Current Date

Search
Close this search box.
Search
Close this search box.

‘വാല്യൂ എന്‍ഡ്‌സ് ഡേ’: ബോധപൂര്‍വ്വം ചില തിരുത്തലുകള്‍

ഫെബ്രുവരി 14. വീണ്ടുമൊരു വാലന്റീന്‍സ് ഡേ സമാഗതമായിരിക്കുകയാണ്. ലോകത്തിലെ മുഴുവന്‍ കമിതാക്കള്‍ക്കും  പ്രണയിനികള്‍ക്കും മാത്രമായി ഒരു ദിനം. മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രണയത്തിന്റെ ആപ്തവാക്യങ്ങളെ സംരക്ഷിക്കാന്‍ ഈയൊരു ദിവസത്തെ സ്മരണ കൊണ്ട് സാധിക്കുമോ? പ്രണയദിനത്തിന്റെ പേരില്‍ നടക്കുന്ന നീക്കുപോക്കുകള്‍ സദാചാരവിരുദ്ധതയുടെ നേര്‍പ്പകര്‍പ്പുകളാണ്. സുഖഭോഗതൃഷ്ണക്കപ്പുറം ശരീരത്തെ പരസ്പരം നോക്കിക്കാണാനാവാത്ത കൗമാരവും യുവത്വവും. അണിയറക്കുള്ളിലെ സ്വകാര്യതകളെ അരങ്ങത്തേക്ക് വലിച്ചെറിഞ്ഞ് സംസ്‌കാരശൂന്യതയുടെ വക്താക്കളായി സ്വയം ചമയുന്ന ചില സദാചാരികള്‍! മാനുഷിക നിലനില്‍പ്പിന്റെ അതിര്‍വരമ്പായ ലക്ഷ്മണരേഖയും നിര്‍ഭയം കടന്നുപോകുന്ന ഭീതിതമായ വര്‍ത്തമാനം. കൗമാര മനസ്സുകളെ കാമവെറിയുടെ വികാരങ്ങളാല്‍ തൊട്ടുണര്‍ത്തി ഒടുക്കം പിടിക്കയറിലൊതുക്കേണ്ടി വരുന്ന, അതിനു വേണ്ടി പിണഞ്ഞു പണിയെടുക്കുന്ന ഇന്റര്‍നെറ്റ് മാഫിയകള്‍!. ഇവര്‍ക്കൊക്കെ പ്രണയവും സ്‌നേഹവുമെല്ലാം വില്‍പ്പനച്ചരക്കാണ്. മൂലധനമൊട്ടുമിറക്കാതെ ലക്ഷങ്ങള്‍ കൊയ്യാവുന്ന കച്ചവടം. ചുംബനസമരത്തിന്റെ കാണാത്ത മുഖം നിഴലിക്കുന്നത് ഇവിടെയാണ്. വര്‍ഗീയമായി ചേരി തിരിക്കാന്‍ അറബിപ്പദങ്ങളുടെ അകമ്പടിയോടെ പ്രണയത്തെ ചൂഷണം ചെയ്തവര്‍ വേറെ.

സിനിമകള്‍ ഇത്തരം കാര്യങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. താരങ്ങള്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങളെ അതേപടി അനുധാവനം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍, അപകടകരമായ ഭാവിയിലേക്കുള്ള സൂചനയാണ് ഇട്ടു തരുന്നത്. കയറൂരി വിട്ട കാലികളെപ്പോലെ മേച്ചില്‍പ്പുറങ്ങളില്‍ രംഗബോധമില്ലാതെ നടനമാടാന്‍ അവരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. പാശ്ചാത്യന്‍ നെറികെട്ട സംസ്‌കാരം ഇന്ത്യന്‍ മണ്ണിലും സന്നിവേശിപ്പിക്കാന്‍ ജാഗരൂകരാണ് അവര്‍. ലോകമൊരു വേശ്യാലയമായിക്കാണാന്‍ കൊതിക്കുന്നവരും സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നു. ജൂതരുടെ ആചാരം പോലെ ഭാര്യമാരെ പരസ്പരകൈമാറ്റം വരെ നടത്താന്‍ തുനിയുന്ന തലമുറക്ക് വരുംകാലം സാക്ഷിയാവേണ്ടി വരുമോ എന്ന് കണ്ടറിയേണ്ടി വരും.

പ്രണയവിവാഹങ്ങളില്‍ ഭൂരിഭാഗവും പരാജയം പാതിവഴിയില്‍ കണ്ടവരാണ് അനുഭവത്തിലേറെയും. വിവാഹത്തിനു ശേഷമുള്ള അവരുടെ ജീവിതം മുഴുവന്‍ സംശയരോഗത്തിലടിപ്പെട്ടായിരിക്കും. നിസ്സാരമായ കാര്യങ്ങള്‍ക്ക് വഴക്കിട്ട് ഒടുക്കം വിവാഹമോചനത്തിലെത്തുന്നു. യഥാര്‍ത്ഥ പ്രണയം വിവാഹത്തിനു ശേഷമാണ് ഉടലെടുക്കേണ്ടത്. കളങ്കമറ്റ സ്‌നേഹത്തിന്റെ മറുവാക്കാവാന്‍ നാമവരെ ബോധവാന്മാരാക്കുക. വഴി തെറ്റിയലയുന്ന കൂട്ടുകാരനെ സ്‌നേഹവായ്‌പോടെ കൈപിടിച്ചെഴുന്നേല്‍പ്പിക്കുക.  
(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles