Current Date

Search
Close this search box.
Search
Close this search box.

വയനാട്ടിലെ തമിഴ് മുസ്‌ലിംകള്‍

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന മുസ്‌ലിം ജനവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു സങ്കര സംസ്‌കാരത്തിന്റെ ഉടമകളാണ് വയനാട്ടിലെ മുസ്‌ലിംകള്‍. വയനാടന്‍ ജനസംഖ്യയില്‍ അഞ്ചിലൊന്നു വരുന്ന മുസ്‌ലിം സമൂഹത്തിന് അഞ്ചു നൂറ്റാണ്ടിന്റെ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും അവകാശപ്പെടാനുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നും കുടിയേറിയവരാണ് ഇവരില്‍ ഭൂരിപക്ഷമെങ്കിലും, ടിപ്പുവിന്റെ മലബാര്‍ അധിനിവേശത്തിനു മുമ്പുതന്നെ കച്ചവടാവശ്യാര്‍ത്ഥം കര്‍ണ്ണാടകയില്‍ നിന്നും വന്ന ഉറുദു മാതൃഭാഷയായുള്ള ‘ദഖ്‌നികളും’ തമിഴ്്‌നാട്ടില്‍ നിന്നെത്തിയ റാവുത്തന്മാരും ഇവിടെയുണ്ട്.

വയനാടിനോടു ചേര്‍ന്നു കിടക്കുന്ന നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഗണ്യമായ തോതില്‍ മലയാളി മുസ്‌ലിംകള്‍ അധിവസിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളായി മലപ്പുറം ജില്ലയില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നുമെല്ലാം കുടിയേറിയ ഇവര്‍ തമിഴ്‌നാട്ടിലാണെങ്കിലും കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരികത്തനിമ ഒരു പരിധിവരെ നിലനിര്‍ത്തി പോരുന്നവരാണ്. ഇതിനു പൂരകമെന്നോണം വയനാട്ടിലെ തമിഴ് മുസ്‌ലിംകളും അവരുടെ സ്വത്വം സംരക്ഷിക്കാന്‍ ശ്രമിച്ചു വരുന്നതായി കാണാം. ഇവരുടെ വീടുകളിലും സ്വന്തമായ കൂട്ടായ്മകളിലുമെല്ലാം ആശയ വിനിമയം തമിഴിലാണെങ്കില്‍, പൊതു സമൂഹത്തോട് ഇടപഴകുമ്പോള്‍ അതു മലയാളമായി മാറും. കൊച്ചുകുട്ടികള്‍ക്കു പോലും മലയാളവും, തമിഴും ഒരു പോലെ വഴങ്ങും.
വയനാടിനെ കുറിച്ചു രചിക്കപ്പെട്ട പ്രഥമ ചരിത്ര ഗ്രന്ഥത്തില്‍ തന്നെ ഇവിടത്തെ തമിഴ് മുസ്‌ലിംകളെക്കുറിച്ച് പരാമര്‍ശമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ മലബാറിലെ ഡപ്യൂട്ടികലക്ടര്‍ പദവി അലങ്കരിച്ച റാവുബഹദൂര്‍ സി. ഗോപാലന്‍ നായര്‍ 1911-ല്‍ പുറത്തിറക്കിയ ‘വയനാട് ഇറ്റ്‌സ് പീപ്പിള്‍സ് ആന്റ് ട്രഡീഷന്‍സ്’ എന്ന ഗ്രന്ഥത്തില്‍ കണിയാമ്പറ്റയ്ക്കും, മീനങ്ങാടിയ്ക്കും ഇടയിലെ കാര്യമ്പാടിയില്‍ റാവുത്തന്മാരുടെ കോളനിയുള്ളതായി പറയുന്നുണ്ട്. അവരുടെ പൂര്‍വ്വികര്‍ പാലക്കാടിനടുത്തുള്ള പുതുനഗരത്തുനിന്നും വന്നവരാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ജില്ലയിലെ മുട്ടില്‍, മീനങ്ങാടി പഞ്ചായത്തുകളിലുള്‍പ്പെടുന്ന പരിയാരം, വാഴവറ്റ, കാര്യമ്പാടി, ചണ്ണാളി എന്നീ സ്ഥലങ്ങളിലാണ് ഇപ്പോള്‍ തമിഴ് മുസ്‌ലിംകളുള്ളത്. വയനാട്ടിലെ മുസ്‌ലിംകള്‍ പൊതുവെ ശാഫി പാരമ്പര്യത്തില്‍ വരുന്നവരാണെങ്കിലും റാവുത്തന്മാര്‍ ഹനഫീ കര്‍മശാസ്ത്രം പിന്തുടരുന്നവരാണ്. കാര്യമ്പാടിയിലും ചണ്ണാളിയിലുമുള്ള ഇവരുടെ പള്ളികള്‍ ഹനഫീ മസ്ജിദുകളത്രേ.
തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും, പാലക്കാട്ടെ പുതുനഗരത്തേക്ക് കുടിയേറിയ തമിഴ് മുസ്‌ലിംകളാണ് പൊതുവെ റാവുത്തര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്. അവിടെനിന്നും വയനാട്, കൊല്ലം, കോട്ടയം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലേക്കും ഇവര്‍ കുടിയേറ്റം നടത്തി. എന്നാല്‍ കോയമ്പത്തൂരില്‍ നിന്നും നേരിട്ട് വയനാട്ടിലെത്തിയ കുടുംബങ്ങളേയും ഇവിടെ കാണാം. ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവ സൃഷ്ടിച്ച ദുരിതവും, സാമ്പത്തിക അരക്ഷിതാവസ്ഥയും തന്നെയാണ് റാവുത്തന്മാരെയും വയനാട്ടിലെത്തിച്ചത്. വയനാട്ടിലെ ജന്മിമാരുടെ തോട്ടങ്ങളില്‍ കൂലിവേല ചെയ്തും, അവരില്‍ നിന്നും നെല്ലുവാങ്ങി കുത്തി അരിയാക്കി വിറ്റുമെല്ലാം അവര്‍ കാലം കഴിച്ചു പോന്നു. കോളറയും, വസൂരിയും പടര്‍ന്നു പിടിച്ചപ്പോള്‍ തിരിച്ചുപോയവരും ധാരാളമുണ്ടായിരുന്നു.
പില്‍ക്കാലത്ത് വലിയ സമ്പന്നനായി മാറിയ വലിയ വീട്ടില്‍ കരുമന ഹാജിയാണത്രെ ഈ വിഭാഗത്തില്‍ നിന്നും ആദ്യമായി വയനാട്ടിലെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുക്കളും, സുഹൃത്തുക്കളുമായി ചെറിയൊരു വിഭാഗം ആളുകള്‍ വൈകാതെ ഈ മലമുകളിലെത്തിച്ചേര്‍ന്നു. പ്രദേശത്ത് അദ്ദേഹം ആര്‍ജ്ജിച്ച ജനപിന്തുണ മനസ്സിലാക്കിയ ബ്രിട്ടീഷ് അധികാരികള്‍ അദ്ദേഹത്തിന് ചില സ്ഥാനമാനങ്ങള്‍ കല്‍പ്പിച്ചു നല്‍കി. കുറ്റവാളികളെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ ഹാജിയുടെ അനുമതി തേടിയിരുന്നത് ഉദാഹരണം.
തമിഴ് മുസ്‌ലിംകളുടെ വയനാട്ടിലെ ആദ്യ അധിവാസ കേന്ദ്രം മീനങ്ങാടിക്കടുത്ത പുറക്കാടി കാപ്പിക്കുന്നിലായിരുന്നു. ഏകദേശം രണ്ടര നൂറ്റാണ്ടിനപ്പുറമാണത്. ഒരു നമസ്‌കാര പള്ളിയും ഒന്നു രണ്ടു കച്ചവടസ്ഥാപനങ്ങളും സ്ഥാപിച്ച് അവര്‍ അവിടെ തുടങ്ങിയ സംഘജീവിതത്തിന് അധികകാലം ആയുസ്സുണ്ടായില്ല. അപ്രതീക്ഷിതമായി നാട്ടില്‍ പടര്‍ന്നു പിടിച്ച വസൂരി മരണക്കെണി തീര്‍ത്തപ്പോള്‍, അവര്‍ കൂട്ടത്തോടെ കാര്യമ്പാടിയിലേക്ക് താമസം മാറ്റി. വൈകാതെ ആ പ്രദേശത്ത് ഒരു പള്ളിയും മഹല്ലുമെല്ലാം രൂപം പ്രാപിച്ചു. 1990-ല്‍ കാര്യമ്പാടിയിലെ മസ്ജിദ് പുതുക്കി പണിതപ്പോള്‍ അതിന്റെ മേല്‍ക്കൂരയിലെ കഴുക്കോലില്‍ രേഖപ്പെടുത്തിയതായികണ്ട ലിഖിതത്തില്‍ നിന്നും 1797-ലാണ് അത് നിര്‍മിച്ചതെന്ന് വ്യക്തമാകുന്നു. ഇതനുസരിച്ച് 215 വര്‍ഷം മുമ്പു തന്നെ ഇവിടെ തമിഴ് മുസ്‌ലിംകളുടെ സാമൂഹിക ജീവിതം ശക്തിപ്രാപിച്ചിരുന്നുവെന്ന് നിസ്സംശയം പറയാം.
വയനാട്ടിലെ ഇതര മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് കാര്യമ്പാടിയിലേയും, സമീപ പ്രദേശങ്ങളിലേയും തമിഴ് മുസ്‌ലിംകള്‍ പുലര്‍ത്തുന്ന വ്യതിരിക്തത ഭാഷാപരവും ആത്മീയവുമായ മേഖലകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിലുമുണ്ട് ഏറെ സവിശേഷതകള്‍. വിവാഹത്തോടനുബന്ധിച്ച് തമിഴ് ബ്രാഹ്മണരുടെ രീതികളെ അനുസ്മരിപ്പിക്കുന്ന നിശ്ചയ താംബൂലം, താലികെട്ട്, തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഇവര്‍ പിന്തുടര്‍ന്നു പോരുന്നു. തങ്ങളുടെ പൂര്‍വ്വീകര്‍ തമിഴ്‌നാട്ടിലെ പ്രമുഖ ബ്രാഹ്മണ കുടുംബങ്ങളായിരുന്നുവെന്ന് വിശ്വസിക്കുന്നവരും ഈക്കൂട്ടത്തിലുണ്ട്.
വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞ തമിഴ് മുസ്‌ലിംകളുടെ ചരിത്രം ഇനി വയനാട്ടിലെ മുസ്‌ലിംകളുടെ ചരിത്രം കൂടിയാണ്. കാര്യമ്പാടിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിന്, മഹല്ല് കമ്മിറ്റിയുടെ അധീനതയിലുള്ള ഭൂമി സൗജന്യമായി ലഭ്യമാക്കി, അരനൂറ്റാണ്ടിനു മുമ്പു തന്നെ മാതൃക കാണിച്ച ഇവര്‍ക്ക് തങ്ങളുടെ സ്വത്വം സംരക്ഷിച്ചു കൊണ്ടു തന്നെ നാടിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാവാനും കഴിയുമെന്നതിന് കാലം സാക്ഷി!

 

Related Articles