Your Voice

മാതാപിതാക്കള്‍ക്ക് മുമ്പേ അല്ലാഹുവിലേക്ക് യാത്രയാവുന്നവര്‍

താനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോള്‍ പതറാത്തവര്‍ മഹാഭാഗ്യവാന്മാരാണ്. ഓരോ വിശ്വാസിയും തനിക്കേറെ പ്രിയപ്പെട്ടതെന്തും ഏതു സമയത്തും അല്ലാഹു തിരിച്ചെടുക്കാം എന്ന് മനസ്സിലാക്കണം. അല്ലാഹു അങ്ങനെ പരീക്ഷിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഖുര്ആനനില്‍ തന്നെ സൂചന കാണാം :

‘ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്ഭനങ്ങളില്‍ ക്ഷമയവലംബിക്കയും ഏതാപത്തു ബാധിക്കുമ്പോഴും ‘ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും’ എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചു കൊള്ളുക. (സൂറഃതുല്‍ ബഖറ: 155157).

പേരക്കിടാങ്ങളെ വല്ല്യുപ്പയുടെയും വല്യുമ്മയുടെയും അടുക്കലാക്കി വിദൂരങ്ങളിലേക്ക് പോവേണ്ടി വരികയും ആഴ്ചകളോളം തങ്ങളുടെ പ്രിയപ്പെട്ട അരുമ സന്താനങ്ങളെ പിരിഞ്ഞിരിക്കേണ്ടി വരികയും ചെയ്യുന്ന മാതാപിതാക്കള്‍ മക്കളെപ്പറ്റി മറ്റാരെങ്കിലും അന്വേഷിക്കുമ്പോള്‍, പറയാറുണ്ട്: ”അവരിപ്പോള്‍ വലിയ ഖുശിയിലായിരിക്കും. ഉപ്പാപ്പയും ഉമ്മാമയും മതി അവര്‍ക്ക് . പറയുന്നതും ചോദിക്കുന്നതുമെല്ലാം നല്‍കി താലോലിക്കുന്നുണ്ടാവും. ഞങ്ങള്‍ ഈയടുത്തൊന്നും ചെല്ലരുതെന്നായിരിക്കും ആ കുട്ടികളുടെ പൂതി. അതിനാല്‍ മക്കളുടെ കാര്യത്തില്‍ യാതൊരു ബേജാറും ആശങ്കയും വേണ്ടതില്ല, അത്രക്ക് സാമാധാനത്തിലാണ് ഞങ്ങള്‍” ഇവിടെ നാമാലോചിക്കുക, നമ്മുടെ മാതാപിതാക്കളെക്കാളും, വല്ലുപ്പ വല്ലുമ്മമാരെക്കാളുമെല്ലാം കാരുണ്യവാനും സ്‌നേഹനിധിയും ദയാപരനുമായ അല്ലാഹുവിന്റെയും അവന്റെ പരിശുദ്ധരായ മലക്കുകളുടെയും സംരക്ഷണത്തിലാണ് തങ്ങള്‍ക്ക് മുമ്പേ മരിച്ചുപോവുന്ന സന്താനങ്ങള്‍ എന്ന്. പിന്നെയെന്തിന് വിഷമിക്കണം!

അതുമാത്രമോ, നാളെ സ്വര്‍ഗ കവാടത്തില്‍ കയറിക്കോളൂ എന്ന് മലക്കുകള്‍ ആ കുട്ടികളോട് പറയുമ്പോള്‍ എന്റെ ഉപ്പയും ഉമ്മയും വന്നിട്ടേ ഞാന്‍ കയറൂ എന്ന് ശാഠ്യം പിടിക്കുകയും അവരുടെ വരവും കാത്ത് സ്വര്‍ഗീയ കവാടത്തില്‍ കാത്തിരിക്കുകയും ചെയ്യുന്ന മക്കള്‍ തങ്ങളുടെ ജീവിത കാലത്ത് തന്നെ തങ്ങള്‍ക്കു മുമ്പേ മരിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്.

തിരുമേനി(സ)യുടെ സന്നിധിയില്‍ നമസ്‌കാരത്തിനും തിരുമേനിയുടെ ക്ലാസുകള്‍ കേള്‍ക്കാനും വരാറുണ്ടായിരുന്ന ഒരു സഹാബിയെപ്പറ്റി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ മകനും കൂടെ വരുമായിരുന്നു. ആ പിതാവിന് തന്റെ മകനോട് വലിയ സ്‌നേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘നിനക്കിവനെ ഇഷ്ടമാണോ?’ ‘തീര്‍ച്ചയായും. അല്ലാഹുവിന് താങ്കളോടുള്ളത് പോലെയുള്ള സ്‌നേഹം’ ഉപ്പ പറഞ്ഞു. പിന്നീടവരെ കാണാനില്ലാതായപ്പോള്‍ തിരുമേനി അന്വേഷിച്ചു. അപ്പോള്‍ ആ കുട്ടി മരണപ്പെട്ടു എന്നും അദ്ദേഹം അതില്‍ സങ്കടപ്പെട്ടിരിക്കുകയാണെന്നും വിവരം കിട്ടി. അങ്ങനെ തിരുമേനി അദ്ദേഹത്തിന്റെയടുത്ത് ചെന്ന് ഇങ്ങനെ ചോദിച്ചു: സഹോദരാ, നാളെ സ്വര്‍ഗീയ കവാടത്തില്‍ നീ ചെല്ലുമ്പോള്‍ നിനക്ക് മുമ്പേ അവിടെ എത്തി നിനക്ക് സ്വര്‍ഗീയ കവാടം തുറന്നുതരാന്‍ അവന്‍ കാത്തിരിക്കുന്നത് നിന്നെ സന്തോഷിപ്പിക്കുകയില്ലേ? ഇതുകേട്ട് അദ്ദേഹത്തിന് വലിയ ആശ്വാസമായി (നസാഇ, അഹ്മദ്, ത്വബറാനി).

عَنْ مُعَاوِيَةَ بْنِ قُرَّةَ، يُحَدِّثُ عَنْ أَبِيهِ، أَنَّ رَجُلاً كَانَ يَأْتِي النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَهُ ابْنٌ لَهُ، فَقَالَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « أَتُحِبُّهُ ».؟ فَقَالَ: « أَحَبَّكَ اللَّهُ كَمَا أَحْبَبْتَهُ» فَفَقَدَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: «مَا فَعَلَ فُلاَنٌ» ؟ قَالُوا مَاتَ ابْنُهُ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « أَمَا يَسُرُّكَ أَنْ لاَ تَأْتِيَ بَابًا مِنْ أَبْوَابِ الْجَنَّةِ إِلاَّ وَجَدْتَهُ يَنْتَظِرُكَ»؟ فَقَالَ رَجُلٌ: أَلَهُ خَاصَّةً أَوْ لِكُلِّنَا قَالَ: «بَلْ لِكُلِّكُمْ».- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 1417، وَقَالَ: هَذَا حَدِيثٌ صَحِيحٌ الإِسْنَادِ.

അതിനാല്‍ താങ്കള്‍ക്ക് തീര്‍ച്ചയായും സമാധാനിക്കാം. മരണമില്ലാത്ത, ശാശ്വതമായ ആ സ്വര്‍ഗത്തിലെത്തുന്നതിനും തന്റെ മകനുമായി അവിടെവെച്ച് സന്ധിക്കുന്നതിനും തടസ്സമാകുന്ന പാകപ്പിഴവുകള്‍ വരാതെ നല്ല ജീവിതം നയിക്കാന്‍ അല്ലാഹു താങ്കളെ തുണക്കട്ടെ. താങ്കളുടെ മകനെ, നാളെ സ്വര്‍ഗീയ കവാടത്തില്‍ താങ്കളെ വരവേല്‍ക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ.

ധാരാളം മക്കളുണ്ടാവുകയും ആ കാരണം കൊണ്ടുമാത്രം ഈ ലോകത്ത് ജീവിതം ദുരിതപൂര്‍ണമാവുകയും പരലോകത്ത് പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ എത്രപേരുണ്ട്! അതിനാല്‍ ഈ പരീക്ഷണത്തില്‍ താങ്കള്‍ വിജയിച്ചേ പറ്റൂ. മകന്‍ മരിച്ചാല്‍ അല്ലാഹു ചോദിക്കുമത്രേ, എന്തായിരുന്നു പിതാവിന്റെ പ്രതികരണമെന്ന്. അപ്പോള്‍ ക്ഷമാ പൂര്‍വ്വം ആ സന്ദര്‍ഭത്തെ അതിജീവിച്ച വിശ്വാസികള്‍ അല്ലാഹുവിനെ സ്തുതിക്കുകയും ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുകയും ചെയ്തു എന്ന് മലക്കുകള്‍ മറുപടി പറയുമെന്നും, ഉടനെ അല്ലാഹു ‘എങ്കില്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തിനായി ഒരു മന്ദിരം പണിയുക. അതിന് സ്തുതിയുടെ മന്ദിരം എന്ന് നാമകരണം ചെയ്യുക’ എന്ന് മലക്കുകളോട് പറയുമെന്നും ഹദീസില്‍ കാണാം.

عَنْ أَبِى سِنَانٍ قَالَ دَفَنْتُ ابْنِى سِنَانًا وَأَبُو طَلْحَةَ الْخَوْلاَنِىُّ جَالِسٌ عَلَى شَفِيرِ الْقَبْرِ فَلَمَّا أَرَدْتُ الْخُرُوجَ أَخَذَ بِيَدِى فَقَالَ أَلاَ أُبَشِّرُكَ يَا أَبَا سِنَانٍ. قُلْتُ بَلَى. فَقَالَ حَدَّثَنِى الضَّحَّاكُ بْنُ عَبْدِ الرَّحْمَنِ بْنِ عَرْزَبٍ عَنْ أَبِى مُوسَى الأَشْعَرِىِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ « إِذَا مَاتَ وَلَدُ الْعَبْدِ قَالَ اللَّهُ لِمَلاَئِكَتِهِ قَبَضْتُمْ وَلَدَ عَبْدِى. فَيَقُولُونَ نَعَمْ. فَيَقُولُ قَبَضْتُمْ ثَمَرَةَ فُؤَادِهِ. فَيَقُولُونَ نَعَمْ. فَيَقُولُ مَاذَا قَالَ عَبْدِى فَيَقُولُونَ حَمِدَكَ وَاسْتَرْجَعَ. فَيَقُولُ اللَّهُ ابْنُوا لِعَبْدِى بَيْتًا فِى الْجَنَّةِ وَسَمُّوهُ بَيْتَ الْحَمْدِ ».- رَوَاهُ التِّرْمِذِيُّ: 1037، وَحَسَّنَهُ الأَلْبَانِيُّ.

അതിനാല്‍ താങ്കള്‍ക്കും ആ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആ ഉറപ്പായ സ്വര്‍ഗീയ മന്ദിരം വിലക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. മനോധൈര്യത്തിനും സ്ഥൈര്യത്തിനും നബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍, വഴി മനസ്സിന് ആശ്വാസം കണ്ടെത്തുക. മനസ്സ് അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. അതിന് സ്ഥൈര്യം ലഭിക്കാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുന്നവര്‍ക്ക് അവനത് നല്‍കും, തീര്‍ച്ച.

ഹൃദയങ്ങളെ മാറ്റിമറിക്കുന്ന തമ്പുരാനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതില്‍ ഉറപ്പിച്ചുനിര്‍ത്തിയാലും.

*« يَا مُصَرِّفَ الْقُلُوبِ ثَبِّتْ قُلُوبَنَا عَلَى طَاعَتِكَ ». « يَا مُقَلِّبَ الْقُلُوبِ ثَبِّتْ قُلُوبَنَا عَلَى دِينِكَ »*.

Facebook Comments
Related Articles
Show More

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
Close
Close