Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടവരാണോ മതമേധാവികള്‍?

jinna-cap.jpg

മതമേധാവികള്‍ ഭരണാധികാരികളുടെ കുഴലൂത്തുകാരായി മാറാതിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും മതത്തോട് ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കരുതെന്നും ചില പത്രങ്ങളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ച് കാണുന്നു. ഈ വിഷയത്തില്‍ ശരീഅത്തിന്റെ നിലപാട് എന്താണ്?

മറുപടി : ദീനിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ആഹ്വാനം ഇസ്‌ലാമിലില്ല. അത് ഈ ദീനിന്റെ പ്രകൃതത്തിന് തന്നെ നിരക്കാത്തതാണ്. എന്നാല്‍ ഭരണക്രമത്തിന്റെ കുഴലൂത്തുകാരായി മാറാതിരിക്കുക എന്നത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. ഇങ്ങനെ കുഴലൂത്തുകാരായി മാറും എന്നത് കൊണ്ട് മതത്തെയും രാഷ്ട്രീയത്തെയും രണ്ടായി വേര്‍തിരിച്ച് നിര്‍ത്തുകയല്ല വേണ്ടത്.

എന്നാല്‍ മതപണ്ഡിതന്മാരെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് തടയുന്നതിന് ശരീഅത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇസ്‌ലാമില്‍ മതപുരോഹിതന്‍ എന്ന പ്രയോഗമില്ല. മതകാര്യങ്ങളില്‍ അവഗാഹം നേടിയവര്‍ എന്ന അര്‍ത്ഥത്തില്‍ മതപണ്ഡിതര്‍ എന്ന പ്രയോഗമാണ് ഇസ്‌ലാമിലുള്ളത്. മതവിദ്യാഭ്യാസം നേടല്‍ ഇസ്‌ലാമില്‍ എല്ലാവരുടെയും ബാധ്യതയാണ്. ഇസ്‌ലാമിക സര്‍വ്വകാലാശാലകളിലോ മറ്റു ഉന്നത ഇസ്‌ലാമിക കലാലയങ്ങളിലോ പഠിക്കുന്നില്ലെങ്കിലും പണ്ഡിതന്മാരുടെ ശിഷ്യന്മാരായും പുസ്തകങ്ങളിലൂടെയും ദീന് പഠിക്കല്‍ എല്ലാവരുടെയും ബാധ്യതയാണ്. മതപഠനത്തിനുള്ള വാതിലുകള്‍ എല്ലാവരുടെ മുന്നിലും തുറക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇസ്‌ലാമിലെ മത പണ്ഡിതന്മാര്‍ മറ്റു മതങ്ങളിലുള്ളത് പോലെ മത പുരോഹിതന്മാരല്ല. മതപണ്ഡിതന്മാര്‍ക്ക് അവരുടെ ബാധ്യതകളും ദൗത്യങ്ങളുമുണ്ട്. പൊതുപ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്ക് ദിശാബോധം നല്‍കേണ്ട ദൗത്യം മതപണ്ഡിതര്‍ക്കാണ്. മതം പഠിച്ചവരും അവഗാഹം നേടിയവരുമാണെന്നത് കൊണ്ട് അവരെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ പാടില്ല.

അല്ലാഹു നിയമനിര്‍മാണം നടത്തിയിരിക്കുന്ന യഥാര്‍ഥ ഇസ്‌ലാമിന് രാഷ്ട്രീയമാകാതെ നിര്‍വാഹമില്ല.  ഇസ്‌ലാമില്‍ നിന്ന് രാഷ്ട്രീയം എടുത്ത് കളയുക എന്നാല്‍ അതിനെ ക്രിസ്ത്യാനിസമോ ബുദ്ധിസമോ പോലുള്ള മറ്റൊരു മതമാക്കി മാറ്റുക എന്നാണര്‍ത്ഥം.

വിദ്യഭ്യാസം, മാധ്യമ പ്രവര്‍ത്തനം, നിയമനിര്‍മാണം, വിധികള്‍, സമ്പത്ത്, സമാധാനം, യുദ്ധം, തുടങ്ങിയ മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ രാഷ്ട്രീയ കാര്യങ്ങള്‍ക്കും ഇസ്‌ലാമില്‍ അതിന്റേതായ നിയമങ്ങളും വിധികളും നിര്‍ദ്ദേശങ്ങളുമുണ്ട്. ഈ നിയമങ്ങളൊന്നും അംഗീകരിക്കാതിരിക്കാനോ മറ്റു തത്വശാസ്ത്രങ്ങളുടെയോ ഐഡിയോളജികളുടേയോ വക്താക്കളാകനോ ഒരു മുസ്‌ലിമിന് സാധ്യമല്ലെന്ന് മാത്രമല്ല അവനെ നയിക്കുന്നതും അവന്‍ പിന്‍പറ്റുന്നതും അവന്‍ സേവിക്കുന്നതും ഇസ്‌ലാമിനെ ആയിരിക്കണം.

ജീവിതത്തെ ഇസ്‌ലാമിനും മറ്റുള്ളവക്കും ഇടയില്‍ വിഭജിക്കുന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ‘കൈസര്‍ക്കുള്ളതു കൈസര്‍ക്കും  ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍’ എന്ന് ഈസാ (അ) ലേക്ക് ചേര്‍ത്ത് പറയുന്ന ബൈബിള്‍ വചനം ഇസ്‌ലാം അംഗീകരിക്കുന്നില്ല.
ഇസ്‌ലാമിക തത്വശാസ്ത്ര മനുസരിച്ച് ഖൈസറും ഖൈസറിനുള്ളതുമെല്ലാം ഏകനായ അല്ലാഹുവിന്റേതാകുന്നു അതിന്റെ ഉടമസ്ഥനും രാജാവുമെല്ലാം അല്ലാഹുവാണ്.

മുസ്‌ലിമിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് ഇസ്‌ലാമികവിശ്വാസങ്ങളും ഇബാദത്തും ശിക്ഷണങ്ങളുമാണ്. അപ്പോള്‍ രാഷ്ട്രീയത്തെ തെറ്റായി ഗ്രഹിക്കുകയോ നടപ്പിലാക്കുകയോ ചെയ്താലല്ലാതെ മുസ്‌ലിമിന്റെ ജീവിതത്തില്‍ നിന്ന് രാഷ്ട്രീയം ഒഴിച്ച് നിര്‍ത്തുക സാധ്യമല്ല.

ഇസ്‌ലാമില്‍ ന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ഉത്തരവാദിത്തം എല്ലാ മുസ്‌ലിംകളുടെയും ബാധ്യതയാണ്. മുസ്‌ലിം നേതൃത്വത്തയും അനുയായികളെയും ഉപദേശിക്കുക എന്നതും അതിന്റെ കീഴില്‍ വരുന്നതാണ്. ‘ദീന്‍ ഗുണകാംഷയാകുന്നു’ എന്ന് സ്വഹീഹായി വന്ന ഹദീസിലെ ദീന്‍ എന്ന പരാമര്‍ശത്തില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍കൊണ്ടിട്ടുണ്ട്. സത്യം കൊണ്ടും ക്ഷമ കൊണ്ടുമുള്ള ഉപദേശവും ഇതില്‍ പെട്ടതാണ്. ഇഹലോകത്തെയും പരലോകത്തെയും നഷ്ടങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള അടിസ്ഥാനമാണിത്. ഇക്കാര്യം സൂറതുല്‍ അസ്വ്‌റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവ: അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles