Current Date

Search
Close this search box.
Search
Close this search box.

സൗഹൃദത്തിലും അൽപം അകലം..

തുറന്ന സൗഹൃദം പലരുമായും നിലനിർത്തുമ്പോഴും അൽപം അകലം ഏറ്റവുമടുത്ത സുഹൃത്തിൽ നിന്ന് പോലും കാത്തുസൂക്ഷിക്കുക എന്നത് ഒരു ജാഗ്രതയുടെ ഭാഗമാണെന്നാണ് എന്റെ പക്ഷം.

സ്ത്രീ, പുരുഷന്മാർ പരസ്പരമുള്ള ഇടപഴകലിന്റെയും അടുപ്പത്തിന്റെയും കാര്യത്തിലാകുമ്പോൾ അത് ധാർമികമായ സൂക്ഷ്മതയുടെ കൂടി അനിവാര്യഭാഗമായിത്തീരുന്നു.

എന്തെന്നാൽ നമ്മുടെ സുഹൃത്തുക്കൾ എന്നും നമുക്ക് ആദരണീയരായിരിക്കേണ്ടതുണ്ട്. നമ്മളോടുള്ള സ്നേഹവും ബഹുമാനവും അവരിൽ എന്നും നിലനിൽക്കുകയും വേണ്ടതുണ്ട്. മനുഷ്യൻ എന്ന നിലയിലുള്ള യാതൊരു ദൗർബല്യത്തിനും അതീതരാവില്ല നാമാരും. ഇനിയഥവാ ആരെങ്കിലും സ്വയം അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കിൽ അതിനെ അവിശ്വസിക്കാനൊന്നും ഈ കുറിപ്പുകാരൻ ബാധ്യസ്ഥനല്ല.
വ്യവസ്ഥിതിയോടുള്ള കലഹം ആളുകളെ അരാജകവാദികളാക്കാം. അന്നിലക്ക് അരാജകവാദത്തിന് ഒരു നിഷേധാത്മകതയുണ്ട്. എന്നാൽ നിഷേധാത്മക അരാജകത്വം എന്നത് മറ്റൊന്നാണ്. അനിവാര്യമായ ഒരു ധാർമികവ്യവസ്ഥയെ തകർത്തെറിയുന്ന അരാജകവാദം കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് മാത്രമല്ല, അത് തീർത്തും നിഷേധാത്മകവും തന്നിമിത്തം തികഞ്ഞ അരക്ഷിതാവസ്ഥയുളവാക്കുന്ന ഒന്നുമായേക്കാം.
സുഹൃത്തുക്കൾ, അത് ആണായാലും പെണ്ണായാലും അവർ നമുക്ക് പ്രിയപ്പെട്ടവരാകുന്നത് അവർ നമ്മുടെ അല്ലെങ്കിൽ ‘എന്റെ’ സുഹൃത്തുക്കളായതിനാലാണ്. ഇവിടെ അഹം എന്ന ബോധത്തിന് തന്നെയാണ് പ്രാധാന്യമുള്ളത്. സ്വാഭാവികമായും ഈ ഈഗോയുടെ വിശുദ്ധിയിൽ ഈ കുറിപ്പുകാരൻ അടിയുറച്ച് വിശ്വസിക്കുന്നു.

അതുകൊണ്ടു തന്നെയാണ് ഏതടുപ്പത്തിലും ഒരകൽച്ച കാത്തുസൂക്ഷിക്കുക എന്ന പൊതുവായ നിലപാട് സ്ത്രീ, പുരുഷന്മാർ പരസ്പരമാകുമ്പോൾ ധാർമികമായ സൂക്ഷ്മത എന്ന മാനം കൂടി കൈവരിക്കുന്നത്. അത് ഏതെങ്കിലുമൊരു വിഭാഗത്തോടുള്ള വിവേചനമല്ല. എന്തെന്നാൽ, ഇതെഴുതുന്നയാളെസ്സംബന്ധിച്ച് പറയാം, എന്നിൽ നിന്ന് അവരെയല്ല, മറിച്ച് അവരിൽ നിന്ന് എന്നെത്തന്നെയാണ് ഞാൻ മാറ്റിനിർത്തുന്നത്. ആരുടെയും ഒരു ഇടത്തെയും നിരാകരിക്കുന്നില്ല. അനിവാര്യം എന്ന് വിശേഷിപ്പിച്ച ആ അകൽച്ച സ്വയം കാത്തുസൂക്ഷിക്കുക മാത്രമാണ്.

കൺസെന്റ് എന്നതിന് ധാർമികമായ ഭദ്രത കൂടി അനിവാര്യമാണ്. കൺസെന്റോടുകൂടി ആർക്കും എങ്ങനെയും എന്നതിനെക്കാൾ, ഭദ്രതയുള്ള ഒരു കരാറിന്റെ പിൻബലം കൂടി ലൈംഗികതയിൽ പ്രധാനമായിത്തീരുന്നതും അതുകൊണ്ടാണ്.

സാക്ഷാത്കരിക്കപ്പെടാനുള്ളത് തന്നെയാണ് മനുഷ്യന്റെ ഏതൊരാസക്തിയും. എന്നാൽ, തന്നിഷ്ടം കെട്ടഴിച്ചുവിടാനുള്ളതല്ല ഒന്നും. ഈ കെട്ടഴിച്ചുവിടൽ ലിബറൽ ആണെന്ന് ഞാൻ കരുതുന്നില്ല, ഇതാണ് ക്രിയാത്മകമായ അനാർക്കിസം എന്നും വിശ്വസിക്കുന്നില്ല.
ആത്യന്തികമായി അതിന്റെ ഫലം അരാജകത്വം അല്ല, മറിച്ച് അരക്ഷിതത്വം ആണ്.

ഇതിലൊക്കെയും നമ്മളകപ്പെട്ടുപോയ അബദ്ധധാരണകളാണ് ഇന്നത്തെ പല പ്രശ്നങ്ങളുടെയും അടിസ്ഥാനം.
സാമൂഹികതയെ നിരാകരിച്ചു കൊണ്ട് ഒരു വ്യക്തിക്കും ലിബറൽ ആവാൻ പറ്റില്ല. വൈയക്തികതയെ അടിച്ചമർത്തിക്കൊണ്ട് ഒരു സമൂഹത്തിനും സ്ട്രക്ചറൽ ആവാനും പറ്റില്ല. സോഷ്യലിസത്തിനും ഇൻഡിവിജ്വലിസത്തിനും അതിന്റേതായ അതിരുകൾ ഉണ്ടെന്നർത്ഥം.
അതിരുകൾ മായുമ്പോൾ സംഭവിക്കുന്നത് അരക്ഷിതാവസ്ഥ തന്നെയാണ്. പുറമേക്ക് എന്ത് ഭാവിച്ചാലും, ഏറ്റവുമടുത്ത സുഹൃത്ത് പോലും തന്നെ എങ്ങനെയാണ് കാണുന്നത് എന്നതിനെച്ചൊല്ലിപ്പോലും വ്യാകുലപ്പെടേണ്ടി വരുന്ന അരക്ഷിതാവസ്ഥ.

വാൽ: ചങ്ങാത്തമൊക്കെ നല്ലത് തന്നെ, പക്ഷേ വീട്ടീക്കേറ്റാൻ കൊള്ളില്ല എന്നൊക്കെ പറയേണ്ടി വരുന്ന ഒരവസ്ഥ…!
അവസാനത്തിൽ ‘ർ’ എന്ന അക്ഷരം ചേർക്കണോ ആദ്യത്തിൽ സഖാ എന്ന വിശേഷണം ചേർക്കണോ എന്ന് തർക്കിക്കേണ്ടി വരുന്ന ദുരവസ്ഥയും…!!

Related Articles