Current Date

Search
Close this search box.
Search
Close this search box.

സ്വര്‍ഗം കൊതിച്ച ഉമ്മയും മകനും

നബി തിരുമേനി(സ)യുടെ മദീനയില്‍ അബൂ ഖുദാമ എന്ന പേരുള്ള ഒരാളുണ്ടായിരുന്നു. ദൈവിക മാര്‍ഗത്തില്‍ സമരം ചെയ്യുകയെന്നത് അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. മദീനപള്ളിയില്‍ സംസാരിച്ച് കൊണ്ടിരിക്കെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞു ‘അല്ലയോ അബൂ ഖുദാമ, ദൈവിക മാര്‍ഗത്തിലെ സമരത്തിനിടയില്‍ താങ്കള്‍ കാണാനിടയായ അല്‍ഭുതകരമായ എന്തെങ്കിലും സംഭവം വിശദീകരിക്കാമോ? അബൂഖുദാമ ഒരു വലിയ ചരിത്രസംഭവം പറഞ്ഞ് തുടങ്ങി. ‘ഞാന്‍ ഇടക്കിടെ ചന്തയിലേക്ക് പോകാറുണ്ടായിരുന്നു. യുദ്ധയാത്രയില്‍ ആയുധം വഹിക്കാന്‍ പറ്റിയ ഒട്ടകത്തെ വാങ്ങാനായിരുന്നു അത്. ഒരു ദിവസം ഞാന്‍ ചന്തയില്‍ ഇരിക്കുന്നതിനിടെ ഒരു സ്ത്രീ അടുത്ത് വന്നു പറഞ്ഞു ‘അല്ലയോ അബൂ ഖുദാമ, താങ്കള്‍ ദൈവിക മാര്‍ഗത്തിലെ സമരത്തെയും, പോരാട്ടത്തെയും പരിണയിക്കുകയും, അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ഞാന്‍ കേള്‍ക്കാനിടയായി. മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ധാരാളം മുടി നല്‍കി അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവ മുറിച്ച്, പിരിച്ച് കുതിരക്ക് പറ്റിയ കടിഞ്ഞാണ്‍ തയ്യാറാക്കിയിട്ടുണ്ട്. തിരിച്ചറിയാതിരിക്കാന്‍ അതിനെ ഞാന്‍ മണ്ണിലിട്ട് ഉരുട്ടിയിട്ടുണ്ട്. താങ്കള്‍ ജിഹാദിനായി പുറപ്പെടുമ്പോള്‍ ആ മൂക്കുകയര്‍ കയ്യിലെടുക്കണമെന്നാണ് എന്റെ ആഗ്രഹം. ആവശ്യമാണെങ്കില്‍ താങ്കള്‍് അതുപയോഗിക്കുകയോ, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുകയോ ചെയ്യാം. എന്റെ മുടിയിലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പൊടി പുരളുമല്ലോ.’

‘ഞാന്‍ വിധവായ ഒരു സ്ത്രീയാണ്. എനിക്ക് ഭര്‍ത്താവും ആണ്‍മക്കളുമുണ്ടായിരുന്നു. അവരെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. എനിക്ക് ജിഹാദ് നിര്‍ബന്ധമായിരുന്നെങ്കില്‍ ഞാന്‍ യുദ്ധക്കളത്തിലിറങ്ങുമായിരുന്നു.’ അവര്‍ തുടര്‍ന്നു. ‘എന്റെ ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇനി വീട്ടിലുള്ളത് ഒരു മകന്‍ മാത്രമാണ്. അവന്‍ ഖുര്‍ആന്‍ പഠിച്ചിട്ടുണ്ട്. കുതിരയോട്ടവും, അമ്പേറുമെല്ലാം അവന്‍ പരിശീലിച്ചിട്ടുണ്ട്. രാത്രിയില്‍ നമസ്‌കരിക്കുകയും, പകല്‍ നോമ്പെടുക്കുകുയും ചെയ്യുന്നവനാണ് അവന്‍. പതിനഞ്ച് വയസ്സാണ് അവന്റെ പ്രായം. അവനിപ്പോള്‍ കച്ചവട യാത്രയിലാണ്. താങ്കള്‍ മടങ്ങുന്നതിന് മുമ്പ് അവന്‍ തിരിച്ച് വരികയാണെങ്കില്‍ ഞാനവനെ യുദ്ധത്തിന് പറഞ്ഞയക്കാം. ഞാന്‍ ഇസ്‌ലാമിനെ മുന്‍നിര്‍ത്തി താങ്കളോട് അപേക്ഷിക്കുകയാണ്. എന്റെ ഈ ആവശ്യം താങ്കള്‍ നിരസിക്കരുത്.’ ഇത്രയും പറഞ്ഞ ആ സ്ത്രീ മൂക്കുകയര്‍ പുറത്തെടുത്തു. ‘ഇത് താങ്കളുടെ ഭാണ്ഡത്തില്‍ വെച്ചാലും. നേരിട്ട്് കാണുമ്പോള്‍ എനിക്ക് സമാധാനമാകുമല്ലോ’.

ഞാനത് എന്റെ ഭാണ്ഡത്തിലിട്ടു. സഹപ്രവര്‍ത്തകരോടൊപ്പം യാത്ര തുടങ്ങി. മസ്‌ലമ ബിന്‍ അബ്ദില്‍ മലികിന്റെ കൊട്ടാരത്തിന്റെ അടുത്തെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി കേട്ടു. ‘അബൂ ഖുദാമ, താങ്കളവിടെ നിന്നാലും’. സഹപ്രവര്‍ത്തകരോട് നടത്തം തുടരാന്‍ നിര്‍ദ്ദേശിച്ച് ഞാന്‍ അവിടെത്തന്നെ നിന്നു. ഒരു പേര്‍ഷ്യക്കാരനാണെന്ന് തോന്നുന്നു. കുതിരപ്പുറത്ത് പാഞ്ഞ് വരുന്നു. അയാള്‍ വാഹനത്തില്‍ നിന്നിറങ്ങി, അടുത്ത് വന്നു എന്നെ ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന് സ്തുതി. അവന്‍ താങ്കളുടെ സഹവര്‍ത്തിത്വം എനിക്ക് നഷ്ടപ്പെടുത്തിയില്ലല്ലോ.’ ‘താങ്കള്‍ മുഖാവരണം നീക്കുക, യുദ്ധത്തിന് യോഗ്യതയുള്ളവനാണെങ്കില്‍ താങ്കളെ ഞാന്‍ സ്വീകരിക്കും, അല്ലെങ്കില്‍ തിരിച്ച് പോവേണ്ടിവരും’ ഞാന്‍ അയാളോട് പറഞ്ഞു. മുഖാവരണം അഴിച്ചപ്പോള്‍ ഞാന്‍ കണ്ടത് സുമുഖനായ ഒരു ബാലനെയായിരുന്നു. പതിനാലാം രാവിലെ പൂര്‍ണചന്ദ്രനെപ്പോലെ വെട്ടിത്തിളങ്ങുന്ന മുഖമാണ് അവനുള്ളത്. കുലീനതയും, സമ്പന്നതയും, തറവാടിത്തവും ആ മുഖത്ത് പ്രകടമായിരുന്നു. ‘നിനക്ക് പിതാവുണ്ടോ?’ ഞാനവനോട് ചോദിച്ചു. ഇല്ലായെന്ന് അവന്റെ മറുപടി. പിതാവ് രക്തസാക്ഷിയാണ്, അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ വന്നതാണെന്ന് വിശദീകരണം. ‘മാതാവോ?’ ഞാന്‍ വീണ്ടും ചോദിച്ചു. അതെയെന്ന് തലയാട്ടി അവന്‍. എങ്കില്‍ അവരോട് അനുവാദം ചോദിച്ച് വരണമെന്നായി ഞാന്‍. അപ്പോഴവന്‍ എന്നോട് ചോദിച്ചു. ‘താങ്കളെന്നെ അറിയുകയില്ലേ? താങ്കളുടെ കയ്യില്‍ മുടി കൊണ്ടുണ്ടാക്കിയ മൂക്കുകയര്‍ നല്‍കിയവരുടെ മകനാണ് ഞാന്‍. എന്റെ ഉമ്മയുടെ വസിയ്യത് ഇത്ര വേഗത്തില്‍ താങ്കള്‍ മറന്ന് പോയോ? ഇന്‍ ശാ അല്ലാഹ്, ഞാന്‍ രക്തസാക്ഷിത്വം വരിക്കുക തന്നെ ചെയ്യും. താങ്കളുടെ കൂടെ സമരം ചെയ്യുന്നതില്‍ നിന്നും എന്നെ വിലക്കരുത്. ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയിട്ടുണ്ട്. കുതിരയോട്ടവും, അമ്പെയ്ത്തും പരിശീലിച്ചിട്ടുണ്ട്. എന്റെ ചെറുപ്രായം കണ്ട് നിസ്സാരമാക്കരുത്. മടങ്ങരുതെന്ന് എന്റെ ഉമ്മ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രയാക്കുമ്പോള്‍ അവരെന്നോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘എന്റെ പുന്നാര മകനെ, പടക്കളത്തില്‍ നിഷേധികളെ കണ്ട്മുട്ടിയാല്‍ പിന്തിരിഞ്ഞ് കളയരുത്. അല്ലാഹുവിന്റെ സാമീപ്യം നീ തേടുക. നിന്റെ പിതാവ് അവിടെയുണ്ട്. നിനക്ക് ശഹാദത്ത് ലഭിച്ചാല്‍ അല്ലാഹുവിന്റെ അടുത്ത് എനിക്ക് വേണ്ടി ശഫാഅത്ത് നടത്തുക. ശഹീദിന് എഴുപതാളുകള്‍ക്ക് വേണ്ടി ശഫാഅത്ത് നടത്താമെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്.’ ഇത്രയും പറഞ്ഞ് അവര്‍ എന്നെ മാറോടണച്ചു. ആകാശത്തേക്ക് തലയുയര്‍ത്തി. ഇപ്രകാരം പറഞ്ഞു ‘എന്റെ നാഥാ, ഇതാ എന്റെ മകന്‍, എന്റെ ഹൃദയത്തിന്റെ പരിമളം. ഞാനിവനെ നിന്നെ ഏല്‍പിക്കുകയാണ്. അവനെ അവന്റെ പിതാവിലേക്ക് ചേര്‍ത്ത്‌കൊള്ളുക.’

കുട്ടിയുടെ വിവരണം കേള്‍ക്കെ ഞാന്‍ അറിയാതെ കരഞ്ഞ് പോയി. അപ്പോഴവന്‍ ചോദിച്ചു ‘നിങ്ങളെന്തിനാണ് കരയുന്നത്? ഞാന്‍ ചെറിയകുഞ്ഞായത് കൊണ്ടാണോ? എങ്കില്‍ താങ്കള്‍ മനസ്സിലാക്കുക, ധിക്കാരം കാണിക്കുന്ന പക്ഷം എന്നേക്കാള്‍ പ്രായം കുറഞ്ഞവരെ അല്ലാഹു ശിക്ഷിക്കും.’ ഞാനവനോട് പറഞ്ഞു ‘നിന്റെ ഇളംപ്രായം കാരണമല്ല ഞാന്‍ കരഞ്ഞത്. നിന്റെ ഉമ്മയുടെ ധീരത്യാഗം കണ്ടിട്ടാണ്. നീയും കൂടി രക്തസാക്ഷിത്വം വരിച്ചാല്‍ പിന്നെ അവര്‍ക്കാരുണ്ട്? ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആ കുട്ടി ദിക്‌റുകള്‍ ചൊല്ലിയായിരുന്നു കുതിരപ്പുറത്തിരുന്നത്. ഞാന്‍ അവനെക്കുറിച്ചാലോചിച്ചു. യാത്രചെയ്യുമ്പോള്‍ അവന്‍ ഞങ്ങളുടെ ഒരു പടി മുന്നിലാണ്. എവിടെയെങ്കിലും തമ്പടിച്ചാല്‍ സേവകനായി അവന്‍ ഞങ്ങളുടെ കൂടെയുയായിരിക്കും. യാത്രയിലുടനീളം ഉന്മേഷവാനായിരുന്നു അവന്‍. സന്തോഷത്തിന്റെ അടയാളങ്ങള്‍ ആ മുഖത്ത് പ്രകടമായിരുന്നു. സൂര്യന്‍ അസ്തമിക്കാറായപ്പോള്‍ ശത്രുസങ്കേതത്തിന്റെ അടുത്തെത്തി ഞങ്ങള്‍. ഞങ്ങളവിടെ തമ്പടിച്ചു. അവന്‍ ഞങ്ങള്‍ക്ക് നോമ്പ് തുറക്കാനുള്ള ഭക്ഷണം തയ്യാറാക്കി. ഞങ്ങള്‍ നോമ്പുകാരായിരുന്നു. ശേഷം അവന്‍ ഉറങ്ങി. സുദീര്‍ഘമായിരുന്നു അത്. ഉറക്കത്തിനിടെ അവന്‍ പുഞ്ചിരിക്കുന്നതായി ഞാന്‍ കണ്ടു. സഹപ്രവര്‍ത്തകര്‍ക്ക് ഞാനത് കാണിച്ചു കൊടുത്തു. ഞങ്ങളെല്ലാവരും ആശ്ചര്യത്തോടെ അത് തന്നെ നോക്കി നിന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അവനുണര്‍ന്നു. ഞാനവനോട് ചോദിച്ചു ‘അല്ല കൂട്ടുകാരാ, നീ ഉറക്കത്തില്‍ ചിരിക്കുന്നതായി ഞങ്ങള്‍ കണ്ടല്ലോ?’ ഞാന്‍ സുന്ദരമായ ഒരു സ്വപ്‌നം കാണുകയുണ്ടായി ‘പച്ചപുതച്ച മനോഹരമായ പൂന്തോട്ടത്തിലൂടെ ഞാന്‍ നടക്കുന്നതിനിടയില്‍ വെള്ളികൊണ്ട് നിര്‍മിച്ച ഒരു കൊട്ടാരം കണ്ടു. അതിന്റെ പൂമുഖം കണ്ണഞ്ചിപ്പിക്കുന്ന വൈരങ്ങളും, രത്‌നങ്ങളും കൊണ്ട് അലങ്കൃതമായിരുന്നു. കവാടങ്ങളാവട്ടെ പൂര്‍ണമായും സ്വര്‍ണം കൊണ്ട് രൂപപ്പെടുത്തിയതായിരുന്നു. അതിലെ കര്‍ട്ടനുകള്‍ താഴ്ത്തിയിട്ടിയിരിക്കുന്നു. ഞാനങ്ങോട്ട് ചെന്നതും, കര്‍ട്ടണ്‍ മെല്ലെ ഉയരാന്‍ തുടങ്ങി. സുന്ദരികളായ യുവതികളുടെ മുഖം മെല്ലെ പുറത്തേക്ക് വരുന്നതായി കണ്ടു. അവ പൂര്‍ണചന്ദ്രനെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവരെനിക്ക് സ്വാഗതമാശംസിച്ചു. ഞാന്‍ കൈ അവരിലേക്ക് നീട്ടി. അവരിലൊരുവള്‍ പറഞ്ഞു ‘ധൃതി കാണിക്കേണ്ടതില്ല’ അവര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു ‘ഇത് മര്‍ളിയയുടെ വരനാണ്’. എന്നോട് മുന്നോട്ട നടക്കാന്‍ അവരാവശ്യപ്പെട്ടു. ഞാനത് അനുസരിച്ചു. കൊട്ടാരത്തിന്റെ മുകള്‍തട്ടിലാണ് ഞാനെത്തിപ്പെട്ടത്. തനിതങ്കം കൊണ്ടുള്ള അറയിലാണ് ഞാനുള്ളതെന്ന് മനസ്സിലായി. അവിടെയുള്ള ആട്ടുകട്ടിലില്‍ മനോഹരിയായ ഒരു യുവതി ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖം സൂര്യനപ്പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. അല്ലാഹു എന്നെ സഹായിച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് കാഴ്ച ശക്തി തന്നെ നഷ്ടപ്പെടുമായിരുന്നു. അവളെന്നെ സ്വാഗതം ചെയ്താനയിച്ചു. അവളെ എന്റെ മാറോടണക്കുവാന്‍ ഞാനാഗ്രഹിച്ച് പോയി. അപ്പോഴവള്‍ മെല്ലെ മൊഴിഞ്ഞു ‘സമയമായിട്ടില്ല, അല്‍പം കൂടി കാത്തിരിക്കേണ്ടതുണ്ട്. നാളെ മധ്യാഹ്ന നമസ്‌കാരത്തിന് ശേഷമാണ് അവസരം. അതിനാല്‍ താങ്കള്‍ സന്തോഷിച്ച് കൊള്ളുക.’ ഇത്രയും പറഞ്ഞതിന് ശേഷം കുട്ടി തന്റെ വിവരണം നിര്‍ത്തി. ഞാനവനോട് പറഞ്ഞു ‘നീ ഉത്തമമായത് തന്നെയാണ് കണ്ടത’്.

പ്രഭാതമായപ്പോഴേക്കും ഞങ്ങള്‍ കുതിരപ്പുറത്ത് കയറി തയ്യാറായിക്കഴിഞ്ഞിരുന്നു. സ്വര്‍ഗത്തിലേക്ക് യാത്രയാവാം എന്ന് ആശീര്‍വദിച്ച് ഞങ്ങള്‍ പടക്കളത്തിലേക്ക് പുറപ്പെട്ടു. ശത്രുസൈന്യം കൂട്ടംകൂട്ടമായി പാഞ്ഞടുത്തു. നിരനിരയായി പറക്കുന്ന വെട്ടുകിളികളെപ്പോലെയുണ്ടായിരുന്നു അത്. ഞങ്ങളില്‍ നിന്നും ആദ്യം രംഗത്തിറങ്ങിയത് പതിനഞ്ചുകാരനായ നമ്മുടെ ബാലനായിരുന്നു. അവന്‍ ശത്രുസൈന്യത്തിനിടയിലൂടെ നുഴഞ്ഞ് കയറി. അവരെ ചിന്നഭിന്നമാക്കി. അവരില്‍ പലരും അവന്റെ വാളിന്നിരയായി. അത് കണ്ട ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. ‘അല്ല കൂട്ടുകാരാ, നീ ചെറിയകുട്ടിയല്ലേ, പിന്നിലേക്ക് മാറ്, ഞാന്‍ മുന്നില്‍ നിന്ന് കൊള്ളാം’ അവന്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘അല്ലാഹുവിന്റെ കല്‍പന താങ്കള്‍ക്കറിയില്ലേ, ‘അല്ലയോ വിശ്വാസികളെ, ശത്രുസൈന്യം മുന്നോട്ട് വരുന്നത് കണ്ടാല്‍ നിങ്ങളൊരിക്കലും പിന്തിരിഞ്ഞ് കളയരുത്.’ ഞാന്‍ നരകത്തില്‍ പ്രവേശിക്കണമെന്നാണോ താങ്കളുടെ ആഗ്രഹം?’ സംസാരിച്ച് കൊണ്ടിരിക്കുന്ന ഞങ്ങള്‍ക്ക് നേരെ ശത്രുക്കള്‍ ആക്രമണം അഴിച്ചുവിട്ടു. അതോടെ ഞങ്ങള്‍ വീണ്ടും സജീവമായി. യുദ്ധം കൊടിമ്പിരി കൊണ്ടു. ധാരാളം പേര്‍ ചേതനയറ്റുവീണു. പ്രാണന്‍ രക്ഷിക്കാന്‍ പിന്തിരിഞ്ഞോടിയവരും ശത്രുക്കള്‍ക്കിടയിലുണ്ടായിരുന്നു. യുദ്ധം അവസാനിച്ചു.

ശഹാദത്ത് വരിച്ചവരെ അന്വേഷിച്ച് ഞാന്‍ യുദ്ധക്കളത്തില്‍ അങ്ങിങ്ങായി നടന്നു. അധികപേരുടെയും മുഖം വ്യക്തമായിരുന്നില്ല. രക്തമൊലിച്ച്, മണ്ണ്പുരണ്ട് കിടക്കുന്ന മുഖങ്ങള്‍ എങ്ങനെ തിരിച്ചറിയാനാണ്! അകലെന്ന് നിന്ന് ഒരു വിളി കേട്ട ഞാനങ്ങോട്ട് ശ്രദ്ധകൊടുത്തു. ‘അല്ലയോ മുസ്‌ലിംകളെ, നിങ്ങള്‍ അബൂ ഖുദാമയെ ഇങ്ങോട്ടയക്കുക, ഞാനദ്ദേഹത്തെ അന്വേഷിച്ചു. പക്ഷെ എനിക്കദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല’. ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് വേഗത്തില്‍ നടന്നു. പടയാളിയില്ലാത്ത ഒരു കുതിര നിന്ന് കിതക്കുന്നുണ്ട് അവിടെ. അതിന്റെ കാലുകള്‍ക്കിടയില്‍ കിടക്കുന്ന ഒരാളുടെ ശരീരം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനതെടുത്ത് മടിയില്‍ വെച്ചു. മരിച്ചില്ലെന്ന് തോന്നുന്നു. ശ്വാസം വലിക്കുന്നുണ്ട്. മടിയില്‍ കിടക്കുന്ന ആ ശരീരം മെല്ലെ ചലിക്കാന്‍ തുടങ്ങി. മുഖത്ത് നിറയെ രക്തവും പൊടിയുമാണ്. ഞാനാണ് അബൂ ഖുദാമയെന്ന് അയാളോട് മെല്ലെ പറഞ്ഞു. അവന്‍ പറഞ്ഞു ‘ഞാനാണ് നിങ്ങള്‍ക്ക് കടിഞ്ഞാണ്‍ തന്നെ സ്ത്രീയുടെ മകന്‍. എന്റെ സ്വപ്‌നം പുലരാറായിരിക്കുന്നു.’ ഇതുകേട്ട ഞാന്‍ സ്തംഭിച്ചുപോയി. അവന്റെ മുഖത്ത് നിന്ന് രക്തവും പൊടിയും തുടച്ചു. അവനെ ചേര്‍ത്തുപിടിച്ചു യാചിച്ചു ‘എന്റെ പ്രിയ കൂട്ടുകാരാ, അല്ലാഹുവിന്റെ അടുത്ത് എനിക്ക് വേണ്ടി ശഫാഅത്ത് നടത്താന്‍ നീ മറക്കരുത്.’ ‘താങ്കളെപ്പോലുള്ളവര്‍ വിസ്മരിക്കപ്പെടുകയില്ല. എന്റെ രക്തം താങ്കളുടെ വസ്ത്രം കൊണ്ട് തുടക്കരുത്. എന്റെ വസ്ത്രം തന്നെയാണ് അതിന് യോജിച്ചത്. ആ വസ്ത്രം ധരിച്ച് കൊണ്ടാണല്ലോ ഞാന്‍ അല്ലാഹുവിനെ കണ്ട് മുട്ടുന്നത്. നിങ്ങള്‍ സുരക്ഷിതനായി മടങ്ങുന്നപക്ഷം എന്റെ ഈ രക്തം പുരണ്ട വസ്ത്രം കയ്യിലെടുക്കണം. എന്റെ സ്‌നേഹനിധിയായ ഉമ്മയുടെ കയ്യില്‍ കൊടുക്കണമത്. അവരുടെ സമ്മാനം അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നതിന് വേണ്ടിയാണത്. എനിക്ക് പത്ത് വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുപെങ്ങളുണ്ട്. ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവളെന്നെ കാത്തു നില്‍ക്കും. തിരിച്ച് പോരുമ്പോള്‍ യാത്രയാക്കും. വൈകാതെ വരണമെന്ന് പറഞ്ഞാണ് അവളെന്നെ ഇങ്ങോട്ടയച്ചത്. എന്റെ സലാം അവള്‍ക്കെത്തിക്കുക.’ ഇത്രയും പറഞ്ഞ് അവന്‍ കണ്ണുകളടച്ച് ശഹാദത്ത് വരിച്ചു.

യുദ്ധം കഴിഞ്ഞ് ഞാന്‍ നേരെ പോയത് അവന്റെ വീട്ടിലേക്കായിരുന്നു. പൂമുഖത്ത് തന്നെ സുന്ദരിയായ ഒരു പെണ്‍കുഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. എത്ര ഓമനത്തമുള്ള മുഖം! നിങ്ങളെവിടെ നിന്നാണ് വരുന്നതെന്ന് അവളെന്നോട് ചോദിച്ചു. യുദ്ധം കഴിഞ്ഞ് വരികയാണെന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ ഇക്ക നിങ്ങളുടെ കൂടെ ഇല്ലേ എന്നതായി അടുത്ത ചോദ്യം. ഇത്രയും ചോദിച്ച് അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അബൂ ഖുദാമ വന്നിട്ടുണ്ടെന്ന് വീട്ടുകാരിയെ അറിക്കാന്‍ ഞാന്‍ അവളോട് പറഞ്ഞപ്പോഴേക്കും ശബ്ദം കേട്ട് ഉമ്മ പുറത്ത്് വന്നു. ‘സന്തോഷവാര്‍ത്തയാണോ അതോ ദുഖവാര്‍ത്തയുമായാണോ വന്നിരിക്കുന്നത്? എന്റെ മകന്‍ സുരക്ഷിതനായി മടങ്ങിയിരിക്കുന്നുവെന്നതാണ് വാര്‍ത്തയെങ്കില്‍, തീര്‍ച്ചയായും ദുഖകരമാണത്.’ അവന്‍ ശഹാദത്ത് വരിച്ചിരിക്കുന്നുവെന്ന് കേട്ട അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. നിങ്ങളുടെ ഇളയമകളെവിടെ എന്ന് ഞാനവരോട് ചോദിച്ചു. താങ്കള്‍ ഇത് വരെ സംസാരിച്ചത് അവളോടായിരുന്നുവെന്ന് മറുപടി. ഞാനവളോട് പറഞ്ഞു. ‘നിന്റെ ഇക്ക നിന്നോട് സലാം പറഞ്ഞിരിക്കുന്നു.’ ഇത്രയും കേട്ട കുട്ടി ബോധമറ്റ് നിലത്ത് വീണു. ആ പിഞ്ചു ശരീരം എന്റെ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞു. ശേഷം നിശ്ചലമായി. എനിക്കത് കണ്ട് സ്വയം നിയന്ത്രിക്കാനായില്ല. ഇത്രയും കണ്ടിട്ടും ആ സ്ത്രീ, അവരുടെ ഉമ്മ ക്ഷമയോടെ, സ്ഥൈര്യത്തോടെ നില്‍ക്കുന്നു. ഞാനവരുടെ കയ്യില്‍ രക്തം പുരണ്ട വസ്ത്രം കൊടുത്തു. വേദനയോടെ പിരിഞ്ഞുപോന്നു.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles