Your Voice

റഹ്മാന്റെ മകളും പുരോഗമനവാദികളുടെ വ്യാകുലതയും

മതങ്ങള്‍ തെറ്റായി കാണുന്ന തിന്മകള്‍ക്ക് നമ്മുടെ കോടതികള്‍ അനുമതി നല്‍കിയപ്പോള്‍ സമൂഹത്തിനു ബുദ്ധിമുട്ട് ഇല്ലാത്ത കാലത്തോളം വ്യക്തികളുടെ പ്രവര്‍ത്തികളില്‍ ആരും ഇടപെടാന്‍ പാടില്ല എന്നാണ് പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ അന്ന് വാദിച്ചത്. വ്യക്തികളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ഭരണകൂടത്തിനും മറ്റുള്ളവര്‍ക്കും അവകാശമില്ല എന്നാണ് അന്ന് ഉയര്‍ന്നു കേട്ട മുദ്രാവാക്യം. പക്ഷെ അതൊക്കെ കേവലം ഏകപക്ഷീയമാണ് എന്നാണു നമുക്കിപ്പോള്‍ മനസ്സിലാവുന്നത്. പുരോഗമനം എന്നതിന് സ്ഥായിയായ അര്‍ത്ഥവും രൂപവുമില്ല എന്നതാണ് സത്യം. തങ്ങളുടെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തു വരുന്നതിനെ വിളിക്കുന്ന പേരായി പുരോഗമനം മാറിയിരിക്കുന്നു.

ഒരു സ്ത്രീ എങ്ങിനെ വസ്ത്രം ധരിച്ചാലും അതൊരു ചര്‍ച്ചയാകാന്‍ പാടില്ല. ശരീരത്തില്‍ നിന്നും സ്ത്രീയുടെ വസ്ത്രത്തിന്റെ അളവ് കുറയുന്നതാണു പുരോഗമനം എന്ന അലിഖിത നിയമം നാം കാണാതെ പഠിച്ചു വെച്ചിരിക്കുന്നു. അപ്പോള്‍ സ്ത്രീയുടെ വസ്ത്രത്തിന്റെ അളവ് കൂടുമ്പോള്‍ അവള്‍ പുരോഗമനവാദി അല്ലാതാക്കുന്ന രീതി നമുക്കിടയില്‍ പോലും ഇന്ന് സുപരിചിതമാണ്. എ എ റഹ്മാന്‍ മുസ്‌ലിം സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. അദ്ദേഹം എങ്ങിനെ ജീവിക്കണം എന്ന കാഴ്ചപ്പാട് മതം നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും ആ തീരുമാനം ബാധകവും. മതത്തിന്റെ നിലപാടുകള്‍ ഒരാള്‍ എത്രമാത്രം അംഗീകരിക്കണം എന്നത് അയാളുടെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. അത് വ്യക്തികള്‍ക് വിടുക എന്നത് മാത്രമാണു നമുക്ക് ചെയ്യാന്‍ കഴിയുക.

അദ്ദേഹത്തിന്റെ മകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദം കൊഴുക്കുന്നത്. റഹ്മാനെ പോലെ ഒരു പൂര്‍ണ വ്യക്തിത്വമാണ് അയാളുടെ മകളും. ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും അവര്‍ക്കും ബാധകമാണ്. റഹ്മാന്റെ മകള്‍ എന്ന നിലയില്‍ അതില്ലാതെയാകുന്നില്ല. റഹ്മാന്റെ മകള്‍ മുഖാവരണം അടങ്ങുന്ന വസ്ത്ര രീതി സ്വീകരിച്ചു എന്നത് പലരെയും ചൊടിപ്പിച്ചിരിക്കുന്നു. നിഖാബിന്റെ മതത്തിലുള്ള സ്ഥാനം മതത്തിന്റെ ആളുകള്‍ക്കിടയില്‍ തന്നെ ഒരു ചര്‍ച്ചയാണ്. അവിടെയും ആവശ്യമുള്ളവരും ശരിയാണ് എന്ന് കരുതുന്നവരും അത് തുടരട്ടെ എന്നതാണ് നമ്മുടെ നിലപാട്. അതെ സമയം അതിന്റെ നിര്‍ബന്ധതയെ കുറിക്കുന്ന പ്രമാണത്തില്‍ നാം ഭിന്നിക്കുന്നു. അതെ സമയം അത് ധരിക്കാനുള്ള അവകാശത്തെ നാം മാനിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ സ്ത്രീയും പുരുഷനും സ്വീകരിക്കുന്ന പല വസ്ത്ര രീതിയോടും നമുക്ക് എതിര്‍പ്പാണ്. പക്ഷെ ഭരണഘടന നല്‍കുന്ന അവകാശം എന്ന നിലയില്‍ നാമത് അംഗീകരിക്കേണ്ടി വരുന്നു. ഇവിടെയാണ് നമ്മുടെ പുരോഗമന വാദികളുടെ കള്ളികള്‍ പുറത്തു വരുന്നതും. മതത്തിന്റെ നിര്‍ദ്ദേശം പാലിച്ചു ഒരാള്‍ നടത്തുന്ന വസ്ത്ര ധാരണ രീതി തെറ്റും പിന്തിരിപ്പനും അവരുടെ ഇഛക്കനുസരിച്ചു ധരിക്കുന്ന എന്തും മഹത്വരവുമാകുന്നു. വസ്ത്ര ധാരണ രീതിയില്‍ മാത്രമല്ല ജീവിത വീക്ഷണത്തിന്റെ കാര്യത്തിലും അത് തന്നെയാണു രീതി. മതങ്ങള്‍ ചെയ്യുന്നതെല്ലാം, പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികള്‍, എന്നും പിന്തിരിപ്പന്‍. അവര്‍ സ്വയം ചെയ്യുന്നതെല്ലാം പുരോഗമനവും.

സ്വവര്‍ഗ രതിയും വ്യഭിചാരവും അനുവദീനയമാക്കിയ കോടതി വിധികളെ ഈ അളവ്‌കോല്‍ വെച്ചാണ് പലരും ന്യായീകരിച്ചത്. അതെ സമയം തന്നെ ആരും നിര്‍ബന്ധിച്ഛല്ല സ്വയം താല്പര്യ പ്രകാരമാണ് താന്‍ ഈ വസ്ത്ര ധാരണ രീതി സ്വീകരിച്ചത് എന്ന് അവര്‍ പറഞ്ഞിട്ടും പുരോഗമന വാദികള്‍ക്ക് കലി ഇറങ്ങിട്ടില്ല. മറ്റു പല കാര്യങ്ങളിലും ഈ വിവേചനം കാണാം. അമ്പലത്തില്‍ പോയി എന്നതിന്റെ പേരില്‍ സ്വന്തം ഭര്‍ത്താവും കുടുംബവും ചവിട്ടി പുറത്താക്കിയ ഒരു സ്ത്രീയുടെ ആത്മാവ് കേരളക്കരയില്‍ കറങ്ങി നടപ്പുണ്ട്. അവരുടെ മനുഷ്യാവകാശ വിഷയം ആരുടേയും വിഷയമായില്ല. കാരണം അതിന്റെ വിശ്വാസവും മതവും തന്നെയാണ് എന്ന് മനസ്സിലാക്കാനാണ് താല്പര്യം.

ഇന്ത്യക്ക് സംഗീതത്തിന്റെ ലോകത്ത് യശസ്സ് ഉയര്‍ത്തി തന്ന വ്യക്തിയാണ് എ.ആര്‍ റഹ്മാന്‍. നമുക്കും അദ്ദേഹത്തോടുള്ള നിലപാട് അതുമാത്രം. രാജ്യവും ലോകവും ആദരിച്ച വ്യക്തികളെ നാമും ആദരിക്കും. അതവരുടെ മതപരമായ നിലപാട് നോക്കിയല്ല. അദ്ദേഹവും കുടുംബവും എങ്ങിനെ ജീവിക്കുന്നു എന്നത് ഭരണ ഘടന വിരുദ്ധമാകുമ്പോള്‍ മാത്രമാണ് പൊതു ചര്‍ച്ച ആകേണ്ടിയിരുന്നത്. ഒരു കാര്യം ഉറപ്പാണ് റഹ്മാന്റെ സ്ഥാനത്തു മറ്റൊരാളുടെ മകള്‍ അവരുടെ മതകീയ നിലപാട് സ്വീകരിച്ചാല്‍ ഒരു ചര്‍ച്ചയും എവിടെയും നടക്കില്ല എന്നുറപ്പാണ്. എന്ത് തിന്നണം, എന്ത് ധരിക്കണം എന്നതിനെ നാം വ്യക്തികള്‍ക്ക് വിടുക. വസ്ത്രം കേവലം നാണം മറക്കാനുള്ള കുറച്ചു തുണി കൊണ്ട് ദേഹം പൊതിയലുമല്ല അതൊരു നിലപാടിന്റെ പേരാണ്. ഒരാളുടെ സംസ്‌കാരവും വിശ്വാസവും കൂടി ചേര്‍ന്നപ്പോള്‍ മാത്രമാണ് അതിന്റെ പൂര്‍ണത കടന്നു വരുന്നത്. എല്ലാം അഴിച്ചു മാറ്റാന്‍ നല്‍കുന്ന അവകാശം എല്ലാം മറക്കാനും നല്‍കുമ്പോള്‍ മാത്രമാണ് നമ്മുടെ കാര്യങ്ങള്‍ക്ക് ഒരു മാന്യമായ അവസ്ഥ സംജാതമാകുന്നത്. എല്ലാം നേടിയിട്ടും മനസ്സിനെ നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് നമ്മുടെ ചുറ്റും കാണുന്ന ഈ ഇരട്ട നിലപാടുകള്‍.

Facebook Comments
Show More

Related Articles

Check Also

Close
Close
Close