Current Date

Search
Close this search box.
Search
Close this search box.

വേഷം കൊണ്ട് മതമളക്കുന്നവരോട്

അബ്ബാസീ കാലത്ത് ജീവിച്ചിരുന്ന ഒരു താന്തോന്നി കവിയായിരുന്നു അബൂ നുവാസ്. അബൂ നുവാസ് ഹസൻ ബിൻ ഹാനി അൽ ഹികമി (750–810CE/ 146–198 AH) എന്നായിരുന്നു മുഴുവൻ പേര് പേർഷ്യയിലെ അഹ്വാസ് അറബ് – പേർഷ്യൻ വംശജനായി ജനിച്ചു. അബൂ നുവാസ് എന്നത് ഇരട്ടപ്പേരാണ്. തോൾ വരെ നീണ്ടുകിടക്കുന്ന മുടി കാരണമാണ് ‘മുടിക്കെട്ടിന്റെ പിതാവ്’ എന്നർത്ഥം വരുന്ന ഈ പേര് ഇദ്ദേഹത്തിന് ലഭിച്ചത്.

ക്ലാസിക്കൽ അറബി കവികളിൽ ഏറ്റവും മഹാന്മാരിൽ ഒരാളായി ഇദ്ദേഹം കരുതപ്പെടുന്നു. അറബി കവിതയുടെ എല്ലാ വിഭാഗങ്ങളിലും അഗ്രഗണ്യനായിരുന്നു അബൂ നുവാസ്.അദ്ദേഹത്തിന്റെ വീഞ്ഞുകവിതകൾ (ഖമ്രിയാത്ത്),അക്കാലത്തെ LGBTQ കവിതകൾ (മുദ്ദക്കറാത്ത്, അശ്ആർ മാജിന) എന്നിവ അദ്ദേഹത്തെ പ്രശസ്തനാക്കി. അറബി നാടൻ കഥകളിൽ പോലും ”കുപ്പിക്കവി” യായാണ് അബൂ നുവാസ് പരാമർശിക്കപ്പെടുന്നത്. ആയിരത്തൊന്ന് അറേബ്യൻ രാവുകളിലെ മദ്യ വിരുന്നുകൾ പറയുന്നിടത്ത് അബുനുവാസിന്റെ പേര് പല തവണ പരാമർശിച്ചിട്ടുണ്ട്.

ബനൂ ഹികമിലെ ജീസാനി ഗോത്രവർഗ്ഗക്കാരനായിരുന്ന അബു നുവാസിന്റെ വാപ്പ ഹാനി മർവാൻ രണ്ടാമന്റെ സൈനികനായിരുന്നു . അബു നുവാസ് തന്റെ വാപ്പയെ കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ഉമ്മ പേർഷ്യക്കാരിയായിരുന്നു. ഗോ‌ൾബാൻ എന്നായിരുന്നു അവരുടെ പേര്. നെയ്ത്തുകാരിയായിരുന്നു ഇവർ. ഇദ്ദേഹത്തിന്റെ പല ജീവചരിത്രങ്ങളിലും ജനനത്തീയതി വ്യത്യസ്തമായാണ് കൊടുത്തിരിക്കുന്നത്. 747 മുതൽ 762 വരെയുള്ള പല അഭിപ്രായങ്ങളുമുണ്ട്. ചിലർ പറയുന്നത് ഇദ്ദേഹം ബസ്രയിലാണ് ജനിച്ചതെന്നാണ്. ഡമാസ്കസിലായിരുന്നു ജനനമെന്നും അഭിപ്രായമുണ്ട്.

കുട്ടിയായിരുന്നപ്പോൾത്തന്നെ തന്റെ മാതാവ് ഇദ്ദേഹത്തെ ബസ്രയിലെ, സഅദുൽ അശീറ : എന്ന പലചരക്കുകടക്കാരന് വിറ്റു. ഇദ്ദേഹം പിന്നീട് ബാഗ്ദാദിലേയ്ക്ക് കുടിയേറി. വാലിബ : ബിൻ അൽ-ഹുബാബിനൊപ്പമായിരിക്കണം ഇദ്ദേഹം പോയത്. സരസമായ കവിതയിലൂടെ ചെറുപ്പകാലത്ത് തന്നെ പ്രസിദ്ധനായി. പരമ്പരാഗതമായ ശൈലിയിൽ മരുഭൂമിയെപ്പറ്റി മാത്രമല്ല, നാഗരികജീവിതവും മദ്യത്തിന്റെയും മദ്യപാനത്തിന്റെയും ആർമാദിക്കലുകളും തമാശകളും ഇദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന പ്രമേയങ്ങളായി. നായാടലിനെപ്പറ്റിയുള്ള ചില കവിതകളുമുണ്ട്; പ്രകീർത്തന കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യത്തിനും പ്രസിദ്ധനായിരുന്നു അബൂ നുവാസ്. ഇസ്ലാം നിഷിദ്ധമായി കരുതുന്ന പല വിഷയങ്ങളെപ്പറ്റിയും കവിതയെഴുതുന്നതിലൂടെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു.

തന്റെ കള്ള് കവിതകളിൽ അബൂ നുവാസ് പറയുന്നു:-

ആരാധകർ പള്ളികളിൽ തന്നെ വസിച്ചോട്ടെ,
നാമോ ചെത്തുകാരനെ പ്രദക്ഷിണം ചെയ്തോട്ടേ,
മദ്യപിക്കുന്നവർക്ക് കഷ്ടം ദൈവം വിധിച്ചിട്ടില്ല
സകല കഷ്ടവും നിസ്കരിക്കുന്നവർക്കല്ലോ !!
(ويل للمصلين)

ഇത്തരം കവിതകൾ കാരണം ഹാറൂൻ റശീദ് ഈ കവിയുടെ കഴുത്ത് വെട്ടാൻ ആഗ്രഹിച്ചു.
“കവികൾ ചെയ്യാത്തതു പറയുന്നു ” എന്ന ആയത്തോതിയാണത്രെ കവി അന്ന് രക്ഷപ്പെട്ടത്.
കവി മരിച്ചപ്പോൾ ഇമാം ശാഫി ( റഹ്) മയ്യിത് നമസ്കരിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ മയ്യിത് കുളിപ്പിച്ചവർ അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഇങ്ങിനെയൊരു കവിതാ ശകലം കണ്ടു ഞെട്ടി :

റബ്ബേ, എന്റെ പാപങ്ങൾ അനവധിയാണെങ്കിലും
നിന്റെ പാപമോചനം അതിവിശാലമല്ലോ?!
സുകൃതൻ മാത്രം നിന്നോട് ചോദിച്ചാൽ ..
ഈ കുറ്റവാളി ആരോട് അഭയം തേടും?!
നാഥാ, താഴ്മയോടെ ഞാൻ നിന്നോട് തേടുന്നു ,
എന്റെ കൈ നീ തടഞ്ഞാൽ ആരാണ് കരുണ കാണിച്ചീടുവാൻ ?
നിന്റെ പ്രതീക്ഷയല്ലാതെ ഒരു മാർഗവുമില്ലെനിക്ക്
നിന്റെ ദയ മനോഹരം, ഞാനിതാ കീഴടങ്ങുന്നു. ”

ഈ കടലാസ് വായിച്ച ഇമാം ശാഫി തന്റെ മുൻധാരണയിൽ ഖേദിച്ചു കരഞ്ഞു , അവിടെ ഹാജരുള്ളവരേയെല്ലാം ചേർത്ത് ഇമാമായി നിന്ന് ജനാസ നമസ്കരിച്ചു. (അവസാന കാല ജീവിതം ഒരു പരിവ്രാജകന്റെതായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ പില്ക്കാല കവിതകളും ചരിത്രവും സാക്ഷി )

ഉപസംഹാരം:
അല്ലാഹുവിന്റെ സൃഷ്ടികളെ മുൻവിധിയോടെ കാണാനുള്ള അവകാശം എനിക്കോ നിങ്ങൾക്കോ ഇല്ല.

ഇവൻ സാധു …
അവൻ മോശം …
ഇവൻ സ്വർഗ്ഗത്തിലേക്കാണ്
മറ്റവൻ തീയിലാണ് …
ഇതെല്ലാം സ്വർഗത്തിന്റെയും നരകത്തിന്റെയും നാഥൻ തീരുമാനിക്കട്ടേന്ന് …

നാം നമ്മുടെ തെറ്റുകൾ പരിഹരിക്കാൻ പരിശ്രമിക്കുക എന്നതാണ് നമ്മുടെ കടമ,
ഏറ്റം മികച്ച (بالتي هي أحسن ) തും
മൃദുവും അനുകമ്പാപൂർണ്ണവുമായ രീതിയിലാവണം മറ്റുള്ളവർക്ക് നാം മാർക്കിടേണ്ടത്.

Related Articles