Your Voice

വേണ്ടത് ലോക പൗരത്വ പട്ടികയാണ്

പുതിയ  ആകാശവും പുതിയ  ഭൂമിയും പണിയാതെ ഇനി നിവൃത്തിയില്ല. പഴയതും നിലവിലുള്ളതുമൊക്കെ വെറും കെട്ടുകഥകളായി പ്രഖ്യാപിക്കപ്പെടണം. ഇന്ന് വരെ പരിചയിച്ച ലോകക്രമങ്ങൾ അയഥാർത്ഥവും ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതോ അല്ലങ്കിൽ തെറ്റായി സംഭവിച്ചതോ ആയി വിലയിരുത്തപ്പെടണം. പുതിയ  ലോക ഭാവനക്ക് മുറവിളി കൂട്ടുന്ന ചെറു സംഘങ്ങൾ എല്ലാ തെരുവിലും ഉയർന്നു വരണം. അതിരുകളും അറപ്പുകളും റദ്ദു ചെയ്യണം. വെറുതെ ആസ്വദിക്കാൻ മാത്രമുള്ളതായി വൈജാത്യങ്ങൾ തീരണം. വിഭവങ്ങൾ എല്ലാവർക്കും ഒരു പോലെ വീതിക്കപ്പെടുന്ന വസുധൈവ കുടുംബകം പുലരണം. തിരിച്ചറിയൽ രേഖകളും കാർഡുകളും ആവശ്യമില്ലെന്നു വരണം. തിരിച്ചറിയാനുള്ള മാനദണ്ഡമായി മനുഷ്യത്വം മാത്രം മതി. നൂറു കൊല്ലം മുമ്പ് ജീവിച്ച അപ്പൂപ്പനുമായുള്ള നമ്മുടെ ബന്ധം തെളിയിക്കേണ്ട സകല അനിവാര്യതകളെയും തോട്ടിലേറിയണം. മുൻ പിൻ വിചാരമില്ലാതെ ആഹ്വാനം ചെയ്യാം ലോകോ സമസ്തോ സുഖിനോ ഭവന്തു.

1893 വർഷത്തിൽ കൊൽക്കത്തക്കാരനായ സ്വാമി വിവേകാനന്ദൻ അമേരിക്കയിലേക്ക് കപ്പൽ കയറി. ഷിക്കാഗോ മതസമ്മേളനത്തിൽ പ്രസംഗിച്ചു. ലോകത്തുള്ള എല്ലാവരെയും സഹോദരി സഹോദരന്മാരായി അഭിസംബോധന ചെയ്തു. അതെ വര്‍ഷം  ഗുജറാത്തുകാരനായ മോഹൻദാസ് കരം ചന്ദ് ഗാന്ധി സൗത്താഫ്രിക്കയിലെത്തി. അവിടെ കച്ചവടക്കാരും കരാർ തൊഴിലാളികളുമായി എത്തിപ്പെട്ട ഇന്ത്യക്കാർക്കു വോട്ടവകാശം വേണമെന്ന് വാദിച്ചു, സത്യാഗ്രഹ പരമ്പരകൾ സംഘടിപ്പിച്ചു. ബംഗാളിൽ നിന്നുള്ള ഒരു ഇസ്ലാമിക പണ്ഡിതൻ ഖൈറുദ്ധീൻ മക്കയിൽ കുടിയേറി. മക്കയിലെ ഭരണ നിർവഹണത്തിൽ വലിയ ഉദ്യോഗം വഹിച്ചു. അവിടുത്തെ ഭരണാധികാരിയുടെ പ്രശംസകളും ബഹുമതികളും കരസ്ഥമാക്കി. മക്കയിലെ മുഫ്തിയുടെ മകൾ ആലിയയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് മക്കയിൽ ജനിച്ച മകനാണ് പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ച അബുൽ കാലം ആസാദ്. യൂറോപിലെ അൽബേനിയയിൽ ജനിച്ചു ഇന്ത്യയിലെത്തി കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ട് ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത രത്നത്തിനു അർഹയായ മദർ തെരേസ. അമേരിക്കയിൽ പൗരത്വം നേടിയ ഇരുപത്തിയാറു ലക്ഷം വരുന്ന ഇന്ത്യക്കാർ. അവരുടെ നേതൃത്വത്തിൽ ഹൌഡി മോഡി സംഘടിപ്പിച്ചു വലിയ സ്വീകരണം ഏറ്റു വാങ്ങിയ നമ്മുടെ പ്രധാനമന്ത്രി.

Also read: ദൈവവിഭ്രാന്തി അഥവാ കൊറോണക്കാലത്തെ നാസ്തികത

ലോകത്ത് ഏറ്റവും കൂടുതല് പ്രവാസി സമൂഹങ്ങളായി കഴിയുന്നത് ഇന്ത്യക്കാരാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്ട്ട്മെന്റ് ഓഫ് എകണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്സ് (ഡി ഇ എസ് എ) 2019 ൽ പുറത്തു വിട്ട കണക്കനുസരിച്ചു 175 ലക്ഷം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നത്. ആഫ്രിക്കൻ ദീപു രാജ്യമായ മൗറിഷ്യസിലെ ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അതിൽ അമ്പത് ശതമാനം ഹിന്ദുമത വിശ്വാസിളും.

ഈ പറയപ്പെട്ട എല്ലാം സത്യം. ലോകത്തു പുതിയ ഒരു ലോകക്രമം വരണമെന്നു തന്നെ. അതിർത്തികളുടെ കള്ളികൾ വരക്കാത്ത ആർക്കും എവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന മനുഷ്യകുലം മൊത്തം ഒരു ദേശമായി കാണാക്കപ്പെടുന്ന കാലഘട്ടം ഉണ്ടായി വരണം.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ചു ലോകത്തു നിലവിൽ 12 മില്യൺ ജനങ്ങൾ ഒരു രാജ്യത്തിന്റെയും പൗരന്മാരല്ലാതെയുണ്ട്. അസമിലെ നവ രാജ്യരഹിതർക്ക് പുറമെയാണിത്. പൗരത്വ നഷ്ടവും രാജ്യമില്ലായ്മയും ജീവിതം തകർത്തതിന്റെ ദയനീയ കഥകക്ക് വളരെ പഴക്കമുണ്ട്. ചരിത്രത്തിന്റെ ആദ്യതാളുകളിൽ തന്നെ അവ കാണാം. ഗ്രീക് റോമൻ യുദ്ധത്തിൽ കീഴടക്കപ്പെട്ടിരുന്ന ജന വിഭാഗങ്ങളെ അടിമകളാക്കി യാതൊരു അവകാശവുമില്ലാത്ത ചവറ്റു കോട്ട ജീവികളാക്കി മാറ്റുകയായിരുന്നു പതിവ്. ജെറുസലേം ആക്രമിച്ചു യഹൂദികളെ ബന്ദികളായി പിടിച്ചു ബാബിലോണിയയിൽ തടവിലിട്ട നെബുക്കത് നസ്ർ രാജാവ് അവർക്ക് പൗരാവകാശങ്ങൾ അനുവദിച്ചിരുന്നില്ല.

പുരാതന ഗ്രീക്കിലും റോമിലും അടിമത്തം വ്യാപകമായിരുന്നു. സാധാരണ മനുഷ്യരുടെ അവകാശങ്ങൾ ഒന്ന് പോലും അനുവദിച്ചു കിട്ടാതെ അനേകായിരം മനുഷ്യർ ആ പ്രദേശങ്ങളിൽ ജീവിച്ചു മരിച്ചു. ഇന്ത്യയിലെ വർണ വ്യവസ്ഥ അടിമത്വമായിരുന്നു. രണ്ടായിരം വർഷങ്ങൾ രാജ്യത്തെ എൺപത് ശതമാനം വരുന്ന ജനസംഖ്യ അടിമ വൃത്തിക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തപ്പെട്ടു.

Also read: ഏപ്രിൽ ഫൗൾ …

എ.ഡി. 16-ാം ശതാബ്ദത്തിൽ യൂറോപ്യൻരാജ്യങ്ങളുടെ കോളനിവികസനം തുടങ്ങിയതോടുകൂടി അടിമത്തം ഒരു പുതിയ ഘട്ടത്തിൽ പ്രവേശിച്ചു. വെസ്റ്റ് ഇന്‍ഡീസ്, തെക്കെ അമേരിക്ക, വ. അമേരിക്ക എന്നീ പ്രദേശങ്ങളിലെല്ലാം കാടുവെട്ടി വൻ തോട്ടകൃഷി (കരിമ്പ്, പുകയില, പരുത്തി) ചെയ്യാൻ ആയിരക്കണക്കിന് ജോലിക്കാർ ആവശ്യമായിവന്നു. പ്രയാസംകൂടാതെ മനുഷ്യരെ വാങ്ങാവുന്ന നാട് ആഫ്രിക്കയായിരുന്നു. ചെറിയ തോതിൽ ആഫ്രിക്കയുടെ ഉത്തരഭാഗങ്ങളിൽനിന്ന് റോമിലേക്കും വടക്കുപടിഞ്ഞാറുനിന്ന് സ്പെയിൻ മുതലായ രാജ്യങ്ങളിലേക്കും അടിമവ്യാപാരം ഇതിനുമുൻപ് ഉണ്ടായിരുന്നുവെങ്കിലും വർധിച്ചു വരുന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിന് അന്നത്തെ വൻശക്തികൾ ആഫ്രിക്കയിൽ നരനായാട്ടുതന്നെ നടത്തി. ആഫ്രിക്കയിലെ നാടുവാഴികൾ അടിമക്കച്ചവടക്കുത്തകക്കാരായി. അയൽ രാജ്യങ്ങളുമായി യുദ്ധംചെയ്തും ചിലപ്പോൾ തങ്ങളുടെ പ്രജകളെത്തന്നെ പിടിച്ചും അടിമവ്യാപാരികളുടെ കപ്പൽ നിറയ്ക്കുവാൻ ആഫ്രിക്കൻ നാടുവാഴികളും മറ്റു ദല്ലാളികളും മടിച്ചില്ല. 1680 മുതൽ 1786 വരെ രണ്ടുകോടിയിൽ കൂടുതൽ അടിമകൾ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും വില്ക്കപ്പെട്ടു. ഏറ്റവുമധികം യാതനകളനുഭവിച്ച അടിമകളുടെ സന്തതികളാണിവർ. ഇംഗ്ളണ്ട്, ഹോളണ്ട്, ഡെൻമാർക്ക്, സ്പെയിൻ, പോർച്ചുഗൽ എന്നീ നാടുകളെല്ലാം അടിമക്കച്ചവടംകൊണ്ട് ലാഭംനേടിയ രാജ്യങ്ങളാണ്. ഈ വ്യാപാരം നീണ്ടുനിന്ന മൂന്നു ശതാബ്ദങ്ങൾ യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളാണ്.

ഒന്നും രണ്ടും ലോക യുദ്ധങ്ങൾ മില്യൺ കണക്കിന് രാഷ്ടരഹിതരെ സൃഷ്ട്ടിച്ചു. ഒന്നാം ലോക  യുദ്ധത്തിന് ശേഷം പൗരത്വം കളഞ്ഞുപോയവർക്ക് വേണ്ടി ലീഗ് ഓഫ് നേഷൻസ് ഒരു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു തുടങ്ങിയിരുന്നു. ലോകത്തെ 52 രാഷ്ട്രങ്ങൾ അവയെ അന്തർദേശീയ യാത്രകൾക്ക് മതിയായ രേഖയായി അംഗീകരിച്ചു. രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്കയിലെ ഗാരി ഡേവിസ് അദ്ദേഹത്തിന്റെ സ്വന്തം നിലക്ക് 1954 മുതൽ വേൾഡ് പാസ്പോര്ട്ട് വില്പനയാരംഭിച്ചു. അറിഞ്ഞോ അറിയാത്തതയോ പല രാജ്യങ്ങളും അവ യാത്ര രേഖയായി സ്വീകരിച്ചു. പിന്നീട് ഇതിന്റെ പേരിൽ ഗാരി ഡേവിഡ് കുറ്റ വിചാരണ നേരിട്ടു.

പൗരത്വ പ്രശ്നം കൈകാര്യം ചെയ്യുന്നവർ വിസ്മരിക്കുന്ന ഒരു നഗ്ന സത്യമുണ്ട്. വ്യക്തികൾ എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടല്ല അവർക്ക് പൗരത്വം നഷ്ടപ്പെടുന്നത്. കാലാ കാലങ്ങളിലെ ഭരണകർത്താക്കൾ നയിച്ച യുദ്ധങ്ങളോ മറ്റോ ആണ് എന്നും രാജ്യമില്ലാത്തവരെ സൃഷ്ടിച്ചത്. ഇന്ത്യയിലും സംഭവിച്ചത് മറിച്ചല്ല. 1971 ലെ യുദ്ധവും അനന്തരമായി നടന്ന അഭയാർത്ഥി പ്രവാഹവും അതിർത്തി സംരക്ഷിക്കാൻ ചുമതലപ്പെട്ട സർക്കാരുകളുടെ അനാസ്ഥയുമാണ് ചെറിയ തോതിലെങ്കിലും സംഭവിച്ചിരിക്കാൻ സാധ്യതയുള്ള നുഴഞ്ഞു കയറ്റങ്ങൾക്ക് ഹേതു. വ്യക്തികളുടെ മേലെ കുറ്റം ചാരുന്നതിൽ ഒട്ടും ന്യായമില്ല. അതും മുൻഗാമികൾ കുടിയേറിയതിനു അവരുടെ മക്കൾ എന്ത് പിഴച്ചു?. നുഴഞ്ഞു കയറ്റക്കാരെ ഉടലോടെ പിടിക്കുന്ന കേസുകൾ ഒഴിച്ച് തദ്സംബന്ധമായ മറ്റേതിനും അതാതു കാലത്തേ ഭരണ കർത്താക്കളെയാണ് കുറ്റ വിചാരണ ചെയ്യേണ്ടത്,വ്യക്തികളെയല്ല. മനുഷ്യരെ അവരുടെ മുത്തച്ഛൻ പണ്ടൊരിക്കൽ നുഴഞ്ഞു കയറി യെന്നാരോപിച്ചു പെട്ടെന്നൊരു ദിവസം പിടിച്ചു പീഡിപ്പിക്കുന്നത് നീതിയല്ല.

Also read: കോവിഡും പശ്ചിമേഷ്യയിലെ യുദ്ധ ഭീകരതയും

അതിനാൽ ഈ പൗരത്വ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഒന്നേയുള്ളു. ഒരു അന്താരാഷ്ട്ര പൗരത്വ പട്ടികക്ക് രൂപം നൽകുക. ഭൂമിയിൽ ജനിച്ചു വീഴുന്ന ഏതൊരാൾക്കും അപേക്ഷിക്കുന്ന പക്ഷം അതിൽ അംഗത്വം നൽകണം. വ്യക്തികളുടെ പൗരത്വം റദ്ദാക്കുന്ന രാജ്യങ്ങൾക്ക് അവരുടേതായ ന്യായങ്ങൾ ഉണ്ടാവാം. പക്ഷെ, ലോക പൗരത്വ പട്ടികയിൽ അംഗത്വ മുള്ള കാലത്തോളം വ്യക്തികൾ സ്വാതന്ത്രരായിരിക്കും. അവരുടെ സമ്പത്ത്, ജീവൻ, സഞ്ചാര സ്വാതന്ത്ര്യം എന്നിവയെ ഹനിക്കാൻ പരത്വം പിൻവലിക്കുന്ന രാഷ്ട്രങ്ങൾക്ക് അധികാരമുണ്ടാവരുത്. ലോക പൗരത്വ കാർഡ് ഉപയോഗിച്ച് തന്റെ പൗരത്വം പിൻവലിച്ച രാഷ്ട്രത്തിലടക്കം നിർഭയം യാത്ര ചെയ്യാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യ മുണ്ടായിരിക്കണം.

ഇത്തരം ഒരു സംവിധാനം നിലവില്‍ വരുന്നതോടെ വ്യക്തികളുടെ പൗരത്വം പിൻവലിക്കാനുള്ള രാഷ്ട്രങ്ങളുടെ ആവേശം സ്വയം ഇല്ലാതാവും. ലോകത്തിന് പുതിയ ശ്വസോഛാസം മാർഗങ്ങൾ ലഭിച്ച പ്രതീതിയുണ്ടാവും. പൗരത്വ പ്രശ്നങ്ങൾക്ക് വ്യക്തികളല്ല ഭരണ കർത്താക്കളാണ് ഉത്തരവാദികളെന്ന യാഥാർഥ്യം അംഗീകരിക്കൽ കൂടിയാവും അത്. ഏതോ കാലത്തെ രാഷ്ടീയ നാടകങ്ങളുടെ അനന്തര ഫലങ്ങൾ സംഭവം നടന്നു ശതാബ്ദങ്ങൾ പിന്നിട്ട ശേഷം ജനിച്ചു വീഴുന്ന മനുഷ്യരെമേലെ കെട്ടി വെക്കുന്നതും അവരെ പെട്ടന്നൊരു ദിവസം കെട്ടി വരിഞ്ഞു തടങ്കൽ പാളയത്തിൽ തള്ളുന്നതും മൊത്തം മനുഷ്യ സമൂഹത്തോട് ചെയ്യുന്ന പൊറുക്കാനാവാത്ത പാവമാണെന്ന അസന്ദിഗ്ദമായ പ്രഖ്യാപനം കൂടിയാവുമത്.

എല്ലാ മനുഷ്യരോടും വിശ്വസ്തത പുലർത്തുകയെന്ന ആശയം ഉയർത്തിപ്പിടിച്ചുള്ള വലിയ പ്രചാരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കപ്പെടണം. തത്തുല്യമായ ആശയം പ്രചാരണായുധമാക്കി തെരഞ്ഞടുപ്പ് വിജയിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഈ മാർഗത്തിലെ ഒരു വഴിവിളക്കാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോക പൗരത്വ കാമ്പെയ്നുകളും ലോക ഫെഡറലിസ്റ്റ് ഓർഗനൈസേഷനുകളും ലോകമെമ്പാടും ഗണ്യമായ പ്രശസ്തി നേടിക്കൊണ്ട് “ഒരു ലോകം” എന്ന ആശയം വികസിപ്പിച്ചെടുത്തിരുന്നു.

Facebook Comments
Related Articles

Check Also

Close
Close
Close