Current Date

Search
Close this search box.
Search
Close this search box.

ഔലിയാക്കൾ ഇസ്ലാമിൽ

കയ്യിൽ വടി പിടിച്ചു കൊണ്ട് അദ്ധ്യാപകൻ കുട്ടിയോട് ചോദിച്ചു “ ഈ വടിയുടെ അറ്റത്ത് ഒരു വിഡ്ഢിയുണ്ട് , ആരെന്നു പറയുക”. സമർഥനായ കുട്ടി തിരിച്ചു ചോദിച്ചു “ സാറേ ഈ വടിക്ക് രണ്ടറ്റമുണ്ട്. അതിൽ ഏതറ്റമാണെന്ന് പറയാമോ?”.

“ ഔലിയാക്കൾ” എന്ന വിശേഷണം കേൾക്കുമ്പോൾ നാം ചോദിക്കേണ്ടതും അത് തന്നെയാണ്. ഖുർആൻ നിരന്തരം ഉപയോഗിച്ച പദമാണ് വലിയ്യ്‌, ഔലിയാ എന്നത്. ഒരാൾ വലിയ്യാണ് എന്ന് പറഞ്ഞാൽ ഒരു സാധാ മുസ്ലിമിന്റെ മനസ്സിലേക്ക് കടന്നു വരുന്ന ഒരു രൂപമുണ്ട്. അയാൾക്ക്‌ എന്തോ അമാനുഷിക കഴിവുണ്ട് എന്നതാണ് ആദ്യ രൂപം. ഖുർആൻ ഈ പദങ്ങൾ ഉപയോഗിക്കുന്നത് അധികവും സഹായി/ സഹായികൾ എന്ന അർത്ഥത്തിലാണ്. ഭാഷയിൽ അതൊരു സർവ്വനാമമാണ്. അതിനു ശേഷം വരുന്ന വിശേഷണം കൂടി ചേർത്താൽ മാത്രമേ പ്രയോഗത്തിന്റെ ഉദ്ദേശ്യം മനസ്സിലാവൂ.

“വിശ്വാസികൾ സത്യ നിഷേധികളെ ഔലിയാക്കൾ ആക്കരുതെന്ന്” ഖുർആൻ പറയുന്നു. അവിടെ ഉദ്ദേശിക്കുന്ന ഔലിയാക്കൾ നിഷേധികളാണ്. “ നിങ്ങൾ പിശാചിന്റെ ഔലിയാക്കളോട് യുദ്ധം ചെയ്യുക” എന്ന പ്രയോഗം ഖുർആനിലുണ്ട്. അവിടുത്തെ ഔലിയാക്കൾ കൊണ്ട് വിവക്ഷ പിശാചിന്റെ കൂട്ടുകാർ എന്നാണ്. “ നിങ്ങൾ ജൂതരെയും ക്രുസ്ത്യനികളെയും ഔലിയാക്കളാക്കരുത്” എന്നും ഖുർആൻ പറയുന്നു. അവിടെ പറഞ്ഞ ഔലിയയും വിശ്വാസികൾ എന്ന ഗണത്തിൽ പെടില്ല. “സത്യനിഷേധികളുടെ ഔലിയ പിശാചാണ്” എന്നും ഖുർആൻ പറയുന്നു.

അതെ സമയം അല്ലാഹുവിന്റെ സഹായി എന്ന അർത്ഥത്തിലും ഖുർആൻ ഈ പദം ഉപയോഗിക്കുന്നു. അല്ലാഹുവിന്റെ ഔലിയാക്കൾ ആരെന്നു ഖുർആൻ കൃത്യമായി വരച്ചു കാണിക്കുന്നു. “ വിശ്വാസവും സൂക്ഷ്മതയും” എന്നാണ് അവർക്ക് ഉണ്ടാവേണ്ട ഗുണങ്ങളായി ഖുർആൻ എടുത്തു പറയുന്നത്. അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ഭയക്കാനും ദുഖിക്കാനുമില്ല എന്നത് കൊണ്ട് മനസ്സിലാക്കപ്പെടുന്നത്‌ പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് അവർക്ക് ഭയ്യക്കേണ്ട കാര്യമില്ല എന്നത് പോലെ ഈ ലോകത്ത് കഴിച്ചു കൂട്ടിയ കാലത്തെ കുറിച്ച് അവർക്ക് ഒരിക്കലും ദുഖിക്കെണ്ടിയും വരില്ല എന്നാകുന്നു. “ ആർ വിശ്വസിക്കുകയും ഭക്തിയുടെ മാർഗം കൈക്കൊളളുകയും ചെയ്തുവോ” എന്ന സൂറ: യൂനുസിലെ വചനത്തെ ഇങ്ങിനെ വിശദീകരിക്കാം. “ അവർ അല്ലാഹുവിനെയും പ്രവാചകനെയും സത്യപ്പെടുത്തി, അല്ലാഹുവിൽ നിന്നും വന്നതിനെയും അവർ സത്യപ്പെടുത്തി, അവരുടെ കടമകൾ വീട്ടുന്നതിലും തെറ്റുകളിൽ നിന്നും മാറി നിൽക്കുന്നതിലും അവർ സൂക്ഷ്മത കാണിച്ചു”.

പ്രവാചകരെ കുറിച്ച് പറഞ്ഞപ്പോൾ ഖുർആൻ ഉപയോഗിച്ച പദം “ വിശേഷമായി തിരഞ്ഞെടുത്തു” എന്നാണ്. വിശ്വാസികൾക്ക് അല്ലാഹു നൽകിയ വിശേഷണമാണ് “ അല്ലാഹുവിന്റെ സഹായികൾ എന്നത്” . അത് കൊണ്ട് തന്നെ എല്ലാ വിശ്വാസികളും അല്ലാഹുവിന്റെ സഹായികൾ എന്ന അർത്ഥത്തിൽ അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന പദവിയിൽ എത്തിപ്പെടും. ഏതൊരാൾക്കും അദ്ധ്വാനത്തിലൂടെ എത്തിപ്പെടാൻ കഴിയുന്ന ഒന്നാണ് “ വലിയ്യ്‌” എന്ന പദവി. ഒരാൾ എത്രമാത്രം അല്ലാഹുവിന്റെ വലിയ്യാണ് എന്നത് അല്ലാഹുവിനു മാത്രം അറിയുന്ന കാര്യമാണ്. ഒരാളുടെ അല്ലാഹുവുമായുള്ള അടുപ്പം കണക്കാക്കുന്നത് അയാൾ അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് എത്രമാത്രം വില കൽപ്പിക്കുന്നു എന്ന് നോക്കിയാണ്. അത് കൊണ്ടാണ് “ശറഈ നിബന്ധനകൾ” പാലിക്കൽ വലിയ്യിന്റെ പ്രഥമ പരിഗണനയിൽ വരുന്നത്. ”നീ ഒരു മനുഷ്യനെ വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നത് കണ്ടാലും അന്തരീക്ഷത്തിലൂടെ പറക്കുന്നത് കണ്ടാലും അദ്ദേഹം ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നുണ്ടോ എന്ന് നേരിൽ ബോധ്യപ്പെടുന്നതുവരെ അയാൾ വലിയ്യാണ് എന്ന കാര്യത്തിൽ നീ വഞ്ചിതനായി പോകരുത്’ എന്ന ഇമാം ശാഫി അവർകളുടെ വാക്കുകൾ പ്രസക്തമാകുന്നതും ഇവിടെ തന്നെയാണ്.

പ്രവാചകന്മാർക്കു നൽകപ്പെടുന്ന “ മുഅജിസത്ത്” സമൂഹത്തിനോട് വെളിപ്പെടുത്തൽ നിർബന്ധമാണ്‌. മൂസനബിയുടെ വടി പോലെ, സ്വാലിഹ് നബിയുടെ ഒട്ടകം പോലെ, ഈസാ പ്രവാചകന് നൽകിയ സവിശേഷ കഴിവുകൾ പോലെ അതിനെ മനസ്സിലാക്കാം അല്ലാഹു അവന്റെ ഭക്തന്മാരായ അടിമകളിലൂടെ വെളിപ്പെടുത്തുന്ന അസാധാരണ സംഭവത്തിനാണ് കറാമത്ത് എന്ന് പറയപ്പെടുന്നത്. അത് സമൂഹത്തോട് വെളിപ്പെടുത്തൽ ഒരു അനിവാര്യതയായി ഇസ്ലാം കണക്കാക്കുന്നില്ല. ഔലിയാക്കൾക്ക് “കറാമത്തുകൾ” ഉണ്ടാകണം എന്നത് ഒരു നിർബന്ധ കാര്യമല്ലെന്ന് സാരം.

ഇസ്ലാം എന്നതിന്റെ വിവക്ഷ ഒരാൾ പൂർണമായി തന്നെ അല്ലാഹുവിനു സമർപ്പിക്കുക എന്നതാണ്. ഇസ്ലാം ത്യാഗത്തിന്റെ കൂടി പേരാണ്. പ്രതികൂല സാഹചര്യങ്ങളിൽ ഒരാൾ എത്രമാത്രം അല്ലാഹുവിനെ അനുസരിക്കാൻ തയ്യാറാകുന്നു എന്നതാണ് അയാളുടെ ഇസ്ലാമിന്റെ അടിസ്ഥാനം. അതാണു പ്രവാചകന്മാരും സലഫുകളും നമുക്ക് കാണിച്ചു തന്ന ഇസ്ലാം. പക്ഷെ ഇന്ന് ഇസ്ലാം എന്നത് അത്ഭുത കഥകളുടെ കൂമ്പാരമാണ്. അല്ലാവിന്റെ ദീനിന്റെ മാർഗത്തിൽ സമരം ചെയ്തും ത്യാഗം വരിച്ചും ജീവിതം സമർപ്പിച്ച ചരിത്രമല്ല പകരം ഫിക്ഷൻ സിനിമകളെ വെല്ലുന്ന രീതിയിലാണ്‌ ഔലിയാക്കൾ അവതരിപ്പിക്കപ്പെടുന്നത്. പല കഥകളും ശരീഅത്തിന്റെ പരിധിക്കു പുറത്താണ് എന്ന് കൂടി പറയണം. ബുദ്ധിയും വിവേകവും പ്രായപൂർത്തിയും ഒത്തു വന്നാൽ ആർക്കും ഇസ്ലാമിലെ ആരാധാന കാര്യങ്ങൾ നിർബന്ധമാണ്‌ എന്ന കാര്യത്തിൽ ഇസ്ലാമിക ലോകത്ത് അഭിപ്രായ അന്തരമില്ല. പക്ഷെ ഇന്ന് നാം കേൾക്കുന്ന ഔലിയാക്കൾ പലപ്പോഴും ഈ പരിധിക്കു പുറത്താണ്.

സ്വാലിഹീങ്ങൾ എന്ന പദമാണ് എല്ലാ സച്ചിതരായ ആളുകളെ കുറിക്കാൻ വേണ്ടി ഇസ്ലാം ഉപയോഗിച്ചത്. അല്ലാഹുവും പ്രവാചകനും കാണിച്ചു തന്നെ വഴിയിൽ സഞ്ചരിക്കുന്നവർ എന്നതാണ് അതിന്റെ വിവക്ഷ. ഇസ്ലാമിക സമൂഹത്തിലെ ഒന്നാമത്തെ ഔലിയാക്കൾ പ്രവാചകന്റെ സ്വഹാബികൾ എന്ന കാര്യത്തിൽ ആരും എതിര് പറയില്ല. അവരിൽ നിന്നും തന്നെയാണ് സ്വർഗ്ഗ ലഭ്യരായ പത്തു പേരെ കുറിച്ച് പ്രവാചകൻ പ്രവചിച്ചതും. അവർ നയിച്ചത് പച്ചയായ ജീവിതമായിരുന്നു. നമുക്ക് അനുഭവപ്പെടുന്ന ജീവിത ക്ലേശങ്ങൾ അവരെയും ബാധിച്ചു . നമ്മെക്കാൾ കൂടുതൽ എന്ന് പറയുന്നതാണ് കൂടുതൽ ശരി. അവരിൽ പലരും കൊല്ലപ്പെട്ടു. ചിലർ പീഡിപ്പിക്കപ്പെട്ടു. അപ്പോഴും അവർ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും ഒരടി പോലും തെറ്റിയില്ല. ചായ കുടിച്ചു പണം കൊടുക്കാത്തവരും നമസ്കാരം ഉപേക്ഷിക്കുന്നവരും എങ്ങിനെയാണ്‌ അവരുടെ പട്ടികയിൽ പെട്ട് പോയത് എന്നത് നാം ചിന്തിക്കേണ്ട വിഷയമാണ്.

ദീൻ, പുരോഹിതർക്ക് എന്നും ഒരു “ ജീവിത മാർഗമാണ്”. ആളുകളുടെ ധനം മോശമായി ഭക്ഷിക്കുന്നവർ എന്ന പ്രയോഗമാണ് അവരെ കുറിച്ച് ഖുർആൻ നടത്തിയത്. അവരിൽ നിന്നും രക്ഷ നേടലാണ് ഈ കാലത്തെ ഏറ്റവും വലിയ ജിഹാദ്.

വടിയുടെ ഏതു അറ്റത്താണ് വിഡ്ഢിയുള്ളത് എന്ന ചോദ്യം പിന്നെ അദ്ധ്യാപകൻ ഒരിക്കലും ഉന്നയിച്ചില്ല. അങ്ങിനെ ചോദിയ്ക്കാൻ ആളില്ല എന്നതാണ് ദീനിന്റെ പേരിൽ വിഡ്ഢിത്വം വിളിച്ചു പറയാൻ പലരെയും പ്രേരിപ്പിക്കുന്നത്.

Related Articles