Current Date

Search
Close this search box.
Search
Close this search box.

വായിച്ചാലെന്താ വായിച്ചില്ലെങ്കിലെന്താ

‘എപ്പൊ നോക്കിയാലും ഒരു ബുക്കും പിടിച്ച് അങ്ങനെയിരിക്കും. വേണ്ട ഒരു പണിയും എടുക്ക്ണ പരിപാടിയേ ഇല്ല. ഇവട്‌ത്തെ കുട്ടീന്റെ കാര്യം മാത്രല്ല, എന്റെ വീട്ടിലും ഇതുതന്നെയാ കഥ.’ അയല്‍പക്കത്തെ നാരായണിചേച്ചി പാടവരമ്പ് കഴിഞ്ഞ് മുറ്റമെത്തുന്നതിനു മുമ്പേ പറഞ്ഞുതുടങ്ങും. ഒന്ന് അങ്ങാടിയില്‍ചെന്ന് മീന്‍ വാങ്ങാന്‍ പറഞ്ഞാലും ചായകുടിക്കാന്‍ പറഞ്ഞാലും തലയില്‍ സൈ്വരവിഹാരം നടത്തുന്ന പേനൊക്കെ ഒന്നെടുക്കാന്‍ പറഞ്ഞാലും ചേച്ചിയുടെ പേരക്കുട്ടിയും എന്റെ കൂട്ടുകാരിയുമായ ഭാനുമതി അതൊന്നും കേട്ടഭാവം നടിക്കില്ല. കാരണം ഞാന്‍ ഉച്ചയാവുമ്പോഴേക്ക് വായിച്ചുതരണേ എന്ന് പറഞ്ഞ് കൊടുത്ത പുസ്തകം വായിച്ചുതീര്‍ക്കുന്ന തിരക്കിലായിരിക്കും അവള്‍. ഞാനാണെങ്കില്‍ ആ പുസ്തകം അപ്പുറത്തെ വീട്ടിലെ സതീഷിനോടോ സീനയോടോ പെട്ടെന്നു വായിച്ചുതരാമെന്ന് പറഞ്ഞ് വാങ്ങിയതായിരിക്കും. എന്റെ കൈയിലെ ബാലരമയോ മലര്‍വാടിയോ ബാലഭൂമിയോ ഏതെങ്കിലുമൊന്ന് പകരം കൊടുത്തായിരിക്കും ഈ പിരിവ് നടത്തിയത്. ഇങ്ങനെ കൊണ്ടും കൊടുത്തും ഇരുന്നും കിടന്നും വായിച്ചുതീര്‍ത്ത അവധിക്കാലം അകലെയായിരുന്നെന്ന് തോന്നിയത് ന്യൂ ജനറേഷന്‍ വെക്കേഷന്‍ കാര്‍ട്ടൂണുകള്‍ക്ക് മുമ്പില്‍ ചത്തുപൊങ്ങുമ്പോഴാണ്.

അവധിക്കാലം തന്നെയായിരിക്കും മിക്കപ്പോഴും മാങ്ങാക്കാലവും. പച്ചമാങ്ങ നന്നെ ചെറുതാക്കി മുറിച്ചിട്ട് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് പാകപ്പെടുത്തി ഒരു കൈയിലും മറ്റെ കൈയില്‍ ഏതെങ്കിലുമൊരു ബുക്കും പിടിച്ചാല്‍ വായനയിലും ആ എരിവും പുളിയുമൊക്കെ വിരുന്നെത്തും. കുന്ന് കയറി ഏറ്റവും മുകളിലെത്തിയാല്‍ പടര്‍ന്നുകിടക്കുന്ന ഒരു പറങ്കി മാവുണ്ട്. അത് കണ്ടാല്‍ ഓടിക്കേറാതെ കുന്നിറങ്ങുന്നത് ഒരിക്കലും ശരിയാവില്ല. അതിന്റെ ചാഞ്ഞകൊമ്പില്‍ കയറിക്കിടന്ന് ആകാശം കണ്ട് കുറെ നേരം കഴിഞ്ഞാണ് മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ ആദ്യമായി വായിച്ചുതീര്‍ത്തത്. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളും’ പിന്നൊരുനാള്‍ പാറപ്പുറത്തിരുന്നാണ് വായിച്ചത്.

സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് പരീക്ഷയടുപ്പിച്ച് എടുത്ത പുസ്തകങ്ങളൊന്നും തിരിച്ചുകൊടുക്കാതിരിക്കാന്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. ഉപ്പ വായിച്ചുകൊണ്ടിരുന്ന വലിയ ബുക്കുകളൊന്നും കൈയിലെടുക്കാന്‍ ഇഷ്ടമില്ലായിരുന്ന ദിനങ്ങളില്‍ അതിലെ കാര്യങ്ങള്‍ പറഞ്ഞുതന്ന് ഏതെങ്കിലും ഭാഗം മാത്രം വായിക്കാന്‍ കാണിച്ചുതരുമായിരുന്നു ഉപ്പ. അങ്ങനെ വളരെ പതുക്കെയാണ്. ആനുകാലികങ്ങളും കഥകളല്ലാത്ത മറ്റു പുസ്തകങ്ങളും അകത്താക്കിയത്.

ഡിഗ്രി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടെക്സ്റ്റ് ്പുസ്തകം വാങ്ങാന്‍ തന്ന കാശ് പലപ്പോഴും പെരുമ്പടവവും എം.ടിയും പത്മനാഭനുമൊക്കെയായി മാറിയിട്ടുണ്ട്. വീട്ടില്‍ എന്തു പൊതിഞ്ഞുകൊണ്ടുവന്നാലും അതില്‍ ഒറ്റ വരി വായിക്കാതെ കളയില്ല. വായിക്കാനെന്തിനാ അല്ലെങ്കില്‍ അവധിക്കാലം. എന്നും എവിടെ വെച്ചും എങ്ങിനെയും വായിക്കാം. കണ്ണിന് കാഴ്ചയും വായിക്കാനൊരു സംഗതിയും ഉണ്ടായാല്‍ മതി. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നമുക്കായി വായനയുടെ പ്രളയമല്ലേ സൃഷ്ടിച്ചുതരുന്നത്. വേണ്ടതും വേണ്ടാത്തതും വായിക്കാനും പങ്കുവെക്കാനും എല്ലാവരും മത്സരിച്ചുകൊണ്ടുമിരിക്കുന്നു.

വായിക്കുമ്പോള്‍ കഥാപാത്രത്തെ ജീവിതത്തിലേക്ക് എടുത്തിട്ട് ഞാനതിലൊരാളാവുന്നതിനാലാണ് കഥാപാത്രം കരയുമ്പോള്‍ ഞാന്‍ കരഞ്ഞുപോയതും ചിരിക്കുമ്പോള്‍ ചിരിച്ചുപോയതും. എല്ലാം കഴിഞ്ഞ് ഉറങ്ങുമ്പോള്‍ സ്വപ്‌നത്തില്‍ പോലും അവര്‍ കടന്നുവന്നതും. ശരിക്കും വായന തുടങ്ങിയ കാലത്ത് മുടങ്ങാതെ കൂട്ടുകാരില്‍നിന്ന് കിട്ടിയിരുന്നത് ‘മ’ പ്രസിദ്ധീകരണങ്ങള്‍ മാത്രമായിരുന്നു. അതുകൊണ്ടായിരിക്കണം ഇപ്പോഴതെല്ലാം കാണുമ്പോള്‍ വായിച്ച് കൊളേളണ്ടതും വായിച്ച് വെടിയേണ്ടതും വേര്‍തിരിച്ചു കാണാന്‍ കഴിയുന്നത്.

Related Articles