Your Voice

തെരഞ്ഞെടുപ്പ് ഉന്നമിട്ട് അയോധ്യ

ഇന്നലത്തെ ദേശീയ ചാനലുകളിലെ ചര്‍ച്ചകള്‍ രണ്ടു കാര്യത്തിലായിരുന്നു. ഒന്ന് അയോധ്യ, മറ്റൊന്ന് റിസര്‍വ് ബാങ്ക് വിവാദം. കൂടുതല്‍ ചാനലുകളിലും വിഷയം അയോധ്യ തന്നെ. വിശ്വഹിന്ദു പരിഷത്ത് അയോധ്യയുടെ കാര്യത്തില്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കണം എന്ന് പറഞ്ഞു രംഗത്തു വന്ന അവസരത്തില്‍ അടുത്ത തിരഞ്ഞെടുപ്പിന്റെ വിഷയം തീരുമാനിച്ചു കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍. അതിനിടെ യു.പിയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കും എന്ന് യോഗിയും പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. കോടതി വിധി തങ്ങള്‍ക്കു അനുകൂലമായി വന്നാല്‍ അതംഗീകരിക്കുകയും അല്ലെങ്കില്‍ ആയോധ്യയില്‍ ക്ഷേത്രം പണിയാന്‍ ഓര്‍ഡിനന്‍സ് ഇറക്കണം എന്ന് സംഘ പരിവാറും ഉറപ്പിച്ചു പറയുന്നു.

അതിനിടയിലാണ് ദേശീയ ന്യൂനപക്ഷ ചെയര്‍മാന്‍ റിസ്വിയുടെ പ്രഖ്യാപനം ഇന്ന് പുറത്തു വന്നത്. നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ബാബരി മസ്ജിദിനു മേലുള്ള അവകാശം പൂര്‍ണമായി മുസ്ലിംകള്‍ ഉപേക്ഷിക്കണം എന്നതാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതില്ലാതെ ഈ അപകടമായ അവസ്ഥയില്‍ നിന്നും പുറത്തു വരാന്‍ മറ്റൊരു പോംവഴിയില്ല എന്നും അദ്ദേഹം പറയുന്നു. അല്ലെങ്കില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മോഡി കാലത്തെ ന്യൂനപക്ഷ കമ്മീഷനില്‍ നിന്നും അത് മാത്രമേ പ്രതീക്ഷിക്കേണ്ട കാര്യമുള്ളൂ.

കട്ടു കൊണ്ട് പോയ സാധനം കള്ളന് തന്നെ നല്‍കണം എന്നത് പോലെയാണ് ആ തീരുമാനം. അടുത്ത ദിവസമാണ് ഒരു മുസ്ലിം വയോവൃദ്ധനെ ദുര്‍ഗാ പൂജക്കിടെ ജനം തല്ലി കൊന്നു തീയിട്ടത്. ഒരു ചര്‍ച്ചയും നാം എവിടെയും കണ്ടില്ല. നാട്ടില്‍ ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത് മീഡിയകളാണ്. ഉത്തരേന്ത്യയില്‍ അടുത്ത തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു. ഭരണനേട്ടം പറയാനില്ലാത്ത സര്‍ക്കാരുകള്‍ ചര്‍ച്ചയുടെ വഴി മാറ്റി കൊണ്ടുപോകുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമേ ജനാധിപത്യത്തിന് കഴിയുന്നുള്ളൂ.

ബാബരി മസ്ജിദ് വിഷയം അവസാനിപ്പിക്കാതെ കൊണ്ടുപോകുക എന്നത് സംഘ പരിവാര്‍ ആവശ്യമാണ്. വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ മുസ്ലിം സമൂഹം സന്നദ്ധമാണ്. നിയമപരമായ പോരാട്ടം എന്നതാണ് അവരുടെ മുന്നിലുള്ള ഏക വഴി. പള്ളികള്‍ ഇസ്ലാമില്‍ നിര്‍ബന്ധ കാര്യമല്ല എന്ന വിധി ഇപ്പോള്‍ തന്നെ അവിടെയുണ്ട്. ചുരുക്കത്തില്‍ ഇനിയും ഒരുപാട് തിരഞ്ഞെടുപ്പുകള്‍ പള്ളിയുടെ പേരില്‍ നടന്നു കിട്ടും. തിരഞ്ഞെടുപ്പിന് മുമ്പ് ബാബരി വിഷയം എടുക്കേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനിച്ചാല്‍ അവര്‍ ഉദ്ദേശിക്കുന്നത് പോലെ വിഷയത്തെ കത്തിച്ചു നിര്‍ത്താനാണ് പുതിയ തീരുമാനവുമായി സംഘ്പരിവാര്‍ മുന്നോട്ട് വരുന്നത്.

ഒരു മതേതര രാജ്യത്തു തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത് മനുഷ്യരുടെ ജീവിത നിലവാരം ചര്‍ച്ച ചെയ്തു കൊണ്ടാകണം. അതല്ലാതെ പള്ളിയും അമ്പലവും പശുവും പ്രതിമയും ചര്‍ച്ച ചെയ്തല്ല. ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നത് ആ നാടിന്റെ ജനാധിപത്യ ബോധമാണ്. എന്താണ് ഈ തിരഞ്ഞെടുപ്പിലെ വിഷയം എന്ന് രണ്ടു അമേരിക്കന്‍ വയോ വൃദ്ധരോടു ബി ബി സി ലേഖകന്‍ ചോദിക്കുന്നുണ്ട്. ‘സാമ്പത്തികവും വിദേശ കാര്യവും’ എന്നായിരുന്നു അവരുടെ മറുപടി. ജനാധിപത്യം ഒരു അലങ്കാരമല്ല. അതൊരു ജീവിത രീതിയാണ് എന്ന് നമുക്കെന്നാണ് മനസ്സിലാവുക.

Facebook Comments
Show More

Related Articles

Close
Close