Current Date

Search
Close this search box.
Search
Close this search box.

ഹാദിയ: പരാജയപ്പെട്ട ഒരു ഘര്‍വാപ്പസി

Hadiya.jpg

ഹാദിയ ആവശ്യപ്പെട്ട വീട്ട് തടങ്കലില്‍ നിന്നുള്ള വിമോചനവും പ്രസ്തുത കേസില്‍ സുപ്രീം കോടതി നല്‍കിയ ഇടക്കാല വിധിയും ഭരണകൂട പിന്തുണയുള്ള ഒരു ഘര്‍വാപ്പസിയെ നിലം പരിശാക്കുന്നതോടൊപ്പം അതിനുള്ളില്‍ നടന്ന ഗൂഡാലോചനയും പുറത്ത് കൊണ്ട് വരുന്നു എന്നുള്ളതാണ്  പ്രാധാന്യമേറിയ സംഗതി. ഭരണകൂടമുള്‍പ്പടെയുള്ള  സ്ഥാപനങ്ങള്‍ ഒരു സ്ത്രീയുടെ മൗലികാവകാശത്തിനുമേല്‍ കടിഞ്ഞാണിട്ടപ്പോള്‍ അത് പൊട്ടിച്ചെറിയാന്‍ സുപ്രീം കോടതി വഴി തുറന്നിരിക്കുകയാണ്. സംഘ് പരിവാറിന് ഹാദിയയുടെ ഇസ്ലാമാശ്ലേഷത്തോടുള്ള വെറുപ്പ് നമുക്ക് മനസ്സിലാവും പക്ഷെ ഹൈക്കോടതിയും ഇടതുപക്ഷ ഗവണ്‍മെന്റും എന്തിനാണ് സംഘ്പരിവാറിന്റെ കൂടെ സഞ്ചരിക്കുന്നത്.  എന്ന് മാത്രമല്ല  ഇത്തരത്തിലുള്ള ഒപ്പം ചേരല്‍ ജനാധിപത്യ വിശ്വാസികളെ അല്‍ഭുതപ്പെടുത്തി ആശങ്കയിലാഴ്ത്തുന്നുമുണ്ട്.  ഇഷ്ടമുള്ള ഏത് മതം തിരഞ്ഞെടുക്കുന്നതിന്  ഒരു പ്രതിബന്ധവും ഹാദിയക്കില്ല എന്ന് സുപ്രിംകോടതി അസന്നിഗ്ദമായി പറയാതെ പറയുകയാണല്ലോ ചെയ്തത്.  മാനസിക തട്ടിക്കൊണ്ട് പോകല്‍ ( mental Kidnapping ) ആണ് ഹാദിയയുടെ മേല്‍ നടത്തിയത് എന്ന സംഘ് പരിവാറിന്റെ വാദത്തെ ചര്‍ച്ചക്ക് പോലും പ്രസക്കിയില്ലാത്തവിധം സുപ്രീം കോടതി തള്ളുകയും മാനസികമായി ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു സത്രീയാണ് ഹാദിയയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിഷ് ദീപക് മിശ്ര ഉള്‍പ്പടെയുള്ള ഡിവിഷന്‍ ബെഞ്ചിന് ബോധ്യപ്പെട്ടുവെന്നാണല്ലോ മനസ്സിലാക്കപ്പെടുന്നത്.

അച്ചന്‍ അശോകന്റെ തടവറയിലേക്ക് ഹൈക്കോടതി പറഞ്ഞയച്ച് എല്ലാ അര്‍ഥത്തിലുമുള്ള മനുഷ്യാവകാശങ്ങളും ലംഘിച്ച് ഹാദിയ വീട്ട് തടങ്കലില്‍ കഴിയുമ്പോള്‍ സന്ദര്‍ശകരായി എത്തിയത് സംഘ് പരിവാര്‍ നേതാക്കളായ കുമ്മനം രാജശേഖരന്‍, ശശികല ,രാഹുല്‍ ഈശ്വര്‍, ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ എന്നിവരാണ്. സത്യത്തില്‍ ഇക്കൂട്ടര്‍ ഏറെ പണിപ്പെട്ട് തിരികെ സ്വമതത്തിലേക്ക്  കൊണ്ടുവരുവാന്‍ നടത്തിയ എല്ലാ ജനാധിപത്യവിരുദ്ധ ശ്രമങ്ങളും ഹാദിയയുടെ അചഞ്ചലമായ നിലപാടിന് മുമ്പില്‍  പരാജയപ്പെടുകയായിരുന്നു . അഥവാ ഞാന്‍ ഒരു ആദര്‍ശം സ്വീകരിച്ചിരിക്കുന്നു എന്നും ആ ആദര്‍ശത്തില്‍ നിന്ന് എന്നെ പിന്നോട്ട് വലിക്കാന്‍ സംഘ് പരിവാറും ഹൈക്കോടതിയും എന്‍.ഐ.യും പിന്നെ കേരള സര്‍ക്കാറിന്റെ മൗനാനുവാദവും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ല എന്ന അത്യജ്വല പ്രഖ്യാപനമാണ് ഇവിടെ ഹാദിയ നടത്തിയത്.

 പീഡിപ്പിച്ചും ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് (അമ്മയുടെ കരച്ചില്‍ )ലൂടെയും തിരികെ കൊണ്ടുവരുവാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ അടുത്ത ആയുധം ഇതിന് തീവൃവാദ ബന്ധം ആരോപിച്ച് ഹാദിയയെ വീണ്ടും സംഘ് പരിവാറിന്റെ കസ്റ്റടിയില്‍ എത്തിക്കുക എന്നതായിരുന്നു.  കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ച് കമലാ സുരയ്യ ആയപ്പോള്‍ ഉണ്ടായ കോലാഹലം ഇവിടം ദര്‍ശിച്ചതാണ്. അതിനാല്‍ സംഘ് പരിവാറിന്റെ വിദ്വേശവും അസഹിഷ്ണുതയും കേരളീയ പൊതു സമൂഹത്തിന് ബോധ്യമാവും.  പക്ഷെ ഇവിടെ ഭീതി ഉളവാക്കുന്ന കാര്യം ഹൈക്കോടതിയുടെയും ഇടതുപക്ഷ സര്‍ക്കാറിന്റെയും പിന്തുണ സംഘ് കുടുംബത്തിന് ലഭിച്ചു എന്നുള്ളിടത്താണ്. കുമ്മനം രാജശേഖരന് പോകാവുന്ന ഒരിടത്തേക്ക് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജോസഫൈന്‍ ഇടമില്ലാത്ത വിധം ദയനീയമായി പോയി കേരള സര്‍ക്കാറിന്റെ ഇടപെടല്‍. ഇടതുപക്ഷ ബുദ്ധി ജീവികള്‍ പോലും വല്ലാത്ത മൗനത്തില്‍ വീണ് പോയ ഹാദിയ കേസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന്  അവര്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെ തുറന്ന് കാട്ടിയത്  കവി സച്ചിതാനന്ദനും സാമൂഹ്യ പ്രവര്‍ത്തക ജെ .ദേവികയുടെയും ഇടപെടലുകളായിരുന്നു.

സുപ്രീം കോടതിയില്‍ വാദം നടന്ന് കൊണ്ടിരിക്കെ എന്‍.ഐ.എയുടെ വാദത്തോടൊപ്പം നിന്ന് ഹാദിയക്കെതിരെ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടും ഇടതുപക്ഷത്തിന്റെ പരാജയത്തെയാണ് അടയാളപ്പെടുത്തുന്നത്. മാറാന്‍ പറ്റാത്ത കട്ടപിടിച്ച ഇടങ്ങളായി കേരളത്തിന്റെ മാത  രാഷ്ട്രീയ ഇടങ്ങള്‍ മാറണമൊ എന്ന മൗലികമായ ചോദ്യമാണ് ഹാദിയ കേസ് ഉയര്‍ത്തുന്നത്. സംവാദത്തെ സംഘ് പരിവാറിന് ഭയമാണ് അത്തരത്തിലുള്ള ഒരു അസംബന്ധത്തിലേക്ക് ഇടതുപക്ഷവും വീഴുകയാണൊ? 

 

Related Articles