Current Date

Search
Close this search box.
Search
Close this search box.

വായന മരിക്കുന്നില്ലെന്ന് വിളിച്ചു പറഞ്ഞ അന്താരാഷ്ട്ര പുസ്തകമേള

സൗദി പൗരന്മാരുടെ സാംസ്‌കാരിക ഔന്നത്യവും വായാനാപ്രേമവും തുറന്നു കാട്ടുന്നതായിരുന്നു ജിദ്ദയിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര പുസ്തകമേള. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അതി പ്രസരം നമ്മുടെ പുസ്തക വായനയെ സാരമായി ബാധിച്ചിരിക്കുന്നുവെന്ന പരിഭവം പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ വായന ഇപ്പോഴും നെഞ്ചേറ്റി വിജ്ഞാന സമ്പാദനത്തിന്റെ അനന്ത സാധ്യതകള്‍ അന്വേഷിച്ചിറങ്ങുന്ന ഒരു വലിയ സമൂഹത്തെയാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ അവസാനിച്ച അന്താരാഷ്ട്ര പുസ്തക മേളയിലുടനീളം കാണാന്‍ സാധിച്ചത്. അറബി സമൂഹത്തിന്റെ സാംസ്‌കാരിക  വായന ആസ്വാദനം ഇപ്പോഴും കൈവിട്ടു പോയിട്ടില്ല എന്നതിന് വ്യക്തമായ തെളിവായിരുന്നു അക്ഷരമേളക്കെത്തിയ ജനസഞ്ചയം. വിവിധ രാജ്യക്കാരും വിവിധ പ്രായക്കാരുമായ സ്ത്രീ പുരുഷന്മാരുടെ വര്‍ധിച്ച തിരക്കാണ് പുസ്തകമേളയുടെ പത്ത് ദിനങ്ങളിലും ജിദ്ദയില്‍ കാണാന്‍ കഴിഞ്ഞത്. ജിദ്ദയിലെ സൗത്ത് അബ്ഹുറിലെ ചെങ്കടല്‍ തീരത്ത് അമ്പതിനായിരം ചതുരശ്ര മീറ്റര്‍ വിശാലതയുള്ള മൈതാനിയിലായിരുന്നു അക്ഷര പ്രേമികള്‍ക്ക് ഈ പ്രദര്‍ശന നഗരി ഒരുക്കി യിരുന്നത്. എട്ട് ലക്ഷത്തോളം പേര്‍ മേള സന്ദര്‍ശിച്ചതായും എണ്‍പത് ദശലക്ഷത്തിലേറെ റിയാലിന്റെ വില്‍പന നടന്നതായും സംഘാടക സമിതി അറിയിച്ചു. 25 രാഷ്ട്രങ്ങളില്‍ നിന്നായി 440 പ്രസാധനാലയങ്ങള്‍ പങ്കെടുത്ത മേള യഥാര്‍ഥത്തില്‍ അക്ഷരപ്രേമികളുടെ വസന്തോത്സവ കാലമായിരുന്നു.

വായനക്കാരുടെ വ്യതിരിക്തമായ അഭിരുചികളെ പരിഗണിക്കാന്‍ സജ്ജമായ വിധത്തില്‍ ആസൂത്രണം ചെയ്ത രൂപത്തിലുള്ള സംവിധാനങ്ങള്‍ ഏറെ ആകര്‍ഷണീയമായിരുന്നു. കഥ, കവിത, ജീവചരിത്രം, ആത്മീയവും ഭൗതികവുമായ മിക്ക വിഷയങ്ങളിലുമുള്ള മഹത്തായ സാഹിത്യ കൃതികള്‍, വ്യക്തിത്വ വികസനത്തിനാവശ്യമായ ഗ്രന്ഥങ്ങള്‍, പഠന പുസ്തകങ്ങള്‍ എന്നിവ ആവശ്യക്കാര്‍ക്ക് സുലഭമായി മേളയില്‍ പ്രദര്‍ശനത്തിനും വില്‍പനക്കും സജ്ജമായിരുന്നു. പല പുസ്തകങ്ങളും താല്‍പര്യത്തോടെ ചോദിച്ചു വരുന്ന പുതിയ തലമുറയിലെ വായനക്കാരെ കാണുമ്പോള്‍ വായനാ സംസ്‌കാരത്തിന് ഒട്ടും ഭംഗം വന്നിട്ടില്ലെന്ന് നമുക്ക് ബോധ്യമാകും. അറബിയിലേക്ക് ഭാഷാന്തരം ചെയ്ത പുസ്തകങ്ങള്‍ക്കും ക്ലാസിക് കൃതികള്‍ക്കും അറബ് നാട്ടിലെ യുവ തലമുറ ഇപ്പോഴും ഏറെ പരിഗണന നല്‍കുന്നതായി അക്ഷരമേള സന്ദര്‍ശിച്ച ആര്‍ക്കും ബോധ്യമാകുന്നതാണ്.

ഇന്ത്യയില്‍ നിന്നെത്തിയ ഏക പ്രസാധനാലയമായ ഐ.പി.എച്ചിന്റെ സ്റ്റാളില്‍ നല്ല പ്രതികരണം ലഭ്യമായതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. മലയാളത്തിന്റെ സാന്നിദ്ധ്യമറിയിച്ച് കേരളത്തിലെ ഈ പ്രമുഖ പുസ്തകാലയം മേളയില്‍ പങ്കെടുത്തപ്പോള്‍ അക്ഷര സ്‌നേഹികളായ മലയാളികള്‍ സൗദിയുടെ പല ഭാഗങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങാന്‍ ഒറ്റക്കും സംഘമായും എത്തിയതും വേറിട്ടൊരു കാഴ്ചയായിരുന്നു. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ മറ്റു പ്രസാധകരുടെ പ്രമുഖമായ പല പുസ്തകങ്ങളും ഐ.പി.എച്ചിന്റെ സ്റ്റാളില്‍ ലഭ്യമായതും പുസ്തക സ്‌നേഹികള്‍ക്ക് ഏറെ സന്തോഷം പകര്‍ന്നു നല്‍കുന്നതായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, കമല സുറയ്യ തുടങ്ങിയവരുടെ കൃതികള്‍ പലതും വിറ്റു തീര്‍ന്നിട്ടും ആവശ്യക്കാരെത്തിയിരുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. അറബിയിലേക്ക് മൊഴിമാറ്റം വരുത്തിയ കമല സുറയ്യയുടെ ‘യാ അല്ലാഹ്’ തകഴിയുടെ ‘ശമ്മീന്‍’ എന്നീ പുസ്തകങ്ങള്‍ അറബികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്വദേശികളായ പുസ്തക പ്രേമികള്‍ തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് തഫ്ഹീമുല്‍ ഖുര്‍ആനും ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളും മറ്റും ചോദിച്ചു വാങ്ങി കൊണ്ട് പോകുന്ന കൗതുക കാഴ്ചയും ഐ.പി.എച്ചി ന്റെ സ്റ്റാളില്‍ കാണാമായിരുന്നു.

ജിദ്ദയിലെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോദുന്ന ചാരുതയേറിയ വിധത്തില്‍ ലേസര്‍ വെളിച്ച സംവിധാനത്തിലായിരുന്നു കമാനവും നഗരിയും ഒരുക്കിയിരുന്നത്. പുസ്തക സ്റ്റാളുകള്‍ക്കു പുറമെ ഫോട്ടോഗ്രാഫി പ്രദര്‍ശനം, അറബി കാലിഗ്രാഫി പ്രദര്‍ശനം, ചിത്രരചനാ പ്രദര്‍ശനം എന്നിവക്കും പ്രത്യേക സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. വൈവിധ്യമാര്‍ന്ന കലാ  സാംസ്‌കാരിക പരിപാടികളും ഒരുക്കി അക്ഷരാര്‍ഥത്തില്‍ ഒരു സാംസ്‌കാരികോത്സവമാക്കാന്‍ സംഘാടകര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ എടുത്തിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ഒരു മേളയാക്കി വരും കാലങ്ങളില്‍ ജിദ്ദയിലെ ഈ അന്താരാഷ്ട്ര പുസ്തകമേളയെ മാറ്റാനുള്ള ആസൂത്രണ ശ്രമങ്ങള്‍ സംഘാടകര്‍ എടുക്കുമെന്ന് പ്രഖ്യാപിച്ചതും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

Related Articles