Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാന സേവനത്തിൽ 160 വർഷം പൂർത്തിയാക്കി

ഈജിപ്തിലെ ബാബി ഹലബി പബ്ലിഷിംഗ് ഹൗസ് ഇസ്‌ലാമിക പൈതൃക പുസ്‌തകങ്ങളുടെ പ്രസാധനവും വിതരണവുമായി 2020 ൽ 160 സംവത്സരങ്ങൾ പൂർത്തിയാക്കി. മുസ്വ് ത്വഫ ബാബി ഹലബി ആന്റ് സൺസിന്റെയും കമ്പനിയും അച്ചടിശാലയും സ്ഥാപിതമായത് മുതൽ ആസ്ഥാനം മാറാത്ത അപൂർവ്വ പ്രസാധാലയം എന്ന പ്രത്യേകത കൂടിയുണ്ട് ബാബി ഹലബി ആന്റ് സൺസ് കമ്പനിക്ക് . സിറിയയിലെ അലെപ്പോയിൽ നിന്ന് ഈജിപ്റ്റിൽ കുടിയേറി താമസിച്ച അൽബാബി കുടുംബത്തിലെ നാലാം തലമുറയാണ് ഈ പ്രസാധാലയം നടത്തിക്കൊണ്ട് പോവുന്നത്.

അച്ചടിയിലും പ്രസിദ്ധീകരണത്തിലും വ്യത്യസ്ഥത പുലർത്തിയ അൽബാബി കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ച്, കുടുംബത്തിലെ നാലാം തലമുറയെ പ്രതിനിധീകരിച്ച് നിലവിൽ പ്രസാധനാലയത്തിന്റെ ഫിനാൻഷ്യൽ ഡയറക്ടറായ സമീർ മഹ്മൂദ് അൽ ഹലബി പറയുന്നു: ഞങ്ങളുടെ തറവാട്ടിലെ മുതിർന്ന കാരണവർ ശൈഖ് അഹ്മദ് അൽ ഹലബി ഈജിപ്തിലേക്ക് കുടിയേറുകയായിരുന്നു.പുസ്തകങ്ങളോടും മാനുസ്ക്രിപ്റ്റ്സിനോടുമുള്ള ഒടുങ്ങാത്ത താൽപ്പര്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈ മുതൽ.1859 ൽ ഒരു കല്ലച്ചടിശാല സ്ഥാപിക്കുന്നതോടെ തുടങ്ങുന്നു ഈജിപ്റ്റിലെ ഹലബി അക്ഷര വിപ്ലവം . മുസ്നദ് അഹ്മദ്, തഫ്സീറു ത്ത്വബരി , മതകീയ വിജ്ഞാനകോശങ്ങൾ എന്നിവ അച്ചടിക്കുന്നതിലാണ് അക്കാലത്ത് വലിയ ശ്രദ്ധ ചെലുത്തിയിരുന്നത്.

ശൈഖ് അഹ്മദ് ഹലബിക്ക് മക്കളുണ്ടായിരുന്നില്ല. അലെപ്പോയിലെ രണ്ടു സഹോദരന്മാരുടെ മക്കളെ തന്റെ മരണത്തിന് മുമ്പ് ഈജിപ്റ്റിലേക്ക് വിളിച്ചു വരുത്തിയത് അക്കാരണത്താലാണ്. ശൈഖ് അഹ്മദിന്റെ സഹോദരൻ ശൈഖ് മുസ്ത്വഫ ഹലബിയുടെ മരണാനന്തരം ദാറു ഇഹ്യാഇൽ കുതുബിൽ അറബിയ്യ എന്ന ബുക്ക്സ്റ്റാളും മുസ്ത്വഫ ബാബി ഹലബി ആന്റ് സൺസ് കമ്പനി എന്ന പേരിൽ ഒരു പ്രസ്സുമായി അത് വളർന്നു കഴിഞ്ഞിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെ നാൽപതുകളിൽ, മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പ്രസാധകശാലയായി ബാബി ഹലബി ആന്റ് സൺസ് മാറിയെന്നാണ് സമീർ പറയുന്നത്. പ്രതിവർഷം അച്ചടിക്കുന്ന ഗ്രന്ഥങ്ങൾ ഏഴര ദശലക്ഷം വരെയെത്തി.ആദ്യമായി ഉസ്മാനി ലിപിയിൽ തന്നെ ഹലബി ബ്രാന്റഡ് ട്രേഡ്മാർക്കുള്ള ഖുർആൻ അച്ചടിച്ചു.

ഇന്തോനേഷ്യ, മലായ്, സിംഗപ്പൂർ, സിൻജബാർ, ഘാന, ഗിനിയ, ഐവറി കോസ്റ്റ് തുടങ്ങി ലോകത്തെ എല്ലാ മുസ്‌ലിം സ്ഥലങ്ങളിലേക്കും വിശുദ്ധ ഖുർആനും പൈതൃക പുസ്തകങ്ങളും വിതരണം ചെയ്യുന്നതിലുമായി ഹലബി സൺസ് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതങ്ങനെയാണ്. 1900 നും 1949 നും ഇടയിൽ മാത്രം 440 പുസ്തകങ്ങൾ ഹലബി പ്രസ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി.

മുസ്തഫ ബാബി ഹലബി ആൻഡ് സൺസ് പ്രിന്റിംഗ് കമ്പനിയുടെ പ്രധാന മാർക്കറ്റ് ആദ്യം മുതലേ ഈജിപ്റ്റിലല്ലായിരുന്നു. ഖുർആന്റെ പ്രത്യേക പതിപ്പുകൾ, വ്യാഖ്യാന ഗ്രന്ഥങ്ങൾ , ഹദീസ്, ഫിഖ്ഹ് ഗ്രന്ഥങ്ങൾ എല്ലാ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വലിയ അളവിൽ കയറ്റി വിട്ടിരുന്നു. ഇന്തോനേഷ്യയായിരുന്നു ഇവരുടെ പ്രസിദ്ധീകരണങ്ങൾ ഏറ്റവും പ്രചാരമുണ്ടായിരുന്ന രാജ്യങ്ങളിലൊന്ന് . തഫ്സീറു ത്ത്വബരിക്കു പുറമേ ഇഹ് യാ ഉലൂമിദ്ദീൻ, അൽ മിലലു വന്നിഹൽ, ജാവ ഭാഷയിലുള്ള ഖുർആൻ വ്യാഖ്യാനം എന്നിവക്കായിരുന്നു ആവശ്യക്കാർ കൂടുതൽ.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രസിദ്ധീകരണങ്ങൾ കുറയാൻ തുടങ്ങി. തൊട്ടടുത്തുള്ള അൽ-അസ്ഹർ സർവ്വകലാശാല വിദ്യാർത്ഥികൾ മാത്രമായി ബുക്സ്റ്റാളിന്റെ പ്രധാന ഉപഭോക്താക്കൾ . വില കുറയ്ക്കുന്നതിനായി ന്യൂസ് പേപ്പർ പ്രിന്റ് പേപ്പറിൽ അച്ചടിക്കാനാരംഭിച്ചത് പക്ഷേ ആഗോള മാർക്കറ്റിൽ ഇടിവു വരുത്തിയതായി സമീർ സമ്മതിക്കുന്നു.അക്കാലത്ത് വ്യാപകമായി ചെലവായിരുന്ന പ്രധാന ഗ്രന്ഥം ഇമാം സർകശിയുടെ അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ ആയിരുന്നുവെന്ന് സമീർ ഓർത്തെടുക്കുന്നു. ഇ- റീഡിങ് വ്യാപകമായെങ്കിലും വലിയ നഷ്ടം വരാതെ പിടിച്ചു നില്ക്കാനായത് തന്നെ കാരണവന്മാരുടെ നന്മയുടേയും നാലു തലമുറയുടേയും അധ്വാനത്തിന്റെയും ഫലമായി മാത്രമെന്നും സമീർ ആശ്വാസം കൊള്ളുന്നു.

അവലംബം :
മൗഖഉൽ മിസ്രി അൽയൗം, മുൽതഖാ അഹ്ലിൽ ഹദീസ് വെബ്സൈറ്റുകൾ

Related Articles