Current Date

Search
Close this search box.
Search
Close this search box.

വാഗ്ദാനങ്ങളുടെ പെരുമഴയില്‍ കുതിര്‍ന്ന ജീവിതങ്ങള്‍

ലോകപരിസ്ഥിതി ദിനവും വനിതാദിനവുമെല്ലാം വ്യത്യസ്ത പരിപാടികളിലൂടെ സന്നദ്ധസംഘടനകളും വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റുമടങ്ങുന്ന കേരളീയ പൊതുസമൂഹം ആവേശത്തോടെ കൊണ്ടാടി. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ എന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയത് ഈയടുത്ത് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. അട്ടപാടിയില്‍ വീണ്ടും ശിശുമരണം. കേരളീയ ജനത ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒരു പതിവ് പല്ലവിയെന്നോണം ഇത് ആരുടെയും ശ്രദ്ധയില്‍ പെടാതെയുമായി.

2014-ലെ വനിതാ ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ സംസ്ഥാന സമിതി അട്ടപ്പാടിയിലെ ചില ഊരുകളാണ് സന്ദര്‍ശിച്ചത്. കാലങ്ങളായി ചെയ്തുപോന്ന പരമ്പരാഗത തൊഴിലുകള്‍ ചെയ്യാനുള്ള കൃഷിയിടങ്ങള്‍ നഷ്ടമായതും, വ്യത്യസ്തങ്ങളായ ലോബികള്‍ വിശാലമായ പ്രദേശങ്ങള്‍ ചുളുവില്‍ കയ്യേറിയതിന്റെയും ഫലമായി ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റവും അതുള്‍ക്കൊള്ളാന്‍ സാധിക്കാതെ നിര്‍വികാരതയോടെ ജീവിതത്തെ നോക്കിക്കാണുന്ന ഒരു കൂട്ടം ആളുകളാണ് അവിടെ ഞങ്ങളെ വരവേറ്റത്. ഇത് അട്ടപ്പാടിയെ കുറിച്ച് നിരന്തരമായി നടന്ന ചര്‍ച്ചകളില്‍ നിന്ന് പൊതുജനം മനസ്സിലാക്കിയ ഒന്നാണ്.

നൊന്തുപ്രസവിച്ച കുഞ്ഞ് മരിക്കുമ്പോള്‍ അമ്മ അനുഭവിക്കുന്ന വേദന സങ്കല്‍പിക്കാനാകുമായിരുന്ന ഞങ്ങളില്‍ ചിലര്‍ നോക്കിയത് മറ്റു ചിലതിലേക്ക് കൂടിയായിരുന്നു. കോട്ടത്തറ ഊരിലെ ഒരു വീട്ടുകാരിയോട് എന്താണ് ഭര്‍ത്താവിന്റെ ജോലി എന്ന് ചോദിച്ചപ്പോള്‍ നിസ്സഹായതയും വേദനയും കലര്‍ന്ന ഒരു ചിരി മാത്രമായിരുന്നു മറുപടി. മക്കള്‍ വിശന്ന് കരയുന്നത് കാണാന്‍ പറ്റാതെ വരുമ്പോള്‍ മുറയും ചൂലും മറ്റുമുണ്ടാക്കി അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കും. അവരുടെ ഭര്‍ത്താവിന് പണിയൊന്നുമില്ല. ‘ഇടക്ക് ഞാന്‍ അവിടെ പണിക്കു പോകും’ എന്ന് ദൂരെയുള്ള ഇഷ്ടികക്കളം ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു. ഈ മറുപടി കേട്ട് രണ്ട് കൂരകള്‍ കൂടി കഴിഞ്ഞ് താഴേക്കിറങ്ങിയ ഞങ്ങള്‍ പോയത് ഒരു വര്‍ഷം മുമ്പ് ശിശുമരണം നടന്ന ഒരു വീട്ടിലേക്കാണ്. ആ വീട് പൂട്ടിക്കിടന്നിരുന്നു. ആളെ തിരക്കിയപ്പോള്‍ അതിനടുത്തായി ചായം പൂശിയ ഓടിട്ട ഒറ്റമുറി വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. ആ വീട്ടിനുള്ളില്‍ നിറയെ ആളുകളുണ്ടായിരുന്നു. യുവാക്കളും മധ്യവയ്‌സകരും വൃദ്ധരും കുട്ടികളും അടങ്ങുന്ന നിരവധി പേര്‍. അവരെല്ലാം ഇരുന്ന് ടി.വി കാണുന്നു. ഭാര്യയെവിടെ എന്നന്വേഷിച്ചപ്പോള്‍ അവള്‍ അങ്ങാടിയില്‍ പോയതാണെന്നും ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയാണെന്നും അയാള്‍ പറഞ്ഞു. മദ്യത്തിന്റെ ആലസ്യത്തിലുള്ള കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും വെളുത്ത പാടുകള്‍ അവിടവിടെയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചുണ്ടുകളുമായി നിന്ന അയാളോട് എന്തുകൊണ്ടാണ് ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യയെ അങ്ങാടിയിലേക്കയച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തലകുനിച്ചു.

ഭക്ഷണമൊക്കെ എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ രണ്ടു രൂപക്ക് സര്‍ക്കാറിന്റെ അരി കിട്ടുന്നുവെന്ന് മറുപടി കിട്ടി. ഞങ്ങള്‍ നോക്കിയത് ഭാര്യ നടന്നു പോയി എന്ന് പറഞ്ഞ വഴിയിലേക്കാണ്. മരങ്ങളൊന്നുമില്ലാത്ത നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാത. ചുട്ടുപഴുത്ത വെയില്‍.. ആകെ കുടിച്ച കഞ്ഞിയില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജം ആ ശരീരം വലിച്ചെടുത്താല്‍ പിന്നെ ഗര്‍ഭപാത്രത്തില്‍ 9 മാസത്തിലെത്തികിടക്കുന്ന ഗര്‍ഭസ്ഥശിശുവിന് എന്ത് ലഭിക്കാനാണെന്ന് വേദനയോടെ ഓര്‍ത്തുപോയി. ഗര്‍ഭപാത്രത്തില്‍ വേണ്ടത്ര പോഷണം കിട്ടാതെ അനുനിമിഷം ചുരുണ്ടു പോകുന്ന ആ കുഞ്ഞ് ഭൂമിയില്‍ വന്ന ശേഷം മരിച്ചുപോയാല്‍ എന്തത്ഭുതപ്പെടാനുള്ളത്? അല്ലെങ്കില്‍ ഭൂമിയിലേക്ക് ജനിച്ചുവീഴാനുള്ള കരുത്തുണ്ടായിട്ടായിരിക്കില്ല, പ്രസവശേഷം മരിച്ചാലല്ലേ നമ്മുടെ കണ്ണുകള്‍ കുറച്ചു നേരത്തേക്കെങ്കിലും ഉണര്‍ന്നിരിക്കൂ എന്നതിനാലായാരിക്കാം ആ കുഞ്ഞ് പിറന്നുവീഴുന്നത്.

നടവഴിയില്‍ ചവിട്ടിപോകുമോ എന്ന തരത്തില്‍ കുടിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന കുറേ രൂപങ്ങളെയും അവിടെ കണ്ടു. അവിടെ നിന്ന് ഇറങ്ങാന്‍ നേരം ഒരു ആണ്‍കുട്ടിയെ കൂടെയുണ്ടായിരുന്നവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അവിടത്തെ സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പാസ്സായി ടൗണിലേക്ക് പഠിക്കാന്‍ പോയ കുട്ടിയാണവന്‍. പക്ഷെ ലീവിന് വന്ന അവന്‍ തിരിച്ചു പോകുന്നതെന്നാണെന്ന് ചോദിച്ചപ്പോള്‍ ഇനി പോകുന്നില്ലെന്നും പറഞ്ഞ് ഓടിക്കളഞ്ഞു. കുറേ സ്ത്രീകള്‍ വെള്ളമെടുത്ത് വരുന്ന പൊതുകിണറും അതിനടുത്ത് വരണ്ടുണങ്ങിയ തോടും കൂട്ടത്തില്‍ ഞങ്ങള്‍ കണ്ടു. യഥാര്‍ത്ഥ മാര്‍ഗനിര്‍ദേശങ്ങളിലൂടെയും ബോധവല്‍കരണത്തിലൂടെയും ഒരു സമൂഹത്തെ പുനരുജ്ജീവിപ്പിക്കാനായി സര്‍ക്കാര്‍ പണിത കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത മൂലം പശുക്കളുടെയും ആടുമാടുകളുടെയും തൊഴുത്തായി രൂപമാറ്റം സംഭവിച്ചിരിക്കുന്നു.

ശിശുമരണം നടന്ന വേറൊരു വീട്ടിലേക്ക് പോയപ്പോള്‍ ഞങ്ങളെ കാണാന്‍ തയ്യാറാകാതെ ആ കുട്ടിയുടെ അമ്മ വേറെ വീട്ടിലേക്ക് പോയെന്നറിഞ്ഞു. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വരുന്ന രാഷ്ട്രീയ നേതാക്കളെ കണ്ടുമടുത്ത അവര്‍ക്ക് എല്ലാവരിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശരിക്കും ആരെയാണ് നാമിവിടെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കേണ്ടത്? ഭൂമി കയ്യേറി അവരുടെ തനതായ ആവാസവ്യവസ്ഥക്ക് പോറലേല്‍പിച്ചു കൊണ്ടേയിരിക്കുന്ന ഭൂമാഫിയയോ, അതോ മദ്യവും പാന്‍മസാലകളും ധാരാളമായി ഇവിടേക്ക് ഒഴുക്കുന്ന ലോബികളെയോ.. ഉത്തരവാദിത്വബോധമില്ലാത്ത ലഹരിയില്‍ ആണ്ടുകിടക്കുന്ന യുവത്വത്തെയോ… അതോ വോട്ടുചെയ്യാനുള്ള മനുഷ്യരൂപങ്ങളെ മാത്രം ആവശ്യമുള്ള സര്‍ക്കാറിനെയോ?

എന്തായാലും ഒരു കാര്യമുറപ്പാണ്, ദുര്‍ബലമായ തന്റെ ശരീരത്തിന്റെ അവസാന ഊര്‍ജ്ജവും ഊറ്റിയെടുത്താണ് ഓരോ അമ്മമാരും ഇവിടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. തണുത്തുറഞ്ഞ കുഞ്ഞുശരീരങ്ങളെ മണ്ണിട്ട് മൂടുമ്പോള്‍ അവരനുഭവിക്കുന്ന വേദന എങ്ങനെയാണവര്‍ നമുക്ക് പറഞ്ഞുതരിക..?

Related Articles