Current Date

Search
Close this search box.
Search
Close this search box.

മൃഗബലി നടത്താത്ത വീട്ടില്‍ ജിന്ന് കയറുമോ?

jinn.jpg

ചോദ്യം: പുതിയ വീട്ടില്‍ താമസിക്കുമ്പോള്‍ ഒരാടിനെയോ മറ്റോ ബലിയറുക്കണമെന്നും അല്ലാത്ത പക്ഷം വീട്ടില്‍ ജിന്നുകള്‍ കൈയേറുകയും കുടുംബത്തിന്നു ഉപദ്രവമുണ്ടാക്കുകയും ചെയ്യുമെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ?

മറുപടി: യഥാര്‍ത്ഥത്തില്‍, അദൃശ്യമായ ജിന്നു ലോകത്തെകുറിച്ച് ആളുകള്‍ ഭിന്നരൂപങ്ങളിലാണ് ചിന്തിക്കുന്നത്. ചിലര്‍ അമിതമായി സ്ഥിരീകരണത്തിന്നു ശ്രമിക്കുമ്പോള്‍, മറ്റു ചിലര്‍ അതേ രൂപത്തില്‍ നിഷേധിക്കാനും ശ്രമിക്കുന്നു. ജിന്ന് ലോകത്തിന്റെ അസ്തിത്വം തന്നെ നിഷേധിക്കുന്നവരുടെ ന്യായം അത് അദൃശ്യമാണെന്നാണ്. ഈ നിലപാട് അതിരു കവിഞ്ഞതാണ്.
ഇതിന്നു നേരെ വിരുദ്ധമായ നിലപാടാണ് മറു വിഭാഗത്തിന്റേത്. ജിന്ന് ലോകത്തെ സ്ഥിരീകരിക്കുന്ന അവര്‍ ചെറുതും വലുതുമായ സകല കാര്യങ്ങളിലും ജിന്നിന്ന് പ്രവേശനം നല്‍കിയിരിക്കുകയാണ്. അവരുടെ തലയില്‍ ജിന്ന്, ഉമ്മറപ്പടിയില്‍ ജിന്ന്, രാത്രിയില്‍ ജിന്ന്, പകലില്‍ ജിന്ന്, എല്ലായിടത്തും ജിന്ന്. ജിന്നുകളാണ് ഈ ലോകം ഭരിക്കുന്നതെന്ന പോലെയാണവരുടെ നിലപാട്. ഇതും അതിരുകവിഞ്ഞ നിലപാട് തന്നെയാണ്. ഇസ്‌ലാമിന്നു യോജിക്കാന്‍ കഴിയാത്തതുമാണ്.
ഇസ്‌ലാം ഒരു മധ്യമ മതമത്രെ. ജിന്നിന്റെയും അതിന്റെ ലോകത്തിന്റെയും അസ്തിത്വം അത് അംഗീകരിക്കുന്നു. ജിന്നിന്റെ സാന്നിധ്യത്തെയും അതിനെ ഹാജറാക്കുന്നതിനെയും കുറിച്ച വൃത്താന്തങ്ങള്‍, തലമുറ തലമുറയായി ഇന്നോളം റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരിക്കുന്നു.

ആത്മാക്കളെ ഹാജരാക്കുന്നതിനെകുറിച്ച് പറയുന്നവരില്‍ ഭൂരിഭാഗവും ആത്മാക്കളെയല്ല പ്രത്യുത ജിന്നുകളെയാണ് ഹാജറാക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. തദ്വിഷയകമായി പഠനം നടത്തിയവരും പറയുന്നത് അതാണ്.
അപ്പോള്‍, ജിന്നുകളുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍, ആടിനെ ബലികൊടുക്കാതെ പുതിയ വീട്ടില്‍ താമസിക്കുകയാണെങ്കില്‍ അവിടെ കുടിയേറി ആളുകളെ ശല്യപ്പെടുത്താന്‍ മാത്രം ഈ ലോകത്ത് അവര്‍ക്ക് ആധിപത്യവും സ്വാധീനവുമുണ്ടെന്ന് വിശ്വസിക്കുന്നതിന്ന് ദിവ്യബോധനം ആവശ്യമാണ്. ഒരു മതവും അത് പറയുന്നില്ല. പ്രവാചകനിലൂടെയല്ലാതെ അതെ കുറിച്ച് വിധിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ല. പ്രവാചകനില്‍ നിന്ന് ലഭിക്കാത്തതോ, അടിസ്ഥാനമില്ലാത്തതോ ആയ കാര്യം വിശ്വസിക്കാവുന്നതുമല്ല. മതത്തില്‍ പരിഗണിക്കപ്പെടാവുന്നതുമല്ല.
ഇത് പ്രകാരം, പുതിയ വീട്ടില്‍ താമസമാക്കുന്നതിന്ന് ആടിനെ ബലിയറുക്കുന്നത് നിര്‍ബന്ധമാണെന്ന അഭിപ്രായം അടിസ്ഥാന രഹിതമാണ്.  ഹജ്ജ് കര്‍മത്തിലെ ഹദ്‌യ, ഉദ്ഹിയ്യത്, അഖീഖത് തുടങ്ങി ഇസ്‌ലാമില്‍ മൃഗബലി നടത്തേണ്ട സന്ദര്‍ഭങ്ങള്‍ സുവിദിതമാണല്ലൊ.

കെ എ ഖാദർ ഫൈസി

Related Articles