Current Date

Search
Close this search box.
Search
Close this search box.

വിപ്ലവം തേടുന്ന സ്വഭാവദൂഷ്യങ്ങള്‍

പ്രവാചകന്‍ തിരുമേനി (സ) പറയുഞ്ഞു: ‘ഏറ്റവും നല്ല സ്വഭാവമുള്ളവനാണ് നിങ്ങളില്‍ ഈമാന്‍ പൂര്‍ണമായവന്‍’ (അഹ്മദ്, അബൂദാവൂദ്). നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ‘നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവന്നാണ് ഖിയാമത്ത് നാളില്‍ എന്റെ ഏറ്റവും അടുത്ത് സ്ഥാനമുണ്ടാകുക.’ (അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍)
നിരഭാഗ്യമെന്ന് പറയട്ടെ! നമ്മളിന്ന് ജീവിക്കുന്നത് സ്വഭാവദൂഷ്യങ്ങളുടെ പ്രതിസന്ധികള്‍കൊണ്ട് പിച്ചിച്ചീന്തപ്പെട്ട ഒരു സമൂഹത്തിലാണ്. ഒരു വിഭാഗവും സ്വഭാവജീര്‍ണ്ണതയുടെ കാര്യത്തില്‍ മറ്റൊരു വിഭാഗത്തെക്കാള്‍ മെച്ചമല്ല. അതിലുപരിയായി സൂക്ഷമതയും നന്മയും ആഗ്രഹിക്കുന്ന നല്ലമുസ്‌ലിങ്ങളെ പരിഗണിക്കാനോ അവരുടെ കൂടെ നടക്കാനോ ഒരാളും സന്നദ്ധനല്ല. ഈ ദുരിന്തങ്ങളില്‍ നിന്ന് വളരെ കുറച്ചാളുകള്‍ മാത്രമാണ് രക്ഷപ്പെടുന്നത്. പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ചിലര്‍ പോലും ഈ സ്വഭാവ ദുരന്തങ്ങളുടെ പിടിയില്‍ നിന്ന് പൂര്‍ണമായും മുക്തമല്ല.
സ്വേച്ഛാപ്രേമവും സ്വജന പക്ഷപാതവും സ്വാര്‍ത്ഥതയും താന്‍പോരിമ പറച്ചിലും അഹങ്കാരവും കൊണ്ട് സമൂഹത്തിലെ ഉന്നത വിഭാഗം നാശത്തിലേക്കെത്തിയിരിക്കുന്നു. ദീനീ വിജ്ഞാനമുള്ള പണ്ഡിതന്മാരടക്കം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യാപൃതരായവരൊക്കെ ഈ തകര്‍ച്ചയില്‍ വീണുപെയിരിക്കുന്നു. തുടര്‍ന്ന് സമൂഹത്തിലെ സാധാരണക്കാരെയും പാവങ്ങളെയും എല്ലാം ഈ ദുര്‍ഗുണങ്ങള്‍ പിടികൂടുന്നു. അവയില്‍പെട്ട ചില ദുര്‍ഗുണങ്ങളാണ് താഴെ:
*സംസാരത്തിലും പ്രവര്‍ത്തികളിലും മ്ലേച്ഛതയും അസഭ്യവും കടന്നുവരുന്നു. അധാര്‍മ്മികത പരസ്യമായി പറഞ്ഞു നടക്കുന്നു. ഗുണകാംക്ഷയുള്ള ഉപദേശങ്ങളെ പുഛത്തോടെ തള്ളിക്കളയുന്നു. ദുസ്വഭാവങ്ങളില്‍ ഉറച്ചു നല്‍കുന്നു.
*ചെറിയവരെ അവഗണിക്കുന്നു. വലിയവരെ നിന്ദിക്കുന്നു. വലിയവരോടും ചെറിയവരോടുമെല്ലാം പരുഷമായി പെരുമാറുന്നു.
*ധനികര്‍ തൊഴിലാളികളെയും പാവപ്പെട്ടവരെയും അവഗണിക്കുന്നു. അവരെ നിന്ദിക്കുന്നു. അവരെ പീഢിപ്പിക്കുകയും ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്നു.
*ശബ്ദം വര്‍ദ്ധിക്കുന്നു. അങ്ങാടികളില്‍ തര്‍ക്കവും തല്ലും അധികരിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷര്‍ക്കും ഇടയില്‍ തര്‍ക്കം കൂടുന്നു. ഒരു പുരുഷനും സമൂഹത്തെ മാനിക്കുകയോ, അച്ചടക്കം പാലിക്കുകയോ ചെയ്യുന്നില്ല. ഒരു സ്ത്രീയും മാന്യമായി നടക്കുകയോ ശബ്ദം താഴ്തുകയോ ചെയ്യുന്നില്ല.
*സ്ത്രികളുടെ അഴിഞ്ഞാട്ടവും അധാര്‍മികതയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. സ്ത്രീകള്‍ എല്ലാ മാന്യതയും വിട്ട് അവരുടെ പരിശുദ്ധത തകര്‍ത്തെറിഞ്ഞിരിക്കുന്നു.
*പുതിയ വാര്‍ത്താ വിനിമയ മാധ്യമങ്ങളും മീഡിയകളും ഉപയോഗപ്പെടുത്തി അധര്‍മികള്‍ പരമാവതി മ്ലേച്ഛതകള്‍ സമൂഹത്തില്‍ പരക്കുന്നു.
*കുട്ടികളുടെ തര്‍ബീയത്തിന്റെയും സംസ്‌കരണത്തിന്റെയും കാര്യത്തില്‍ സമൂഹമോ രക്ഷിതാക്കളോ ഒരു ശ്രദ്ധയും പുലര്‍ത്തുന്നില്ല. ബുദ്ധിയെ നന്നാക്കുന്നതോ സ്വഭാവത്തെ സംസ്‌കരിക്കുന്നതോ ആയ ഒരു വിദ്യാഭ്യാസവും മക്കള്‍ക്ക് ലഭിക്കുന്നില്ല.
ഇവക്കൊക്കെ ഏക പരിഹാരം നാം നമ്മില്‍ തന്നെ ഒരു വിപ്ലവബോധത്തെ വളര്‍ത്തിയെടുക്കുക എന്നതാണ്. സ്വന്തത്തിലൂടെ നമ്മുടെ കുടുംബത്തിലും പിന്നെ സമൂഹത്തിലും നമ്മുക്ക് വിപ്ലവം സാധ്യമാകും. അങ്ങിനെ സ്വഭാവ ശുദ്ധിയുടെ മൂല്യം നമ്മുക്ക് ഉയര്‍ത്താനാകും. അതിലൂടെ പുതിയൊരു സമൂഹത്തെ പടുത്തുയര്‍ത്താനും നമ്മുക്ക് സാധിക്കും.
ഇസ്‌ലാമില്‍ സ്വഭാവത്തിന്റെ പ്രാധാന്യം
പ്രവാചകന്‍ വളരെ ഉന്നതമായ നല്ല സ്വഭാവത്തിലാണെന്ന് അല്ലാഹു മുഹമ്മദ് (സ)യെ പ്രശംസിക്കുന്നുണ്ട്. അതിന്റെ മൂല്യവും ശ്രേഷ്ടതയും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും താങ്കള്‍ വളരെ മഹത്തായ സ്വഭാവത്തിനുടമയാകുന്നു.'(അല്‍ ഖലം:4)
പ്രവാചകന്‍ പറഞ്ഞു: ‘സത്യവിശ്വാസി തന്റെ സല്‍സ്വഭാവം കൊണ്ട് നോമ്പ് നോല്‍ക്കുന്നവന്റയും നമസ്‌കരിക്കുന്നവന്റെയും പദവി നേടും’ (അഹ്മദ്). നബിതിരുമേനി അരുളി: ‘ദൈവസൂക്ഷമതയും സത്യവിശ്വാസവുംകൊണ്ടാണ് ജനങ്ങള്‍ കൂടുതല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്’ (തുര്‍മുദി,ഹാകിം).
നബി(സ) ഒരിക്കല്‍ അബൂഹുറൈറ(റ)യോട് പറഞ്ഞു: ‘അബൂഹുറൈറ… നീ സല്‍സ്വഭാവമുള്ളവനാവുക’. അബൂഹുറൈറ ചോദിച്ചു: പ്രവാചകരെ എന്താണ് സല്‍സ്വഭാവം? പ്രവാചകന്‍ പറഞ്ഞു: ‘നിന്നോട് ബന്ധം മുറിക്കുന്നവനോട് നീ ബന്ധം ചേര്‍ക്കുക, നിന്നോട് അക്രമം പ്രവര്‍ത്തിച്ചവനോട് നീ വിട്ടുവീഴ്ച്ച ചെയ്യുക, നിനക്ക് നല്കാതിരുന്നവന് നീ നല്‍കുക’ (ബൈഹഖി)
എപ്പോളാണ് വിപ്ലവം സാധ്യമാകുക! ഉത്തരം നമ്മള്‍ തന്നെയാണ് കണ്ടെത്തേണ്ടത്. നാമോരോരുത്തരും നമ്മില്‍നിന്നാണ് മാറ്റം തുടങ്ങേണ്ടത്. സല്‍സ്വഭാവത്തിന്റെ ശ്രേഷ്ടത തിരിച്ചറിഞ്ഞ് നാം പ്രവര്‍ത്തിക്കുക. പെട്ടെന്ന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഇനി മടികാണിക്കരുത്. സമയം ശരവേഗത്തിലാണ് പോകുന്നത് മടിക്കും വിശ്രമത്തിനും സമയമില്ല.
അല്ലാഹുവേ ഞങ്ങളുടെ സ്വഭാവം നീ നന്നാക്കണേ! ഞങ്ങളുടെ ഹൃദയങ്ങളെ നന്നാക്കണേ! ഞങ്ങളുടെ ന്യൂനതകള്‍ പരിഹരിക്കണേ! നിന്റെ തൃപ്തി നേടുന്നവരില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തണേ!

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles