Current Date

Search
Close this search box.
Search
Close this search box.

വ്യാജ ആത്മീയതയുടെ ആഫ്രിക്കന്‍ ഒച്ച്

deserr.jpg

‘ഞങ്ങളിതാ ഇവിടെ ഈ പുണ്യഭൂമിയിലെത്തിയിരിക്കുന്നു. ഇനി ഒന്നും ആലോചിക്കേണ്ട’ കേരളത്തില്‍നിന്ന് പുണ്യവും വിശുദ്ധ രക്തസാക്ഷിത്വവും അന്വേഷിച്ച് ഇതിനകം ഭൂമിയിലെ നരകമായി മാറിയ ഐഎസ് ഭീകരരുടെ ആവാസഭൂമിയിലെത്തിയെന്നു കരുതുന്നവരില്‍ ചിലരുടെ എസ്എംഎസ് സന്ദേശമാണിത്. ഇവിടെ നിന്നു മരിച്ചാല്‍ ഉടലോടെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നും തങ്ങളെക്കുറിച്ച് ഇനി ആലോചിക്കേണ്ട എന്നും സന്ദേശത്തിലുണ്ടത്രെ.

ഏതാണാവോ ഭൂമിയിലെ ഈ അനുഗൃഹീത സ്വര്‍ഗം? അതറിഞ്ഞാല്‍ ഉള്ളതെല്ലാം വിറ്റു വലിച്ച് അവിടെ പോയി മരണത്തെ കാത്ത് അവസാനനിമിഷം വരെ ആ വിശുദ്ധ ഭൂമിയില്‍ കമിഴ്ന്നുകിടക്കാമായിരുന്നു. മുസ്‌ലിംകളില്‍നിന്നു വിഘടിച്ചുണ്ടായ മിര്‍സാ ഗുലാം അഹ്മദിന്റെ അനുയായികളായ ഖാദിയാനികള്‍ ഞങ്ങളുടെ അയല്‍പ്രദേശമായ കൊടിയത്തൂരിലുണ്ട്. മരണശേഷം അവര്‍ തങ്ങളെ അകലെ പഞ്ചാബിലെ ഖാദിയാനില്‍ മറവുചെയ്യണമെന്ന് ഒസ്യത്ത് ചെയ്യും! ഈ അടുത്തിടെ പോലും അത്തരമൊരു സംഭവമുണ്ടായി. ഭാരിച്ച സംഖ്യ ചെലവുവരുന്ന ഈ ഏര്‍പ്പാട് എന്തിനാണെന്ന ചോദ്യത്തിന്, അവിടെ മറവുചെയ്താല്‍ വിചാരണകൂടാതെ നേരെ സ്വര്‍ഗത്തിലേക്കു പോവുമെന്നാണ് അഹ്മദിയാക്കളുടെ വിശ്വാസമെന്ന് ചിലര്‍ വിശദീകരിച്ചുതന്നു.

ഞങ്ങള്‍ ഇതാ സ്വര്‍ഗത്തിലെത്തിയിരിക്കുന്നു എന്ന് എസ്എംഎസ് അയച്ചവരുടെ ദൃഷ്ടിയില്‍ കൊടും നരകത്തിന്റെ മധ്യത്തിലാണ് സ്വര്‍ഗം എന്നതാണ് ഏറെ വിചിത്രം. സ്വര്‍ഗം എന്നത് അശാന്തിയുടെയും അരാജകത്വത്തിന്റെയും സര്‍വോപരി വെന്തുകരിഞ്ഞ മനുഷ്യമാംസത്തിന്റെയും പേരാണോ? സ്വര്‍ഗത്തിലെ തെരുവുകള്‍ മനുഷ്യകബന്ധങ്ങളാല്‍ വഴിനടക്കാന്‍ വയ്യാത്ത പ്രേതഭൂമിയാണോ? സ്വര്‍ഗം എന്നു പറയുന്നത് മനുഷ്യക്കുഞ്ഞുങ്ങള്‍ ദാഹജലം കിട്ടാതെ വേഴാമ്പലുകളെപ്പോലെ തൊണ്ട വരണ്ട് വെള്ളത്തിനായി ഉച്ചത്തില്‍ ആര്‍ത്തുവിളിക്കുന്ന നരകമാണോ? സ്വര്‍ഗം എന്നു പറയുന്നത് ആയിരങ്ങള്‍ ബോംബിന്റെ പേമാരിയില്‍നിന്നു രക്ഷപ്പെടാന്‍ പരക്കംപായവെ ആഴിയിലും മണലാരണ്യത്തിലും അകപ്പെട്ട് അകാലമൃത്യു വരിക്കുന്ന മരണത്തിന്റെ അഴിമുഖമാണോ?

കേരളത്തില്‍ നിന്ന് സ്വര്‍ഗം തേടി നിരാശയോടെ എവിടെയോ എത്തിച്ചേര്‍ന്നവരെക്കുറിച്ച് പറയും മുമ്പ് ഒരുകാര്യം പറയട്ടെ, അവിടെ വച്ചു മരിച്ചാല്‍ പുണ്യം ലഭിക്കുന്ന ഒരിഞ്ചുഭൂമിയും ഇസ്‌ലാമിക ദൃഷ്ട്യാ ഭൂമുഖത്തില്ല. പ്രാര്‍ഥനയ്ക്കായി ചില അടയാളപ്പെടുത്തലുകളുണ്ട്. എന്നാല്‍, അവിടെ വച്ചു മരിച്ചാല്‍ അവന്‍ സുകൃതവാനല്ലെങ്കില്‍ നേരെ യാത്രചെയ്യേണ്ടിവരുക നരകം എന്ന് അടയാളപ്പെടുത്തിയ റോഡിലൂടെ ആയിരിക്കുമെന്നത് മറ്റൊരു കാര്യം.

ഭൂമുഖത്ത് മുസ്‌ലിംകള്‍ക്ക് മൂന്നേ മൂന്ന് പുണ്യ സ്ഥലങ്ങളേയുള്ളൂ. മക്ക, മദീന, ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദിസ്. ഈ മൂന്നിടങ്ങളിലെ പള്ളികളിലേക്കൊഴിച്ച് ഏതൊരു സ്ഥലത്തേക്കുമുള്ള യാത്രയ്ക്ക് ടൂറിസ്റ്റ് പ്രാധാന്യമേയുള്ളൂ. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്ക് പുണ്യം ഉദ്ദേശിച്ചു യാത്രചെയ്യാം, സല്‍കര്‍മങ്ങളുടെ ഭാഗമായി ദൈവിക മോക്ഷത്തിന് പ്രാര്‍ഥിക്കാം. എന്നുവച്ച് അവിടെ വച്ചു മരിച്ചതുകൊണ്ട് പ്രത്യേകിച്ചൊന്നും നേടാനില്ല. പുണ്യസ്ഥലങ്ങളില്‍ വച്ചു മരിച്ചതുകൊണ്ടുമാത്രം ആരെങ്കിലും സ്വര്‍ഗസ്ഥനാവുമായിരുന്നെങ്കില്‍ ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായിരുന്ന അബൂജഹലും അബൂലഹബുമാണ് അതിന് അര്‍ഹര്‍. എന്നാല്‍, അബൂലഹബിനെയും ഭാര്യയെയും കഴുത്തില്‍ തീമാലയിട്ടു നടക്കുന്നവരായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

കാസര്‍കോട്, പാലക്കാട് പ്രദേശങ്ങളില്‍നിന്ന് ഗര്‍ഭിണികളായ ഭാര്യമാരെയും കൈക്കുഞ്ഞുങ്ങളെയും കൂട്ടി ഐഎസ് യുദ്ധഭൂമിയിലേക്ക് സ്വര്‍ഗം അന്വേഷിച്ചു പുറപ്പെട്ടവരെക്കുറിച്ച വാര്‍ത്തയ്ക്ക് ഇതിനകം ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വാര്‍ത്തയുടെ നിജസ്ഥിതി എന്താണെങ്കിലും സാമാന്യബുദ്ധിക്ക് അതുള്‍ക്കൊള്ളാനേ ആവുന്നില്ല. ഇവരില്‍ ഒട്ടുമിക്കപേരും നല്ല പ്രഫഷനലുകളായ വിദ്യാസമ്പന്നരാണത്രെ. ആയിരിക്കാം. പക്ഷേ, പ്രഫഷനലുകളാണെന്നു വച്ച് അവരില്‍ പലര്‍ക്കും കോമണ്‍സെന്‍സ് ഉണ്ടായിക്കൊള്ളണമെന്നില്ല.

നഗരത്തിലെ പേരുകേട്ട ഒരു ദന്താശുപത്രിയില്‍ ദന്തശുദ്ധീകരണം നടത്തിച്ചുകൊണ്ടിരിക്കെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് നിലവിലെ മന്ത്രിസഭയ്ക്കു പകരം എതിര്‍മുന്നണി ഭരിക്കാന്‍ പോവുന്ന വാര്‍ത്ത വരുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റ്ഗ്രാജ്വേഷനുള്ള ഡോക്ടര്‍ അന്നേരം മറ്റെല്ലാ ഏര്‍പ്പാടും മാറ്റിവച്ച് എന്നോടു ചോദിക്കുകയാണ്: ‘തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ ഭരണം ഒഴിഞ്ഞുകൊടുത്തില്ലെങ്കിലോ?’ അതിനാല്‍ ഐഎസ് സ്വര്‍ഗത്തിലേക്ക് ഗര്‍ഭിണികളായ കെട്ടിയവള്‍മാരുടെ കൈപിടിച്ചുപോയവരുടെ പ്രഫഷനല്‍ വിദ്യാഭ്യാസം കേട്ട് നാം ഞെട്ടേണ്ടതില്ല.

ഇവന്‍മാര്‍ പത്രം വായിക്കാറില്ലേ? ഐഎസ് തുടക്കത്തില്‍ ഇസ്‌ലാം എന്നാല്‍ കട്ടവന്റെ കൈ വെട്ടലും വ്യഭിചാരിയെ എറിഞ്ഞുകൊല്ലലുമാണെന്ന് മനസ്സിലാക്കി എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഉച്ചസമയത്തിനുശേഷം അത്തരം കൈവെട്ടല്‍/ഏറ് സംഭവങ്ങള്‍ക്ക് കൗതുകത്തോടെ സാക്ഷികളാവാന്‍ കാത്തിരുന്നവരില്‍ ആവേശമുയര്‍ത്തിയിരുന്നുവെങ്കിലും നാളുകള്‍ പിന്നിടുംതോറും അവരുടേതായി അരങ്ങേറിയ കൊടുംകൊലപാതകങ്ങളും നിഷ്ഠുരതകളും സമാധാനത്തിന്റെ പര്യായമായ ഇസ്‌ലാമിനെ കൊടുംക്രൂരതയുടെ മറ്റൊരു പാഠഭേദമാക്കി മാറ്റിത്തീര്‍ത്തതിനാല്‍ ഐഎസ് എന്നു കേള്‍ക്കുന്ന മാത്രയില്‍ ചെവിയും കണ്ണും പൊത്തലായിരുന്നു പൊതുവെ പതിവ്. ഐഎസ് ക്രൂരത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു മുസ്‌ലിം ബുദ്ധിജീവി പ്രതികരിച്ചത് ഞാന്‍ ഒരു ഈശ്വരവിശ്വാസിയായിപ്പോയി, അല്ലെങ്കില്‍ നിലവിലെ ഇസ്‌ലാമില്‍ നിന്നു താന്‍ എന്നോ ഇസ്‌ലാമിന് അപ്പുറത്തേക്കോടുമായിരുന്നു എന്നാണ്.
പ്രത്യയശാസ്ത്രപരമായ ഒരടിത്തറ നേരത്തേ സംഭവത്തിനുണ്ടായിരുന്നില്ല. അന്ത്യനാള്‍ വരുന്നു എന്നു പറഞ്ഞ് സന്താനഗോപാലങ്ങളെ ഒന്നടങ്കം ആട്ടിത്തെളിച്ച് തുറന്ന മൈതാനിയില്‍ മരണത്തിനുവേണ്ടി കാത്തിരിക്കുന്ന കള്‍ട്ട് ഫിഗര്‍ മരത്തലയന്‍മാരെപോലത്തെ കള്‍ട്ട് ഫിഗറുകള്‍ ഇസ്‌ലാമിന്റെ ദീര്‍ഘകാല ചരിത്ര പരിസരത്തൊരിടത്തുമില്ല. പ്രമാണങ്ങള്‍ അതിനെ സാക്ഷ്യപ്പെടുത്തുന്നുമില്ല.

അബൂബക്കര്‍ ബഗ്ദാദി എന്ന ഖലീഫയുടേതായി പുറത്തുവരുന്ന ഇസ്‌ലാമിക ഖിലാഫത്ത് സങ്കല്‍പം മിഥ്യയായ പഠനങ്ങളുടെ മേല്‍ പടുത്തുയര്‍ത്തിയതാണ് എന്നാണ് ലോക മുസ്‌ലിം പണ്ഡിതമതം. അങ്ങനെ ഒരിസ്‌ലാമോ ഇസ്‌ലാമിക ഭരണകൂടസംവിധാനമോ ഇല്ല. യുക്തിയും സദുപദേശവും വഴി ജനങ്ങളെ സത്യമതത്തിലേക്കു ക്ഷണിക്കുക എന്ന ഖുര്‍ആനിക അനുശാസനത്തെ കാട്ടിലെറിഞ്ഞ് കൊലവിളിയുമായി കലിതുള്ളി യസീദി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തും അടിമച്ചന്തകളില്‍ വിറ്റും, ഊരിപ്പിടിച്ച വാള്‍മുനകളുമായി പടയോട്ടത്തിനിറങ്ങിയ അബൂബക്കര്‍ ബഗ്ദാദിയുടെ വിചിത്ര മതത്തിന് ഇസ്‌ലാമിന്റെ ആദ്യ ഖലീഫ അബൂബക്കറിന്റെ ഇസ്‌ലാമുമായി പുലബന്ധമെങ്കിലുമുണ്ടാവുന്നതെങ്ങനെ?

പ്രത്യയശാസ്ത്ര ദൗര്‍ബല്യത്തോടൊപ്പം രണഭൂമിയിലും ഈ പുത്തന്‍ ഖലീഫക്കു പിടിച്ചുനില്‍ക്കാനായിട്ടില്ല. എതിരാളികളെ ഒരു വന്‍ ഞെട്ടലിലൂടെ കീഴ്‌പ്പെടുത്തിയ അവരിപ്പോള്‍ നേരത്തേ കൈവശപ്പെടുത്തിയ ഭൂമിയില്‍നിന്ന് ചെറിയൊരു പ്രദേശത്തേക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്. സമ്പൂര്‍ണ പതനം ഏതവസരത്തിലും സംഭവിക്കാമെന്നു ചുരുക്കം. ഇങ്ങനെപോയാല്‍ ഈ കൃത്രിമ ഖലീഫയെ മുമ്പില്‍ നടത്തി ഇസ്‌ലാമിനെയും ഇസ്‌ലാമിക പൈതൃകങ്ങളെയും അതിന്റെ അമൂല്യങ്ങളായ ചരിത്രസൂക്ഷിപ്പുകളെയും ചരിത്രത്തിന്റെ ചുവരുകളില്‍നിന്ന് നിശ്ശേഷം ചുരണ്ടിക്കളയുക എന്ന സാമ്രാജ്യത്വസയണിസ്റ്റ് ദൗത്യം നിറവേറ്റപ്പെടുന്നതോടെ ഐഎസ് സംഘടന ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാവുമെന്നുറപ്പ്.

ഇതെല്ലാം മനസ്സിലാക്കിയ ശേഷവും യുവാക്കള്‍ നരകത്തിലേക്കു കുട്ടികളെയും കെട്ടിയവളെയും കൂട്ടി വണ്ടികയറുകയോ? അമ്പരപ്പ് തുടര്‍ക്കഥയാവുകയാണ്. എന്റെ സംശയങ്ങള്‍ കേരളത്തില്‍ അടുത്തകാലത്തായി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന അമിതഭക്തരിലേക്കു നീളുന്നു. സ്വാഭാവികമായ ഭക്തിക്ക് ആരും എതിരല്ല. അതിന് അതിരുമില്ല. ‘ദൃഢത കൈവരും വരെ നീ നിന്റെ നാഥന് ഇബാദത്ത് ചെയ്യൂ’ എന്ന വിശുദ്ധ വാക്യമാണ് ഭക്തിയുടെ കാര്യത്തില്‍ വിശ്വാസിക്ക് മാര്‍ഗദര്‍ശകം. ദൃഢത കൈവരിക്കുന്നതുവരെ എന്ന വാക്യത്തിന് ‘മരണം വരെ’ എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ ശ്രേണിയിലെ ആദ്യ കണ്ണിയായ ഇബ്‌നു അബ്ബാസിന്റെ വിശദീകരണം. അഥവാ മരണം വരെയും ഒരു വിശ്വാസിക്കും തന്റെ നില ഭദ്രമായി എന്ന് ആശ്വസിക്കാനാവില്ല. കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളത്രയും പൊറുക്കപ്പെട്ടുവെന്ന് ഉറപ്പുള്ള പ്രവാചകന്റെ ദീര്‍ഘദീര്‍ഘമായ നമസ്‌കാരങ്ങളും പ്രാര്‍ഥനകളും ഇതാണ് വിളംബരം ചെയ്യുന്നത്. എന്നാല്‍, ഭക്തി ഒരിക്കലും പ്രകടനാത്മകമാവരുത്. പ്രകടനാത്മകത ശിര്‍ക്കാണ്. അങ്ങേയറ്റം നിഷിദ്ധവും നിരോധിക്കപ്പെട്ടതും.

പ്രവാചകന്റെയും തൊട്ടടുത്ത നാലു ഖലീഫമാരുടെയും ചര്യയാണ് മുസ്‌ലിംകള്‍ക്ക് പ്രമാണം. അവ രണ്ടും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വച്ചുകെട്ടലുകളും വ്യാജ ആത്മീയതയും ആത്മീയതയുടെ വ്യാജവാറ്റുകേന്ദ്രങ്ങളാണ്. പലതരം ത്വരീഖത്തുകള്‍, പലതരം ശെയ്ഖുമാര്‍, ഖലീഫമാര്‍, സിദ്ധന്‍മാര്‍, ഔലിയാക്കള്‍… എവിടെനിന്ന് ഇറങ്ങിവന്നവരാണ് ഇവരൊക്കെ?

പ്രവാചകന്‍ അല്ലാഹുവിന്റെ സന്നിധിയിലേക്കു മടങ്ങും മുമ്പ് ഉപദേശിച്ചത് നിങ്ങള്‍ എനിക്കു ശേഷം ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക എന്നാണ്. എനിക്കു ശേഷം കുറേയേറെ ശൈഖുമാരും ഖലീഫമാരുമുണ്ടാവുമെന്നും അവരുടെയൊക്കെ പട്ടിക ഇതാ തയ്യാറാക്കിയിരിക്കുന്നുവെന്നും പറഞ്ഞ് നിര്‍ബന്ധമായും നാം പിന്‍പറ്റേണ്ടവരുടെ ലിസ്റ്റ് നമുക്കു പ്രവാചകന്‍ തന്നിട്ടില്ല. നമുക്കു ചുറ്റുമുള്ള ഈ ശുയൂഖന്‍മാരില്‍ പലരും ശുദ്ധ തട്ടിപ്പുകാരും വഞ്ചകരും ചിലരെങ്കിലും മനോരോഗികളുമാണ്.

ഭക്തിയുടെ ലഹരി തലക്കു കയറിയ നമ്മുടെ യുവാക്കള്‍ അല്‍പജ്ഞന്മാരായ വാഇള്(മതപ്രാസംഗികര്‍)മാരുടെ നുണക്കഥകളും വ്യാജനിര്‍മിതികളും കേട്ട് അവരില്‍ ആകൃഷ്ടരായി അവര്‍ നിര്‍ദേശിക്കുന്ന ആത്മീയ വ്യാജവാറ്റുകേന്ദ്രങ്ങളില്‍ ചെന്നടിയുന്നത് ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ.

ഇവിടങ്ങളില്‍ നടക്കുന്ന പീഡനങ്ങളുടെയും ക്രൂരതയുടെയും കഥകള്‍ തുടര്‍ക്കഥകളായി നിലനില്‍ക്കുന്നു. ഒരു മനുഷ്യാവകാശപ്രവര്‍ത്തകരും സമിതികളും ആത്മീയതയുടെ പരിവേഷം കണ്ടു പരിഭ്രമിച്ച് ഈ വ്യാജ കേന്ദ്രങ്ങളിലേക്കു നിയമത്തിന്റെ കരങ്ങള്‍ നീട്ടാന്‍ മുമ്പോട്ടുവരുന്നേയില്ല എന്നത് മറ്റൊരു ദുരന്തം.
ഈയിടെ എന്റെ ഒരു ബന്ധു വീട്ടില്‍ വന്നു. കൂടെ മൂന്നു കുട്ടികള്‍. കൂട്ടത്തില്‍ ഏഴു വയസ്സുതോന്നിക്കുന്ന കുട്ടിയുടെ മുഖത്ത് വല്ലാത്ത മ്ലാനത. ആഗതന്‍ പറഞ്ഞതനുസരിച്ച് കുട്ടിയുടെ മാതാവ് ഈയിടെ മരണപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ഒരു ആത്മീയകേന്ദ്രത്തില്‍ വച്ചായിരുന്നു അവരുടെ മരണം. കുട്ടിയുടെ ബാപ്പ വര്‍ഷങ്ങളായി ആ കേന്ദ്രത്തിലാണ്. ഒടുവില്‍ അയാള്‍ ഭാര്യയെയും അങ്ങോട്ടുകൂട്ടി. കുട്ടി നാട്ടില്‍ ഭാര്യാമാതാവിന്റെ അടുത്ത്. ഭാര്യക്ക് ആത്മീയകേന്ദ്രത്തില്‍ വച്ചു കഠിനമായ രോഗം പിടിപെട്ടു. ചികില്‍സ, മന്ത്രിച്ച നൂലും മന്ത്രിച്ചു തുപ്പിയ വെള്ളവും. മരിക്കുകയാണെന്ന് ഉറപ്പായപ്പോള്‍ കുട്ടിയെ അവസാന നോക്ക് കാണണമെന്ന് മാതാവ് വാശിപിടിച്ചു. പക്ഷേ, ആത്മീയകേന്ദ്രത്തിലെ ശെയ്ഖിന്റെ അനുവാദം കിട്ടിയില്ല. നൊന്തുപെറ്റ മകനെ കാണാതെ ആ മാതാവ് കണ്ണടച്ചു. മാതാവിനെ ഓര്‍ത്തുള്ള വിഷാദം ആ പയ്യന്റെ മുഖത്ത് ഇപ്പോഴും തളംകെട്ടിനില്‍ക്കുന്നു.

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ ഉസ്താദുമാരില്‍ പലരും ജീവിതത്തിന്റെ ഓവുചാലുകളില്‍നിന്നു വളര്‍ന്നുവന്നവരാണ്. മാന്യമായ തറവാട്ടില്‍ പിറന്ന ഒരുത്തനും വ്യാജ സിദ്ധന്‍മാരുടെയും ഉസ്താദുമാരുടെയും കൂട്ടത്തില്‍ അപൂര്‍വമായിപ്പോലും ഉണ്ടാവില്ല. ജീവിതത്തിന്റെ ഓടകളില്‍നിന്നും ഓവുചാലുകളില്‍നിന്നും പറയത്തക്ക വിദ്യാഭ്യാസമോ സാംസ്‌കാരിക ഇടപഴകലുകളോ ഇല്ലാതെ മുളച്ച താടി പരമാവധി മുതലാക്കാന്‍ ഇറങ്ങിത്തിരിച്ച ഈ തടിയന്റവിടത്തുകാര്‍ സമൂഹത്തോടും തങ്ങളുടെ ജീവിതപശ്ചാത്തലങ്ങളോടും പകരം വീട്ടാന്‍ ഐഎസ്, ലഷ്‌കറുകളാവാന്‍ ഒട്ടും അമാന്തിക്കുന്നവരല്ല.
ഒരു ശിഷ്യന്‍ (മുരീദ്) നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തവെ കൈകഴുകിയ എണ്ണം മൂന്നിനു പകരം നാലായിപ്പോയി. ഉസ്താദിനോടു പരാതി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി, നിന്റെ വീടിന്റെ വലുപ്പം കൂടി, അത് പൊളിച്ച് ചെറുതാക്കണം. അല്ലാത്തപക്ഷം ശെയ്ഖിന്റെ കോപം നിനക്കുണ്ടാവും എന്നായിരുന്നുവത്രെ. പൊട്ടന്‍ എന്നിട്ടത് പൊളിച്ചു.

ഇത്രത്തോളം ഭീകരമല്ലെങ്കിലും കേരളത്തില്‍ ഇതിനകം ശക്തിപ്പെട്ടുകഴിഞ്ഞ ഒരുവിഭാഗം യാഥാസ്ഥിതികരുടെ കേറോഫിലുമുണ്ട് ഇത്തരത്തിലുള്ള പല ആത്മീയ കോപ്രായങ്ങളും. അവരുടെ പള്ളികളുടെ മുമ്പാകെ പ്രദര്‍ശിപ്പിക്കുന്ന ലക്ഷാര്‍ച്ചന(ലക്ഷം സ്വലാത്ത് പെട്ടിയില്‍ ഇടല്‍)കളും മറ്റുമെല്ലാം ആത്മീയരംഗത്തെ പിടിവിട്ട കളികളാണ്.

റമദാന്‍ 27ന് വിശ്വാസികളെ ആകമാനം ആട്ടിത്തെളിച്ച് വയലിലിറങ്ങി പ്രാര്‍ഥിക്കുന്നത് ആരുടെ മാതൃകയാണാവോ. ആ ദിവസങ്ങളില്‍ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുക എന്ന പ്രവാചകചര്യ കാറ്റില്‍പ്പറത്തുന്നതിനെതിരേ ചെറുവിരലനക്കാന്‍ ഒരുത്തനും മുമ്പോട്ടുവരുന്നില്ല. ഈ ആത്മീയാഘോഷത്തിന്റെയും അത്യുല്‍സാഹത്തിന്റെയും ഒരുതരി തേരോട്ടം ഇവരുടെ തുടര്‍ന്നുള്ള ജീവിതവ്യവഹാരങ്ങളില്‍ അനുഭവപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് ഈ കാട്ടികൂട്ടലുകളത്രയും വ്യാജവും ശുദ്ധ അസംബന്ധവുമാണെന്നു പറയാന്‍ ധൈര്യം പകരുന്നത്.

ഐഎസ് തകര്‍ച്ചയെ നേരിട്ട് പിന്‍തിരിഞ്ഞോടുമ്പോഴും കേരളീയ യുവാക്കള്‍ അതില്‍ ചേക്കേറാന്‍ പോവുന്നു എന്ന വാര്‍ത്ത ഒരുപക്ഷേ, നൂറുശതമാനം ഫാബ്രിക്കേറ്റഡാെണന്നു പറയുന്നവരുണ്ടാവും. അപ്പോള്‍പ്പോലും വ്യാജ ആത്മീയത എന്ന ആഫ്രിക്കന്‍ ഒച്ചിന്റെ പരാക്രമത്തെ കരുതിയിരിക്കണമെന്ന നിലപാടില്‍ ഞാന്‍ നൂറുശതമാനം ഉറച്ചുനില്‍ക്കുന്നു.

Related Articles