്കിൽ ഈ ഭൂമിയിൽ നീ ഇബാദത്ത് ചെയ്യപ്പെടുകയില്ല” എന്ന പ്രവാചക പ്രാർത്ഥന ഇബാദത്തിന്റെ മുഴുവൻ വശങ്ങളും ഉൾക്കൊള്ളുന്നു. പിന്നീട് കാണുന്ന ഇസ്ലാം ഒരു രാഷ്രീയം കൂടിയായിരുന്നു. ബദ്റിനു ശേഷമാണു ഖുർആനിലെ മറ്റു പല പ്രമുഖ അധ്യായങ്ങളും അവതീർണമായത്. ബദ്റിൽ മുസ്ലിം പക്ഷത്തിനു കാലടറിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നത് മറ്റൊരു സത്യം.

ഇസ്ലാമിന് വേണ്ടി എഴുനേറ്റു നിൽക്കാൻ ആരുണ്ട്‌ എന്ന ചോദ്യത്തിന് പ്രതികൂല സാഹചര്യത്തിലെ ഉത്തരമാണ് ബദ്ർ. ആ സാഹചര്യം പിന്നീട് ഉണ്ടായില്ല എന്നത് കൊണ്ട് തന്നെ ബദ് രീങ്ങളുടെ പ്രവർത്തനം മികച്ചതായി രേഖപ്പെടുത്തുന്നു. പക്ഷെ ബദ് രീങ്ങളുടെ അതെ പുണ്യം ഇന്നും സാധ്യമാണ്. ഇസ്ലാമിനെ ഒറ്റപ്പെടുത്താനും ഇല്ലാതാക്കാനും പലരും പല രീതിയിൽ ശ്രമിക്കുന്നു. അപ്പോൾ അതിനെ പ്രതിരോധിക്കാൻ ആരുണ്ട്‌ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞാൽ അതും ഒരു ബദ്ർ തന്നെ. തങ്ങളുടെ എല്ലാം അല്ലാഹുവിൽ സമർപ്പിച്ചു എന്നതാണ് ബദ് രീങ്ങൾ ചെയ്തത്. അതായത് ബദ് രീങ്ങൾ ഒരു പാർട്ട് ടൈം മുസ്ലിം അല്ലായിരുന്നു.

ബദ്ർ അത് കൊണ്ട് തന്നെ ആഘോഷിക്കാനുള്ളതല്ല . അബൂ ജഹലിന്റെ കൊലയാണ് ബദ്ർ പാട്ടിലെ മുഖ്യം. യുദ്ധ ഭൂമിയിലെ അലങ്കാരങ്ങൾ ഇസ്ലാം എണ്ണുന്നില്ല. ഇസ്ലാം എന്നും ആവശ്യപ്പെടുന്നത് യുദ്ധങ്ങളിലെ പാഠം ഉൾക്കൊള്ളാനാണ്. യുദ്ധത്തിൽ ആരൊക്കെ കൊല്ലപ്പെട്ടു എന്നതിനെക്കൾ യോദ്ധാക്കൾ ഉയർത്തിപ്പിടിച്ച ആദർശത്തെയാണ് ഇസ്ലാം എടുത്തു പറയുന്നത്. എന്ത് കൊണ്ട് പ്രതികൂല സാഹചര്യത്തിൽ ബദ്റിൽ നിങ്ങൾ ജയിച്ചു?. എന്ത് കൊണ്ട് അനുകൂല സാഹചര്യങ്ങളിൽ ഉഹ്ദിലും ഹുനൈനിലും നിങ്ങൾ പരാജയപ്പെട്ടു എന്നീ ചോദ്യങ്ങളാണ് ഖുർആൻ മുന്നോട്ടു വെക്കുന്നത്.

ഖുർആനിന്റെ യുദ്ധ വിശകലനത്തിന് തിയ്യതിയും വ്യക്തിയും സൈന്യവും പ്രസക്തമല്ല. അത് ചർച്ച ചെയ്യുന്നത് നിലപാടുകളും സന്നദ്ധതയും അനുസരണവുമാണ്. ബദ്ർ പാടി തീർക്കാം. പറഞ്ഞു തീർക്കാം. ആഘോഷിച്ചു തീർക്കാം. പക്ഷെ ബദ്ർ ഒരു പാഠമായി എന്ന് സമുദായത്തിന് മനസ്സിലാവുന്നുവോ അന്ന് മാത്രമാണ് ആധുനിക അബുൽ ഹകമിനെയും കൂട്ടരെയും വിശ്വാസികൾക്ക് മറി കടക്കാൻ കഴിയുന്നത്‌. ബദ്ർ ഒരു തുടക്കമോ ഒടുക്കമോ അല്ല. ഒരു ആദർശ സമൂഹത്തിന്റെ നിലപടുകളിൽ പലപ്പോഴും കണ്ടു മുട്ടേണ്ടി വരുന്ന സന്നിഗ്ദാവസ്ഥയാണ് ബദ്ർ.

Related Articles