Your Voice

തർക്കം അവസാനത്തിലെത്തുമ്പോൾ

ബാബരി മസ്ജിദ് രാം ജന്മഭൂമി വിഷയം കോടതിക്കും മടുത്തെന്നാണ് തോന്നുന്നത്. enough is enough എന്ന രീതിയിലാണ് ഇന്ന് ചീഫ് ജസ്റ്റിസ് വാദത്തിനു കൂടുതൽ സമയം നൽകണം എന്ന കക്ഷികളുടെ ആവശ്യത്തോട് പ്രതികരിച്ചത്. നിലവിലുള്ള ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ പതിനേഴിന് മുമ്പേ തന്നെ കേസിനു അന്തിമ വിധി പറയും എന്നാണ് മനസ്സിലാക്കപ്പെടുന്നത്. കഴിഞ്ഞ നാല്പതു ദിവസത്തോളമായി ഇരു കക്ഷികളും നിർത്താതെ വാദിച്ചു കൊണ്ടിരിക്കയായിരുന്നു. വാദത്തിനിടയിൽ പലപ്പോഴും കേസ് കേൾക്കുന്ന ജഡ്ജിമാരുടെ നോട്സുകൾ ചർച്ചയായിരുന്നു.

അയോധ്യയിൽ മുസ്ലിംകൾക്ക് ആരാധിക്കാൻ അറുപതോളം പള്ളിയുണ്ട് എന്നാൽ ഹിന്ദുക്കൾക്ക് രാമൻ ജനിച്ച സ്ഥലം വേറെ കിട്ടില്ല എന്നാണു അവസാന വാദമായി വന്നിട്ടുള്ളതു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസ് എന്നതു കൊണ്ട് തന്നെ വരുന്ന വിധിക്കു വളരെ പ്രസക്തിയുണ്ട്. ഈ വിഷയത്തിലെ അന്തിമ വിധി എന്ന് വേണമെങ്കിൽ പറയാം, അത് കൊണ്ട് തന്നെ എന്ത് വിധിച്ചാലും നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിര്ബന്ധിതമാകുന്നു. പതിനാറാം നൂറ്റാണ്ടിൽ ഉണ്ടാക്കി എന്ന് പറയപ്പെടുന്ന പള്ളി രാമന്റെ ജന്മ സ്ഥലത്താണ് നിർമ്മിക്കപ്പെട്ടത് എന്ന് തെളിയിക്കാൻ സാധ്യമായ ചരിത്ര രേഖകൾ ഇന്നുവരെ ഉണ്ടായിട്ടില്ല എന്നുറപ്പാണ്. വിശ്വാസവും ചരിത്രവും തമ്മിൽ കൂട്ടി ചേർത്താണ് ഒരു വിഭാഗം കേസിനെ മുന്നോട്ടു കൊണ്ട് പോകുന്നത്. പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ചരിത്ര രേഖയിലും അത്തരം ഒരു ക്ഷേത്രത്തെ കുറിച്ചും അത് തകർത്ത് പള്ളി പണിതതിനെ കുറിച്ചും പറയുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

ബ്രിട്ടീഷ് കാലത്താണ് ബാബരി വിവാദങ്ങൾ തലപൊക്കിയത്. കൂടുതൽ വാദം വേണ്ട എന്ന് സുപ്രീം കോടതി പറഞ്ഞ സ്ഥിതിക്ക് കോടതി വിഷയത്തിൽ ഒരു തീരുമാനത്തിൽ എത്തിക്കാണും എന്നുറപ്പാണ്. മറ്റൊരു കേസും വിധിയും സാധ്യമല്ല എന്നതിനാൽ തന്നെയാണ് ലോകം ഈ വിധിക്കു വേണ്ടി കാത്തിരിക്കുന്നത്. ചരിത്രത്തിന്റെ പിന്ബലമാണോ അതോ വിശ്വാസത്തിന്റെ പിന്ബലമാണോ വലുത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാകും. ഭരണത്തിൽ സംഘ പരിവാറാണ് എന്നത് കൊണ്ട് തന്നെയാണ് വിധിയിൽ വല്ലാത്ത ആശങ്ക കടന്നു വരുന്നതും. കേസിൽ നിന്നും സുന്നി വഖഫ് ബോർഡ് പിന്മാറുന്നു എന്ന വാർത്ത വാദത്തിന്റെ അവസാന മണിക്കൂറിലാണ് സംഭവിച്ചത് . വഖഫ് ബോർഡ് ഒരു സർക്കാർ സ്ഥാപനമാണ് എന്ന് കൂടി ചേർത്ത് വായിക്കണം.

വാദം ഇന്നത്തോടെ അവസാനിച്ചാൽ പിന്നെ ബാക്കിയുള്ളത് വിധി മാത്രമാണ്. അയോധ്യയിലും പരിസര പ്രദേശങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് പോലീസ് നിരോധിച്ചിട്ടുണ്ട്. വിധി ഉണ്ടായാൽ ഒരു തത്സമയ പ്രതികരണം പ്രതീക്ഷിക്കാം എന്നുറപ്പാണ്. സംഘ പരിവാറിന്റെ അവകാശവാദം ബാബരി മസ്ജിദിൽ നിൽക്കും എന്ന് തോന്നുന്നില്ല. ന്യൂനപക്ഷത്തെ ഭയപ്പെടുത്തുക എന്നതാണ് അവരുടെ ഉദ്ദേശ്യം എന്നുറപ്പാണ്. വരാനിരിക്കുന്ന വിധി ഇന്ത്യൻ പൊതു മണ്ഡലത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകും എന്നുറപ്പാണ്. പുതിയ വാദങ്ങളും തെളിവുകളും വരുന്നില്ല എന്നത് തന്നെയാകും കേസിന്റെ വാദം അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചതും എന്ന് വേണം അനുമാനിക്കാൻ.

Facebook Comments
Related Articles
Show More
Close
Close