Current Date

Search
Close this search box.
Search
Close this search box.

വായിക്കപ്പെടാതെ പോയ ഓണ സന്ദേശം

തിരുവോണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ചിങ്ങം പിറന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചുരപ്രചാരം നേടിയ കഥകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമപ്പുറമുള്ള നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍ ഒരിക്കലെങ്കിലും ഒന്നുമൂളിനോക്കാത്ത മലയാളികളുണ്ടാകില്ല. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളും, കായ്ച്ചുലഞ്ഞു നില്‍ക്കുന്ന കായ്കനികളും, ഉത്സാഹത്തിമര്‍പ്പോടെ കൊട്ടും കുരവയുമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കേരളവും അവാച്യമായ അനുഭൂതി പകര്‍ന്നു തരുന്നു. ഈ ആഘോഷപ്പുലരികളില്‍ നന്മയുടെ സങ്കല്‍പ ലോകം പീലിവിടര്‍ത്തി നില്‍ക്കുന്ന കാഴ്ച ഹൃദയഹാരിയാകുന്നു.

പണ്ടൊരിക്കല്‍ കേരളക്കര മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു മഹാചക്രവര്‍ത്തിയായിരുന്നു മഹാബലി. പ്രജാക്ഷേമതല്‍പ്പരനും ഐശര്യവാനുമായ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടിലെങ്ങും സന്തോഷവും ഐശര്യവും വിളയാടിയിരുന്നു. ഇതില്‍ അസൂയ പൂണ്ട ദേവന്മാര്‍ ഉപജാപം നടത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനായി വാമനനെ നിയോഗിച്ചു. എന്നാല്‍ വാമനന്റെ കുതന്ത്രത്തില്‍ പെട്ട് രാജ്യം വെടിയേണ്ടിവന്ന മന്നനാണ് മഹാബലി. ഈരേഴുലോകത്തും അഭയം നല്‍കാതെ വാമനന്‍ അവസാനം അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിക്കളഞ്ഞു. പാതാളത്തേക്ക് പോകുമ്പോള്‍ അനുകമ്പ തോന്നി വാമനന്‍ മഹാബലിയോട് അന്ത്യാഭിലാഷം ചോദിച്ചു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുന്നതിനായി കേരളം സന്ദര്‍ശിക്കാനനുവാദം തരണമെന്ന് അദ്ദേഹം വാമനനോട് വരം ചോദിച്ചു. വാമനന്‍ അതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ മഹാബലി തന്റെ ഇരിപ്പിടമായ പാതാളലോകത്തുനിന്നും ഭൂമിയില്‍ കേരളത്തിലെത്തി തന്റെ പ്രജകളെ തൃക്കണ്‍ പാര്‍ക്കുന്ന ദിവസമാണ് തിരുവോണം. ഇതാണ് തിരുവോണവുമായി ബന്ധപ്പെട്ട ഏറെ പ്രസിദ്ധമായ ഐതിഹ്യം.

പ്രവിശാലമായ പ്രദേശത്തിന്റെ അധിപനായ തന്നോട് മൂന്നടി മണ്ണ് ആവശ്യപ്പെടുന്ന ഇവനൊരു സാധു എന്ന ഭാവം അഹങ്കാരത്തിലെത്തുമ്പോള്‍ പ്രജാവത്സനായ ഒരു ഭരണാധികാരിയാണെങ്കില്‍ പോലും ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല എന്ന പാഠം ഐതിഹ്യത്തെ പ്രഫുല്ലമാക്കുന്നു. മറിച്ചുള്ള കഥകള്‍ ഒരു നന്മയും പ്രസരിപ്പിക്കാന്‍ പ്രാപ്തമല്ലെന്ന് മാത്രമല്ല. അനാര്യോഗകരമായ ചിന്തകള്‍ക്ക് വളം വെക്കുകയും ചെയ്യും. നീതിമാനായ രാജാവിനോട് മഹാ വിഷ്ണു അക്രമം കാണിച്ചുവെന്നതിനു പകരം. എത്ര വലിയ മഹാനായാലും അഹങ്കരിക്കാന്‍ അവകാശമില്ലെന്നും അഥവ അഹങ്കാരം അല്‍പമാണെങ്കില്‍ പോലും വേദനാജനകമായ പര്യവസാനമായിരിക്കുമെന്നും പഠിപ്പിക്കപ്പെടുന്നു.

ഓണം ഇതാ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. ഓണാഘോഷം വര്‍ഷം തോറും പ്രകടനപരതയുടെ കേളികൊട്ടുണര്‍ത്തി കൊട്ടും കുരവയുമായി പൊലിമ കൂട്ടാമ്പോള്‍ മഹാവിഷ്ണുവിന്റെ ശിക്ഷണവും അഗ്‌നിശുദ്ധിക്ക് വിധേയനായ മഹാബലിയും യഥാവിധി വായിക്കപ്പെടാതെ പോകുന്നുവെന്നത് ഖേദകരമത്രെ. അഹങ്കാരം അല്‍പം പോലുമുള്ളവന് മോക്ഷവും സ്വര്‍ഗപ്രവേശവും സാധ്യമല്ലെന്നത്രെ പ്രവാചകന്മാരും പരിവ്രാചകന്മാരും പകര്‍ന്നു തന്ന പാഠം.

ഭൗതികലോകത്തിന്റെ വീക്ഷണത്തില്‍ എത്രയൊക്കെ കാതം സഞ്ചരിച്ചെന്നു വന്നാലും തന്നിലേയ്ക്കും പ്രകൃതിയിലേയ്ക്കും സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ എല്ലാം നിസ്സാരം. അഹങ്കരിക്കാനുള്ള ഒരു പഴുതും ഇല്ലെന്നര്‍ഥം. അഗ്‌നി വിറക് തിന്നുന്നതുപോലെ അഹങ്കാരം സല്‍കര്‍മ്മങ്ങളെ ചാരമാക്കിക്കളയും എന്നാണ് പ്രവാചക പ്രഭുവിന്റെ ശിക്ഷണം.

ഭാരതത്തിന്റെ രാഷ്ട്ര പിതാവ് ഒരു രാമരാജ്യം വിഭാവന ചെയ്തിരുന്നതായി ചരിത്ര രേഖകളിലൂടെ വായിക്കാന്‍ കഴിയുന്നു. സമ്പല്‍ സമൃദ്ധിയുടെ ദൈവ രാജ്യം വരേണമേ എന്ന പ്രാര്‍ഥനാ ഗീതം ദേവാലയങ്ങളില്‍ പതിവായി ആലപിച്ചു കൊണ്ടേയിരിക്കുന്നു. ആര്‍കൊക്കെ അരോചകമായ വിശേഷമാണെങ്കിലും ഈ ദിവ്യ പ്രഭ പൂര്‍ത്തീകരിക്കപ്പെടുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനം വിശുദ്ധ വേദത്തിലൂടെ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മനുഷ്യരെല്ലാവരും വിവിധ ഭാവങ്ങളില്‍ മനസ്സില്‍ താലോലിക്കുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളോട് നിഷേധാത്മകമായ നിലപാടില്‍ വര്‍ത്തമാനലോക രാഷ്ട്രീയ പ്രഭുക്കന്മാര്‍ അഭിരമിക്കുമ്പോഴും, സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരു സുവര്‍ണ്ണകാലത്തെ താലോലിക്കാന്‍ മലയാളിക്ക് കഴിയുന്നുവെന്നതില്‍ അഭിമാനിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.

അഗ്‌നിശുദ്ധിക്ക് വിധേയനായ മഹാബലിയും അതില്‍ നിന്നുള്ള മഹിതമായ പാഠവും ഉള്‍കൊള്ളാന്‍ മാലോകര്‍ക്ക് സാധിക്കുമാറാകട്ടെ. എല്ലാവര്‍ക്കും സുഗന്ധപൂരിതമായ ആഘോഷനാളുകളുടെ ഹൃദ്യമായ ആശംസകള്‍.

Related Articles