Current Date

Search
Close this search box.
Search
Close this search box.

സഹിഷ്ണുത : വിസ്മരിക്കപ്പെട്ട മൂല്യം

മനുഷ്യസമൂഹമെന്നത് നാനാത്വത്തോടൊപ്പം ഏകത്വത്തെയും ഉള്‍ക്കൊള്ളുന്നതാണ്. വര്‍ഗ്ഗം, ജാതി, മതം, ദേശം, ആദര്‍ശം തുടങ്ങിയവയെല്ലാം അവയിലെ വൈവിധ്യത്തെ വെളിപ്പെടുത്തുന്നു. മാന്യവും സമാധാനപരവുമായ ജീവിതത്തിനും താല്‍പര്യ പൂര്‍ത്തീകരണത്തിനും എല്ലാ ജനവിഭാഗങ്ങളും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണെന്നത് അവരെ യോജിപ്പിച്ച് നിര്‍ത്തുന്ന ഘടകമാണ്. മനുഷ്യര്‍ യോജിക്കുന്ന കാര്യങ്ങളാണ് വിയോജിക്കുന്നതിനേക്കാള്‍ കൂടുതലെന്ന് ഇവിടെ വ്യക്തമാണ്. എന്നിട്ടും എന്തിനാണ് നാമിന്ന് കാണുന്ന അക്രമവും പകയും വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നത്? വിവരസാങ്കേതിക രംഗത്തുണ്ടായ വിസ്‌ഫോടനത്തിന് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. എന്നാല്‍ അവ സമര്‍പ്പിക്കുന്ന ആശയവിനിമയം, സംവാദം, സഹിഷ്ണുത, സഹവര്‍ത്തിത്വം തുടങ്ങിയ കാര്യങ്ങളെല്ലാം സാമൂഹ്യ നന്മക്ക് അനിവാര്യമായ മൂലകങ്ങളാണ്.

വ്യക്തി, സംഘം, രാഷ്ട്രം തുടങ്ങിയ എല്ലാ തലങ്ങളിലും സഹിഷ്ണുത പ്രകടമാവേണ്ടതുണ്ട്. നമ്മുടെ ചിന്തകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാകുന്ന വിഷയങ്ങളെയും ധ്വനികളെയും വിശാലമനസ്‌കതയോടെ സമീക്കുന്നതിനുള്ള ഒരുക്കം അതില്‍ നിന്നാണ് ഉടലെടുക്കുന്നത്. വ്യത്യസ്തങ്ങളായ മാനവിക ഗുണങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും ആദരിക്കുകയും സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്ന് സഹിഷ്ണുതയെ നമുക്ക് നിര്‍വചിക്കാം. എല്ലാറ്റിനോടും ക്രിയാത്മകമായ ഒരു നിലപാട് സ്വീകരിക്കുകയെന്നതാണ് അതില്‍ പ്രഥമമായി വേണ്ടത്. ലോകതലത്തില്‍ തന്നെ സുസമ്മതമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കേണ്ടതുണ്ട്. മനുഷ്യാവകാശങ്ങളെ മാനിച്ചു കൊണ്ടായിരിക്കണം സഹിഷ്ണുത കാണിക്കേണ്ടതുണ്ട്. സാമൂഹ്യ ദ്രോഹമോ, വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുകയോ വിശ്വാസങ്ങളെ നിന്ദിക്കുകയോ ചെയ്യുന്നതായിരിക്കരുത് അവ എന്നതാണ് ഉദ്ദേശ്യം.

സഹിഷ്ണുതയുടെ വിവിധ രൂപങ്ങള്‍
ചിന്താ സഹിഷ്ണുത: സംഭാഷണത്തിന്റെയും അഭിസംബോധനത്തിന്റെയും മര്യാദകള്‍ പാലിക്കുക, വ്യക്തികളുടെ ചിന്തകളോട് പക്ഷപാതിത്വം കാണിക്കാതിരിക്കുക, പുതിയ കാര്യങ്ങളില്‍ ചിന്തക്കും ഗവേഷണത്തിനും അവകാശം നല്‍കുക എന്നീ കാര്യങ്ങളാണ് അതില്‍ പെടുന്നത്.

മതസഹിഷ്ണുത: മതങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വമാണിത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മതചിഹ്നങ്ങള്‍ പാലിക്കുകയും മതപരവും വര്‍ഗ്ഗപരവുമായ പക്ഷപാതിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുകയാണിതിന്റെ ഉദ്ദേശ്യം. അല്ലാഹു അവതരിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളിലും ചില പ്രവാചകന്‍മാര്‍ക്ക് അവതരിപ്പിച്ചിട്ടുള്ള ഏടുകളിലും വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. കാരണം അവയെല്ലാം അല്ലാഹു അവന്റെ ദീനും ശരീഅത്തും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദൂതന്‍മാര്‍ക്ക് ദിവ്യബോധനം വഴി അവതരിപ്പിച്ചിട്ടുള്ളവയാണ്. ഇസ്‌ലാമിന്റെ മാനുഷിക മുഖത്തിന് ചരിത്രം സാക്ഷിയാണ്. മുസ്‌ലിംകള്‍ക്ക് ഇതര മതസ്ഥരോടുള്ള ബന്ധങ്ങളുടെ അടിസ്ഥാനം സഹിഷ്ണുതയാണ്. അവരോടെല്ലാം നല്ലരൂപത്തില്‍ സംവാദത്തിലേര്‍പ്പെടാനും യുക്തിയും സദുപദേശവും കൊണ്ട് അവരെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്താനുമാണ് ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ‘യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍’ (അന്നഹ്ല്‍: 125) മുസ്‌ലിമാകാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന അടിസ്ഥാനത്തിലാണ് ഈ ദൈവിക രീതിശാസ്ത്രം നിലകൊള്ളുന്നത്. ‘മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു’ (അല്‍ബഖറ: 256)

ഇസ്‌ലാം സഹിഷ്ണുതയുടെ മതം
ഇസ്‌ലാം സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും പ്രത്യയശാസ്ത്രമാണ്. ‘സഹിഷ്ണുതയുടെയും വക്രതയില്ലാത്തതുമായിട്ടാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്’ എന്നാണ് പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളത്. സഹിഷ്ണുതക്ക് വളരെ ഉയര്‍ന്ന സ്ഥാനമാണ് ഇസ്‌ലാമിലുള്ളത്. വര്‍ഗ്ഗ-വര്‍ണ്ണ വിവേചനങ്ങള്‍ക്കതീതമായ സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിക്കുന്ന വിട്ടുവീഴ്ച്ചയാണ് ഇസ്‌ലാമില്‍ അതിന്റെ അടിസ്ഥാനം. ലോകതലത്തില്‍ തന്നെ വ്യക്തികളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും പരസ്പരം ആദരിക്കുകയും മറ്റുള്ളവരുടെ അടിസ്ഥാന സ്വാതന്ത്ര്യം വകവെച്ചു നല്‍കുകയും ചെയ്യുന്നത് മുഖേനയാണ് വൈവിധ്യങ്ങളും വ്യത്യസ്തതകളും നിറഞ്ഞ സമൂഹത്തില്‍ സംയുക്തമായ ജീവിതം സാധ്യമാക്കുകയുള്ളൂ.

സഹിഷ്ണുതയുടെ അടിസ്ഥാനങ്ങള്‍
1. എല്ലാ ദൈവിക മതങ്ങളും ഒരൊറ്റ സ്രോതസ്സില്‍ നിന്നാണെന്ന് ഇസ്‌ലാം മുസ്‌ലിംകളെ പഠിപ്പിക്കുന്നത് ഈ ദര്‍ശനത്തിന്റെ സഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു മതനിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുകയെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു. അല്ലാഹു താനിച്ഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു.’ (അശ്ശൂറ: 13)
2. പ്രവാചകന്‍മാരെല്ലാം സഹോദരന്‍മാരാണെന്നും അവരില്‍ ആരോടും വിവേചനം പാടില്ലെന്നും കല്‍പ്പിച്ച് വിശ്വാസികളുടെ മനസില്‍ സഹിഷ്ണുത ഊട്ടിയുറപ്പിക്കുകയാണ് ഇസ്‌ലാം. അവരിലെല്ലാം വിശ്വസിക്കുകയും വേണം. ഖുര്‍ആന്‍ പറയുന്നു: ‘പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്‌സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത് എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട മുസ്ലിംകളാണ്’ (ആലുഇംറാന്‍: 84)
3. മറ്റുമതങ്ങളുടെ വ്യത്യസ്തങ്ങളായ ആരാധനകളും ആദരിക്കപ്പെടേണ്ടതാണെന്നതാണ് ഇസ്‌ലാമിക വീക്ഷണം. ഖുര്‍ആന്‍ പറയുന്നു: ‘ അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ’ (അല്‍ഹജ്ജ്: 40)
4. മറ്റുള്ളവരെയും പരിഗണിക്കുന്ന രീതിയിലായിരിക്കണം വിശ്വാസികളുടെ പെരുമാറ്റം, അവരോട് സംവദിക്കുകയാണെങ്കില്‍ വളരെ നല്ല രൂപത്തില്‍ സംവദിക്കണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ‘ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്’ (അന്‍കബൂത്ത് 46)
6. വേദക്കാരോട് വളരെ സഹിഷ്ണുതയോടും നന്മയിലും വര്‍ത്തിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവര്‍ക്ക് നല്ലരൂപത്തില്‍ ആതിഥ്യം നല്‍കാനും ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കി കല്യാണം കഴിക്കണമെന്നുമാത്രം’ (മാഇദ: 5)
7. മുസ്‌ലിംകള്‍ പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്നത് വിലക്കിയത് പോലെ അമുസ്‌ലിംകളായി എന്നതിന്റെ പേരില്‍ അവരോടും ശത്രുതയില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്തു.’സത്യവിശ്വാസികള്‍, യഹൂദര്‍, സാബിഉകള്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും. അല്ലാഹു സകലസംഗതികള്‍ക്കും സാക്ഷിയാകുന്നു.’ (അല്‍ ഹജ്ജ് : 17)

ഇപ്രകാരം വിവിധ തലങ്ങളില്‍ നിന്ന് മനുഷ്യ മനസുകളില്‍ സഹിഷ്ണുത ഊട്ടിയുറപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും പൊറുത്തുകൊടുക്കലിന്റെയും ഏറ്റവും ഉദാത്തവും മഹത്വവുമായ മാതൃകയാണ് നമുക്ക് പ്രവാചകന്‍(സ) കാണാന്‍ സാധിക്കുക. ലോകത്ത് തന്നെ തുല്യതയില്ലാത്ത ഒരു മാതൃകയായിരുന്നു അദ്ദേഹം. അതുള്‍ക്കൊള്ളുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തവരായിരുന്നു വിശ്വാസികളായ അദ്ദേഹത്തിന്റെ അനുയായികള്‍. വ്യത്യസ്ത കാലങ്ങളില്‍ കഴിഞ്ഞുപോയ വിശ്വാസികളും ഇപ്രകാരം സഹിഷ്ണുതയെ ഉയര്‍ത്തിപ്പിടിച്ചിരുന്നവരായിരുന്നു. അവയില്‍ ചില ഉദാഹണങ്ങള്‍ നമുക്ക് പരിശോധിക്കാം.

ഇമാം അബൂഹനീഫയുടെ മദ്ഹബ് ക്രോഡീകരിച്ച അദ്ദേഹത്തിന്റെ ശിഷ്യന്‍ മുഹമ്മദ് ബിന്‍ ഹസന്‍ പറയുന്നു: ‘മക്കയില്‍ ക്ഷാമം ഉണ്ടായപ്പോള്‍ നബി(സ) അവരിലെ ദരിദ്രക്ക് വിതരണം ചെയ്യാനായി സമ്പത്ത് അയച്ചു.’ അദ്ദേഹത്തെ ധിക്കരിക്കുകയും അദ്ദേഹത്തിനും അനുയായികള്‍ക്കും വളരെയധികം ദ്രോഹങ്ങള്‍ ഏല്‍പ്പിച്ചവരുമായിരുന്നു അവര്‍. അസ്മാ ബിന്‍ത് അബൂബക്ര്‍(റ) പറയുന്നതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ‘ബഹുദൈവാരാധകയായ എന്റെ ഉമ്മ എന്റെ അടുക്കല്‍ വന്നു, ഖുറൈശികളുമായി കരാര്‍ ചെയ്ത സമയത്തായിരുന്നു അത്. ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു ചോദിച്ചു: ‘അല്ലാവിന്റെ ദൂതരെ, എന്റെ കൂടെ കഴിയാന്‍ ആഗ്രഹിച്ചുകൊണ്ട് എന്റെ ഉമ്മ വന്നിരിക്കുന്നു. ഞാനവരുമായി ബന്ധം പുലര്‍ത്തട്ടെയോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതെ, നീ അവരുമായി ബന്ധം പുലര്‍ത്തണം.’

എതിരാളികളോട് എങ്ങനെ സംവദിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ‘ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്'(അല്‍ അന്‍കബൂത്ത്:46) വേദക്കാരില്‍പെട്ട ക്രിസ്ത്യാനികളോടും ജൂതന്‍മാരോടുമുള്ള പെരുമാറ്റത്തില്‍ പ്രവാചകന്‍(സ) ഈ സഹിഷ്ണുതാ മനോഭാവം പ്രകടമാക്കിയിട്ടുണ്ട്. അദ്ദേഹം അവരെ സന്ദര്‍ശിക്കുകയും ആദരിക്കുകയും നല്ലനിലയില്‍ അവരോട് വര്‍ത്തിക്കുകയും ചെയ്തിരുന്നു. അവരിലെ രോഗികളെ അദ്ദേഹം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ‘അവര്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇബ്‌നു ഇസ്ഹാഖ് തന്റെ ചരിത്ര ഗ്രന്ഥത്തില്‍ പറയുന്നു: ‘ക്രിസ്ത്യാനികളായ നജ്‌റാന്‍കാര്‍ മദീനയില്‍ പ്രവാചകന്റെ അടുക്കല്‍ വന്നപ്പോള്‍ അസ്വര്‍ നമസ്‌കാരത്തിന് ശേഷം പള്ളിയില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കുന്നതിനായി അവര്‍ ഒരുങ്ങിയപ്പോള്‍ ചിലയാളുകള്‍ അവരെ തടയാനുദ്ദേശിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) അവരെ അതിനനുവദിക്കാന്‍ പറഞ്ഞു. അവര്‍ കിഴക്കോട്ട് തിരിഞ്ഞ് അവരുടെ ആരാധന നിര്‍വഹിച്ചു.

അനസ്(റ)ല്‍ നിന്നും ബുഖാരി ഉദ്ധരിക്കുന്നു: ‘നബി(സ) രോഗിയായി കിടക്കുന്ന ഒരു യഹൂദിയെ സന്ദര്‍ശിച്ചു, അയാള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അയാള്‍ ഇസ്‌ലാമാശ്ലേഷിക്കുകയും ചെയ്തു.’ അപ്പോള്‍ നബി(സ) പറഞ്ഞു: ‘ഞാന്‍ മുഖേന ഇയാളെ നരകത്തില്‍ നിന്ന് രക്ഷിച്ച് അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും’.
അമുസ്‌ലിംകളില്‍ നിന്ന് നബി(സ) സമ്മാനങ്ങള്‍ സ്വീകരിക്കുകയും അവരുടെ സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവരോട് വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം അവരുടെ ഉപദ്രവത്തെയോ കുതന്ത്രത്തെയോ ഭയന്നിരുന്നില്ല.

സഹാബികളുടെയും താബിഇകളുടെയും ജീവിതത്തിലും അമുസ്‌ലിംകളോട് സ്വീകരിച്ചിരുന്ന ഈ സഹിഷ്ണുതാ മനോഭാവം കാണാവുന്നതാണ്. ഉമര്‍(റ) ഖുദ്‌സില്‍ പ്രവേശിച്ചപ്പോള്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ക്കനുസരിച്ച് അവിടത്തെ ആളുകള്‍ക്ക് നിര്‍ഭയത്വം ഉറപ്പ് നല്‍കിയിരുന്നു. “അവരുടെ വീടുകളില്‍ താമസിക്കുകയോ, അവരുടെ ഭവനങ്ങള്‍ നശിപ്പിക്കുകയോ, അവരുടെ സമ്പത്ത് അപഹരിക്കുകയോ, മതത്തിന്റെ പേരില്‍ അവരെ വെറുക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഒരു ജൂതനും കുടുംബത്തിനും സ്ഥിരമായി ചെലവിനുള്ളത് മുസ്‌ലിംകളുടെ ബൈത്തുല്‍മാലില്‍ നിന്ന് നല്‍കാനും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന് തെളിവായി ഖുര്‍ആനികായത്ത് ഉദ്ധരിക്കുക കൂടി ചെയ്തു അദ്ദേഹം. “സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും 19 അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹുവിന്റെ നിര്‍ണയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.’ (അത്തൗബ: 60) ഇയാള്‍ വേദക്കാരില്‍പെട്ട ദരിദ്രനാണ്. മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ ശാമിലേക്കുള്ള യാത്രക്കിടയില്‍ കുഷ്ഠരോഗം ബാധിച്ച ഒരു കൂട്ടം ക്രിസ്ത്യാനികളെ കണ്ടപ്പോള്‍ ബൈത്തുല്‍മാലില്‍ നിന്ന് അവര്‍ക്ക് സഹായം നല്‍കാന്‍ കല്‍പ്പിച്ചു.

അബ്ദുല്ലാഹ് ബിന്‍ അംറ്(റ) തന്റെ ജോലിക്കാരനോട് അയല്‍വാസിയായ ജൂതന് ബലിമാംസം കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ ജോലിക്കാരന്‍ അത്ഭുതപ്പെട്ടു് ജൂതനായ അയല്‍ക്കാരന് ഇത്ര പരിഗണന നല്‍കുന്നതിന് പിന്നിലെ രഹസ്യമെന്തെന്ന് അന്വേഷിച്ചു. നബി(സ) ഒരിക്കല്‍ പറഞ്ഞു: “ജിബ്‌രീല്‍ അയല്‍ക്കാരന്റെ കാര്യത്തില്‍ എന്നെ ഉപദേശിച്ചു, എത്രത്തോളമെന്നാല്‍ അയല്‍വാസി എന്നെ അനന്തരമെടുക്കുമെന്ന് ഞാന്‍ ധരിക്കുവോളം.” ഇതാണ് എന്നെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകമെന്ന് അംറ് പറഞ്ഞു. ക്രിസ്ത്യാനിയായ ഉമ്മു ഹാരിസ് ബിന്‍ അബീറബീഅഃ മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ)യുടെ അനുയായികള്‍ അവരുടെ ജനാസയെ അനുഗമിച്ചിരുന്നു. പ്രമുഖരായ ചില സഹാബിവര്യമാര്‍ തങ്ങളുടെ സ്വദഖയുടെ ഒരോഹരി ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്ക് നല്‍കിയിരുന്നു, അതിലവര്‍ക്ക് യാതൊരു മാനസിക ക്ലേശവും ഉണ്ടായിരുന്നില്ല. ഇക്‌രിമ ഇബ്‌നു സീരീന്‍ പോലുള്ളവര്‍ സകാത്ത് തന്നെ അവര്‍ക്ക് നല്‍കാമെന്ന് അഭിപ്രായപ്പെട്ടവരായിരുന്നു.

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles