Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം: മഞ്ഞുരുകുന്നുവോ ?

വളരെ സന്തോഷത്തോടെയാണ് അന്‍സാര്‍ വിളിച്ചത്. ഖത്തര്‍ അമീര്‍ സഊദിയില്‍ വരുമത്രെ. സ്വന്തം വീട്ടിലെ വിശേഷം പോലെ തോന്നി അവന്റെ വാക്കുകളില്‍. അന്‍സാര്‍ ഒരു ഒറ്റപ്പെട്ട വ്യക്തിയാകില്ല. ഏതാണ്ടെല്ലാവരും ആ വാര്‍ത്തയെ പ്രതീക്ഷയോടെ കാണുന്നു. മക്ക ഉച്ചകോടിയുടെ തീരുമാനങ്ങള്‍ എന്നതിനേക്കാള്‍ പ്രാധാന്യം അതില്‍ ഖത്തര്‍ അമീര്‍ പങ്കെടുന്നു എന്നതാണ്.

രണ്ടു വര്‍ഷം മുമ്പാണ് ഖത്തര്‍ ഉപരോധം നിലവില്‍ വന്നത്. മൊത്തം പശ്ചിമേഷ്യയുടെ സ്വഭാവം മാറ്റുന്നതായിരുന്നു ആ ഉപരോധം. ഉപരോധം ഇത്ര കാലം നീണ്ടു നില്‍ക്കില്ലെന്നായിരുന്നു ആദ്യത്തില്‍ മനസ്സിലാക്കിയിരുന്നത്. ദിനേന ഉപരോധത്തിന്റെ ശക്തി വര്‍ധിക്കുന്നതാണ് പിന്നെ കണ്ടത്. രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം എന്നതിനേക്കാള്‍ ആ ഒരു പ്രദേശത്തിന്റെ തന്നെ ബന്ധങ്ങളെ അത് ബാധിച്ചു. ഖത്തര്‍ എന്ന കൊച്ചു രാഷ്ട്രം ഇത്ര സമര്‍ത്ഥമായി ഉപരോധത്തെ നേരിടും എന്നാരും ചിന്തിച്ചു കാണില്ല. ഇസ്ലാമിക ലോകത്തേക്ക് ഭീകരത കയറ്റി അയക്കുന്നു എന്നതായിരുന്നു അവര്‍ക്കെതിരെ ഉന്നയിച്ച പരാതികളില്‍ ഒന്ന്. അതിന്റെ കൂടെ ലോകത്തെ തന്നെ പ്രശസ്തമായ അല്‍ജസീറ ടി വി നിര്‍ത്തലാക്കണം എന്നത് കൂടി അവരുടെ ആവശ്യമായിരുന്നു. എല്ലാ ആവശ്യങ്ങളും ഖത്തര്‍ നിഷേധിച്ചു.

യു എ ഇ, ബഹ്റൈന്‍, ഈജിപ്ത്, സഊദി എന്നീ രാജ്യങ്ങളാണ് ഈ ഉപരോധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാര്യമായി ഈജിപ്തിന്റെ താല്‍പര്യങ്ങള്‍ക്കു എതിരായി അല്‍ ജസീറ പ്രവര്‍ത്തിക്കുന്നു എന്നതാണ് മുഖ്യ വിഷയം. അത് പോലെ ഈജിപ്ത് ഭീകരരായി പ്രഖ്യാപിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഖത്തര്‍ അഭയം നല്‍കുന്നു എന്നതും കൂടി കാരണമാണ് എന്ന് പറയപ്പെടുന്നു. ഉപരോധം കൊണ്ട് പല മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ ഖത്തറിന് കഴിഞ്ഞു എന്നത് സത്യമാണ്. ഉപരോധം നേരിടാന്‍ ജനം ഭരണ കൂടത്തിന്റെപിന്നില്‍ അടിയുറച്ചു നിന്ന് എന്നതും മറ്റൊരു കാരണമാണ്.

മക്ക ഉച്ചകോടിയിലേക്കു ഖത്തര്‍ അമീര്‍ വരുന്നു എന്നതു ഒരു മഞ്ഞുരുക്കത്തിന് കാരണമാണ്. ജി സി സി മേഖലയിലെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഖത്തറും അതില്‍ പങ്കു ചേരുന്നു എന്നത് പുതിയ ഉണര്‍വ് നല്‍കും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഉപരോധം പെട്ടെന്ന് അവസാനിച്ചില്ലെങ്കിലും അതിലേക്കുള്ള ചവിട്ടു പടിയായി ഇതിനെ കാണാം എന്നും അവര്‍ മനസ്സിലാക്കുന്നു. തെറ്റി നില്‍ക്കുന്ന കുടുംബങ്ങള്‍ ഒന്നിക്കുന്ന പ്രതീതിയാണ് പ്രദേശത്തു നില നില്‍ക്കുന്നത്.

ഇറാനുമായുള്ള വിഷയങ്ങള്‍ മുഴച്ചു നില്‍ക്കെ മേഖലയിലെ മറ്റു രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരു യോജിപ്പ് അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരു നീക്കം നടന്നത് എന്ന നിരീക്ഷണവും ബാക്കി നില്‍ക്കുന്നു. ഖത്തര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഇറാനുമായും തുര്‍ക്കിയുമായും ബന്ധം നിലനിര്‍ത്തുന്നു. ഒരേ സമയം മേഖലയില്‍ പലരെയും നേരിടേണ്ടി വരിക എന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നീക്കം എന്നും പറയപ്പെടുന്നു. എന്തായാലൂം പുതിയ നീക്കാന്‍ മേഖലയിലെ പ്രതിസന്ധികള്‍ക്ക് ചെറിയ പരിഹാരമാകും എന്നുറപ്പാണ്. മേഖലയില്‍ ജീവിക്കുന്ന ലക്ഷക്കണക്കണക്കിനു പ്രവാസികള്‍ക്കും അതൊരു ആശ്വാസ വാര്‍ത്തയാണ്.

Related Articles