Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ പാരമ്പര്യത്തെ തിരിച്ചു പിടിക്കാം

plural-society.jpg

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും, നിയോഗിക്കപ്പെടുന്ന ഭരണ നിര്‍വഹണ സമിതികളും, നിയമ പാലകരും, നീതി നിര്‍വഹണ സംവിധാനവും, ക്രിയാത്മകമായ പ്രതി പക്ഷവും, സദാ ഉണര്‍ന്നിരിക്കുന്ന മാധ്യമങ്ങളും ജനങ്ങളും പരസ്പര പൂരകമെന്നോണം ചരിച്ചും ചലിച്ചും ചൊടിച്ചും കൊണ്ടിരിക്കുന്നതാണ് ഇന്ത്യയുടെ ഭരണ നിര്‍വഹണ പാരമ്പര്യം. ഈ പാരമ്പര്യത്തെ നിഷ്‌ക്രിയമാക്കാനും നിഷ്പ്രഭമാക്കാനും ഗൂഢ തന്ത്രങ്ങള്‍ മെനയുന്ന അധികാരികള്‍ അരങ്ങു വാഴുന്ന അതിദയനീയമായ ദുരന്തത്തിനു ഭാരതം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.

കുറുക്കനെ കോഴിക്കൂടയുടെ കാവല്‍ക്കാരനാക്കിയാല്‍ എന്നൊരു പഴഞ്ചൊല്ല് വര്‍ത്തമാന കാല ഇന്ത്യാ മഹാ രാജ്യത്ത് ഏറെ പ്രസക്തമാകുന്നുണ്ട്. രാജ്യത്തെ സംസ്ഥാന കേന്ദ്ര നിയമ ഭരണ നിര്‍വഹണ സഭകളിലെ സാമാജികരും പ്രതിനിധികളും നേതാക്കളും നേതൃത്വവും എത്ര ലജ്ജാകരമായ വര്‍ത്തമാനങ്ങളാണ് വിളമ്പിക്കൊണ്ടിരിക്കുന്നത്. പ്രധാനി മുതല്‍ അപ്രധാനികളും അവരുടെ ശിങ്കിടികളും നടത്തുന്ന പ്രസ്താവനകള്‍ പരസ്യമായി പറയാനോ പ്രസിദ്ധീകരിക്കാനോ പോലും യോഗ്യമല്ലാത്ത വിധം നിലവാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്ത് ജനസംഖ്യാ വര്‍ധനവിന്റെ കാരണം ഒരു പ്രത്യേക മത വിഭാഗത്തിലെ ആണുങ്ങളാണെന്നു പറയുന്നേടത്തോളം കാര്യങ്ങള്‍ ചീഞ്ഞളിഞ്ഞിരിക്കുന്നു. ഇത്തരം നെറികേടുകള്‍ ആരോപിക്കപ്പെടുന്ന ഈ വിഭാഗത്തിനു നാല്‍കാലികളുടെ പരിഗണന പോലും ഈ മഹാരാജാക്കന്മാര്‍ കല്‍പിച്ചരുളുന്നുമില്ല. വിവരക്കേടുകള്‍ വിളമ്പുന്ന ഈ പുങ്കവന്‍മാരെ നിലക്ക് നിര്‍ത്താനുള്ള നിയമപരമായ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ശങ്കിച്ചു നില്‍ക്കരുത്.

രാജ്യത്ത് കൊല്ലും കൊലയും കൊള്ളിവെപ്പും സമരങ്ങളും സാമുദായിക ലഹളകളും അതിക്രമങ്ങളും അക്രോശങ്ങളും ഒന്നും പുതുമയുള്ളതല്ല. ഫാഷിസ്‌റ്റേതര സര്‍ക്കാറുകളുടെ കാലത്ത് നാമമാത്രമെങ്കിലും ഇരകളെ സമാശ്വസിപ്പിക്കുന്ന സമീപനങ്ങള്‍ നീതി ന്യായ ഭരണ നിര്‍വഹണ കേന്ദ്രങ്ങളില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ വര്‍ത്തമാന കാല അധികാരി വര്‍ഗം വേട്ടക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും പക്ഷത്താണ് നിലകൊള്ളുന്നത്. ഒരു വേള അക്രമകാരികളുടെ പ്രായോജകരും അധികാരികളത്രെ. ഈ ദുരന്ത ഭൂമികയില്‍ നിന്നു കൊണ്ടായിരിക്കണം ആത്മാര്‍ഥതയുള്ള രാജ്യ സ്‌നേഹികളുടെ മനുഷ്യ സ്‌നേഹികളുടെ വിപ്ലവ ഗാഥകള്‍ മുഴങ്ങേണ്ടത്.

പൗരന്റെ അവകാശങ്ങള്‍ക്ക് നേരെ നിഷേധാത്മക നിലപാടുകളാണ് ഭരണകൂടം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വൈചാരികതയുടെ വേരോട്ടത്തെ പിഴുതെറിയുകയും വൈകാരികതയുടെ പടര്‍ പുല്ലുകള്‍ കത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പണമിടപാടു കേന്ദ്രത്തില്‍ വരിനില്‍ക്കുന്നവരോട് ക്യാഷ്‌ലസ്സ് ഇന്ത്യ എന്നു പറയുകയും, തളര്‍ന്നു വിഴുന്നവരോട് ഡിജിറ്റല്‍ ഇന്ത്യ എന്നു വീമ്പിളക്കുകയും, പ്രതിഷേധിക്കുന്നവരോട് എഴുന്നേറ്റു നിന്നു ദേശീയഗാനം ആലപിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്ന ഒരു മഹാ ഭാരതം. ഇവ്വിധം അനീതിയും അക്രമവും ജീവിത ശൈലിയാക്കിയവരുടെ വാക് ധോരണിയില്‍ നീതി നിര്‍വഹണ സഭകളും കേന്ദ്രങ്ങളും ആലസ്യപ്പെട്ടുകൂടാ.

സംശയത്തിന്റെ പേരില്‍ പിടിക്കപ്പെടുന്നവരൊക്കെ കുറ്റവാളികളാണെന്ന തരത്തില്‍ നിയമ പാലകര്‍ ശഠിക്കുമ്പോള്‍ ഇവര്‍ നിരപരാധികളകാന്‍ സാധ്യതയുണ്ടെന്നു ന്യായാധിപന്മാര്‍ സംശയിക്കുന്ന ഒരു കാലത്ത് അപരാധികള്‍ ഒരു പക്ഷെ രക്ഷപ്പെട്ടാലും നിരപരാധികള്‍ ശിക്ഷിക്കപ്പെടുമായിരുന്നില്ല. എന്നാല്‍ ഇന്നു ഭരണകൂടത്തിന്റെ ഇഷ്ടക്കാരല്ലാത്തവരാരായാലും നിയമക്കുരുക്കില്‍ പെടുന്നത് പോലും ശിക്ഷയെക്കാള്‍ കടുത്ത ശിക്ഷയായി പരിണമിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെക്കാള്‍ വലിയ അധികാരം നിയോഗിക്കപ്പെടുന്ന നിര്‍വഹണ സംവിധാനങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതു ജനാധിപത്യ സംവിധാനത്തിനു തന്നെ പ്രസക്തി നഷ്ടപ്പെടുത്തിയിരിക്കുന്നു. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിയമ പാലകര്‍ക്ക് അമിതാധികാരം കല്‍പിച്ചരുളപ്പെടുന്നത് രാജ്യത്തെ കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്ക് നയിക്കാന്‍ കാരണമായിട്ടുണ്ട്. നീതി നിഷേധവും ഇരട്ട നീതിയും രാജ്യത്തിന്റെ സാംസ്‌കാരിക പ്രഭയെ കെടുത്തിക്കളയാനും പ്രേരകമായിട്ടുമുണ്ട്.

ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ക്കെതിരെ അനീതിക്കെതിരെ അധികാര മുഷ്‌കിന്നെതിരെ അസഹിഷ്ണുതക്കെതിരെ ശബ്ദിച്ചിട്ട് മാത്രം ഫലം ചെയ്യുകയില്ല. രാജ്യ നിവാസികളില്‍ നന്മവളരാനുള്ള കര്‍മ്മ പരിപാടികള്‍ അനസ്യൂതം നടന്നു കൊണ്ടിരിക്കണം. സംസ്‌കൃതമായ സമൂഹത്തില്‍ നിന്നു മാത്രമേ സംസ്‌കാര സമ്പന്നരായ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. വികലമായ ജിവിത വീക്ഷണങ്ങളുമായി നെറികെട്ട സമൂഹം വളര്‍ന്നു വന്നാല്‍ അത്തരം ജനസഞ്ചയത്തില്‍ നിന്നുള്ള അധികാരികള്‍ തന്നെയായിരിയ്ക്കും ഇനിയും വരാനിരിയ്ക്കുന്ന തേരാളികള്‍.

ഇന്ത്യയുടെ മഹത്തായ പാരമ്പര്യം തിരിച്ചു പിടിക്കാനുള്ള കൂട്ടായ യജ്ഞങ്ങള്‍ക്കായിരിക്കണം സമാധാനകാംക്ഷികളായ ഇന്ത്യന്‍ ജനതയുടെ പ്രാര്‍ഥനയും പ്രതിജ്ഞയും പ്രവര്‍ത്തനവും.

Related Articles