Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ ജോലിക്ക് പോകുന്നത് തടയാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ?

work.jpg

ജോലിക്ക് പോകുന്നതില്‍ നിന്ന് ഭാര്യയെ തടയാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ? വിവാഹം ചെയ്യുന്ന സമയത്ത് അവര്‍ ഒരു അധ്യാപികയാണെന്ന് ഭര്‍ത്താവിന് അറിയുമായിരുന്നു. ഈ വിഷയത്തില്‍ മാലികി മദഹബിന്റെ നിലപാട് എന്താണ്? അല്ലെങ്കില്‍ അഹ്‌ലുസുന്നത്തി വല്‍ജമാഅഃയുടെ നിലപാട് എന്താണെന്ന് വിശദീകരിച്ചു തരുമോ?

മറുപടി : മാലികി മദ്ഹബ് അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന് പുറത്തല്ലെന്ന് ആദ്യമായി ചോദ്യകര്‍ത്താവിനോട് സൂചിപ്പിക്കുകയാണ്. ഇമാം മാലിക് അഹലുസുന്നയില്‍ പെട്ട ആളാണെന്ന് മാത്രമല്ല, അതിന്റെ മുന്നണിയിലുള്ള വ്യക്തിത്വമാണ്. അതുകൊണ്ട് തന്നെ ഇമാം മാലികിന് ഒരഭിപ്രായവും അഹ്‌ലുസുന്നക്ക് മറ്റൊരു അഭിപ്രായവും ഉണ്ടാവുകയില്ല.

അടിസ്ഥാനപരമായി സ്ത്രീകളുടെ കൈകാര്യകര്‍തൃത്വം അവരുടെ ഇണകള്‍ക്കാണ്. അവര്‍ക്ക് ചെലവിന് കൊടുക്കുകയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയും ചെയ്യണമെന്ന നിബന്ധനയോടെയാണിത്. ഭര്‍ത്താവ് അത് നല്‍കാതിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈകാര്യകര്‍തൃത്വത്തിനുള്ള അവകാശം നഷ്ടപ്പെടുമെന്നാണ് ഇമാമുമാരായ മാലിക്, ശാഫിഇ എന്നിവരുടെ അഭിപ്രായം. എന്നാല്‍ ജോലിക്ക് പോകുന്നതില്‍ നിന്ന് ഭാര്യയെ തടയുന്നത് ഓരോ പ്രദേശത്തെ സമ്പ്രദായങ്ങളും വ്യക്തികളുടെ സാഹചര്യവും കൂടി പരിഗണിച്ചായിരിക്കണം എന്നതാണ് എന്റെ അഭിപ്രായം. ചില സ്ഥലങ്ങളില്‍ സ്ത്രീകള്‍ ജോലിക്ക് പോകാതിരുന്നാല്‍ വീടുകളില്‍ വലിയ പ്രയാസത്തിന് അത് കാരണമാകും. അവര്‍ വീടുകളില്‍ തന്നെ കഴിയുന്നത് കൂടുതല്‍ ദോഷങ്ങളിലേക്ക് നയിച്ചേക്കുന്ന സാഹചര്യവും ഉണ്ടാകാം. അതുകൊണ്ട് തന്നെ ഗുണദോഷങ്ങളെ താരതമ്യം ചെയ്തായിരിക്കണം ഇതില്‍ തീരുമാനമെടുക്കേണ്ടത്.

ജോലി ചെയ്തിരുന്ന സഹാബി വനിതളുണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. സുബൈര്‍(റ)വിന്റെ ഭാര്യ അസ്മാഅ്(റ) കാലികളെ വെള്ളം കുടിപ്പിക്കുന്ന ജോലി ചെയ്തിരുന്നു. ഈത്തപ്പഴം പറിക്കാന്‍ ഉദ്ദേശിച്ച സ്ത്രീയെ ചിലര്‍ ആക്ഷേപിച്ചപ്പോള്‍ പ്രവാചകന്‍(സ) അവരോട് ഈത്തപ്പഴം പറിക്കാന്‍ പോകുന്നതിന് അനുവാദം നല്‍കുകായിരുന്നുവെന്ന് ഇമാം ബുഖാരിയും (5224) മുസ്‌ലിമും(2182) ഉദ്ധരിച്ച ഹദീസില്‍ കാണാം.

സ്ത്രീകള്‍ ജോലിക്കു പോകുന്നത് ഇക്കാലത്ത് ഉണ്ടായിട്ടുള്ള ഒരു പുതിയ കാര്യമല്ല. ഇസ്‌ലാമില്‍ നേരത്തെയും അതുണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്. അതുകൊണ്ട് ഈ വിഷയത്തില്‍ നാം വിശാലത കാണിക്കുകയാണ് വേണ്ടത്. വീടിന്റെ നായകന്‍ പുരുഷന്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഏത് കാര്യത്തിനും ഒരു നായകന്‍ ഉണ്ടായിരിക്കന്‍ അതിന്റെ കൃത്യതക്ക് അനിവാര്യമാണെന്നാണ് നമ്മുടെ ശരീഅത്ത് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് മൂന്ന് പേര്‍ യാത്ര ചെയ്യുമ്പോള്‍ അതില്‍ ഒരാളെ നേതാവായി നിശ്ചയിക്കാന്‍ പ്രവാചകന്‍(സ) കല്‍പിച്ചിട്ടുള്ളത്. അപ്രകാരം കുടുംബത്തിന്റെ നേതൃത്വം പുരുഷനാണ് ഇസ്‌ലാം നിര്‍ണയിച്ചു കൊടുത്തിരിക്കുന്നത്. എല്ലാം സ്വന്തം ഇഷ്ടപ്രകാരം പുരുഷന് തോന്നിയ പോലെ നിര്‍വഹിക്കാം എന്നല്ല അതിന്റെ അര്‍ഥം. മറിച്ച് വീട്ടില്‍ കൂടിയാലോചന നടത്തിയായിരിക്കണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. കുടുംബത്തിലെ കാര്യങ്ങളെല്ലാം കൂടിയാലോചനയിലൂടെയായിരിക്കണം നടക്കേണ്ടത് എന്നാണ് ‘ഇനി ഇരുകൂട്ടരും കൂടിയാലോചിച്ച് ഉഭയസമ്മതത്തോടെ മുലകുടി മാറ്റാന്‍ നിശ്ചയിച്ചാല്‍, അപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ കുറ്റമൊന്നുമില്ല.’ (2:233) ഈ ഖുര്‍ആനിക സൂക്തം വ്യക്തമാക്കുന്നത്.

ശരീഅത്തിന് വിരുദ്ധമല്ലാത്ത ഒരു കാര്യമാണ് ഭര്‍ത്താവ് കല്‍പിക്കുന്നതെങ്കില്‍ ഭാര്യ അത് അനുസരിക്കേണ്ടതുണ്ട്. എന്നാല്‍ ദോഷമുണ്ടാക്കുന്ന, അല്ലെങ്കില്‍ നല്ല ഫലങ്ങള്‍ തടയുന്ന ഒരു കാര്യം കല്‍പിക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ല. ഭാര്യയുടെ ജോലി അന്യപുരുഷന്‍മാരുമായി കൂടികലര്‍ന്നുള്ളതോ, അല്ലെങ്കില്‍ എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടാക്കുന്നതോ ആണെങ്കില്‍ ഭര്‍ത്താവിന് അവളെ തടയാവുന്നതാണ്. അത് അനുസരിക്കല്‍ ഭാര്യയുടെ ബാധ്യതയുമാണ്. മാലികി മദ്ഹബിന്റെയും ഭൂരിഭാഗം ഇമാമുമാരുടെയും അഭിപ്രായത്തിലുള്ള മറുപടിയാണിത്.

വിവ : അഹ്മദ് നസീഫ്‌

Related Articles