Current Date

Search
Close this search box.
Search
Close this search box.

വിശ്വപ്രപഞ്ചത്തെ വായിച്ച വലിയ ജീവിതം

prophet1.jpg

ദൂതൻ, ദാസൻ എന്നിവയാണ് മഹാനായ മുഹമ്മദ് നബി അദ്ദേഹത്തിനു നൽകാൻ ഇഷ്ടപ്പെട്ടിരുന്ന വിശേഷണങ്ങൾ. എന്നാൽ ‘ദാസൻ’ എന്ന വിശേഷണത്തിൽ ‘ദൂതൻ’ എന്ന വിശേഷണത്താൽ ഉദ്ദേശിക്കപ്പെടുന്നതെല്ലാം ഉൾപ്പെടുന്നു എന്നാണ് ഈ ലേഖകൻ കരുതുന്നത്. എന്തെന്നാൽ, ഭൂമിയിലെ രാജാക്കന്മാർ പോലും അവരുടെ വിശ്വസ്തദാസന്മാരെ മാത്രമേ ദൂതന്മാരാക്കുക പതിവുള്ളൂ. ഈ നിലയിൽ ചിന്തിക്കുമ്പോൾ, മനുഷ്യ വിശ്വാസപ്രകാരം സർവലോകങ്ങളുടെയും അധിപനായ ദൈവം അവിടുത്തെ വിശ്വസ്ത ദാസനല്ലാത്തൊരാളെ ഭൂമുഖത്ത് സ്വന്തം ദൂതനായി നിയോഗിക്കുമെന്നു കരുതുക വയ്യല്ലോ. അതിനാൽ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിൽ ഉണ്ടായിരുന്ന അടിസ്ഥാനപരമായ ഗുണവിശേഷം ദൈവദാസത്വം എന്നതാണെന്നു പറയാം. നബിതന്നെ ഇക്കാര്യം ഒരിടത്ത് ഇങ്ങനെ പറഞ്ഞു കാണുന്നു: “ക്രിസ്ത്യാനികൾ യേശുക്രിസ്തുവിനെ അതിരുകവിഞ്ഞു പ്രശംസിക്കുന്നതുപോലെ നിങ്ങളെന്നെ പ്രശംസിക്കരുത്. ഞാൻ അല്ലാഹുവിന്റെ ഒരു ദാസൻ മാത്രം. അതിനാൽ എന്നെപ്പറ്റി അല്ലാഹുവിന്റെ ദാസൻ, ദൂതൻ എന്നുമാത്രം പറഞ്ഞാൽ മതി” (മുഹമ്മദ് നബി 101 കഥകൾ- മുഹമ്മദ് ശമീം ഉമരി- പേജ് 96). അതുകൊണ്ട് മുഹമ്മദ് നബിയുടെ ജീവിത സന്ദേശം ലോകസമക്ഷം വിളംബരം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും നബിയുടെ ദൈവദാസൻ എന്ന വിനയത്തിന്റെ പരമോന്നത ഭാവത്തെ പരമാവധി ഉൾക്കൊള്ളാൻ മറ്റെന്തിനേക്കാളും ഉപരി സൂക്ഷ്മത കാണിക്കണം.

ഒരു യഥാർഥ ദാസൻ, യജമാനൻ തന്നെ ചുമതലപ്പെടുത്തിയ ഏതൊരു ദൌത്യമുണ്ടോ, അതിനുവേണ്ടി മാത്രം ജീവിക്കുന്നവനായിരിക്കും. പ്രസ്തുത ദൌത്യത്തിനു തടസ്സം നിൽക്കുന്ന ഏതൊരു ശക്തിയെയും സ്വന്തം ജീവൻ നൽകിയും ചെറുക്കുന്നവനുമായിരിക്കും. ദൌത്യം തടസ്സപ്പെടുന്നതിനേക്കാൾ ഒരു യഥാർഥ ദാസന് അഭിലഷണീയമായി തോന്നുക സ്വയം ഇല്ലാതാവലായിരിക്കും!
അല്ലാഹു എന്ന യജമാനന്റെ മാത്രം യഥാർഥ ദാസനായിരുന്നു മുഹമ്മദ് നബി. തന്നെ അല്ലാഹു ചുമതലപ്പെടുത്തിയ പ്രബോധന ദൌത്യത്തിനു തടസ്സം നിന്ന ശക്തികളോടെല്ലാം നബി പോരാടി. ഇതിനെയാണു ‘ജിഹാദ്’ എന്നും ‘യുദ്ധക്കൊതി’യെന്നും ‘വിട്ടുവീഴ്ച ഇല്ലായ്മ’യെന്നും ഒക്കെ അപൂർവമായി പ്രശംസാരൂപേണയും മിക്കവാറും നിന്ദാരൂപേണയും ഇപ്പോഴും ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇസ്ലാം യുദ്ധക്കൊതിയുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും മതമാണെന്നു ഇന്ത്യാരാജ്യത്ത് ആക്രോശിക്കുന്ന ഭാഷയിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്, ബജ്റംഗ്ദൾ രൂപവത്കരിച്ച ആർ.എസ്.എസ്സുകാരാണ്. വജ്രത്തെപ്പോലെ ദാർഢ്യമുള്ള അംഗങ്ങളോടു കൂടിയവനായി രാമായണേതിഹാസം അവതരിപ്പിക്കുന്ന ഹനുമാന്റെ വ്യക്തിത്വത്തെ അവലംബിച്ചാണ്, ബജ്റംഗ്ദൾ എന്ന പേരുപോലും രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനർഥം ആർ.എസ്.എസ്സുകാർ ഹനുമാനെ അംഗീകരിക്കുന്നു എന്നാണ്. എന്നാൽ, നാമമാത്രമായിട്ടല്ലാതെ തത്ത്വത്തിൽ ഹനുമത്വ്യക്തിത്വത്തെ അംഗീകരിക്കുന്ന ഒരൊറ്റ ഇന്ത്യക്കാരനും മുഹമ്മദ് നബിയെ അംഗീകരിക്കാതിരിക്കാനാവില്ല. എന്തുകൊണ്ടെന്നാൽ, ഈശ്വരന്റെ മാത്രം ദാസനാണ് താനെന്ന ഉറച്ച ബോധ്യത്തോടെ ജീവിച്ച ഐതിഹാസിക വ്യക്തിത്വമാണ് വാൽമീകി രാമായണത്തിലെ ഹനുമാൻ! ഹനുമാനാണ് ഇന്ത്യയിലെ ദാസ്യഭക്തിയുടെ മഹാമാതൃക. മുഹമ്മദ് നബിയാകട്ടെ, താൻ ദൈവത്തിന്റെ മാത്രം ദാസനാണെന്ന ഉറച്ച ബോധ്യത്തോടെ ജീവിച്ച ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരേയൊരു മാതൃകയുമാണ്. ശ്രീരാമൻ തന്നെ ഏൽപിച്ച ദൌത്യത്തെ തടസ്സപ്പെടുത്തുന്ന യാതൊന്നിനേയും- അതു സൌഹൃദത്തിന്റെ സത്ക്കാരങ്ങളായാലും ശത്രു സൈന്യത്തിന്റെ ചെറുത്തു നിൽപായാലും ഹനുമാൻ തരിമ്പും വകവെച്ചിട്ടില്ല. കോദണ്ഡപാണിയായ ശ്രീരാമദേവനെയല്ലാതെ മറ്റൊരു ദൈവത്തെയും വണങ്ങില്ല എന്ന ഉറച്ചനിഷ്ഠ ഉണ്ടായിരുന്ന ഹനുമാൻ ശ്രീകൃഷ്ണനെപ്പോലും വണങ്ങുവാൻ കൂട്ടാക്കുന്നില്ലെന്നും ഇന്ത്യൻ പുരാണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഇതൊക്കെ ഹനുമത് ഭക്തിയുടെ മാഹാത്മ്യമായി കാണാൻ കഴിയുന്നവർക്ക്, അല്ലാഹുവെ ഒഴിച്ച് മറ്റൊന്നിനെയും വണങ്ങാത്ത സമർപ്പണ നിഷ്ഠയിൽ ഉറച്ചുനിന്ന് മുഹമ്മദ് നബി, അല്ലാഹു തന്നെ ഏൽപിച്ച ദൌത്യത്തെ തടസ്സപ്പെടുത്താൻ പണവും പദവിയും വാഗ്ദാനം ചെയ്തവരെയും, പടക്കോപ്പണിഞ്ഞു പടപൊരുതാനെത്തിയവരെയും, തരിമ്പും കൂസാതെ തന്റെ ദൌത്യ നിർവഹണം ചെയ്തതിനെ മാനിക്കാനാകാതെ വരുന്നത് യഥാർഥത്തിൽ ഹനുമത് ഭക്തിയെന്തെന്നു തിരിച്ചറിയാത്തതു കൊണ്ടാണ്.

ഏൽപിക്കപ്പെട്ട ദൌത്യത്തിന്റെ നിർവഹണത്തിനപ്പുറം ലവലേശം ജീവിതം ഇല്ലാത്ത അവസ്ഥയാണു ഇന്ത്യൻ ശൈലിയിൽ പറഞ്ഞാൽ ഹനുമത് ഭക്തി. മുഹമ്മദ് നബിയോളം ദൌത്യനിഷ്ഠ ഉണ്ടായിരുന്ന ഒരു വ്യക്തി ചരിത്രത്തിൽ സംഭവിച്ചിട്ടില്ല. മുഹമ്മദ് നബിക്ക് അല്ലാഹു ഏൽപിച്ച ദൌത്യത്തിൽ നിന്നു ലവലേശം വേർപ്പെട്ടൊരു ജീവിതം സാധ്യമായിരുന്നില്ല. രാമനേൽപിച്ച ദൌത്യത്തിൽനിന്നു ഞൊടിയിട വിട്ടുനിൽക്കാനുള്ള വിട്ടുവീഴ്ച ഹനുമാൻ കാണിച്ചിട്ടില്ലല്ലോ. ഇതിൽ കൂടുതൽ എന്തു വിട്ടുവീഴ്ച ഇല്ലായ്മയാണു മുഹമ്മദ് നബിയുടെ ദൌത്യ നിർവഹണത്തിലുള്ളതെന്നു ആർ.എസ്.എസ്സുകാർ ചൂണ്ടിക്കാണിക്കുന്നതു നന്നായിരിക്കും. എന്തായാലും, ഹനുമത് ഭക്തിയോടുള്ള ഹൃദയബന്ധമാണ്, അല്ലാഹുവിങ്കൽ സമ്പൂർണം സമർപ്പണം ചെയ്ത മുഹമ്മദ് നബി എന്ന ദൈവദാസന്റെ ജീവിതമാഹാത്മ്യം രുചിച്ചറിയാനുള്ള രാസഗ്രന്ഥികൾ എന്നിൽ രൂപപ്പെടുത്തിയതെന്ന വസ്തുത അങ്ങേയറ്റത്തെ വിനയത്തോടെയും എല്ലുറപ്പുള്ള ധൈര്യത്തോടെയും ഇവിടെ വെളിപ്പെടുത്തിക്കൊള്ളുന്നു.

ഒരു യഥാർഥ ദാസൻ, യജമാനൻ തന്നെ ചുമതലപ്പെടുത്തിയ ഏതൊരു ദൌത്യമുണ്ടോ, അതിനുവേണ്ടി മാത്രം ജീവിക്കുന്നവനായിരിക്കും.

ഇന്ത്യയിൽ ദാസത്വം എന്നതിനു ശൂദ്രത്വം എന്നാണർഥം. അതിനാൽ തന്നെ ദൈവദാസനായ മുഹമ്മദ് നബിയാൽ പ്രബോധനം ചെയ്യപ്പെട്ട ‘ഇസ്ലാം’ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ശൂദ്രന്മാരെ എന്നതിനോളം ന്യൂനപക്ഷമായ ബ്രാഹ്മണരെ ആകർഷിച്ചു എന്നു പൊതുവെ പറഞ്ഞുകൂടാ. കാരണം, കാലാകാലങ്ങളായി പരിശീലിച്ചുറച്ചുപോയ ബ്രാഹ്മണരുടെ മേൽക്കോയ്മാപരമായ മനോഘടനക്ക് അഥവാ തമ്പ്രാനിസത്തിന് തീർത്തും വിരുദ്ധമായിരുന്നു ‘ദൈവദാസത്വ’മെന്ന അടിസ്ഥാനപരമായ ഇസ്ലാമിക ഭാവം! എന്തെന്നാൽ, ബ്രാഹ്മണർ സ്വയം വിശ്വസിച്ചിരുന്നത്, വിരാഡ്രുപിയായ ദൈവപുരുഷന്റെ മുഖത്തു നിന്ന് ഉത്ഭവിച്ചവരാണെന്നാണ്! മുഖം ഉയർത്തിപ്പിടിക്കാനുള്ളതാണ്. അതിനാൽ ‘ബ്രഹ്മമുഖ’ത്തുനിന്നുണ്ടായവരെന്നു സ്വയം കരുതുന്ന ബ്രാഹ്മണരും എല്ലായ്പ്പോഴും സമൂഹ സംവിധാനത്തിൽ ഉയർന്നു മാത്രം നിൽക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട് ബഹുജനങ്ങൾ ആരാധിക്കുന്ന ദൈവങ്ങൾ പോലും ബ്രാഹ്മണരുടെ പുത്രന്മാരെന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. തന്ത്രിയുടെ മകനോ/മകളോ ആണു ദേവതകൾ എന്നാണവർ പറയുക പതിവ്! ഇങ്ങനെ ദൈവങ്ങളുടെയും അവരെ ആരാധിക്കുന്നവരുടെയും യജമാനന്മാരായി ജീവിച്ചു ശീലിച്ച ബ്രാഹ്മണർക്ക് ദൈവദാസന്റെ മതപ്രബോധനം ‘മ്ളേച്ഛ’മെന്നു തോന്നിയത് സ്വാഭാവികം! എന്നാൽ ദൈവത്തിന്റെ പാദങ്ങളിൽനിന്ന് ഉത്ഭവിച്ചവരെന്ന നിലയിൽ വ്യവസ്ഥീകരിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം ശൂദ്രജനങ്ങൾക്കും ദൈവദാസന്റെ മതം സ്വന്തം മതം പോലെയാണ് അനുഭവപ്പെട്ടിരുന്നത്. ഇന്ത്യയിൽ ഇത്രയേറെ മുസ്ലിംകൾ ഉണ്ടായതിന്റെ മനഃശാസ്ത്രപരമായൊരു കാരണം ഇതാണ്.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

ഇസ്ലാം ഇന്ത്യൻ ശൂദ്രന്മാർക്ക് വിമോചനത്തിന്റെ വഴിയായിരുന്നു; എന്നാലത് ഇന്ത്യയുടെ യജമാനന്മാരായ ബ്രാഹ്മണർക്ക് അങ്ങേയറ്റം അരോചകവുമായിരുന്നു. സ്വന്തം യജമാനത്വം നിലനിർത്താൻ ശൂദ്രന്മാർ ശൂദ്രന്മാരായി തന്നെ തുടരേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഇസ്ലാം മനുഷ്യരിൽ ചിലരെ മനുഷ്യരിൽ ചിലരുടെ ശൂദ്രനായിരിക്കുന്നതിൽ- ദാസനായിരിക്കുന്നതിൽ- നിന്നു തടയുകയും ദൈവത്തിന്റെ മാത്രം ദാസനായിരിക്കുന്നതിനു പ്രചോദിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത്. ഈ അർഥത്തിലാണ് ഇസ്ലാം അബ്രഹാം ലിങ്കൺ നിർവഹിച്ചതിനേക്കാൾ മഹത്തരമായ ആഗോള അടിമത്ത വിമോചന പ്രസ്ഥാനം ആയിരിക്കുന്നത്. എന്തായാലും ശൂദ്രാദി ബഹുഭൂരിപക്ഷ ജനതയെ അടിമത്തത്തിൽ നിലനിർത്തി സ്വന്തം യജമാനത്വം പരിരക്ഷിച്ചു വന്നിരുന്ന ബ്രാഹ്മണർക്ക് ഇസ്ലാം ശത്രുവായി തോന്നി. ആ ശത്രുതയുടെ സ്വാതന്ത്യ്രസമരക്കാല പ്രതിരൂപമായിരുന്നു മഹാരാഷ്ട്രയിലെ ചിത്പാവൻ ബ്രാഹ്മണ സമുദായാംഗമായ നാഥുറാം വിനായക് ഗോഡ്സെ! മുസ്ലിംകളെ ശത്രുക്കളായി കണ്ടിരുന്നില്ല എന്ന ഒറ്റക്കാരണത്താലാണ് ഗോഡ്സെ മഹാത്മാഗാന്ധിക്കെതിരെ തിരിഞ്ഞത്.

ഇസ്ലാം ഇന്ത്യൻ ശൂദ്രന്മാർക്ക് വിമോചനത്തിന്റെ വഴിയായിരുന്നു; എന്നാലത് ഇന്ത്യയുടെ യജമാനന്മാരായ ബ്രാഹ്മണർക്ക് അങ്ങേയറ്റം അരോചകവുമായിരുന്നു. സ്വന്തം യജമാനത്വം നിലനിർത്താൻ ശൂദ്രന്മാർ ശൂദ്രന്മാരായി തന്നെ തുടരേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഇസ്ലാം മനുഷ്യരിൽ ചിലരെ മനുഷ്യരിൽ ചിലരുടെ ശൂദ്രനായിരിക്കുന്നതിൽ- ദാസനായിരിക്കുന്നതിൽ- നിന്നു തടയുകയും ദൈവത്തിന്റെ മാത്രം ദാസനായിരിക്കുന്നതിനു പ്രചോദിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത്.

മുഹമ്മദ് നബി പ്രബോധന ദൌത്യത്തിൽ ഏർപ്പെടുന്നതിനു മുമ്പും ഏർപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ശത്രുക്കൾക്കുപോലും മതിപ്പുണ്ടായിരുന്ന ഒരു ഗുണവിശേഷം ഉണ്ടായിരുന്നു. വിശ്വസ്തത എന്നതായിരുന്നു അത്. നബി ഒരാളെപ്പോലും വഞ്ചിച്ചിട്ടില്ല. എന്നിട്ടും മുഹമ്മദ് നബി പ്രബോധന ദൌത്യവുമായി സ്വന്തം ദേശക്കാർക്കിടയിൽ ഇറങ്ങിയപ്പോൾ മിക്കവരും ചോദിച്ചത് ‘നിങ്ങൾ അല്ലാഹുവിന്റെ ദൂതനാണെന്നതിനു സാക്ഷ്യം എന്ത്’ എന്നായിരുന്നു. ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നവർ പ്രവാചകത്വത്തിന് ആധാരമായി കണ്ടിരുന്നത് മൂകനെ വാചാലനാക്കുകയും, കുരുടനു കാഴ്ച നൽകുകയും, മന്ത്രം ചൊല്ലി ആകാശത്തുനിന്നു സ്വർണ നെല്ലിക്ക പൊഴിപ്പിക്കുകയും മറ്റും ഉൾപ്പെട്ട അത്ഭുത പ്രവർത്തനങ്ങളായിരുന്നു. ഇത്തരം അത്ഭുത പ്രവർത്തനങ്ങളൊന്നും നബി ചെയ്തിരുന്നില്ല. എന്നാൽ ഇതിനേക്കാളെല്ലാം വലിയൊരു അത്ഭുതം നബിയുടെ പ്രവാചകത്വ നിയോഗത്തിൽ നിലീനമായിരുന്നു. ഒരു നിരക്ഷരനിലൂടെ വേദം വെളിവാക്കപ്പെട്ടു എന്നതായിരുന്നു അത്. അനേകം പണ്ഡിതന്മാർ പലരീതിയിൽ വ്യാഖ്യാനിച്ചു വരുന്ന വിശുദ്ധ ഖുർആൻ വെളിപ്പെടുത്തപ്പെട്ടതും, അതാദ്യം വായിച്ചതും ഓതിയതും, സാങ്കേതികമായ അർഥത്തിൽ അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബിയിലൂടെയാണെന്നതിൽ പരം അത്ഭുതം മറ്റെന്തുണ്ട്…? ഇതിൽ അത്ഭുതം മാത്രമല്ല ലോക ചരിത്രത്തെ തന്നെ ഇളക്കിമറിച്ച ഒരു വിപ്ളവദർശനവും പ്രയോഗവും അടങ്ങിയിട്ടുണ്ട്. അതിങ്ങനെ വിശദീകരിക്കാം.

വിദ്യയുള്ളവർക്കാണ് അധികാരം. വിദ്യയില്ലാത്തവർ പശു സമാനം അടിമകളാണ്. ഇതുകൊണ്ടു തന്നെ ലോകത്തു നിലനിന്നിരുന്ന മിക്കവാറും സാമൂഹിക വ്യവസ്ഥകളിൽ, വിദ്യയുള്ളവർ അത് തങ്ങളുടെ രക്തബന്ധുക്കൾക്ക് മാത്രം പകർന്നു നൽകുകയും പുറത്തുള്ള ബഹുഭൂരിപക്ഷത്തിനു വിദ്യ പകരാതിരിക്കുകയും ചെയ്യുന്ന രീതി പ്രബലമായിരുന്നു. ഇതിനെയാണു മുഹമ്മദിന്റെ നബിചര്യ അട്ടിമറിച്ചത്. സ്വയം വിദ്യാവിഹീനനായിരുന്ന അദ്ദേഹത്തിലൂടെ പുറപ്പെട്ട വേദം വിദ്യയുള്ളവരാൽ ഭരിതമായിരുന്ന നിരവധി സാമ്രാജ്യങ്ങളുടെ തലവരയും അടിത്തറയും മാറ്റിമറിച്ചു. സർവകലാശാലകളിലെ പുസ്തകപ്പുരകളിൽ അടയിരിക്കുന്ന ബുദ്ധിജീവികളിൽനിന്നു മാത്രമല്ല, ലോകത്തെ മാറ്റിമറിക്കാൻ പ്രാപ്തമായ ഒരു ആദർശസംഹിതയും പ്രയോഗവ്യവസ്ഥയും ലോകത്തിനു കിട്ടുക എന്നു തെളിയിച്ചു എന്നതാണ് മുഹമ്മദിന്റെ ജീവിതം വെളിവാക്കുന്ന അനിതര സാധാരണമായ പ്രത്യേകത!

വിദ്യയുള്ളവർക്കാണ് അധികാരം. വിദ്യയില്ലാത്തവർ പശു സമാനം അടിമകളാണ്. ഇതുകൊണ്ടു തന്നെ ലോകത്തു നിലനിന്നിരുന്ന മിക്കവാറും സാമൂഹിക വ്യവസ്ഥകളിൽ, വിദ്യയുള്ളവർ അത് തങ്ങളുടെ രക്തബന്ധുക്കൾക്ക് മാത്രം പകർന്നു നൽകുകയും പുറത്തുള്ള ബഹുഭൂരിപക്ഷത്തിനു വിദ്യ പകരാതിരിക്കുകയും ചെയ്യുന്ന രീതി പ്രബലമായിരുന്നു. ഇതിനെയാണു മുഹമ്മദിന്റെ നബിചര്യ അട്ടിമറിച്ചത്.

മുഹമ്മദ്നബി മാനവീയമായ ഏതെങ്കിലുമൊരു പ്രത്യേക ദേശത്തെ സാമ്പത്തിക- രാഷ്ട്രീയ വ്യവസ്ഥയുടെ മാത്രം സന്തതിയല്ല. മറിച്ച്, അദ്ദേഹത്തിന്റെ പ്രതിഭക്ക് വിശ്വപ്രപഞ്ച വ്യവസ്ഥക്ക് കാരണമായ സർവസാധ്യതകളുടേതായൊരു സ്രോതസ്സിനോട് ബന്ധമുണ്ട്. ഇത്തരമൊരു ബന്ധം തീർത്തും നിഷേധിക്കുന്ന പക്ഷം നിരക്ഷരനും അതിനാൽ ലോകദൃഷ്ട്യാ പാമരനുമായിരുന്ന അദ്ദേഹത്തിലൂടെ എങ്ങനെ പണ്ഡിതന്മാരെപ്പോലും വിസ്മയസ്തബ്ധരാക്കുന്ന വിശുദ്ധ ഖുർആൻ വായിക്കപ്പെട്ടു എന്നതിനു വിശദീകരണം കണ്ടെത്തുവാനാകില്ല. നിരക്ഷരരും, വ്യാപാരം ചെയ്യുന്നവരും, ദൈവവിശ്വാസമുള്ളവരുമായ നിരവധി ആളുകൾ മുഹമ്മദ് ജീവിച്ച അതേ വ്യവസ്ഥിതിയിൽ ജീവിച്ചിരുന്നു. ചുറ്റുപാടുകളാണ് അഥവാ ജീവിത വ്യവസ്ഥിതിയാണ് മനുഷ്യരിലൂടെ പുറപ്പെടുന്ന ആശയങ്ങളുടെയെല്ലാം ഒരേയൊരു കാരണമെങ്കിൽ മുഹമ്മദ് നബിയോടൊപ്പം ജീവിച്ചിരുന്ന സകല നിരക്ഷരരും വിശുദ്ധ ഖുർആനിൽ പറയപ്പെടുന്ന കാര്യങ്ങൾ പറയുവാൻ പ്രാപ്തരാകേണ്ടിയിരുന്നു. എന്തുകൊണ്ടത് സംഭവിച്ചില്ല? ഈ ചോദ്യത്തെ സൂക്ഷ്മബുദ്ധിയോടെ അഭിമുഖീകരിച്ച് അനുധാവനം ചെയ്യുമ്പോഴാണ് വെറും വ്യവസ്ഥിതി മാത്രമല്ല മനുഷ്യ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരേയൊരു കാരണം എന്നു പറയാൻ കഴിയും വിധം ചിന്ത ചലനാത്മകമാവൂ. തീർച്ചയായും ഏതൊരു പ്രാണിയെപ്പോലെ തന്നെ മനുഷ്യനും ദേശ-കാല വ്യവസ്ഥക്ക് അതീതനല്ല; എന്നാൽ അതോടൊപ്പം ഭൂമിയുടെ ദേശ-കാല വ്യവസ്ഥകൾക്കും ആധാരമായ വിശ്വപ്രപഞ്ച വ്യവസ്ഥക്ക് ഏതൊരു മനുഷ്യനും തീർത്തും അധീനനാണ്’ – ‘ദൈവാധീനമിദം സർവ്വം’ എന്നതിന്റെ താൽപര്യം ഇതാണ്. നമ്മൾ ഒരു കപ്പലിനകത്താണെന്നതുകൊണ്ട് കപ്പൽ മാത്രമാണ് നമ്മുടെ ജീവിതത്തെ നിർണയിക്കുന്ന ഒരേയൊരു ഘടകം എന്നു വാദിക്കുന്നതിലെ അസംബന്ധം വ്യവസ്ഥിതി മാത്രമാണ് മുഹമ്മദ് നബിയെപ്പോലുള്ള വിശ്വമഹാപ്രതിഭകളുടെ ജീവിതത്തെ നിർണയിക്കുന്നതെന്നു ശഠിക്കുന്നതിലും ഉണ്ട്. ഭൌമിക വ്യവസ്ഥിതികൾക്കപ്പുറം വിശ്വമഹാപ്രപഞ്ചവ്യവസ്ഥക്ക് മനുഷ്യജീവിതത്തിലുള്ള പ്രഭാവത്തെ ഓർമിക്കാൻ വഴിവെക്കുന്നു എന്നതാണ് നബിയുടെ ജീവിതം നൽകുന്ന സംഭാവന. ആ വലിയ ജീവിതം വലുതായ വിശ്വപ്രപഞ്ച വ്യവസ്ഥപോലെ തന്നെ വിശ്വവിശാലവും മതാതീതവുമാണ്. അഥവാ വിശ്വപ്രപഞ്ച വ്യവസ്ഥ കൂടാതെ ഭൂമിയിൽ മതസഹിതരായിരിക്കാനോ മതരഹിതരായിരിക്കാനോ ആർക്കും കഴിയില്ല എന്നു എല്ലാവരെയും ഓർമിപ്പിക്കുന്നതാണ്. അതിനെ നമസ്കാര ബുദ്ധിയോടെയല്ലാതെ അനുസ്മരിക്കാനാവില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles