Current Date

Search
Close this search box.
Search
Close this search box.

നോർത്ത് കാരോലിനയിൽനിന്ന് ഒരു റമദാന്‍ അനുഭവം

നന്മകളുടെ ഒരു റമദാൻ മാസംകൂടി അതിൻറെ അവസാനത്തെ ദിനരാത്രങ്ങളിൽ എത്തിനിൽക്കുന്നു. ഒരുപാട് പ്രത്യേകതകൾ ഉള്ളൊരു റമദാൻ ആണല്ലോ ഇത്തവണത്തേത്. ലോകത്തുള്ള ഒരു വിശ്വാസിയും ഇതുപോലെ ഒരു റമദാൻ ഇതിനു മുൻപ് അനുഭവിച്ചു കാണില്ല. പള്ളികളിലെ നമസ്കാരങ്ങളും നേരം വെളുക്കുവോളമുള്ള പ്രാര്ഥനകളുമില്ല, ഇഫ്താർ ഒത്തുകൂടലുകളില്ല, വിരുന്നു പോക്കുകളില്ല, ആഘോഷങ്ങളില്ല. എല്ലാം ഒറ്റയടിക്ക് താല്കാലികമായിട്ടെങ്കിലും (താല്കാലികമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു) നിർത്തിവെപ്പിക്കാൻ കോറോണയെന്ന കുഞ്ഞുജീവിക്ക് സാധിച്ചിരിക്കുന്നു. മനുഷ്യർ അവരവരുടെ വീടുകളിലായി ഇരിക്കുന്നു.

നാട്ടിലേതിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു അമേരിക്കയിലെ റമദാൻ അനുഭവങ്ങൾ. കഴിഞ്ഞ നാല് വർഷങ്ങളായി പെൻസിൽവാനിയിലെ ഫിലഡൽഫിയയിൽ ആയിരുന്നു താമസം. അവിടെ എത്തിയ ഉടനെ പരിചയക്കാരൊന്നും വല്ലാതെ ഇല്ലാതിരുന്നതിനാൽ ആദ്യകാലങ്ങളിൽ റമദാനും പെരുന്നാളുമൊക്കെ  തനിച്ചായിരുന്നു.

പിന്നീടാണ് മലയാളി മുസ്‌ലിംസ് ഓഫ് പെനിന്സുൽവാനിയ (MMPA ) എന്ന സംഘത്തെ പരിചയമാവുന്നത്. പത്തുമുപ്പതുകുടുംബങ്ങളുള്ള  ആ സംഘത്തോടൊപ്പവുമായി പിന്നെ  പെരുന്നാൾ ആഘോഷങ്ങള്‍.

Also read: തൂവെള്ള ഹൃദയങ്ങളുടെ ആഘോഷം

ആയിടയ്ക്കാണ് ഭർത്താവിന് ജോലിമാറ്റം ആയത്. നാല് വർഷത്തെ ഫിലഡൽഫിയ ജീവിതം കഴിഞ്ഞു ഞങ്ങൾ നോർത്ത് കരോലിനയിലെ ഗ്രീൻസ്‌ബോറോ എന്ന കുഞ്ഞു പട്ടണത്തിലെത്തി. നാട്ടിൽ വെച്ചുതന്നെ പരിചയമുള്ള ഒന്നുരണ്ടു കുടുംബങ്ങൾ അവിടെ ഉള്ളത്കൊണ്ട് ഒറ്റപ്പെടൽ അനുഭവപ്പെട്ടിട്ടില്ല. ഒത്തുകൂടാനും യാത്രപോകാനുമൊക്കെ നമ്മുടെ സ്വന്തം കുടുംബത്തെ പോലെ ഒരുമിച്ചുള്ള ജീവിതം. ഇവിടെ വന്നതിനുശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ റമദാൻ ഒത്തിരി അനുഭവങ്ങളുടെ സന്തോഷ അനുഭവങ്ങളാണ്.

ഒരുപാട് അറബികളും പാകിസ്താനികളുമൊക്കെ താമസിക്കുന്ന സ്ഥലവുമായതിനാൽ അടുത്ത് തന്നെ രണ്ടുമൂന്നുപള്ളികളുണ്ട് . കുട്ടികൾക്കായി മദ്രസയും. പള്ളികളിലെ ഇഫ്താറിനു പങ്കെടുത്താൽ പിന്നെ രാത്രി ദീർഘ നമസ്കാരം തറാവീഹും കഴിഞ്ഞാണ് വീട്ടിലേക്ക് മടക്കം .മസ്ജിദിനു പുറത്ത് വലിയ ടെന്റുകൾ കെട്ടി നിരവധി ആളുകൾ പങ്കെടുക്കുന്ന നോമ്പുതുറ. കളിക്കാനും മറ്റുമായി നിരവധി അവസരങ്ങളുള്ളതിനാൽ സന്തോഷപൂർവം കുട്ടികളും നമുക്കൊപ്പം കൂടും.

സന്തോഷങ്ങളുടെയും സുകൃതങ്ങളുടെയും നിറഞ്ഞ റമദാൻ മാസത്തെ സ്വാഗതം ചെയ്യാൻ എല്ലാവരെയുമെന്ന പോലെ വേണ്ടികാത്തിരിക്കുകയായിരുന്നു ഇത്തവണയും ഞങ്ങൾ. കൊറോണ എല്ലാം തകർത്തെറിഞ്ഞ ലോകത്തെ  ഏറ്റവും നാശം വിതച്ച ഈ രാജ്യത്ത് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.. പള്ളിയിൽ ഇത്തവണ ആഴ്ചയിൽ ഒരിക്കൽ ഡ്രൈവ് ത്രൂ ഇഫ്താർ ആണ് ഉണ്ടായിരുന്നത്.. നമ്മൾ കാറിൽ ചെന്ന് പള്ളിയുടെ മുന്നിലെത്തി ആളുകളുടെ എണ്ണം പറഞ്ഞുകൊടുത്താൽ ഭക്ഷണ പൊതി നമ്മുടെ വണ്ടിക്കകത്ത് വെച്ച് തരുന്ന രീതി. കിട്ടിയ പൊതിയുമായി വീടുകളിൽ ചെന്ന് നോമ്പ് തുറക്കുക..ഇങ്ങനെയാണ് ഇപ്രാവശ്യത്തെ അധിക നോമ്പുകളും കടന്നുപോയത്.

Also read: അന്ന് നമ്മളൊറ്റക്ക് അവൻെറ മുന്നിലെത്തും

കൊറോണ കാരണം രണ്ടു മാസത്തോളമായി ഞങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. ഐ ടി ഫീൽഡ് ആയത് കൊണ്ട് ഭർത്താവിന് വർക്ക് ഫ്രം ഹോമും , മക്കൾക്കിപ്പോ ഡിജിറ്റൽ ലേർണിംഗുമാണ്. കുട്ടികൾ ഹോം സ്‌കൂളിങ് രീതി പഠിച്ചു വരുന്നതുവരെ നന്നായി കഷ്ടപാടായിരുന്നു. കുട്ടികൾ എങ്ങിനെ അടങ്ങി ഇരിക്കാനാണ്.. കമ്പ്യൂട്ടറിലും മറ്റും നോക്കി വായിപ്പിക്കാനും പഠിപ്പിക്കാനും നന്നായി പാടുപെട്ടു. വർക് ലോഡുകൾ അധികമില്ലാത്ത സ്‌കൂൾ രീതിയാണിവിടെ..രണ്ടാഴ്ച കൂടി നിശ്ചയിക്കപ്പെട്ട ഹോം സ്കൂൾകഴിഞ്ഞാൽ പിന്നെ അവധിയാണ്. ഭക്ഷണ സാധനങ്ങളെല്ലാം ഓൺലൈൻ ആയാണ് വാങ്ങിക്കുന്നത്…അപാർട്മെന്റ് ജീവിതങ്ങളിൽ പുറത്തിറങ്ങാൻ കൊതിക്കുന്ന കുട്ടികളുടെ ആഗ്രഹങ്ങളെ കഴിഞ്ഞ രണ്ടു മാസത്തിലധികമായി സങ്കടത്തോടെയും പാടുപെട്ടുമെല്ലാം നിയന്ത്രിച്ചങ്ങിനെ മുന്നോട്ടു പോകുന്നു.

ഇക്കഴിഞ്ഞ ഒരു ദിവസം രാവിലെ മോനെ എഴുന്നേല്പിക്കാൻ ചെന്നപ്പോൾ അവനുണ്ട് ചിരിക്കുന്നു. എന്തിനാ ചിരിച്ചത് സ്വപ്നം വല്ലതും കണ്ടോയെന്ന് ചോദിച്ചപ്പോൾ പറയുകയാണ് ” ഞാനൊരു സ്വപ്നം കണ്ടു, ഈ കോറോണയൊക്കെ കഴിഞ്ഞിട്ട് നമ്മളും അങ്കിളും ഫാമിലിയും എല്ലാരും കൂടി ട്രിപ്പ് പോകുന്നു. സൂവിലും പാർക്കിലും ഒക്കെ പോകുന്നുണ്ട്. നല്ല രസമായിരുന്നു” എന്ന്. അതും പറഞ്ഞ അവനത് ആലോചിചു വീണ്ടും ചിരിച്ചുകൊണ്ട് കുറച്ചു നേരം കൂടി കിടന്നു..കൂട്ടിലിട്ട പോലത്തെ ജീവിതം അവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു, എന്ന് തീരുമെന്ന് അറിയാതെ കത്തിപ്പിന്റെ നാളുകൾ.

ജനുവരിയിൽ ചൈനയിൽ കൊറോണ  വൈറസ് കാരണം അസുഖം വന്നു ഒരുപാട് ആളുകൾമരിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കേട്ടപ്പോൾ ഇവിടെ എല്ലാവരെയും പോലെ ഇത്രയധികം വിപത്തുകൾ ഉണ്ടാകുമെന്ന് നമ്മളാരും പ്രതീക്ഷിച്ചില്ല. ആരോഗ്യ രംഗം വലിയ പുരോഗതിയിലെന്നു അവകാശപ്പെടുന്ന, അമേരിക്കയിൽ പ്രത്യേകിച്. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ കാലിഫോർണിയയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോഴും നമ്മളെല്ലാം സുരക്ഷിതമായിരിക്കും കാലിഫോർണിയയും നോർത്ത്കരോലീനയും രണ്ടും അമേരിക്കയുടെ രണ്ടറ്റത്താണല്ലോ എന്ന് കരുതി. ഈ വിചാരങ്ങളൊക്കെ തെറ്റായിരുന്നു എന്ന് വെറും ഒന്നു രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ മനസ്സിലായി. പിന്നീടങ്ങോട്ട് എന്തൊക്കെയാ ഇവിടെ സംഭവിച്ചൂകൊണ്ടിരിക്കുന്നത് എന്നു വിശദീകരിക്കാൻ പോലും കഴിയാത്ത അവസ്ഥകൾ. ധാരാളം ആളുകളാണ് ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്.

Also read: വഖഫ് ബോർഡ്‌ :മാർക്സിസ്റ്റ് ദുസ്വാധീനത്തിൽ താളംതെറ്റുന്നുവോ ?

ഇന്നത്തെ കണക്കുപ്രകാരം ഞങ്ങൾ താമസിക്കുന്ന നോർത്ത് കാരോലിനയിൽ മാത്രം 659 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇത്രയൊക്കെയായിട്ടും ഇവിടുത്തെ അധിക ആളുകൾക്കൊന്നും ഒരു ബോധവും വന്നിട്ടില്ല എന്നതാണത്ഭുതം. നമ്മളൊക്കെ മാസങ്ങളായി വീട്ടിൽ തന്നെയിരിക്കുമ്പോൾ പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെ മാസ്കും ഗ്ലാവ്‌സും ഒന്നും ഇടാതെ പുറത്തിറങ്ങി നടക്കുന്നു. നാട്ടിലെപോലെ സമ്പൂർണ്ണ ലോക്കഡോൺ ഒന്നും ഇവിടെ നടക്കില്ല. ആളുകളൊന്നും അതിനു വഴങ്ങാനും പോകുന്നില്ല. സ്റ്റേ അറ്റ്ഹോം ഓർഡർ ഇട്ടതിനു ഗവര്ണരിനെ തെറി പറയുന്ന ആളുകളെയും, അതിനെതിരെ സമരം നടത്തുന്നവരെയും ഒക്കെ കാണാം. കഴിഞ്ഞ ആഴ്ച സ്റ്റേ അറ്റ് ഹോംന്റെ ഒന്നാം ഘട്ടം പിൻവലിച്ചിട്ടുണ്ട് ഇവിടെ. അതോടെ നോർത്ത് കാരോലിനയിൽ ഒരാഴ്ചയിൽ ഇതുവരെ വന്നിട്ടുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം ഈക്കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതലാണ്.

ആളുകളെ പറഞ്ഞിട്ടും കാര്യമില്ല, ജോലിയില്ലാതെ വീട്ടിലിരിക്കുമ്പോൾ അവരെ തിരഞ്ഞു പിടിച്ചുസഹായിക്കാനും മറ്റുമൊന്നും നമ്മുടെ നാട്ടിലുള്ളപോലെ സന്നദ്ധസംഘടനകളൊന്നും ഇവിടെഅധികമില്ല. പട്ടിണികിടക്കുമ്പോഴും ആരോടെങ്കിലും സഹായം ചോദിയ്ക്കാൻ വേണ്ടി ആളുകൾതമ്മിൽ വലിയ ബന്ധങ്ങളുമുണ്ടാവില്ല. അത് മാത്രവുമല്ല അഞ്ചാറു മാസത്തെ തണുപ്പുകാലംകഴിഞ്ഞു പുറത്തിറങ്ങി ആഘോഷമാക്കുന്ന വേനൽകാലമാണ് ഈ കൊറോണ മൂലം വീട്ടിനുള്ളിൽ തളച്ചിടേണ്ടി വരുന്നത്. അങ്ങനെയൊക്കെയുള്ളപ്പോൾ ഇവരിങ്ങനെയൊക്കെയേ പ്രതികരിക്കൂ. ഇതൊക്കെവെച്ച് നോക്കുമ്പോൾ നമ്മുടെ കൊച്ചു കേരളംദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. നമ്മുടെ നാട്ടിലെ ആളുകളുടെ സ്നേഹവും കരുതലൊന്നും വേറെ എവിടെയും കിട്ടില്ല.

മഹാമാരിയുടെ ഭീതിയും ദുരിതങ്ങളും വിട്ടൊഴിഞ്ഞു പ്രതീക്ഷയുടെ ദിനങ്ങളും സുകൃതങ്ങളുടെ നോമ്പുകാലവും പെരുന്നാലുമെല്ലാം വന്നണയട്ടെ എന്ന പ്രാർത്ഥനായോടെ .

 

Related Articles