Current Date

Search
Close this search box.
Search
Close this search box.

2022 ലെ നനവൂറുന്ന ഓർമകൾ

അറേബ്യന്‍ ഉപദ്വീപിലിരുന്ന് പോയവര്‍‌ഷത്തിലെ വിശേഷിച്ചും വര്‍‌ഷാവസാനകാലം ഒരു സിം‌ഹാവലോകനം നടത്താന്‍ ശ്രമിക്കുകയാണ്‌. പുതിയ വര്‍‌ഷത്തിലേക്ക് പുതിയ പുലരിയിലേക്ക് പേജ് തുറക്കുമ്പോള്‍ മറിച്ചിട്ട താളുകളില്‍ ലോകം സാക്ഷിയായ എന്തൊക്കെ കഥകളാണ്‌. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓര്‍‌ത്തെടുത്ത് അടുക്കിവെക്കാന്‍ പോലും ആകാത്ത എണ്ണിയാലൊടുങ്ങാത്ത നോവുന്ന വേവുന്ന വര്‍‌ത്തമാനങ്ങള്‍.

എന്നാല്‍ 2022 ലെ ഒടുവില്‍ ലോക കാല്‍‌പന്തുത്സവ നാളുകള്‍ നന്മയുടെ നനവൂറുന്ന മനസ്സുകളില്‍ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ പ്രതീക്ഷകളില്‍ പുതിയ ചിറകുകള്‍ തുന്നിച്ചേര്‍‌ത്തു എന്നത് ആശ്വാസവും ആവേശവും നല്‍‌കുന്നുണ്ട്‌.

ലോകത്ത് ഏറ്റവും കൂടുതല്‍ എല്ലാ അര്‍‌ഥത്തിലും വിമര്‍‌ശനങ്ങള്‍‌ക്കും കടന്നാക്രമണങ്ങള്‍‌ക്കും വിധേയമാക്കപ്പെട്ടത്‌ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹമത്രെ.അതേ സമയം ഒരു രാഷ്‌ടം ഏതെന്നു ചോദിച്ചാല്‍ മധ്യേഷ്യയിലെ – അറേബ്യന്‍ ഉപദ്വീപിലെ ഒരു കൊച്ചു രാജ്യവുമായിരുന്നു. ധാര്‍‌മ്മികമായ സം‌സ്‌ക്കാരത്തെയും അതിന്റെ രാഷ്‌ട്രീയ സാമൂഹിക സം‌വിധാനങ്ങളെയും തെളിമയോടെ പ്രകാശിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ വികൃതമാക്കി അവതരിപ്പിക്കുന്നതില്‍ ആഗോള മീഡിയകള്‍ മത്സരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.പാരമ്പര്യ ഓത്തുകള്‍‌ക്കപ്പുറം ഒരു ദര്‍‌ശനത്തെ വായിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ട സമൂഹവും അറിഞ്ഞും അറിയാതെയും ഇത്തരം കുപ്രചരണങ്ങള്‍‌ക്ക്‌ ചൂട്ടു പിടിച്ചു കൊണ്ടിരിന്നു എന്നതും യാഥാര്‍‌ഥ്യമാണ്‌.അറേബ്യന്‍ ഉപദ്വീപിലെ ഇതര രാജ്യങ്ങള്‍ സയണിസത്തിന്റെ അതി ഗൂഡമായ നീക്കത്തില്‍ വീണുപോയതിന്റെ ഫലമായി ഗള്‍‌ഫ്‌ രാജ്യങ്ങള്‍‌ക്കിടയിലുണ്ടായ വിള്ളലും വിരോധവും തുടര്‍‌ന്നുണ്ടായ ഉപരോധത്തിനും ലോകം സാക്ഷിയാണ്‌.

ലോക കാല്‍‌പന്തുത്സവം കൊടികേറാന്‍ ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍‌ത്തയുടെ പ്രഥമ പ്രതികരണങ്ങളില്‍ പാശ്ചാത്യ പൗരസ്ത്യ മുഖ്യധാരാ മാധ്യമങ്ങളുടെ അടിവരയിടപ്പെട്ട ആരോപണം സ്വാതന്ത്ര്യമില്ലാത്ത രാജ്യം എന്നായിരുന്നു.തീവ്രവാദ ഭീകരവാദ പ്രചോദന കേന്ദ്രം എന്നുമായിരുന്നു ഒപ്പം പ്രചരിപ്പിച്ചു കൊണ്ടിരുന്നത്.

അഴിഞ്ഞാടി ജീവിക്കാനുള്ള ‘മൃഗീയതയെയാണ്‌’ ഇന്നും സ്വാതന്ത്ര്യം എന്ന പദം കൊണ്ട്‌ വലിയ ശതമാനം പേരും അര്‍‌ഥമാക്കുന്നത്.അതു കൊണ്ട്‌ തന്നെയാണ്‌ പാശ്ചാത്യ രാജ്യങ്ങള്‍ ഏറെ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നതും.

സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരുടെയും അവകാശം ഹനിക്കാന്‍ അനുവദിക്കുകയില്ലെന്നതത്രെ ധാര്‍‌മ്മിക മൂല്യങ്ങളിലൂന്നിയ വിചാരവും വിഭാവനയും.

അടിച്ചമര്‍‌ത്തപ്പെടുന്ന ജനങ്ങളുടെ നാവായും അരിക് വത്കരിക്കപ്പെടുന്നവരുടെ പ്രതീക്ഷയായും ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായും മാറുന്ന ഈ ഉപദ്വീപില്‍ നിന്നും സം‌പ്രേക്ഷണം ചെയ്യുന്ന അല്‍ ജസീറ ചാനലും അതിന്റെ ഭൂമികയായ ഖത്തറും ചാനല്‍ പ്രസാരണത്തിന്റെ ആദ്യനാളുകള്‍ മുതല്‍ വേട്ടയാടപ്പെടുകയായിരുന്നു. നാടും നഗരിയും നഷ്‌ടപ്പെട്ട ഫലസ്‌തീന്‍ ജനതക്കും പ്രതിരോധത്തിലിറങ്ങിയ ധര്‍‌മ്മസമരഭടന്‍മാര്‍‌ക്കും വാര്‍‌ത്തകളില്‍ പ്രാധാന്യത്തോടെ ഇടം നല്‍‌കുന്നു എന്നത് തന്നെയാണ്‌ ഇതിന്റെ പ്രധാന കാരണം.

കാല്‍ പന്തുത്സവം ഹരം പിടിച്ചു മുന്നേറുന്ന സമയത്ത് പോലും പാശ്ചാത്യ മീഡിയകള്‍‌ക്ക് ഖത്തറിന്റെ ഉത്തരവാദപ്പെട്ട മന്ത്രിയോട് ചോദിക്കാനുണ്ടായിരുന്നത് ഹമാസിനെ കുറിച്ചായിരുന്നു.

1967 മുതല്‍ വം‌ശീയവാദികളുടെ അധിനിവേശമാണോ അതല്ല 1987 ല്‍ ജന്മനാടിന്റെ മക്കള്‍ പ്രതിരോധ സ്വഭാവത്തില്‍ ധര്‍‌മ്മസമരത്തിലിറങ്ങിയതാണോ നിങ്ങള്‍‌ക്ക് അറിയേണ്ടത് എന്ന മറു ചോദ്യത്തിനു മുന്നില്‍ അവതാരകക്ക് നിശബ്‌ദയാകാനേ കഴിഞ്ഞുള്ളു.

തുടര്‍‌ന്ന് ദിനേന മരിച്ചു വീണുകൊണ്ടിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങളടങ്ങിയ വിശദാം‌ശങ്ങളും യൂറോപ്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍‌ത്തകരടക്കം നരനായാട്ടിന്നിരയായ സചിത്ര വാര്‍‌ത്തകളും അഭിമുഖത്തില്‍ അവര്‍ ഉയര്‍‌ത്തിക്കാട്ടിക്കൊണ്ടുള്ള പ്രതികരണം സോഷ്യല്‍ മീഡിയകളില്‍ തരം‌ഗമായിരുന്നു.

മനുഷ്യത്വ രഹിതമായ അരും കൊലകള്‍ യഥേഷ്‌ടം നടത്തുന്ന നരാധമന്മാര്‍ ഒരു തുറുപ്പ് ചീട്ടായി പൊക്കിപ്പിടിക്കുന്ന ഹമാസ് – ഭീകരവാദം എന്നീ തത്തമ്മ പൂച്ചപൂച്ച മാത്രമേ അവര്‍‌ക്കും അവര്‍‌ക്ക് ദാസ്യവേലചെയ്യുന്ന പ്രഭൃതികള്‍‌ക്കും പറയാനുള്ളൂ. ദൗര്‍‌ഭാഗ്യകരം അതേറ്റുപാടാന്‍ സം‌സ്‌കൃത സമൂഹം എന്നറിയപ്പെടുന്നവരിലും ആളുകള്‍ ഒട്ടും കുറവല്ല.

മദ്യവും ലഹരിയുടെ ഉന്മാദത്തെ തീഷ്‌ണമാക്കുന്ന ഭൗതിക സാഹചര്യങ്ങളേക്കാളും ഒരു കുടും‌ബ പശ്ചാത്തലമായി ഒരു രാജ്യം തന്നെ മാറാനുള്ള പ്രേരണയും പ്രചോദനവും ഹൃദ്യമാണെന്ന്‌ ലോകത്തെ പഠിപ്പിക്കാന്‍ ഈ അറബ്‌ സാം‌സ്‌ക്കാരിക ഭൂമികക്ക്‌ സാധിച്ചു. മാതൃകാപരമായ ഒരു സമൂഹത്തില്‍ ഉണ്ടായിക്കൂടാത്തത് പൂര്‍‌ണ്ണമായും വിലക്കുകയൊ നിയന്ത്രിക്കപ്പെടുകയൊ ചെയ്‌തത് അപരാധമായിരുന്നില്ലെന്ന്‌ പൊയ്‌വെടികളുടെ വാഹകര്‍‌ക്ക്‌ പോലും അനുഭവത്തിന്റെ വെളിച്ചത്തില്‍ സമ്മതിക്കേണ്ടി വന്നു.

ആഗോള മഹാമേളയില്‍ വിജയ കിരീടം ചൂടിയ ഇതിഹാസനായകനെ ആദരിച്ചതു പോലും വിമര്‍‌ശനങ്ങളാക്കിമാറ്റിയ മീഡിയകളെ അന്ധാളിപ്പിക്കുന്ന വാര്‍‌ത്തകളായിരുന്നു മെസ്സിയുടെ നഗരമായ റൊസാറിയോവില്‍ നിന്നും സംപ്രേക്ഷണം ചെയ്‌‌തത്.അഥവാ ആരാധകരായ പുരുഷന്മാരും സ്‌ത്രീകളും ബിഷ്‌തും അബായയും അണിഞ്ഞ് നൃത്തം വെച്ചു കൊണ്ടായിരുന്നു വിജയാഘോഷത്തിന്‌ മാറ്റ് കൂട്ടിയത്.ശത്രുക്കളെപ്പോലും ആശ്ചര്യപ്പെടുത്തിയ മേളയും അതിനോടനുബന്ധിച്ച വര്‍‌ത്തമാനങ്ങളും അനവധിയത്രെ.

ഖത്തറിന്നെതിരെ ജല്‍‌പനങ്ങള്‍ ആദ്യാന്തം പടച്ചു വിട്ടു കൊണ്ടിരുന്ന ബ്രിട്ടീഷ് മാധ്യമ ഭീമര്‍‌ക്ക്‌ ഈ നൂറ്റാണ്ടിലെ മികച്ച ലോക കാല്‍പന്തുത്സവം എന്ന പട്ടവും പതക്കവും ലോക കായിക ഭൂപടത്തില്‍ ഒരു പൊട്ടുപോലെ മിന്നുന്ന ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിനാണെന്നു സം‌പ്രേഷണം ചെയ്യാതിരിക്കാന്‍ നിര്‍‌വാഹമുണ്ടായില്ലെന്നതിനെ കാലത്തിന്റെ കാവ്യനിതിയെന്നു വിശേഷിപ്പിക്കാം.

ലോകത്ത് കൂടുതല്‍ ചര്‍‌ച്ചചെയ്യപ്പെട്ട കാല്‍ പന്തുത്സവം, തല്‍‌സമയം കൂടുതല്‍ പ്രേക്ഷകരെ ആകര്‍‌ഷിച്ചത്,ഗാലറിയില്‍ കൂടുതല്‍ ആരാധകര്‍ സാക്ഷിയായത് അതിലുപരി ഓണ്‍ ലൈന്‍ ലോകത്ത് കൂടുതല്‍ തരം‌ഗം സൃഷ്‌‌ടിച്ചതും സകലവിധ റെക്കാര്‍‌ഡുകളും ഭേദിച്ചതും 2022 ലെ കാല്‍ പന്തുത്സവം തന്നെയായിരുന്നു.കൂടാതെ സമാധാനപരമായ അന്തരീക്ഷത്തില്‍ ഒരു കൂട്ടു കുടും‌ബോത്സവം പോലെ ആഘോഷിച്ചതും ആസ്വദിച്ചതും ഇക്കഴിഞ്ഞ കായികമേളയായിരുന്നു.

ലോകത്ത് മുമ്പും എത്രയെത്ര കായിക മേളകള്‍ പ്രൗഡഗം‌ഭീരമായത് നടന്നിരിക്കുന്നു.എന്നിട്ടും ഖത്തര്‍ വാര്‍‌ത്ത എന്താണിത്ര പൊലിപ്പിക്കാനുള്ളത് എന്നു ചോദിക്കുന്നവരോട് ഒരു വര്‍‌ത്തമാനം പങ്കിടാം.

ഒരു പാശ്ചാത്യന്‍ സന്ദര്‍‌ശകനോട്‌ അറബി സുഹൃത്ത് ചില കുശലാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ ഖത്തറും കായികമേളയുമൊക്കെ ചര്‍‌ച്ചയില്‍ വിഷയമായി.അവിശ്വസനീയം അത്യത്ഭുതം എന്നൊക്കെയുള്ള പാശ്ചാത്യന്റെ സന്തോഷ പ്രകടനത്തിന്നിടെ അറബി സുഹൃത്ത് പറഞ്ഞു കൊടുത്തു.പാശ്ചാത്യ പൗരസ്ത്യ ആഘോഷങ്ങളും അറബ് ഇസ്‌ലാമിക ആഘോഷങ്ങളും പ്രത്യക്ഷമായി തന്നെ വ്യത്യാസമുണ്ട്.ഭൗതികാസക്തരുടെ ആഘോഷത്തിന്റെ ആത്മാവ് ബോധം കെടലും സംസ്‌ക്കാര ശൂന്യതയടെ ഉറഞ്ഞാട്ടവുമത്രെ.എന്നാല്‍ അറബ് സംസ്‌‌ക്കാരത്തിന്റെ വിഭാവനയില്‍ ആഘോഷം എന്നത് കൂടുതല്‍ ബോധം വീണ്ടെടുക്കുകയും സാം‌സ്‌‌ക്കാരികമായി ഉയര്‍‌ന്ന് നില്‍‌ക്കുകയുമെന്നതത്രെ. ഈയൊരു വിഭാവനയുടെ സാക്ഷാല്‍‌ക്കാരമാണ്‌ 2022 അവസാനത്തില്‍ ലോകം സാക്ഷിയായ വലിയ മാമാങ്കത്തിന്റെ പൊരുളും പെരുമയും.

ജീവിത വീഥികളിലാകെ അതിര്‍‌വരമ്പുകളിടുന്ന അറബ് ഇസ്‌ലാമിക രാജ്യത്ത് ഇതൊന്നും വിജയിക്കുകയില്ല.അഥവാ വിജയിച്ചാല്‍ അവരുടെ സം‌സ്‌ക്കാരത്തിന്റെ നാറാണക്കല്ല് ഇളകും എന്നൊക്കെയായിരുന്നു സാക്ഷാല്‍ മലയാള മാമന്മാരുടെ പ്രവചനം.ഇത്തരം വം‌ശവെറിയന്മാരായ പ്രവചനക്കാരോടും ലോകമാധ്യമ അടിമകളോടും ഒരു ഒരു വേദവാക്യം ഉണര്‍‌ത്താം.

വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:- കുരുടനും കാഴ്‌‌ചയുള്ളവനും തുല്യരല്ല. ഇരുട്ടും വെളിച്ചവും ഒരുപോലെയല്ല. കുളിര്‍ തണലും കൊടും വെയിലും തുല്യമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമന്മാരല്ല.

ഇവിടെ പ്രതിപാതിച്ച ഈ കാഴ്‌‌ചയുള്ളവരുടെ കാഴ്‌‌ചപ്പാടില്‍ തന്നെയാണ്‌ ഈ ആധുനിക ലോകത്തെ ശാന്തി തേടുന്നവരുടെ പ്രതീക്ഷ.

ഒരു പൂ വിരിഞ്ഞത് കൊണ്ട് മാത്രം ഒരു താഴ്‌‌വര മുഴുവന്‍ സുഗന്ധ പൂരിതമാകുകയില്ല. ഒരു പൂന്തോപ്പ്‌ തന്നെ വേണം. എന്നാല്‍ ഒരു തീ പൊരി മാത്രം മതി ഒരു പ്രദേശം മുഴുവന്‍ കത്തിച്ചാമ്പലാക്കാന്‍.

ലോകം ഒരു മഹാമാരിക്ക്‌ സാക്ഷിയായപ്പോള്‍ പ്രജകളും പ്രജാപതികളും ഇതില്‍ നിന്നും മുക്തരായിരുന്നില്ല.രാജ്യം സാം‌സ്‌‌ക്കാരികമായി ചീഞ്ഞു നാറുകയാണ്‌,ഇതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ എല്ലാവരിലും ഏറിയും കുറഞ്ഞും ഉണ്ടായെന്നിരിയ്‌ക്കും.കെട്ടു നാറിയ തടാകങ്ങള്‍ മഴ പെയ്‌തിറങ്ങി ശുദ്ധിയാകാറുണ്ട്.നന്മയുടെ പെരുപ്പം തിന്മയെ നിര്‍‌വീര്യമാക്കാന്‍ ഉപകരിക്കും.അതിനാല്‍ ഉണരുക ഉയരുക…പുതിയ പ്രഭാതത്തിലേക്ക്‌ പുതിയ പ്രതീക്ഷയിലേക്ക്‌ എന്ന്‌ ആശിക്കുന്നു..ആശം‌സിക്കുന്നു..

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles