Current Date

Search
Close this search box.
Search
Close this search box.

‘നിപ’ ഭീതി വീണ്ടുമെത്തുമ്പോള്‍

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നത് ആധുനിക ശാസ്ത്രത്തിന്റെ നേട്ടമായി പറഞ്ഞു വരാറുണ്ട്. വികസിത രാജ്യങ്ങളില്‍ നിന്നും ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ കേള്‍ക്കാറില്ല. ആഫ്രിക്കയില്‍ നിന്നും മറ്റുമാണ് അത്തരം വാര്‍ത്തകള്‍ നമ്മെ തേടിയെത്തുന്നതും. കേരളം സാമൂഹിക ആരോഗ്യ രംഗത്തു മറ്റു വികസിത നാടുകളെ പോലെയാണ് എന്ന് നാം വിശ്വസിക്കുന്നു. അല്ലെങ്കില്‍ അതാണ് ശരി. എന്നിട്ടും കാലവര്‍ഷം വരുന്ന സമയത്തു വര്‍ഷാവര്‍ഷം ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

നിപ ഒരിക്കല്‍ കേരളത്തെ പിടിച്ചു കുലുക്കിയതാണ്. കഴിഞ്ഞ വര്‍ഷം അതിന്റെ താണ്ഡവത്തിനു വിധേയമായത് കോഴിക്കോട് ജില്ലയായിരുന്നു. ഇക്കൊല്ലം അത് തെക്കന്‍ ജില്ലകളിലേക്ക് മാറിയിരിക്കുന്നു. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു എന്നാണ് പറയുന്നത്. അത് കൊണ്ട് തന്നെ രോഗം സംശയിക്കപ്പെടുന്നവരെ തീര്‍ത്തും ഒറ്റപ്പെടുത്തുക എന്നത് ഈ രോഗത്തിന്റെ ഭാഗമാണ്. മരണത്തിനു ശേഷം പോലും മൃതദേഹം ആര്‍ക്കും കാണിക്കില്ല എന്നതും നാം കണ്ടു. കേരളത്തില്‍ 2018 മെയ് മാസത്തില്‍ നിപ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. മലേഷ്യയിലെ സുങകായ് നിപ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് ഈ പേരു വന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും, പന്നികളില്‍ നിന്നും, രോഗമുള്ള മനുഷ്യരില്‍ നിന്നും നിപാ വൈറസ് പകരുന്നു എന്നാണ് പറഞ്ഞു വരുന്നത്.

എറണാകുളം ജില്ലയില്‍ നിന്നും നിപ വൈറസ് സംശയിക്കുന്നു എന്നതു തന്നെ കേരളം ഞെട്ടലോടെയാണ് കേട്ടത്. സര്‍ക്കാരും ബന്ധപ്പെട്ടവരും വിഷയം ഗൗരത്തോടെ സമീപിക്കുന്നു എന്നത് പൊതു ജനത്തിന് സമാധാനം നല്‍കുന്ന വാര്‍ത്തയാണ്. പൊതുജനം ഈ വിഷയത്തില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഓരോ തവണയും കാലവര്‍ഷം വരുമ്പോള്‍ കേരളം ഏതെങ്കിലും പകര്‍ച്ചവ്യാധിയുമായാണ് വരാറുള്ളത്. എന്ത് കൊണ്ട് എന്നത് നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയം തന്നെ. പരിസര ശുചീകരണത്തിന് നാമിനിയും ഒരുപാട് മുന്നോട്ട് പോകണം. കേരളത്തിലെ പ്രധാന പട്ടണങ്ങള്‍ വരെ ഇതില്‍ നിന്നും മുക്തമല്ല. രോഗം വരാനുള്ള സാധ്യതകള്‍ നാം തന്നെ ഒരുക്കി വെക്കുന്നു. പരിസര ശുചീകരണം എന്നത് ഇനിയും നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിട്ടില്ല. നമ്മുടെ ഒട്ടുമിക്ക ജലാശയങ്ങളും എന്നോ മലിനമാണ്. ഇതിനെതിരെ എന്ത് നിലപാട് സ്വീകരിക്കാന്‍ കഴിയുന്നു എന്നിടത്താണ് ഇത്തരം രോഗങ്ങളെ മാറ്റി നിര്‍ത്താന്‍ നമുക്ക് എത്രമാത്രം കഴിയുന്നു എന്ന് പറയാന്‍ കഴിയുക.

Related Articles