Current Date

Search
Close this search box.
Search
Close this search box.

വിടപറഞ്ഞത്, ബാബരിക്ക് വേണ്ടി ശബ്ദിച്ചയാള്‍

പ്രസിദ്ധ അഭിഭാഷകനും ലഖ്നോ സുന്നി വഖഫ് ബോർഡ് കൗൺസിൽ അംഗവുമായ സഫരിയാബ് ജീലാനി ഓർമയായി. ഏറ്റവുമൊടുവിൽ 2019 നവംബർ 08-ന് അയോധ്യ രാമക്ഷേത്രമാണെന്ന അലഹബാദ് ഹൈക്കോർട്ട് വിധിയിൽ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധിയായി സുപ്രീം കോടതിയിൽ ഹാജരായത് മാധ്യമ ശ്രദ്ധയിൽപ്പെട്ടിരുന്നു. 1972 മുതൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡിന്റെ (എഐഎംപിഎൽബി) ഇടക്കാലത്ത് സെക്രട്ടറിയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് വിഷയത്തിൽ യുപി സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു വർഷങ്ങളോളം. ജന്മസ്ഥലമായ മലീഹാബാദിലെ അദ്ദേഹം ചെയർമാനായുള്ള ഇസ്ലാമിയ കോളേജിലെ ശുചിമുറിയിൽ വീണുണ്ടായ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് 2021 മെയ് മാസത്തിൽ അദ്ദേഹത്തെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നത് കാരണം ചികിത്സ നീണ്ടു.

മേദാന്ത മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘമാണ് ജിലാനിയെ അവസാനമായി ചികിത്സിച്ചിരുന്നതെന്ന് ജീലാനിയുടെ മകൻ നജഫ് പറഞ്ഞു. അപകടമുണ്ടായ ഉടനെ സർവോദയ നഗറിലെ ഡോ. ഉസ്മാൻ കൗശൽ ഖാന്റെ അടുത്തേക്ക് കൊണ്ടുപോയി; അദ്ദേഹം നിർദേശിച്ച പ്രകാരമാണ് മേദാന്ത മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. അന്നുണ്ടായ മസ്തിഷ്ക രക്തസ്രാവവും കോവിഡ് പ്രതികൂലാവസ്ഥയും ബിപി ലെവൽ കൂടിയതും മരണത്തിന് കാരണമായെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു.

മഹ്ബൂബെ മില്ലത് ഇബ്രാഹീം സുലൈമാൻ സേഠിനെ കുറിച്ച് ചെറൂപ്പ സഹോദരന്മാർ ( ടി പി ചെറൂപ്പ,ഹസൻ ചെറൂപ്പ ) തയ്യാറാക്കിയ നൂറ്റാണ്ടിനെ ഇതിഹാസത്തിലേക്ക് ഉത്തരേന്ത്യയിലെ മുസ്ലിം നേതാക്കളെ കണ്ട് ഇന്റർവ്യൂ ചെയ്യാനായി ശിആ നേതാവ് കൽബെ സ്വാദിഖ്, നദ്‌വയുടെ റെക്ടർ അലീ മിയാൻ, ബാബരി മസ്ജിദ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സഫരിയാബ് ജീലാനി എന്നിവരെ കണ്ടതാണ് അവരുമായുള്ള എന്റെ ബന്ധത്തിന്റെ തുടക്കം. മാമ്പഴത്തോട്ടങ്ങൾക്ക് പേരുകേട്ട മലിഹാബാദിലാണ് ജീലാനിയെ ആദ്യമായി കാണുന്നത്. അന്നദ്ദേഹം സൽകരിച്ചതും മലീഹാബാദ് മാമ്പഴം കൊണ്ടായിരുന്നു എന്ന ഓർമ ഇപ്പോഴും സജീവമാണ്. അതിനു ശേഷം ലഖ്നോവിലെ അഞ്ജുമൻ ഇസ്‌ലാഹുൽ മുസ്ലിമീൻ സംഘത്തിന്റെ പരിപാടികളിലും പെർസണൽ ലോ ബോർഡിന്റെ യോഗങ്ങളിലും വെച്ച് നേരിട്ട് കണ്ടിട്ടുണ്ട്.

1950-ൽ മലീഹാബാദിലാണ് ജീലാനി ജനിച്ചത്. നിയമത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന അദ്ദേഹം മുസ്‌ലിം വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായ പങ്കാളിത്തം വഹിച്ചു. ഈ ബന്ധമാണ് അദ്ദേഹത്തെ 1978-ൽ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡുമായി അടുപ്പിച്ചത്. 1985-ഓടെ അദ്ദേഹം ബോർഡിൽ അംഗമായി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് അംഗീകരിക്കപ്പെടുകയും ഷാബാനു കേസിലെ വ്യക്തിനിയമ ബോർഡ് ആക്ഷൻ കമ്മിറ്റി കൺവീനറായി തെരെഞ്ഞെക്കപ്പെടുകയും ചെയ്തു. BMAC നിലവിൽ വന്ന് രണ്ട് വർഷത്തിന് ശേഷം, അത് ദേശീയ തലത്തിലുള്ള സംഘടനയായി മാറുകയും ഓൾ ഇന്ത്യ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി എന്ന് പുനർനാമകരണം ചെയ്യപെടുകയും ചെയ്തു. തുടർന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ ദേശീയതല കൺവീനർ സ്ഥാനത്തേക്കും അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മരിക്കുമ്പോൾ ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡിന്റെ (എഐഎംപിഎൽബി) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുസ്ലീം വ്യക്തിനിയമത്തിലും ഇന്ത്യൻ പീനൽ കോഡുമായി (ഐപിസി) ബന്ധപ്പെട്ട വിഷയങ്ങളിലും അലഹാബാദ് ഹൈക്കോർട്ട് , സുപ്രീം കോടതി എന്നിവിടങ്ങളിലെ ഏറ്റവും പ്രമുഖ വ്യക്തിത്വമാണ് ജീലാനി . 100 വർഷം പഴക്കമുള്ള മലീഹാബാദിലെ ഇസ്ലാമിയ കോളേജും യുപി യിലെ മറ്റ് രണ്ട് കോളേജുകളും ലഖ്നോവിലെ ഒരു അനാഥാലയവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്.

Related Articles