Current Date

Search
Close this search box.
Search
Close this search box.

ജീവന്‍ തേടി കേഴുന്ന ആലപ്പാട്

സോഷ്യല്‍ മീഡിയ മുതല്‍ മാധ്യമങ്ങളിലെല്ലാം ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് ആലപ്പാടാണ്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി അവിടുത്തെ ജനങ്ങള്‍ തുടരുന്ന സമരം അധികൃതരുടെ ശ്രദ്ധയിലെത്താന്‍ അവസാനം സോഷ്യല്‍ മീഡിയയുടെ പിന്തുണ തന്നെ വേണ്ടി വന്നു. നേരത്തെയും വിവിധ സംഘടനകള്‍ ആലപ്പാട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും വേണ്ട വിധത്തില്‍ അത് ഗൗനിച്ചില്ല.
പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ നാം പലപ്പോഴും പൊന്മുട്ടയിടുന്ന താറാവിന്റെ കാര്യത്തിലെ നിലപാടാണ് സ്വീകരിക്കാറ്. തന്റെ താല്‍ക്കാലിക കാര്യം നടക്കണം എന്നതിലപ്പുറം മറ്റൊരു ചിന്ത നമുക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയാണ് ആലപ്പാട്ട് ഖനനം നടത്തുന്നത്. ഖനനം നടത്തുമ്പോള്‍ അത് പ്രകൃതിക്കും ചുറ്റുപാടും ജീവിക്കുന്ന മനുഷ്യര്‍ക്കും കുഴപ്പമുണ്ടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തല്‍ അവരുടെ കടമയാണ്. നമ്മുടെ നിഘണ്ടുവിലെ വികസനത്തില്‍ ഇല്ലാതെ പോകുന്നതും പ്രകൃതി തന്നെയാണ്.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു ഇതേ ചോദ്യം മുഖ്യമന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു. അങ്ങിനെ ഒന്നില്ല എന്നാണു അദ്ദേഹം പറയാതെ പറഞ്ഞത്. കടലില്‍ നിന്നും കാര്യമായ ഒരു ദുരന്തം സംഭവിച്ചത് നാം മറന്നിട്ടില്ല. ഇക്കൊല്ലം മഴ പെയ്തപ്പോള്‍ സംഭവിച്ച പ്രളയവും നാം മറന്നു കാണില്ല. കടലും പുഴയും ചേര്‍ന്ന് വരുന്ന ആലപ്പാട്ട് നിവാസികള്‍ക്ക് അപ്പോള്‍ ഭയം അധികരിക്കും. അത് മാറ്റികൊടുക്കല്‍ ബന്ധപ്പെട്ടവരുടെ കടമയാണ്.

ആലപ്പാട്ട് നിവാസികളുടെ ജീവനാണ് നമുക്ക് എല്ലാത്തിലും വലുത്. അവരുടെ ആവലാതി പരിഹരിക്കുക എന്നതാണു ആദ്യം ചെയ്യേണ്ടത്. കരിമണല്‍ ഖനനം ആവശ്യമായി വരുന്നു. അതെ സമയം അതു പ്രകൃതിയില്‍ ഉണ്ടാക്കുന്ന വിപരീത ഫലങ്ങള്‍ കാണാതെ പോകരുത്. മണല്‍ ഖനനം നടന്ന സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ നാം കാണുന്നു. അതിനു പരിഹാരം വേണം. കരിമണല്‍ എടുത്ത സ്ഥാനത്ത് വെള്ള മണല്‍ കൊണ്ട് മൂടണം. അത് നടക്കുന്നില്ല എന്നാണു മനസ്സിലായത്.

ഖനനം പൂര്‍ണമായി നിര്‍ത്താന്‍ കഴിയില്ല എന്നതാണ് സ്ഥലം എം എല്‍ എയുടെ പക്ഷം. അതെ സമയം കടലില്‍ നിന്നുള്ള ഖനനം നിര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നത് എന്ന് വ്യക്തമാണ്. നമ്മുടെ വികസന ഖനന നയത്തില്‍ കാതലായ മാറ്റം അനിവാര്യമാണ്. പ്രകൃതിയിലെ വിഭവങ്ങള്‍ പ്രകൃതിക്ക് കോട്ടം വരാതെ എങ്ങിനെ ഉപയോഗിക്കാം എന്നതില്‍ ഇനിയും നാം പഠനം നടത്തിയിട്ട് വേണം. ഭൂമിയിലുള്ളത് മുഴുവല്‍ മനുഷ്യന് വേണ്ടി എന്നതാണു ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നത്. പക്ഷെ ആ മനുഷ്യന്‍ അവസാനത്തെ മനുഷ്യന്‍ കൂടി ചേര്‍ന്നതാണു എന്ന ബോധമാണ് നമുക്ക് ഉണ്ടായി തീരേണ്ടത്.

ഭരണ കൂടങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ കൂടതല്‍ ജാഗ്രത കാണിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും ഇന്നാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണം കാണുന്നത്. കേന്ദ്ര,കേരളം എന്നീ വക തിരിവുകള്‍ നാം ഉണ്ടാക്കിയതാണ്. ദുരന്തം വന്നാല്‍ അത് ബാധിക്കുക സമീപ വാസികളെയാണ് എന്ന ബോധം കൂടി നമുക്ക് ഉണ്ടായേ തീരൂ.

Related Articles