Current Date

Search
Close this search box.
Search
Close this search box.

അക്ഷരങ്ങളുളള മനുഷ്യൻ

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്. മനുഷ്യൻറെ ന്യൂനതകളെക്കുറിച്ച് ആവലാതിപ്പെട്ട മലക്കുകൾക്ക് അല്ലാഹു മറുപടി നൽകിയത് നാമങ്ങളറിയുന്ന ആദമിനെക്കൊണ്ടായിരുന്നു. മനുഷ്യൻറെ ന്യൂനതകൾ പരിഹരിക്കാൻ വാക്കുകൾക്കാവും. അവയിൽ ശ്രേഷ്ടം അല്ലാഹുവിൻറെ വചനങ്ങളാണ്. മനുഷ്യനെ നിർവചിക്കുന്നത് വാക്കുകളാണെങ്കിൽ അവൻറെ ജീവിതം നിർവചിക്കപ്പെടേണ്ടത് അവന് അത് പഠിപ്പിച്ചുകൊടുത്ത റബ്ബിൻറെ വാക്യങ്ങൾ കൊണ്ടാണ്. പരമമായ വിജയത്തിലേക്ക് മനുഷ്യനെ നയിക്കാൻ പ്രാപ്തമായ വാക്യങ്ങൾ. അങ്ങനെ അന്ത്യനാൾവരെയുള്ള മനുഷ്യർക്കായി പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് ദൈവിക വചനങ്ങൾ ഇറങ്ങി. ’വായിക്കുക, നിന്നെ സൃഷ്ടിച്ച നിൻറെ റബ്ബിൻറെ നാമത്തിൽ’ എന്ന വാക്യശകലംകൊണ്ട് അതിന് ആരംഭം കുറിച്ചു. തുടരെത്തുടരെ മനുഷ്യനെ അനുഗമിക്കുന്ന മഹാപ്രതിഭാസം. അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ…..അവ തീർത്ത വായനകൾ.

വായനയാണ് മനുഷ്യനെ പൂർണ്ണതയിലെത്തിക്കുന്നത്. അറിവ് അവനെ ശ്രേഷ്ഠനാക്കുന്നു. മലക്കുകൾ സുജൂദ് ചെയ്ത മനുഷ്യൻ അറിവുളളവനായിരുന്നു. അവനെ മലക്കുകളെക്കാൾ ഉയർത്തുന്നതും മൃഗങ്ങളെക്കാൾ തരംതാഴ്ത്തുന്നതും അറിവാണ്. അല്ലാഹു പറയുന്നു:’’അല്ലാഹുവെ ഭയപ്പെടുന്നത് ദാസൻമാരിൽ നിന്ന് അറിവുളളവർ മാത്രമാകുന്നു’’. ആത്മീയതയിലേക്കുള്ള പാതയാണ് അറിവ്. ദൈവത്തിലേക്കെത്താനുളള ഉപാധി, ഔന്നത്യത്തിലേക്കുളള ചവിട്ടുപടി. പണ്ഡിതനും പാമരനും ഏകതാനത കൽപ്പിക്കപ്പെടുന്നത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. “പറയുക അറിവുളളവരും അറിവില്ലാത്തവരും സമമാകുമോ’’ എന്ന് അല്ലാഹു ചോദിക്കുന്നു. നേതൃത്വത്തിൻറെ അളവുകോൽ പാണ്ഡിത്യമായിരിക്കണമെന്ന് അല്ലാഹു നിഷ്കർഷിച്ചു. സാമ്പത്തിക സമൃദ്ധിയില്ലാത്ത താലൂത്തിനെയാണോ രാജാവായി നിശ്ചയിക്കുന്നത് എന്ന ഇസ്രായീല്യരുടെ ചോദ്യത്തിന് അറിവും ശാരീരിക ശക്തിയുമാണ് മാനദണ്ഡം എന്ന് തിരുത്തിക്കാണിച്ചു. ബസറയിലെ ഗവർണറായിരുന്ന മുസ്അബ് ഇബ്നു അസ്സുബൈറിൻറെ പ്രശസ്തമായ ഒരു വാചകമുണ്ട്, ’’നിങ്ങൾ അറിവ് നേടുക, നിങ്ങൾ സമ്പന്നനാണെങ്കിൽ നിങ്ങൾക്കത് സൌന്ദര്യമാണ്. ഇനി നിങ്ങൾ ദരിദ്രനാണെങ്കിൽ നിങ്ങൾക്കത് ധനവും’’. അറിവ് മനുഷ്യൻറെ വളർച്ചക്ക് വെളളവും വളവുമായി വർത്തിക്കുന്നു. അതിൻറെ അഭാവം ഹൃദയത്തെ നിർജീവമാക്കിക്കളയുന്നു. യഥാർത്ഥ മരണത്തിന് മുമ്പ് മരണം വരിക്കുന്നു, അവരുടെ ശരീരങ്ങൾ ശ്മശാനങ്ങളെ സ്പർശിക്കും മുമ്പ് ശ്മാശനങ്ങളായി മാറുന്നു.

ഓരോ പുസ്തകങ്ങളും പ്രവിശാലമായൊരു ലോകത്തിലേക്കുളള കാൽവെപ്പാണ്. ആയിരമായിരം ജീവിതങ്ങളും മരണങ്ങളും അനുഭവിച്ചുതീർക്കുന്ന നിമിഷങ്ങളാണവ. ഓരോ ജീവിതങ്ങളും ഓരോ പുസ്തകങ്ങളാണ്, ഓരോ പുസ്തകങ്ങളും നിറയെ പാഠങ്ങളാണ്, ഈ ലോകം ഒരു ഗ്രന്ഥാലയവും. ഖുർആൻ ഒരുപാട് കഥകൾ പറഞ്ഞുതരുന്നുണ്ട്. പ്രവാചകന്മാരുടെയും സൽകർമ്മികളുടെയും സ്വേഛാധിപതികളുടെയും അഹങ്കാരികളുടെയും കഥകൾ. എന്നാൽ ഖുർആനിലെ കഥകളുടെ പ്രത്യേകത, ആ കഥകളിൽ അവസാന വിജയം നന്മയുടെ പക്ഷത്താണ് എന്നതാണ്. അതുകൊണ്ട് നന്മയുടെ കഥകളാവണം നമ്മുടെ ജീവിതങ്ങൾ. കഥനവൈഭത്തിൻറെ പ്രബോധനരീതി കൂടിയാണ് ഖുർആൻ പഠിപ്പിക്കുന്നത്. പ്രവാചകൻറെ ജീവിതം നമ്മളിലേക്കെത്തിയത് വാക്കുകളായിട്ടാണ്. ആ വരികളിലൂടെ കടന്നുപോകുന്നവർ അദ്ദേഹത്തിനൊപ്പം ജീവിക്കുന്നു. ആ ജീവിതം വീണ്ടുമാവർത്തിക്കപ്പെടുന്നു. ഇവയെല്ലാം വിസ്മരിച്ചുകൊണ്ട് ഹൃദയങ്ങൾ ഇരുട്ടിലാക്കി, അജ്ഞതക്ക് അടിപ്പെട്ടാൽ മനുഷ്യൻറെ സ്വത്വം തന്നെ ഇല്ലാതാവും. സ്വന്തം ഇച്ഛകളുടെ ചളിക്കുണ്ടിൽ കാലിട്ടടിച്ച് ജീവിതം തീർക്കും. വായിക്കാൻ കഴിവുള്ളതുകൊണ്ടാവാം വിചാരണനാളിൽ ഓരൊരുത്തരുടെയും കർമ്മങ്ങൾ പുസ്തകങ്ങളായി നൽകുന്നത്. ഈ ലോകത്ത് നേരായ അറിവ് കണ്ടെടുക്കാതെ പോയവർ അന്ന് സ്വന്തം കർമ്മപുസ്തകത്തെയും വെറുക്കും. പ്രാപ്യമായ അറിവിനെ നിരാകരിക്കുന്നത് സത്യനിഷേധമാണെന്നാണ് ഇമാം ത്വഹാവി(റ) പറയുന്നത്.

വായന സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വായനക്കാരനിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് സാമൂഹികക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരും. അത് വ്യക്തിയിൽ നിന്ന് കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും പ്രസരിക്കും. വികസനപരതയും ചലനാത്മകതയുമാണ് യഥാർത്ഥ ജ്ഞാനത്തിൻറെ സവിശേഷത. ആ ജ്ഞാനത്തിൻറെ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുന്ന സംസ്കാരവും നാഗരികതയും അതിമഹത്തരമായിരിക്കും. അതുകൊണ്ട് അറിവ് കൈമാറ്റം ചെയ്യപ്പെടണം. തന്നിലേക്ക് ചുരുങ്ങിയ അറിവ് കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്, കാലക്രമത്തിൽ മലിനമാവുകയും പ്രയോജനരഹിതമാവുകയും ചെയ്യും. അത്തരം അറിവുകൾ അറിവിൻറെ ഉണ്മയെത്തന്നെ നിഷേധിക്കുന്നു. ഖുർആൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ’’അവനു നാം രണ്ടു കണ്ണുകൾ നൽകിയില്ലേ? നാവും രണ്ടും ചുണ്ടുകളും? തെളിഞ്ഞ രണ്ട് വഴികൾ നാമവന് കാണിച്ചുകൊടുത്തില്ലേ?”. കണ്ണുകൾ അറിവിലേക്കുള്ള സുപ്രധാന മാധ്യമമാണ്. കണ്ണുകൾ അക്ഷരങ്ങളെ പിന്തുടരുമ്പോൾ വായന സാധ്യമാവുന്നു, അറിവിൻറെ വാതായനങ്ങൾ തുറക്കപ്പെടുന്നു. ജ്ഞാനസമ്പാദനത്തിൻറെ ബാഹ്യവും പ്രഥമവുമായ രീതിയാണ് അക്ഷരങ്ങളിലൂടെയുള്ള വായന. മനുഷ്യനെ ചുറ്റിനിൽക്കുന്ന വൈവിധ്യം നിറഞ്ഞ പ്രപഞ്ചസൃഷ്ടികളിലേക്ക് മനുഷ്യചിന്ത വികസിക്കിമ്പോഴും അറിവിൻറെ പുതിയ നിധികൾ കണ്ടെത്തും. എന്നാൽ ഈ അറിവിന് മനുഷ്യസഹജമായ പരിധികളും പരിമിതികളും സ്വാഭാവികമാണ്. ഭൌതികതയിൽ നിലകൊളളുന്ന അഭൌതികതയെ മറനീക്കിക്കാണാൻ അവന് കഴിയുകയില്ല. അതിനാൽ തന്നെ അതീന്ദ്രിയമായ ഒരു സ്രോതസ്സ് അനിവാര്യമായിത്തീരും. പ്രവാചകന്മാർ പിറവികൊളളുന്നത് അങ്ങനെയാണ്. ആ ജ്ഞാനം ചില മനുഷ്യരിലൂടെ മറ്റനേകം മനുഷ്യരിലേക്ക് എത്തിച്ചുകൊടുക്കാൻ വേണ്ടി. അത് അക്ഷരങ്ങളായും വാക്കുകളായും വാക്യങ്ങളായും മനുഷ്യരിലേക്ക് പ്രവഹിക്കും. ഖുർആനായി നമ്മുടെ മുന്നിലുളള അതേ അക്ഷരങ്ങളും വാക്യങ്ങളും. മേൽപറഞ്ഞ ഖുർആൻ വാക്യത്തിൽ രണ്ടാമതായി പരാമർശിച്ചിട്ടുളളത് നാവും ചുണ്ടുകളുമാണ്. വായിക്കാനും വായിച്ചത് പങ്കുവെക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന രണ്ടനുഗ്രഹങ്ങൾ. കണ്ണുകൾ വായിച്ചെടുത്തതൊക്കെയും അപരന്ന് പറഞ്ഞ് കൊടുക്കേണ്ടതും അവനെ നേർവഴിയിലേക്ക് ക്ഷണിക്കേണ്ടതുമായ നാവിൻറെ ധർമ്മത്തെയാണ് അത് സൂചിപ്പിക്കുന്നത്. ശേഷം രണ്ട് വഴികൾ മനുഷ്യൻറെ മുമ്പിലുണ്ട്. നേരായ പാതയും തെറ്റായ പാതയും. ഏത് വേണമെന്ന് മനുഷ്യന് തീരുമാനിക്കാം. ഈ അനുഗ്രഹങ്ങളെ നിഷേധിച്ചവർ ഒരുപാടുണ്ട്. കണ്ണുണ്ടായിട്ടും കാണാത്തവർ കാതുകളുണ്ടായിട്ടും കേൾക്കാത്തവർ, സത്യത്തിനു നേരെ കണ്ണടക്കുന്നവർ. ’’അവർക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവർ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ട് മനസ്സിലാക്കുന്നില്ല” എന്ന് ഖുർആൻ വിശേഷിപ്പിച്ചവർ. അങ്ങനെ ഭാഗ്യവും നിർഭാഗ്യവും മനുഷ്യൻ തന്നെ തിരഞ്ഞെടുക്കുന്നു.

ജയിലിലെ പുസ്തകങ്ങളായിരുന്നു കുറ്റവാളിയായ മാൽകം എക്സിനെ വിപ്ലവകാരിയാക്കിയത്. എത്ര അനുഗ്രഹീതമായ ജയിൽ ജീവിതം! ഇന്നും ആവേശത്തോടെ തലമുറകൾ ഓർക്കുന്ന ആ ജീവിതത്തെ രൂപപ്പെടുത്തിയത് പുസ്തങ്ങളായിരുന്നു. ഇനിയും എത്രയെത്ര ഉദാഹരണങ്ങൾ! അറിവ് നേടുന്നതിൽ ഇസ്ലാം നിശ്ചയിച്ച ഒരേയൊരു അതിർവരമ്പ് അത് സൃഷ്ടാവായ നാഥൻറെ നാമത്തിൽ ആരംഭിക്കുക എന്നതാണ്. അങ്ങനെ ആരംഭിക്കുന്ന വായനകൾ എങ്ങനെയാണ് മനുഷ്യനും പ്രകൃതിക്കും ദോഷകരമായ ആശയങ്ങൾക്ക് രൂപം നൽകുക? നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ആദർശങ്ങൾ അതിൽനിന്ന് ഉദയം കൊള്ളുക? വംശീയ വിദ്വേഷങ്ങൾക്ക് പിൻബലം നൽകുന്ന സിദ്ധാന്തങ്ങൾ പിറവിയെടുക്കുക? ഇസ്ലാം വായനക്കാരന് മുന്നിൽ വെച്ച ഉപാധി എത്ര മാനവികമാണ്. ദൈവനാമത്തിൽ തുടങ്ങി ദൈവസന്നിധിയിൽ വിജയകരമായി അവസാനിക്കുന്ന യാത്രയാകണം വായന.

Related Articles