Current Date

Search
Close this search box.
Search
Close this search box.

സ്ത്രീത്വം അനശ്വരമാക്കിയ ഹാജറ

hajar.jpg

ബലി പെരുന്നാള്‍ ആഘോഷിക്കുന്ന ഏത് വിശ്വാസിക്കാണ് മഹതി ഹാജറാബീവിയെ ഓര്‍ക്കാതിരിക്കാനാവുക? ലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെട്ടവളും അനുകരിക്കപ്പെട്ടവളും ആരെന്ന് ചോദിച്ചാല്‍ ഹാജറ എന്നായിരിക്കും ഉത്തരം. വിഗ്രഹാരാധകനായ പിതാവ് ആസറിനെയും നാടിനെയും വിട്ട് ഹാജറക്കും മകന്‍ ഇസ്മാഈലിനുമൊപ്പം യാത്ര തിരിച്ച ഇബ്‌റാഹീം നബി നേരിട്ട രണ്ടാമത്തെ പരീക്ഷണമായിരുന്നു വെള്ളമോ മരങ്ങളോ ജീവജാലങ്ങളോ ഇല്ലാത്ത മക്കയെന്ന ഊഷരഭൂമിയില്‍ ഇണയെയും മകനെയും ഉപേക്ഷിച്ച് പോവുക എന്നത്. തങ്ങളെ ആ വിജനവും ഭയാനകവുമായ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ തനിച്ചാക്കി പോകാനൊരുങ്ങുന്ന ഇബ്‌റാഹീം നബിയോട് ഹാജറ ചോദിച്ചത് ഇത്ര മാത്രം: ”അല്ലാഹുവാണോ താങ്കളോടിത് കല്‍പിച്ചത്?” അതെയെന്ന ഉത്തരം കേട്ടമാത്രയില്‍ അവര്‍ സര്‍വവും അല്ലാഹുവില്‍ ഭരമേല്‍പിച്ച് തന്റെ ഇണയെ യാത്രയാക്കി.

പിന്നീട് ചരിത്രം കാണുന്നത് പതിതരില്‍ പതിതരായി ചവിട്ടിമെതിക്കപ്പെട്ട അടിമവര്‍ഗത്തിന്റെ പ്രതിനിധിയായ ഹാജറയെ ആദരിക്കുകയും മക്കയുടെ ചരിത്രഗതി തന്നെ മാറ്റി മറിക്കുന്ന സംഭവത്തിന് കാരണമാക്കുകയും ചെയ്യുന്നതാണ്. ചുട്ടുപൊള്ളുന്ന സൂര്യനു കീഴെ ഇരതേടി വരുന്ന ഇഴജീവികള്‍ പോലുമില്ലാത്ത ഭയാനകമായ മരുഭൂമിയെ നോക്കി എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് ആ അടിമപ്പെണ്ണ് മകനെയും എടുത്തിരുന്നു. മൂന്ന് പകല്‍ കഴിഞ്ഞപ്പോഴേക്കം തോല്‍സഞ്ചിയില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. ദാഹിച്ച് കരയുന്ന മകന്‍ ഇസ്മാഈലായിരുന്നു ഹാജറയുടെ അടുത്ത പരീക്ഷണം. വിശന്നു കരയുന്നവന്റെ അന്നത്തിനായുള്ള കരച്ചില്‍. ദാഹിച്ചുവലയുന്ന അനേകായിരം മനുഷ്യരുടെ വിലാപം. സമാധാനവും സമ്പുഷ്ടതയുമുള്ള ഒരു നാടിനു വേണ്ടിയുള്ള രോദനം. ഇസ്മാഈലിന്റെ കരച്ചിലും ഹാജറയുടെ മനംനൊന്തുള്ള പ്രാര്‍ഥനയും ലോകരക്ഷിതാവ് കേട്ടു.

ഏതോ ഒരുള്‍പ്രേരണയാല്‍ ഹാജറ മകനെ നിലത്തു കിടത്തി അടുത്തുള്ള സഫാ മലയിലേക്ക് ഓടിക്കയറി ചുറ്റുഭാഗത്തേക്കും നോക്കി. കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞിന് നല്‍കാന്‍ ചെറിയ നീരുറവയുടെ സാന്നിദ്ധ്യമുണ്ടോയെന്ന് ആധിയോടെ കണ്ണോടിച്ചു. നിരാശയായിരുന്നു ഫലം. മറുഭാഗത്ത് 395 മീറ്റര്‍ അകലെയുള്ള മര്‍വാ കുന്നിലേക്കും ഓടിക്കയറി. വിശപ്പും ദാഹവും മൂലം പരിക്ഷീണയായ ഹാജറ ഈ ഓട്ടം തുടര്‍ന്നു. വിശക്കുന്നവനും ദാഹിക്കുന്നവനും വേണ്ടിയുള്ള നെട്ടോട്ടം. ഇത് ചരിത്ര മഹാസംഭവമായി എക്കാലത്തേക്കും രേഖപ്പെടുത്തപ്പെട്ടു.

”നിശ്ചയം സഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്.” (അല്‍ബഖറ: 158) തിരികെ മകന്റെയടുക്കല്‍ ഓടിയെത്തിയ ഹാജറ ബീവി ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവുകയായിരുന്നു. ഇസ്മാഈലിന്റെ കുഞ്ഞിക്കാല്‍ പതിഞ്ഞിടത്ത് പൊട്ടിപ്പുറപ്പെട്ട തീര്‍ഥജലത്തോട് ഹാജറ പറഞ്ഞ വാക്കാണ് സംസം (അടങ്ങൂ) എന്ന്.

മക്കയെന്ന ഊഷരഭൂമിയില്‍ വെള്ളം വന്നതോടെ പറവകളും പക്ഷികളും കൂട്ടമായി അവിടേക്ക് വരാന്‍ തുടങ്ങി. പിന്നീട് മനുഷ്യവാസവും സമ്പദ്‌സമൃദ്ധിയുമുള്ള മക്കയെന്ന പുണ്യഭൂമി ഉയിരെടുത്തു. ഒരു മഹത്തായ നാഗരികതക്കും സംസ്‌കാരത്തിനും സംസം കാരണമായി. ഹാജറയെന്ന കറുത്ത സുന്ദരിയല്ലാത്ത അടിമസ്ത്രീയെ അവളുടെ നിശ്ചയദാര്‍ഢ്യത്തെയും ഉറച്ച വിശ്വാസത്തെയും ലോകത്തെ വിശ്വാസികള്‍ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു. ഇന്നോളം ഒരു വിശ്വാസാദര്‍ശവും കാഴ്ച്ചവെച്ചിട്ടില്ലാത്ത ഒരു ചരിത്രമുഹൂര്‍ത്തത്തിന്റെ മാതാവായി ഹാജറ നമുക്കിടയില്‍ സ്ഥാനമുറപ്പിക്കുന്നു. സ്വാതന്ത്ര്യം ധനാഢ്യയുമായ സാറയില്‍ നിന്നല്ല, സാറയുടെ അടിമയും കറുത്തവളുമായ ഹാജറയില്‍ നിന്നാണ് ചരിത്രം സൃഷ്ടിക്കപ്പെട്ടത്. അവളുടെ ദൈന്യതയും അതില്‍ നിന്നും ഉയിരെടുത്ത അചഞ്ചലമായ വിശ്വാസവും വിപ്ലവവീര്യവുമാണ് ലോകത്തിലെ സകല വിശ്വാസികളും സ്മരിക്കുകയും ആരാധനാകര്‍മമായി അനുകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്.

ഹാജര്‍ ദാസിയോ രാജകുമാരിയോ?

Related Articles