Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം ചെറുപ്പക്കാര്‍ക്ക് വധശിക്ഷ; പ്രഗ്യ സിങ് താക്കൂര്‍ പാര്‍ലെമന്റിലും

അഹ്‌മദാബാദ്: അഹ്‌മദാബാദ് സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരോപിച്ച് 38 മുസ്ലിം ചെറുപ്പക്കാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. തങ്ങള്‍ ചെയ്ത തെറ്റ് എന്താണ് എന്നു പോലുമറിയാത്ത നീണ്ട 13 വര്‍ഷം ജയിലുകളില്‍ കഴിഞ്ഞ അവര്‍ക്കാണ് ഒടുവില്‍ ഗുജറാത്ത് കോടതി വധശിക്ഷ വിധിച്ചത്. അവര്‍ സാധാരണ യുവാക്കളായിരുന്നുവെന്നും അവരുടെ ശോഭനമായ ഭാവിക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണെന്നുമാണ് എന്നെപ്പോലുള്ളവര്‍ വിശ്വസിക്കുന്നത്, എന്നാല്‍ ഒരു നല്ല ദിവസം, അവരെ പോലീസ് പിടികൂടി 13 വര്‍ഷം നീണ്ട വിചാരണയ്ക്ക് വിധേയരാക്കുകയായിരുന്നു.

2002ലെ അക്ഷര്‍ധാം ക്ഷേത്ര കേസിലെ ആറ് മുസ്ലീങ്ങളെയും ഭീകരാക്രമണക്കേസില്‍ സുപ്രീം കോടതി വെറുതെവിട്ടതുപോലെ ഈ ആളുകള്‍ക്ക് എത്രയും വേഗം നീതി ലഭിക്കുമെന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം. അസംഗഢിലെ ബെനപാര ഗ്രാമത്തിലെ താഴ്ന്ന ഇടത്തരം കുടുംബമാണ് അബുല്‍ ബഷാറിന്റേത്. പിതാവ് അബൂബക്കര്‍ വളരെ തുച്ഛമായ ശമ്പളത്തില്‍ ഒരു പ്രൈമറി ഇസ്ലാമിക് സ്‌കൂളിലാണ് ജോലി ചെയ്തത്. അറസ്റ്റിന് മുമ്പ് ബഷാറിന് ക്രിമിനല്‍ പശ്ചാതലമൊന്നും ഉണ്ടായിരുന്നില്ല, ആളുകള്‍ക്ക് അവനെക്കുറിച്ച് നല്ല അഭിപ്രായമുണ്ടായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരാളാണ് മുഹമ്മദ് സെയ്ഫ്. അസംഗഢിലെ സഞ്ജര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. അറസ്റ്റിലാകുന്നതിന് മുമ്പ്, പ്രദേശത്ത് അദ്ദേഹത്തിന് ആവേശവും അറിയപ്പെട്ടിരുന്നതുമായ ഒരു കാര്യം ക്രിക്കറ്റായിരുന്നു. വിദ്യാഭ്യാസം നേടാനും കുടുംബത്തെയും സമൂഹത്തെയും ഉന്നതിയിലെത്തിക്കണമെന്നും അദ്ദേഹത്തിന് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് ഡല്‍ഹിയിലെത്തിയത്.

എന്നാല്‍, 2008ല്‍ ബട്ല ഹൗസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടപടിയില്‍ കാലില്‍ വെടിയേറ്റ് അദ്ദേഹത്തിന് പരുക്കേറ്റു, വെടിവെപ്പില്‍ രണ്ട് യുവാക്കളായ ആതിഫും സാജിദും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്നാണ് സെയ്ഫിനെ അറസ്റ്റ് ചെയ്തത്.

ബട്ല ഹൗസ് ഏറ്റുമുട്ടല്‍ എന്നറിയപ്പെടുന്ന 2008-ലെ പോലീസ് ഏറ്റുമുട്ടല്‍ സ്വതന്ത്ര ഇന്ത്യയിലെ തന്നെ ചരിത്രത്തിലെ ദുരൂഹമായ സംഭവങ്ങളിലൊന്നാണ്. നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗൂഢാലോചനയായി ആരോപണമുള്ള ഈ സംഭവം, രാജ്യത്തുടനീളമുള്ള മുസ്ലീംകള്‍ക്കെതിരെ വന്‍തോതിലുള്ള അറസ്റ്റിനെ ന്യായീകരിക്കാന്‍ ഉപയോഗിച്ചു. ഈ സംഭവവും അതിന്റെ അനന്തരഫലങ്ങളും ഇന്നും രാജ്യത്തെ മുസ്ലീങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍, ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ നീതിയുക്തവും നിഷ്പക്ഷവുമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ സത്യം പുറത്തുവരുകയും നിരപരാധികള്‍ പീഡനത്തില്‍ നിന്ന് മോചിതരാകുകയും ചെയ്യേണ്ടതുണ്ട്.

നിരവധി മുസ്ലീം യുവാക്കളെ വധശിക്ഷയ്ക്ക് വിധിക്കുകയും സമാന കേസുകളില്‍ കുറ്റക്കാരിയായ പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ ശിക്ഷ നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത രാജ്യത്തെ ഈ വ്യവസ്ഥിതി അങ്ങേയറ്റം ഖേദകരമാണ്. പ്രഗ്യ സിങ് ഠാക്കൂര്‍ ഇപ്പോഴും പാര്‍ലമെന്റില്‍ ഇരിക്കുകയാണ്. പക്ഷപാതം വളരെ വ്യക്തമാണ്.

അവലംബം: muslimmirror.com

(ലേഖകന്‍ അസംഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ്)

Related Articles