Current Date

Search
Close this search box.
Search
Close this search box.

വാട്ട്‌സാപ്പ് യുഗത്തിലെ പുതിയ ഉദയം

സോഷ്യല്‍ മീഡിയാ രംഗത്തെ കാട്ടുതീ സ്പുരണം എന്നു വിശേഷിപ്പിക്കാവുന്ന വാട്ട്‌സാപ്പിന്റെ പെരുമഴക്കാലത്തെ ചില വിശേഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കുടുംബങ്ങളുടെയും കൂട്ടു കുടുംബങ്ങളുടെയും ഗ്രൂപ്പു മുതല്‍ സഹയാത്രികരുടെയും സഹവാസികളുടെയും ഗ്രൂപ്പു പോലും ഈ പ്രസാരണ വിഭാഗത്തിലുണ്ട്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയം മുതല്‍ മത വിഭാഗീയ വിജാതീയ വിവരങ്ങള്‍ വിളമ്പാനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ ആധുനിക ആപ്ലിക്കേഷന്‍ തന്നെയാണത്രെ. കളിയും ചിരിയും കറികളും വിഭവങ്ങളും യാത്രയും വിശ്രമവും സംഗമങ്ങളും ചൂടോടെ പ്രസരിക്കപ്പെടുന്നു. സംഭാഷണങ്ങളും സംവാദങ്ങളും പ്രഭാഷണങ്ങളും പരസ്പര വിദ്വേഷങ്ങളും വികാര വിചാരങ്ങളും വെല്ലുവിളികളും വാട്ട്‌സാപ്പില്‍ തിളച്ചു മറിയുന്നുണ്ട്. പകര്‍പ്പുകളും പകപോക്കലുകളും നിശ്ചല ചിത്രങ്ങളും ചല ചിത്രങ്ങളും നല്ലതും തിയ്യതും ഇടതടവില്ലാതെ പ്രചരിച്ചുകൊണ്ടേയിരിക്കുകയാണ്.

ലോകത്തെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ നാമമാത്രമാക്കുന്നതില്‍ ഇത്തരം അന്താരാഷ്ട്ര മാധ്യമങ്ങള്‍ കാതങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പോസ്‌റ്റോഫീസുകള്‍ നിശ്ചലമായതിനെക്കാള്‍ ഗംഭീരമായിരിക്കുന്നു ടെലികമ്മ്യൂണിക്കേഷന്‍ തരംഗമായിരുന്ന എസ്.എം.എസ് എന്ന ചുരുക്ക പേരിലറിയപ്പെടുന്ന സന്ദേശ രീതിയുടെ ഉപഭോഗത്തില്‍ ഇന്നെത്തി നില്‍ക്കുന്ന നിശ്ചലാവസ്ഥ. ആധുനിക സൗകര്യങ്ങള്‍ വിശിഷ്യാ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ മാറ്റങ്ങള്‍ അതിന്റെ ഉപജ്ഞാതാക്കളുടെ വിഭാവനയെപ്പോലും അമ്പരപ്പിച്ചു കളയും വിധം നാള്‍ക്കുനാള്‍ മുന്നേറുകയാണ്. അനുവദിച്ചും അനുഗ്രഹിച്ചും കിട്ടുന്ന സൗകര്യങ്ങളെ എല്ലാ രംഗങ്ങളിലുമെന്നപോലെ ഇവിടെയും ദുരുപയോഗം ചെയ്യപ്പെടുന്ന കാഴ്ച ദയനീയമത്രെ. ഒഴുകുന്ന പുഴയില്‍ പോലും ആവശ്യത്തിലധികം ജലം ഉപയോഗിക്കരുതെന്നു പഠിപ്പിക്കപ്പെട്ട പ്രവാചകാനുയായികള്‍ ഇവ്വിഷയത്തിലും ഒരു പണത്തൂക്കം മുന്നിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ തികച്ചും ഭിഹ്നമായ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിനെ പരിചയപ്പെടുത്താനാഗ്രഹിക്കുന്നു.
 
തൊണ്ണൂറുകളില്‍ ഒരു കൂട്ടം സുമനസ്സുക്കളുടെ പ്രയത്‌ന ഫലമായി തങ്ങളുടെ പ്രദേശത്തും പ്രവാസ ലോകത്തും രൂപീകൃതമായ ഒരു സാംസ്‌കാരിക സംഘം ഈയിടെ ഒരു അന്തര്‍ദേശീയ ഗ്രൂപ്പിനു രൂപം കൊടുത്തു. ഘട്ടം ഘട്ടമായി അതിനെ പുരോഗമിപ്പിച്ച രീതി ഒരു പക്ഷെ മറ്റു സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും ഉപകരിക്കുമായിരിക്കും. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെടുന്നവര്‍ക്കായുള്ള ഒരു സന്ദേശം തയാറാക്കി. സന്ദേശം ലഭിച്ചവര്‍ തങ്ങളുടെ സഹകരണവും സമ്മതവും അറിയിച്ചാല്‍ മാത്രമേ അംഗമായി ഉള്‍പെടുത്തിയിരുന്നുള്ളൂ. ഏകദേശം അംഗങ്ങള്‍ കണ്ണിയായെന്നുറപ്പായതിനു ശേഷം ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളും നിയമങ്ങളും പോസ്റ്റു ചെയ്തു. കോഡിനേറ്ററുടെ സ്റ്റാര്‍ട്ട് റ്റിയൂണ്‍ വരുന്നതു വരെ ആരും ഒന്നും പോസ്റ്റ് ചയ്യരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രസ്തുത പ്രദേശത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രശോഭിക്കുന്നവരെ കണ്ടെത്തുകയും അവരുടെ സംഭാവനകള്‍ ഉറപ്പു വരുത്തി അജണ്ട ക്രമീകരിക്കുകയും ചെയ്തു. ഉദ്‌ബോധനം, ആരോഗ്യം, സമകാലികം, സാംസ്‌കാരികം, കായികം, കുടുംബം, സാമൂഹികം എന്നീ വിഷയങ്ങളായിരുന്നു ദിനം പ്രതിയുള്ള പ്രസാരണ ഫലകത്തില്‍ നിരത്തിയ വിഭവങ്ങള്‍. ഓരോ ദിവസവും അവതരിപ്പിക്കപ്പെടുന്ന വിഷയത്തെ കുറിച്ച് ആദ്യം സൂചന നല്‍കപ്പെടും. പോസ്റ്റു ചെയ്യപ്പെട്ട ശേഷം അംഗങ്ങള്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ രേഖപ്പെടുത്തുകയും ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യും. അവതാരകരും വിഷയങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാണ്. തുടര്‍ ചര്‍ച്ചകള്‍ക്ക് ഭംഗം വരാത്ത വിധം മാത്രമേ സംഘടനയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പോലും പോസ്റ്റ് ചെയ്യാനനുവദിക്കുകയുള്ളൂ. ഒറ്റപ്പെട്ട ചില നിയമ ലംഘനങ്ങള്‍ തുടക്കത്തില്‍ സംഭവിച്ചെങ്കിലും പീന്നീട് എല്ലാം ഭംഗിയായി മുന്നോട്ടു പോകുന്നു. തുടര്‍ന്നു പോരുന്ന ശീലത്തില്‍ നിന്നും വ്യതിചലിക്കുമ്പോഴുണ്ടായേക്കവുന്ന ചില വിഘ്‌നങ്ങള്‍. കണ്ടതും കേട്ടതും പങ്കുവെക്കുക എന്ന നാട്ടു നടപ്പില്‍ നിന്നും അവതരിപ്പിച്ചും അവലോകനം ചെയ്തും പുതിയ സംവാദ രീതിയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും എന്ന ക്രിയാത്മക ശൈലിയിലേക്കുള്ള ചുവടുമാറ്റം മനോഹരമായിരിക്കുന്നു. വാട്ട്‌സാപ്പില്‍ പ്രസാരണം ചെയ്തു കഴിഞ്ഞുടനെ സംഘടനയുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പേജില്‍ പങ്കു വെക്കുകയും ചെയ്യും.

തൃശുര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക് പരിധിയില്‍ പ്രദേശത്തും പ്രവാസ ലോകത്തും പ്രവര്‍ത്തിക്കുന്ന ‘ഉദയം പഠനവേദിയാണ്’ ഈ മാതൃകാ ഗ്രൂപ്പിനെ ഫലപ്രദമായി രൂപ കല്‍പന ചെയ്തതും നടപ്പിലാക്കിയതും.

Related Articles